രഞ്ജിത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ

കൽപറ്റ: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് താമസിക്കുന്ന വയനാട്ടിലെ റിസോർട്ടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. അക്കാദമി സ്ഥാനത്ത് നിന്നും രാജിവെക്കണമെന്നും ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.

രഞ്ജിത്ത് റിസോർട്ടിനകത്തുണ്ടെന്ന വിവരത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി റിസോർട്ടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. രാജിവെക്കാതെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തരെ ചൊടിപ്പിച്ചത്. രഞ്ജിത് ഇന്ത്യകണ്ട പ്രഗത്ഭനായ കലാകാരനാണ്. അരോപണങ്ങളുടെ പേരിൽ നടപടിയെടുക്കാൻ പറ്റില്ല. രേഖാമൂലം പരാതി കിട്ടിയാൽ മാത്രമേ നടപടിയെടുക്കാനാകൂവെന്നാണ് മന്ത്രി സജി ചെറിയാൻ ഇന്ന് രാവിലെ പ്രതികരിച്ചത്. 

രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയാണ് കഴിഞ്ഞ ദിവസം ആരോപണവുമായി മുന്നോട്ടുവന്നത്. പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

അകലെ സിനിമ കണ്ടാണ് തന്നെ പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. കേരളത്തിൽ രാവിലെയെത്തിയ താൻ രഞ്ജിതുമായി കൂടിക്കാഴ്ച നടത്തി. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഞ്ജിത് അറിയിക്കുകയും ചെയ്തു. എന്നാൽ, രാത്രി സിനിമയുടെ അണിയറ പ്രവർത്തകർ ഹോട്ടലിൽ വെച്ച് ഒത്തുകൂടിയിരുന്നു. ഇതിനിടെ ബെഡ് റൂമിലേക്ക് തന്നെ വിളിച്ചുവരുത്തി രഞ്ജിത് മോശമായി സ്പർശിക്കുകയായിരുന്നുവെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഇക്കാര്യത്തിൽ പരാതി അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ആരും ബന്ധപ്പെട്ടില്ല. പിന്നീട് പാലേരി മാണിക്യം സിനിമയിലും മറ്റ് സിനിമകളിലുമൊന്നും അവസരം ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തി. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. 


Tags:    
News Summary - Youth Congress protests at Wayanad resort where film director Ranjith lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.