തൊടുപുഴ: വാഗമണിൽ പുതുവത്സരാഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചു. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.50ഓടെ കാഞ്ഞാര്‍ - വാഗമണ്‍ റോഡില്‍ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലായിരുന്നു അപകടം.
കൂട്ടുകാരോടൊത്ത് വാഗമണിലേക്ക് പുറപ്പെട്ടതായിരുന്നു എബിൻ. യാത്രക്കിടെ വ്യൂ പോയിന്‍റിലെത്തിയ സംഘം പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. ഇതിനിടെ എബിൻ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് എബിനെ കൊക്കയിൽ നിന്ന് പുറത്തെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം.
ഇടുക്കിയിൽ തന്നെ ഇന്നലെ രാത്രി പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവ് മരിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. രാത്രി പത്തരയോടെ കുട്ടിക്കാനത്തായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തിൽപ്പെട്ടത്. വാഹനം നിർത്തി മറ്റുള്ളവർ പുറത്തിറങ്ങിയപ്പോൾ ഫൈസൽ കാറിൽ ഇരിക്കുകയായിരുന്നു. പിന്നാലെ, കാർ ഉരുണ്ടുനീങ്ങി കൊക്കയിലേക്ക് മറിഞ്ഞു. അപകടം എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വന്നിട്ടില്ല. അബദ്ധത്തിൽ ഗിയറിൽ തട്ടി ഉരുണ്ടുനീങ്ങിയതാണെന്ന് കരുതുന്നു.
ഫയർഫോഴ്സിന്റെയും ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ ടീം എമർജൻസി, ടീം നന്മക്കൂട്ടം എന്നിവരുടെ സംയുക്തമായ തിരച്ചിലിന് ഒടുവിലാണ് 350 അടിയോളം താഴ്ചയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.