കോട്ടയം: ഈരാറ്റുപേട്ട വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്. മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജനങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പിൽ നാല് വോട്ട് നേടാനാണ് ശ്രമമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കുറ്റപ്പെടുത്തി.
സർവകക്ഷി യോഗം വിളിച്ച് പ്രശ്നങ്ങൾ പരിഹരിച്ചതാണ്. സംഘപരിവാർ പ്രചാരണം മുഖ്യമന്ത്രി ഏറ്റുപിടിക്കുകയാണ്. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ വിദ്യാർഥികൾ കാട്ടിയത് തെമ്മാടിത്തമാണെന്നും അതിൽ മുസ്ലിം വിഭാഗക്കാർ മാത്രമാണുണ്ടായിരുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ഇൻസാഫ്’ മുഖാമുഖത്തിൽ വിഷയം ഉന്നയിച്ച കെ.എൻ.എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂരിന് മറുപടി പറയുന്നതിനിടെയാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
ചില സംഭവങ്ങളിൽ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്ന നിലപാട് പൊലീസിനുണ്ടെന്നും അതിനുദാഹരണമാണ് ഈരാറ്റുപേട്ട സംഭവങ്ങളെന്നുമാണ് ഹുസൈൻ മടവൂർ പറഞ്ഞത്. മുഖ്യമന്ത്രി വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിലെ മുസ്‍ലിം സംഘടനകൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. മുഖ്യമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണ്. കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിനെ പർവതീകരിക്കാൻ തൽപര കക്ഷികൾ ശ്രമിച്ചു. ഇത്തരക്കാർക്ക് പരോക്ഷമായ പിന്തുണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും പ്രസ്താവനയിൽ വിമർശിച്ചു.
മുസ്‍ലിം ലീഗ്, വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്‍ലാമി, എസ്.ഡി.പി.ഐ, മർക്കസുദ്ദഅ‍്‍വ, കെ.എൻ.എം, വിസ്ഡം, മഹല്ല് കമ്മിറ്റി അടക്കമുള്ള സംഘടനകൾ ചേർന്നാണ് പ്രസ്താവനയിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.