സംഘ്പരിവാര്‍ അഴിഞ്ഞാട്ടം മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ –യൂത്ത് ലീഗ്

മലപ്പുറം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെ തീവ്രവാദിയാക്കി മുദ്രകുത്തി വിദ്വേഷം പ്രചരിപ്പിച്ചതിന് ബി.ജെ.പി നേതാക്കളായ എ.എന്‍. രാധാകൃഷ്ണനും എം.ടി. രമേശിനുമെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്. ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും പരാതിയില്‍ മാത്രം പൊലീസ് നടപടിയെടുക്കുന്ന സാഹചര്യം ആഭ്യന്തര വകുപ്പിന്‍െറ നയത്തിന്‍െറ അടിസ്ഥാനത്തിലാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കെതിരെയും അകാരണമായി യു.എ.പി.എ അടക്കമുള്ള നടപടി സ്വീകരിക്കുന്ന പൊലീസ് സംഘ്പരിവാറിനെതിരെ വിരലനക്കാന്‍ തയാറാകാത്തത് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും മൗനാനുവാദത്തോടെയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

സംഘ്പരിവാറിനെ എതിര്‍ക്കുന്ന കാര്യത്തില്‍ സി.പി.എമ്മില്‍ ഇരട്ടത്താപ്പ് പ്രകടമാണ്. ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന പ്രകാശ് കാരാട്ടിന്‍െറ പക്ഷത്താണ് കേരളത്തില്‍ പാര്‍ട്ടിയുടെ ഒരു ചേരിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാറിന്‍െറയും സി.പി.എമ്മിന്‍െറയും നയത്തിനെതിരെ സി.പി.ഐ അടക്കം ഘടകകക്ഷികള്‍ തന്നെ രംഗത്തുവന്നത് ഈ സംശയത്തിന് അടിവരയിടുന്നതായും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

രാധാകൃഷ്ണനെ ജയിലിലടക്കണം –യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: കമല്‍ രാജ്യം വിടുന്നതാണ് നല്ലതെന്ന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞ എ.എന്‍. രാധാകൃഷ്ണന്‍ സാക്ഷി മഹാരാജിന്‍െറയും സ്വാധി പ്രാചിയുടെയും നിലവാരത്തില്‍ വര്‍ഗീയ ചേരിതിരിവിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. രാധാകൃഷ്ണനെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് ജയിലിലടക്കണം. അസഹിഷ്ണുതയുടെ ഉത്തരേന്ത്യന്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ളെന്ന് മനസ്സിലാക്കണമെന്നും സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് പ്രസ്താവനയില്‍ പറഞ്ഞു.
Tags:    
News Summary - youth league to bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.