കൊല്ലങ്കോട്: ചപ്പക്കാട് ആദിവാസി കോളനിയിൽ യുവാക്കളെ കാണാതായിട്ട് 410 ദിവസം പിന്നിട്ടു. ഇതോടെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സാമുവൽ (സ്റ്റീഫൻ-28), അയൽവാസിയും സുഹൃത്തുമായ മുരുകേശൻ (28) എന്നിവരെ കഴിഞ്ഞ വർഷം ആഗസ്റ്റ് 30നാണ് കാണാതായത്. സാമുവൽ ജോലി ചെയ്തിരുന്ന ചപ്പക്കാട്ടിലെ തെങ്ങിൻതോട്ടത്തിലേക്ക് ഇരുവരും പോകുന്നത് അവസാനമായി നാട്ടുകാർ കണ്ടിരുന്നു.
ശേഷം ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. സാമുവൽ ഉപയോഗിച്ച ഫോൺ അന്നു രാത്രി 10.30 മുതൽ ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കർണികൾ, കിണറുകൾ എന്നിവയിൽ അഗ്നിരക്ഷാസേനയും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പൊലീസ് നായ്, മണ്ണുമാന്തിയന്ത്രം, മൊബൈൽ കണ്ടെത്തുന്ന യന്ത്രം, മനുഷ്യ ശരീരം കുഴിച്ചിട്ട പ്രദേശം മണത്തറിയുന്ന നായ് എന്നിവയെ ഉപയോഗിച്ച് സ്വകാര്യതോട്ടങ്ങളിലും വനത്തിനകത്തും പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതായതോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. 410 ദിവസം പിന്നിട്ടിട്ടും പൊലീസിന്റെ അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്തതിനാലാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന് നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെടുന്നത്.
സാമുവലിനെ കാണാതായ ശേഷം പിതാവ് ശബരിമുത്തു, മാതാവ് പാപ്പാത്തി, സഹോദരൻ ജോയിൽ രാജ് എന്നിവരും മരണപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിൽനിന്ന് സി.ബി.ഐയിലേക്ക് മാറ്റാൻ നടപടി വേണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.