തിരുവനന്തപുരം: വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാക്ഷരതയിലുമെല്ലാം മുൻപന്തിയിലുള്ള കേരളത്തിലെ യൂത്തന്മാർ സമ്മതിദാനാവകാശത്തോട് ‘ഡിസ്ലൈക്’ അടിക്കുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മാത്രമല്ല, വോട്ട് ചെയ്യാനും ‘ജൻ സീ’ക്ക് താൽപര്യമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണ്ടെത്തൽ. യുവാക്കളെ ജനാധിപത്യത്തിന്റെ ഭാഗമാക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ ‘കളർഫുൾ’ മത്സരങ്ങളും വിദഗ്ധ സംഘത്തിന്റെ സഹായത്താൽ പഠനവും നടത്തുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ അറിയിച്ചു.
യുവ വോട്ടർമാർ കൂടുന്നില്ല
പുതിയ പട്ടികയിൽ പേര് ചേർത്തവരിൽ 18 മുതൽ 19 വയസ്സ് വരെയുള്ള യുവ വോട്ടർമാരുടെ എണ്ണത്തിൽ പ്രതീക്ഷിച്ച വർധനയുണ്ടായില്ല. 2011ലെ സെൻസസ് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യ 3,60,63,000 ആണ്. ഇതിന് ആനുപാതികമായി 9.8 ലക്ഷം യുവ വോട്ടർമാർ വേണ്ടതാണ്. എന്നാൽ, 2.96 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ഐ.എം.ജി പോലുള്ള സർക്കാർ ഏജൻസികളെ ഉപയോഗിച്ച് സർവേ നടത്തി കാരണം കണ്ടെത്തുമെന്നും പ്രചാരണങ്ങളിലൂടെ കൂടുതൽ പേരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. 2024 ജനുവരിയിലെ പട്ടികയിൽ 1.36 ശതമാനം യുവ വോട്ടർമാരുണ്ടായിരുന്നത് ഈ വർഷം 1.07 ആയി കുറഞ്ഞു.
വോട്ടു ചെയ്യുന്നവരിലും യുവത കുറവ്
വോട്ടുചെയ്യുന്ന യുവാക്കളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്നാണ് കമീഷന്റെ നിരീക്ഷണം. 2024ൽ രാജ്യത്ത് ഏറ്റവും കൂടുതൽ യുവ വോട്ടർമാരെ ചേർത്ത സംസ്ഥാനമാണ് കേരളം. എന്നാൽ, പോളിങ് ശതമാനത്തിൽ ഇതിന് ആനുപാതികമായ വർധന കാണുന്നില്ലെന്ന് അഡീ.സി.ഇ.ഒ സി. ഷർമിള പറഞ്ഞു.
വോട്ടർ പട്ടിക പറയുന്നു (22.01.2024)
പുരുഷ വോട്ടർമാർ - 13102288
സ്ത്രീ വോട്ടർമാർ - 13996729
ഭിന്ന ലിംഗ വോട്ടർമാർ - 309
ആകെ വോട്ടർമാർ - 27099326
ഭിന്നശേഷി വോട്ടർമാർ - 262213
80 + വോട്ടർമാർ - 659227
100 + വോട്ടർമാർ - 3977
യുവ വോട്ടർമാർ - 288533 (1.36%)
പ്രവാസി വോട്ടർമാർ - 88223
സർവിസ് വോട്ടർമാർ - 57679
വോട്ട് ‘പിടിക്കാൻ’ കമീഷന്റെ റീൽ മത്സരവും
ഈ മാസം 25ന് നടക്കുന്ന ദേശീയ സമ്മതിദാന ദിനത്തിന് മുന്നോടിയായി റീൽ മത്സരം സംഘടിപ്പിച്ച് കൂടുതൽ യുവ വോട്ടർമാരെ ആകർഷിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ ആദ്യ ശ്രമം.
വോട്ടർമാർക്കുള്ള ബോധവത്കരണം, വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യം, വോട്ടിങ് സംബന്ധിച്ച വിവരങ്ങൾ, ജനാധിപത്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിലാണ് ഒരു മിനിറ്റിൽ കുറഞ്ഞ വിഡിയോ തയാറാക്കേണ്ടത്. ഒന്നിലധികം പേർക്ക് പങ്കാളികളാകാം. മലയാളത്തിലോ ഇംഗ്ലീഷിലോ ആകാം.
കാൽലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 15,000, 10,000 എന്നിങ്ങനെ രണ്ടും മൂന്നും സമ്മാനവുമുണ്ട്. ഈമാസം18 ആണ് അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.