സക്കീര്‍ ഹുസൈന് ക്രിമിനല്‍ പശ്ചാത്തലം; മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

കൊച്ചി: യുവവ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ സി.പി.എം മുന്‍ കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. കളമശ്ശേരി, തൃക്കാക്കര സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 15 ക്രിമിനല്‍ കേസുണ്ടെന്ന് വ്യക്തമാക്കിയും റൗഡി ലിസ്റ്റില്‍പെടുന്ന ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടിയുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 

ഏറെ സ്വാധീനമുള്ള സക്കീര്‍ ഹുസൈന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും ഇടയാക്കും. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതിന്‍െറ ആവശ്യകതയും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സക്കീര്‍ ഹുസൈന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സൗത്ത് സി.ഐ സിബി ടോം സത്യവാങ്മൂലം നല്‍കിയത്.എറണാകുളം വെണ്ണല ബംഗ്ളാവ് വില്ലയില്‍ ജൂബി പൗലോസിന്‍െറ പരാതിയിലാണ് പാലാരിവട്ടം പൊലീസ് സക്കീറിനെതിരെ കേസെടുത്തത്. കങ്ങരപ്പടിയിലെ ഡെയറി പ്ളാന്‍റ് ഉടമ ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡെയറി പ്ളാന്‍റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. 

മുഖ്യമന്ത്രി പിണറായി വിജയന്‍െറ ആളാണെന്ന് പരിചയപ്പെടുത്തി വ്യവസായിയായ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്ത കേസില്‍ നേരത്തേ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ് രണ്ടാം പ്രതി. ഫൈസല്‍ എന്നയാളുമായി ചേര്‍ന്ന് സിദ്ദീഖ് ജൂബിയെ കാറില്‍ തട്ടിയെടുത്ത് കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസില്‍ എത്തിച്ചു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന സക്കീര്‍ ജൂബിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ജൂബിയെ തട്ടിയെടുത്ത സംഭവം 2015 ജൂണ്‍ പത്തിനാണ് നടന്നതെങ്കിലും വ്യവസായിയായ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ കേസില്‍ സിദ്ദീഖ് ഒക്ടോബര്‍ പത്തിന് അറസ്റ്റിലായശേഷമാണ് ജൂബി പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് സക്കീറിനെ ഒന്നും സിദ്ദീഖിനെ രണ്ടും ഫൈസലിനെ മൂന്നും ഷീലയെ നാലും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. 

1996 മുതല്‍ കളമശ്ശേരി സ്റ്റേഷനില്‍ 11ഉം തൃക്കാക്കരയില്‍ നാലും കേസുകളാണ് സക്കീറിനെതിരെയുള്ളത്. അന്വേഷണം ജില്ല ക്രൈംസ് റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പിക്ക് കൈമാറിയെങ്കിലും ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ ലീവിലായതിനാല്‍ ഫയലുകള്‍ കൈമാറിയിട്ടില്ളെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
 

Tags:    
News Summary - Zakir Hussain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.