സുബൈർ വധം: നാട്ടില്‍ കലാപമുണ്ടാക്കാൻ ആര്‍.എസ്.എസ് ശ്രമം -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: പാലക്കാട് ജില്ലയിലെ എലപ്പുള്ളിയില്‍ പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ ആര്‍.എസ്.എസ് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്നും നാട്ടില്‍ കലാപമുണ്ടാക്കാനാണ് ഇതിന്റെ ലക്ഷ്യമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍. ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വീട്ടിലേയ്ക്ക് പോകവെ കാറിലെത്തിയ ആര്‍.എസ്.എസ് അക്രമികള്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റാണ് സുബൈര്‍.

'കൃത്യമായ ഗുഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആര്‍.എസ്.എസ് കൊലപാതകം നടത്തിയിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമം.

പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ കേരളത്തിലുടനീളം അടുത്തിടെ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതില്‍ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആര്‍.എസ്.എസ് നടത്തിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ സുബൈറിനെ കൊലപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ രാമനവമി ആഘോഷങ്ങളുടെ മറവില്‍ കലാപം നടത്തിയ ആര്‍.എസ്.എസ് വിഷു ആഘോഷങ്ങളുടെ മറവില്‍ കേരളത്തിലും പള്ളിയില്‍ നിന്നിറങ്ങുന്ന ആളുകളെ ആക്രമിച്ച് കലാപത്തിനാണ് ശ്രമിക്കുന്നത്. ആര്‍.എസ്.എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം' - പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    
News Summary - Zubair murder: RSS trying to trigger riots- Popular Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.