ബിന്ദു


പെൺമക്കളുടെ വിദ്യാഭ‍്യാസത്തിന് പണം കണ്ടെത്താൻ ആ 42കാരി മണ്ണിലിറങ്ങി. ഇന്ന് സ്വന്തം ബ്രാൻഡിൽ നൂറിലധികം പാക്കറ്റ് ഉൽപന്നങ്ങൾ വിൽക്കുന്നു

പൊരിവെയിലിനെ വകവെക്കാതെ പാടത്തിറങ്ങി മണ്ണിൽ പൊന്ന് വിളയിച്ച് രണ്ട് പെൺമക്കളുടെ ജീവിതത്തിൽ വിദ്യാഭ‍്യാസത്തിന്‍റെ തണലേകിയ ഒരമ്മയുടെ ജീവിതമാണിത്. തനിക്ക് ലഭിക്കാതെ പോയ ഉന്നത വിദ്യാഭ‍്യാസം മക്കൾക്ക് ഉണ്ടാകണമെന്ന് ബിന്ദു ആഗ്രഹിച്ചു. അവരുടെ വിദ്യാഭ‍്യാസത്തിന് പണം കണ്ടെത്താനാണ് ആ 42കാരി കൃഷിയിലേക്കിറങ്ങിയത്.

കരിമ്പ് കർഷകനായ പിച്ചൈയുമായുള്ള വിവാഹശേഷം തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബൊമ്മിനായ്ക്കൻപട്ടി ഗ്രാമത്തിലെ അഞ്ചേക്കർ സ്ഥലത്ത് ഇവർ കരിമ്പ് കൃഷി ചെയ്തെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. പിന്നാലെ പരീക്ഷണാടിസ്ഥാനത്തിൽ ചോളം, വഴുതന എന്നിവ കൃഷി ചെയ്യാൻ തുടങ്ങി.

അതിൽനിന്ന് ഭേദപ്പെട്ട വിളവ് ലഭിച്ചതോടെ ബിന്ദു മറ്റു വിളകളുടെ സാധ‍്യതയെക്കുറിച്ച് പഠിച്ചു. വാഴയും പച്ചക്കറികളും നട്ടതോടെ ആ കരിമ്പിൻ തോട്ടം വിവിധ വിളകളാൽ സമ്പന്നമായ ജൈവകൃഷിയിടമായി മാറി. വിളവ് വർധിച്ചതോടെ അവ നശിച്ചുപോവാതെ സംരക്ഷിക്കാനുള്ള ശ്രമമാണ് ബിന്ദുവിലെ ബിസിനസുകാരിക്ക് ജന്മം നൽകിയത്.

ഉണങ്ങിയ പച്ചക്കറികളെ എങ്ങനെ മൂല്യവർധിത ഉൽപന്നങ്ങളാക്കാം, പച്ചക്കറികളുടെ വിളവെടുപ്പിനു ശേഷമുള്ള സംസ്കരണം, പാക്കിങ് എന്നിവയിൽ കൃഷിവിജ്ഞാന കേന്ദ്രത്തിന്‍റെ സഹായത്തോടെ പരിശീലനം നേടി. അവയുടെ വിപണനവും പഠിച്ചെടുത്തു.

അങ്ങനെ 2020ൽ തന്‍റെ കീഴിലുള്ള 12 സ്ത്രീകളെയും കൂടെക്കൂട്ടി ‘പശുമൈ’ എന്ന സ്വന്തം ബ്രാൻഡ് ആരംഭിച്ചു. നൂതന കൃഷിരീതിയിലൂടെ ഇന്ന് ഉണക്കിയ പച്ചക്കറികൾ, വിവിധ കറിപ്പൊടികൾ പോലുള്ള മൂല്യവർധിത ഉൽപന്നങ്ങൾ വിൽക്കുന്നു. ഇന്ന് ഈ ബ്രാൻഡിന്‍റെ മുദ്ര പതിപ്പിച്ച നൂറിലധികം പാക്കറ്റുകൾ ഓരോ മാസവും വിൽക്കുന്നു.

ബിന്ദുവിന്‍റെ മൂത്ത മകൾ ഇപ്പോൾ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. ഇളയ മകൾ ബി.എസ്‌സി നഴ്‌സിങ് പഠിക്കുന്നു.


Tags:    
News Summary - A 42-year-old woman who started farming to earn money for her daughters' education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.