‘താങ്കൾ എന്തുകൊണ്ടാണ് കോളജിൽ അഡ്മിഷൻ എടുക്കാത്തത്?’ -കോളജ് പ്രഫസറായ സുഹൃത്ത് ഇങ്ങനെ ചോദിച്ചപ്പോൾ തമാശയാണെന്നാണ് ആ 52കാരൻ കരുതിയത്. 1988ൽ ബി.ടെക് കരസ്ഥമാക്കി എൻജിനീയറായി ജോലി ചെയ്യുന്ന മഹാരാഷ്ട്ര കൊൽഹാപുർ സ്വദേശിയായ സുനിൽ സവർദേകർ 2015ൽ ഒരു പ്രോജക്ടിനായി നാസിക്കിലെ ഒരു കോളജിലെത്തിയതായിരുന്നു.
അപ്പോഴാണ് സുഹൃത്തായ പ്രഫസർ എം.ടെക്കിന് അഡ്മിഷൻ എടുക്കാൻ പറഞ്ഞത്. ഈ പ്രായത്തിൽ ഇനി പഠിക്കണോ എന്നാണ് അദ്ദേഹം ആദ്യം ചിന്തിച്ചത്.
അധ‍്യാപകരും അതിലുപരി കുടുംബവും പൂർണ പിന്തുണ നൽകിയതോടെ അഡ്മിഷന് അപേക്ഷ നൽകി. പതിറ്റാണ്ടുകൾക്കിപ്പുറം ആ 52കാരൻ വീണ്ടും കോളജ് ‘കുമാര’നായി. തന്നെക്കാൾ പ്രായം കുറഞ്ഞ പ്രഫസറുടെ മുന്നിൽ അച്ചടക്കമുള്ള വിദ്യാർഥിയായി ഇരുന്നു.
പുലർച്ച മൂന്നിന് എഴുന്നേറ്റ് ഏഴു വരെ പഠിക്കും. പിന്നെ ജോലിക്കു പോകും. രണ്ടുവർഷം കടന്നുപോയതറിഞ്ഞില്ല. അങ്ങനെ യൂനിവേഴ്സിറ്റിയിൽ ബിരുദദാന ചടങ്ങ് നടക്കുന്ന ദിനമെത്തി. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ആ പ്രഖ‍്യാപനം വന്നത്.
എം.ടെക് പരീക്ഷയിൽ സർവകലാശാലതലത്തിൽ സുനിൽ സവർദേകർ എന്ന ‘യുവാവി’ന് രണ്ടാം സ്ഥാനം. ഇപ്പോൾ 59 വയസ്സുള്ളപ്പോൾ ഇനി പിഎച്ച്.ഡി എടുക്കുന്നുണ്ടോ എന്ന് ആളുകൾ ചോദിക്കുമ്പോൾ ചിരിച്ചുകൊണ്ട് സുനിൽ ഇങ്ങനെ മറുപടി പറയും, ‘ഒന്നും പറയാനാവില്ല, എന്നെ നിങ്ങൾ വീണ്ടും ക്ലാസ് മുറിയിൽ കണ്ടേക്കാം’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.