പൂവാലംകൈ ക്ഷേത്രക്കുളത്തിന് സമീപം വി.കെ. വിനീഷ്


നാലുനില കെട്ടിടത്തിന്‍റെ ഉയരവും നല്ല നീളവും; ഇത്, ലക്ഷത്തിനടുത്ത് ചെങ്കല്ലുകൊണ്ട് വിനീഷ് ഒറ്റക്ക് നിർമിച്ച തീർഥക്കുളം

കാസർകോട് നീലേശ്വരം പൂവാലംകൈ ശാസ്തമംഗലത്തപ്പൻ ശിവക്ഷേത്രത്തിലേക്ക് വന്നാൽ ഒരു ‘ഒറ്റയാൾക്കുളം’ കാണാം. കരവിരുതിലും കൈയടക്കത്തിലും കൽപടവുകളിൽ വിസ്മയംതീർത്ത കുളം.

നാലുനില കെട്ടിടത്തിന്‍റെ ഉയരവും നല്ല നീളവും വീതിയുമുണ്ട്. ഈ കുളത്തിന്‍റെ നിർമാണത്തിനു പിന്നിൽ ഒരാൾ മാത്രമാണെന്നതാണ് അതിലേറെ അത്ഭുതം.

ചാത്തമത്തെ വി.കെ. വിനീഷാണ് ശിൽപി. ഒരുവർഷംകൊണ്ടായിരുന്നു നിർമാണം. ലക്ഷത്തിനടുത്ത് ചെങ്കല്ലുകൊണ്ട് നിർമിച്ച തീർഥക്കുളത്തിലെ ഓരോ കല്ലും ഒറ്റക്ക് കെട്ടിപ്പൊക്കിയത് ഈ 39കാരനാണെന്നറിയുമ്പോൾ വിസ്മയിക്കാതിരിക്കുന്നതെങ്ങനെ.

കല്ലുകൾ കെട്ടുമ്പോൾ ഒരുതരിപോലും സിമന്‍റ് ഉപയോഗിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്റ്. രണ്ടു കല്ല് ഒട്ടിക്കിടക്കുന്ന രീതിയിൽ മിനുസപ്പെടുത്തിയാണ് പരമ്പരാഗത ശൈലിയിൽ നിർമാണം പൂർത്തിയാക്കിയത്.

മുമ്പ് നിരവധി വീടുകളുടെ നിർമാണവും ക്ഷേത്രമുറ്റത്തുൾപ്പെടെ കല്ലുപാകലുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും കുളം നിർമാണത്തിന് തുനിയുന്നത് ആദ്യമാണ്.

2022 ഫെബ്രുവരിയിൽ തുടങ്ങിയ പണി 2023 ഫെബ്രുവരി 22നാണ് പൂർത്തിയാക്കിയത്. നിലവിൽ കാസർകോട് ജില്ലയിൽ മാത്രം അഞ്ചു കുളങ്ങൾ കൂടി നിർമിക്കാൻ വിനീഷിന് അവസരം ലഭിച്ചിട്ടുണ്ട്. 22ാം വയസ്സിലാണ് വിനീഷ് കല്ലുകെട്ട് തൊഴിലിലേക്കിറങ്ങുന്നത്.

‘‘ഇത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ക്ഷേത്ര കമ്മിറ്റി വിശ്വസിച്ചേൽപിച്ച പണി ഭംഗിയായി ചെയ്തു. എന്ത് പണിയായാലും ആത്മാർഥതയുണ്ടെങ്കിൽ വിജയംനേടാനാകും. സ്വയം ആർജിച്ചെടുത്ത അറിവുതന്നെയായിരുന്നു പിൻബലം.

പലരും വിളിക്കുന്നുണ്ട്. ഏറ്റെടുക്കുന്ന ജോലികൾ കഴിവിന്‍റെ പരമാവധി പൂർത്തിയാക്കി നൽകും’’ -വിനീഷ് പറഞ്ഞു. അനശ്വരയാണ് ഭാര്യ. ശിവാത്മിക, സാർവിക മക്കളാണ്.





Tags:    
News Summary - The pool was built by Vinesh alone with one lakh red stones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.