യശോദ ലോധി


വിദ്യാഭ‍്യാസം: 12ാം ക്ലാസ്. ജോലി: യുട്യൂബ് ചാനലിൽ ഇംഗ്ലീഷ് ക്ലാസ്. വരുമാനം: 80,000 രൂപ. ഇത് യശോദ ലോധി എന്ന ഗ്രാമീണ സ്ത്രീയുടെ ജീവിതം

“hi guys, welcome to my english class”. ഏതെങ്കിലും പ്രഫഷനൽ ഇംഗ്ലീഷ് ടീച്ചിങ് യുട്യൂബ് ചാനലിലെ ഇൻട്രോയാണെന്ന് വിചാരിച്ചെങ്കിൽ തെറ്റി. ഉത്തർപ്രദേശിലെ സാധാരണ ഗ്രാമത്തിലെ യശോദ ലോധി എന്ന യുവതി പതിവുപോലെ തന്‍റെ ഇംഗ്ലീഷ് ക്ലാസിലേക്ക് കടക്കുകയാണ്. വിഡിയോയുടെ പശ്ചാത്തലത്തിൽ അലങ്കരിച്ച സ്റ്റുഡിയോയോ ലൈറ്റിങ്ങോ ഇല്ല. സാധാരണ ഉത്തരേന്ത്യൻ ഗ്രാമീണ സ്ത്രീയുടെ വേഷത്തിലാണ് ഇവരുടെ ഇംഗ്ലീഷ് ക്ലാസ്.

കോവിഡ് കാലത്ത് ദിവസക്കൂലിക്കാരനായ ഭർത്താവ് അപകടത്തിൽപ്പെട്ടതിനെത്തുടർന്നാണ് ഇവർക്ക് കുടുംബത്തിന്‍റെ സാമ്പത്തിക ഭാരം വഹിക്കേണ്ടിവന്നത്. യു.പിയിലെ ദരിദ്രകുടുംബത്തിൽ നിന്നുള്ള യശോദ 12ാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. കുടുംബം മുന്നോട്ടുകൊണ്ടുപോവാനായി പല വഴികളും തേടിയെങ്കിലും നിരാശയായിരുന്നു ഫലം.

അതിനിടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കാൻ യുട്യൂബിൽ നിരവധി ഇംഗ്ലീഷ് ക്ലാസുകൾ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ക്ലാസിന്‍റെ ഭാഗമായി അയൽവാസികളോടും ഭർത്താവിനോടുമൊക്കെ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി.

സാധാരണ ഗ്രാമീണ സ്ത്രീയായ തനിക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇംഗ്ലീഷ് പഠിക്കാൻ കഴിയുന്നുണ്ടെങ്കിൽ ആർക്കും അതിന് സാധിക്കുമല്ലോ എന്ന് ചിന്തിച്ചു. അതായിരുന്നു ടേണിങ് പോയന്‍റ്. English with Dehati Madam എന്ന യുട്യൂബ് ചാനലിന്‍റെ തുടക്കമായിരുന്നു അത്.

യുട്യൂബിൽ വിഡിയോ എങ്ങനെ ക്രിയേറ്റ് ചെയ്യാമെന്ന് സ്വയം പഠിച്ചെടുത്തു. self introduction എന്ന തലക്കെട്ടിലുള്ള ആദ്യ വിഡിയോ ഹിറ്റായതോടെ ദിനേനയെന്നോണം വിഡിയോകൾ അപ് ലോഡ് ചെയ്യാൻ തുടങ്ങി. ഇന്ന് മൂന്നു ലക്ഷത്തിൽപരം സബ്സ്ക്രൈബർമാരുള്ള ഈ ചാനലിലൂടെ യശോദ സ്പോക്കൺ ഇംഗ്ലീഷും വ്യാകരണവും പഠിപ്പിക്കുന്നു.

മൂന്ന് കോടിയോളം വ്യൂസ് ഉള്ള ചാനലിലൂടെ ഈ ഗ്രാമീണ സ്ത്രീ പ്രതിമാസം 80,000 രൂപയോളം സമ്പാദിക്കുന്നു. ഇപ്പോൾ വലിയ പ്രയാസമില്ലാതെ ജീവിതം മുന്നോട്ടുപോകുന്നുണ്ടെങ്കിലും മടിപിടിച്ചിരിക്കാൻ ഇവർ ഒരുക്കമല്ല. അടുത്ത വിഡിയോയിലൂടെ തന്‍റെ വിദ്യാർഥികൾക്ക് അവർ ക്ലാസെടുത്തു തുടങ്ങി, “hello friends, welcome back to our english class”.


Tags:    
News Summary - Village woman's English class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.