അയാളിന്ന് വീണ്ടും വന്നു. നിറയെ മിഠായികളും ഞങ്ങളുടെ ഫോട്ടാകളുമായി. കണ്ണാടിയിൽ മാത്രം കണ്ടിരുന്ന ഞങ്ങളെ അയാൾ നിറമുള്ള ചിത്രങ്ങളാക്കി നൽകി. ഞാനത് എന്റെ പുസ്തകത്തിനുള്ളിൽ ഭദ്രമായി എടുത്തുവെച്ചിട്ടുണ്ട്...
കശ്മീരിലെ പെഹൽഗാം ഗ്രാമത്തിലെ ഏതെങ്കിലും ഒരു കുട്ടി കോഴിക്കോട് മായനാടുകാരൻ ആഷിക് അസീമിനെക്കുറിച്ച് ഹൃദയപൂർവം ഇങ്ങനെ ഡയറിയിൽ കുറിച്ചുവെച്ചിട്ടുണ്ടാകണം.
മറന്നുവെച്ചവ എടുക്കാനല്ല, ഓർത്തുവെച്ചത് തിരിച്ചുനൽകാനാണ് കാമറയും ചിത്രങ്ങളും കൊണ്ട് മലകളും മഞ്ഞും കടന്ന് ആഷിക് തിരികെപ്പോയത്. പെഹൽഗാം ഗ്രാമത്തിനാകട്ടെ, അത് അതിമനോഹരമായ ഒരു തിരിച്ചുവരവുമായി. ദുനിയാവിന്റെ ഒരറ്റത്തുനിന്നുള്ള മനുഷ്യൻ മറ്റേ അറ്റത്തുള്ള മനുഷ്യരെ ഹൃദയത്താൽ പുൽകുന്ന നിമിഷങ്ങൾ...
പറയാനും കേൾക്കാനും സുഖമുള്ള കഥകളാണ് ആഷികിന്‍റെ കാമറക്ക് പറയാനുള്ളത്. യാത്രകളും കാഴ്ചകളും ചിത്രങ്ങളും വിഡിയോകളുമായി പറപറക്കുന്ന കാലത്ത് ആഷികിന്റെ ചിത്രങ്ങൾ കഥകളാവുകയാണ്. സ്നേഹവെളിച്ചം പകരുന്ന ചിത്രകഥകൾ. പെഹൽഗാമിലെ പൈൻമരങ്ങൾക്കിടയിൽ വെച്ചും സ്പിതിയിലെ താഴ്വരയിൽ വെച്ചും നക്ഷത്രക്കണ്ണുകൾ വിടർത്തി കുട്ടികളും മുഖത്തെ ചുളിവുകൾ വിടർത്തി മുത്തശ്ശിമാരും ചിരിച്ച കഥ.
ഹൃദയം പ്രിന്റ് ചെയ്തപ്പോൾ
''യാത്രകളും ഫോട്ടോഗ്രഫിയും എന്നും കൂടെയുണ്ട്. എങ്കിലും ഹിമാചൽപ്രദേശിലെ സ്പിതി താഴ്വരയിലേക്കുള്ള ആ യാത്രയാണ് എന്റെ കാഴ്ചപ്പാടുകളെ തിരുത്തിയെഴുതിയത്. 2019ലായിരുന്നു യാത്ര. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരെ മേഘങ്ങളോട് കൊക്കുരുമ്മിയിരിക്കുന്ന സ്ഥലമാണത്. ഇന്ത്യക്കും തിബത്തിനുമിടയിലുള്ള തണുത്ത മരുഭൂമിയെന്ന് പറയാം. ഒരു മാസത്തോളം നീണ്ട യാത്രയുടെ അവസാന വേളയിൽ ഒരു വാടക ബൈക്കും എടുത്ത് കറങ്ങാനിറങ്ങാം എന്ന ഉൾവിളി വന്നു. ഒന്നും ചിന്തിച്ചില്ല. അസ്ഥിതുളക്കുന്ന തണുപ്പുമായി വീശുന്ന താഴ്വരയുടെ കാറ്റിനെ മുറിച്ചുകടന്ന് ബൈക്ക് എന്നെയുംകൊണ്ട് പാഞ്ഞു. ഉച്ചയായപ്പോൾ എത്തിപ്പെട്ട ഗ്രാമത്തിലെ ചെറിയ കടയിൽ വിശപ്പൊതുക്കാനായി കയറി. രണ്ടു മുത്തശ്ശിമാർ അവിടെയിരുന്ന് ഹിമാലയൻ യാക്കിന്റെ രോമത്തിൽനിന്ന് നൂൽ നൂറ്റെടുക്കുന്ന കാഴ്ചയാണ് എന്നെ വരവേറ്റത്. കാലം അവരുടെ മുഖത്ത് ചുളിവുകൾ കോറിയിട്ടിട്ടുണ്ട്. എത്ര ശീതക്കാറ്റുകളും മഞ്ഞുവീഴ്ചകളും ഇവർ അതിജയിച്ചിട്ടുണ്ടാകുമെന്ന് മനസ്സിൽ കരുതി. എന്നിലെ ഫോട്ടോഗ്രാഫർ അവിടെ ഒരു മനോഹര ഫ്രെയിം കണ്ടെത്തി. ഫോട്ടോ എടുക്കാൻ അനുവാദം ചോദിച്ചു. കാമറ തുരുതുരെ മിന്നി. പകർത്തിയ ചിത്രങ്ങൾ അവരെ കാണിച്ചു.
അവരുടെ മുഖത്ത് ആദ്യം പുഞ്ചിരി വിടർന്നെങ്കിലും പതിയെ അത് നേർത്തുനേർത്തു പോയി, 'എന്തുപറ്റി, ഫോട്ടോ ഇഷ്ടപ്പെട്ടില്ലേ' എന്നായി ഞാൻ. ഫോട്ടോയൊക്കെ നല്ലതു തന്നെ. പക്ഷേ, ഈ ചിത്രങ്ങൾ ഇനി ഒരിക്കലും ഞങ്ങൾ കാണില്ലല്ലോ എന്ന് അവർ നാണമൊതുക്കി മറുചോദ്യം ചോദിച്ചു.ക
ആ ചോദ്യം എന്റെ മനസ്സിൽ ഒരായിരം ഫ്ലാഷുകൾ മിന്നിച്ചു. അവർ പറഞ്ഞത് ശരിയാണ്. എത്രയോ സഞ്ചാരികൾ വരുന്ന, കാമറകൾ തുരുതുരെ മിന്നുന്ന ഗ്രാമമാണിത്. ലോകത്തെ പലയിടത്തും ഇവിടവും ഇവിടത്തുകാരും ചിത്രങ്ങളിലൂടെ എത്തിയിട്ടുണ്ട്. എന്നാൽ, അവരിത് കാണുന്നുപോലുമില്ല. എനിക്കറിയാവുന്ന ഭാഷയിൽ ഫോട്ടോ അയച്ചുതരാമെന്ന് അവരെ ബോധ്യപ്പെടുത്തി. അഡ്രസ് എഴുതിവാങ്ങി. മടക്കയാത്രയിലും അന്നു രാത്രിയിലും ചിത്രങ്ങൾ അവർക്കെത്തിക്കുന്നതു മാത്രമായിരുന്നു മനസ്സിൽ. ഫോട്ടോ പ്രിന്റ് ചെയ്ത് അവർക്ക് എത്തിക്കുന്ന പ്രോസസ് മനസ്സിൽ തെളിഞ്ഞുതുടങ്ങി. ആലോചിക്കുംതോറും അത് എളുപ്പമുള്ള ജോലിയായി തോന്നി. കൗതുകം കൂടിയപ്പോൾ ആ യാത്രയിൽ എന്റെ കാമറയിൽ പതിഞ്ഞ മുഖങ്ങളെയെല്ലാം ഞാൻ തേടിപ്പോയി. എല്ലാവരുടെയും അഡ്രസ് കുറിച്ചെടുത്തു. വലിയ ബുദ്ധിമുട്ടുള്ള പണിയാണെന്ന് കരുതേണ്ട. സ്പിതിയിലെ ആ ഗ്രാമത്തിൽ കുറച്ചു ആളുകൾ മാത്രമേയുള്ളൂ. ഉള്ളവർതന്നെ കൂട്ടമായി ഓരോരോ ഗ്രാമങ്ങളായാണ് താമസിക്കുന്നത്. ഗ്രാമത്തിലെ ഒരു വീട്ടിേലക്ക് ചിത്രങ്ങൾ അയച്ചുനൽകിയാൽ അവർതന്നെ എല്ലാ വീട്ടിലും എത്തിച്ചുനൽകും. 80 രൂപയുടെ ഒരു ഓൾ വെതർ പ്രിന്റ് എടുത്താൽ അതിൽ നാല് വലിയ ഫോട്ടോകൾ കൊള്ളും. സ്റ്റാമ്പിന്റെ വിലയടക്കം 30 രൂപകൊണ്ട് ഒരാൾക്ക് ഫോട്ടോകൾ എത്തിക്കാം. എന്റെ ഒരു ദിവസത്തെ ബജറ്റ് മാത്രം മതി എല്ലാവർക്കും ഫോട്ടോ എത്തിക്കാൻ. തിരികെ നാട്ടിലെത്തി എല്ലാം പ്രിന്റ് ചെയ്തെടുത്തു. പൊതുവേ സ്പിതിയിലെ മനുഷ്യർ പ്രിന്റഡ് ഫോട്ടോകൾ എടുക്കുന്നത് അപൂർവമാണ്. പലരുടെയും കൈയിലുള്ളത് കുട്ടിക്കാലത്തെ ചിത്രങ്ങൾ മാത്രം. ഞാൻ കൊടുക്കുന്നത് വിലപ്പെട്ട സമ്മാനമാണെന്നും തലമുറകളോളം അതു സൂക്ഷിക്കപ്പെടുമെന്നും ഉറപ്പുണ്ടായിരുന്നു. ചുരുങ്ങിയ ചെലവിൽ മനംനിറയെ സന്തോഷം നൽകുന്ന ഈ പരിപാടി തുടരാൻ ഞാനങ്ങ് തീരുമാനിച്ചു.
കശ്മീരിന്റെ വിളി കേട്ടപ്പോൾ
ലോക്ഡൗണിന്റെ മുഷിപ്പുകളെയും കാത്തിരിപ്പിന്റെ അക്ഷമയെയും ബാഗിൽ കെട്ടി 2021 ഫെബ്രുവരി മാസത്തിലാണ് കശ്മീരിലേക്ക് പുറപ്പെട്ടത്. മഞ്ഞിൽ കുളിച്ച കശ്മീരും അവിടത്തെ പൂക്കളായ കുട്ടികളെയും കാമറയിൽ പകർത്തുകയെന്നതായിരുന്നു ലക്ഷ്യം. കുങ്കുമപ്പാടങ്ങളും ചിനാർ മരങ്ങളും പിന്നിട്ട് പഹൽഗാമിലാണ് വണ്ടിയിറങ്ങിയത്. കശ്മീരിലെ ഹോട്ട്സ്േപാട്ടുകളിൽ ഒന്നായതിനാൽതന്നെ സഞ്ചാരികൾ അണമുറിയാതെ എത്തുന്നയിടം. പക്ഷേ, സഞ്ചാരികളുടെ പതിവ് വിനോദങ്ങളായ കുതിര സവാരിക്കും കാഴ്ചകൾക്കുമപ്പുറം ഉൾപ്രദേശങ്ങളും അവിടുത്തെ മനുഷ്യരുമായിരുന്നു എന്റെ ലക്ഷ്യം.
മനസ്സിൽ കണ്ടതുപോലെ നിറയെ വീടുകളുള്ള ഒരു പ്രദേശത്തെ ഉൾഗ്രാമം എനിക്കായി ഒരുക്കിയിരുന്നു. പൂക്കളും പൂക്കളേക്കാൾ ഭംഗിയുള്ള കുട്ടികളും വീട്ടുമുറ്റങ്ങളിലുണ്ട്. ഉപദേശിച്ചും ശാസിച്ചും മാതാപിതാക്കളും അടുത്തുണ്ട്. കുശലാന്വേഷണം നടത്തി. ചൂടുചായ നൽകിയാണ് അവർസ്വാഗതം ചെയ്തത്. കശ്മീരികൾക്ക് മലയാളികളോട് പ്രത്യേക ഇഷ്ടം ഉണ്ടെന്നാണ് എന്റെ അനുഭവം. മലയാളിയെന്ന് പറയുമ്പോഴുള്ള കരുതലും സ്നേഹവും കുറെ അനുഭവിച്ചിട്ടുണ്ട്.
സ്ത്രീകളെ കാമറയിൽ പകർത്തുന്നതിൽ അവർക്ക് വലിയ താൽപര്യമില്ല. എന്നാൽ, കുട്ടികളുടെ കാര്യത്തിലാണെങ്കിൽ അത്യുത്സാഹവുമാണ്. മുതിർന്നവർ സഹകരിച്ചിട്ടും കാര്യമില്ല, കുട്ടികളെ കാമറക്കു മുന്നിൽ മെരുക്കിയെടുക്കുക പണിയുള്ള കാര്യമാണ്. കാര്യസാധ്യത്തിനായി മിഠായികൾ കരുതിയിരുന്നു. സഞ്ചാരികളുമായി അധികം ഇടപഴകി പരിചയമില്ലാത്തവരായതിനാൽതന്നെ നിഷ്കളങ്കതയേക്കാൾ കുട്ടികളുടെ കണ്ണിൽ ഭയമാണ് കണ്ടത്. ഒന്നുരണ്ട് ദിവസം മിഠായികളുമായി പോയതോടെ കുട്ടികളുടെ പേടി മാറിത്തുടങ്ങി. മൂന്നാം ദിവസം മലയാളിതന്നെയായ സുഹൃത്തിനെയും കൂട്ടിയാണ് പോയത്. കുട്ടികൾ എനിക്ക് വേണ്ടവിധം നിരവധി ചിത്രങ്ങൾക്ക് നിരന്നുനിന്നു. കുട്ടികളും കുസൃതികളും നിഷ്കളങ്കതയുമെല്ലാം അതിൽ പതിഞ്ഞു. പതിവുപോലെ അഡ്രസും കുറിച്ച് അവരോട് യാത്ര പറഞ്ഞിറഞ്ഞി. ഏതാനും ദിവസങ്ങൾകൂടി കശ്മീർ ചുറ്റിക്കറങ്ങി വീട്ടിൽ തിരിച്ചെത്തി. ചിത്രങ്ങളെല്ലാം പ്രിന്റ് ചെയ്തെടുത്തു. എന്നാൽ, ഈ ഫോട്ടോകൾ ഞാൻ അവർക്ക് ഒരിക്കലും അയച്ചുകൊടുത്തില്ല.
കാരണമുണ്ടായിരുന്നു. ഈ ഫോട്ടോകൾ നേരിട്ടെത്തിക്കുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന കൗതുകം കാണാനുള്ള ആഗ്രഹം എന്നിൽ മുളപൊട്ടിയിരുന്നു. അതെല്ലാം യുട്യൂബ് ചാനലിലൂടെ പുറത്തെത്തിക്കണമെന്നും കരുതി. എല്ലാം ഒത്തുവന്നപ്പോൾ ഏതാനും മാസങ്ങൾക്കുശേഷം വീണ്ടും കശ്മീരിലേക്ക് പുറപ്പെടാനൊരുങ്ങി. പ്രിന്റെടുത്ത ഫോട്ടോകളെല്ലാം ഏറെ ശ്രദ്ധയോടെ ബാഗിൽ ഒതുക്കിവെച്ചു. ഏകദേശം ഒരു കിലോ തൂക്കത്തിലുള്ള ഫോട്ടോകൾ കൈയിലുണ്ടായിരുന്നു. ഭാരം കുറക്കാനായി ആദ്യം പഹൽഗാമിൽതന്നെയാണെത്തിയത്. മദ്റസകൾ ആരംഭിച്ചിരുന്നതിനാൽ ഏതാണ്ട് മുതിർന്ന കുട്ടികളെല്ലാം അവിടെയായിരുന്നു. കാണാതെ പോകാൻ മനസ്സ് വന്നില്ല. ക്ലാസ് തീരുന്നതുവരെ കാത്തിരുന്നു. ഒടുവിൽ വൈകീട്ടോടെ കുട്ടികളിലൊരാൾ എതിരെ നടന്നുവരുന്നതു കണ്ടു. ആ കുട്ടി എന്നെ നോക്കി തിളങ്ങുന്ന കണ്ണുകളോടെ ചിരിച്ചു. ശരിക്കും ഞാൻ ഞെട്ടി. കാരണം മാസ്ക് വെച്ചിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ആ കുട്ടി എന്നെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നു. എന്റെ കണ്ണുകൾ സന്തോഷത്താൽ നനഞ്ഞു.
മുമ്പ് ചായ തന്ന അതേ വീട്ടുകാർ അതേ സ്നേഹത്തോടെ വീണ്ടും സൽക്കരിച്ചു. ഫോട്ടോകളെല്ലാം വീട്ടുകാരെ കാണിക്കുകയും ഉദ്ദേശ്യം പറയുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ സഹായത്തോടെ ഓരോ വീടുകളിലും പോയി കുട്ടികളെയെല്ലാം കണ്ട് ഫോട്ടോ ഏൽപിക്കുകയും അവരുടെ ചിരി കണ്ട് അനുഭവിക്കുകയും ചെയ്തു. ചിലതെല്ലാം കാമറക്കുള്ളിലുമാക്കി.
വെറും 20 രൂപ ചെലവിൽ ജീവിതകാലം മുഴുവൻ ഒരു കുടുംബം സന്തോഷത്തോടെ നിങ്ങളെ ഓർക്കാനുള്ള വഴിയാണിതെന്ന് ഞാൻ മനസ്സിലാക്കി. കൊടുത്ത ഫോട്ടോകളിലെല്ലാം എന്റെ ഇൻസ്റ്റഗ്രാം ഐഡി വാട്ടർമാർക്ക് പതിച്ചിരുന്നു. ഏതെങ്കിലും ഒരു കുട്ടി കാലങ്ങൾക്കപ്പുറം എന്നെ ഓർക്കുകയും മെസേജ് അയക്കുകയും ചെയ്താലോ? ഗ്രാമീണരായ, സ്മാർട്ട് ഫോണിന്റെ സ്പർശനങ്ങളറിയാത്ത സാധാരണക്കാർക്കാണ് ഞാൻ ഏറിയ പങ്കും ചിത്രങ്ങളയച്ചത്.
'ചാർളി'യിൽ ദുൽഖർ പറയുന്നപോലെ ''മറ്റുള്ളവരുടെ ജീവിതത്തിൽ ഇടിച്ചുകയറി ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിലുണ്ടാകുന്ന പ്രകാശമുണ്ടല്ലോ... അതിന്റെ ഒരു രസത്തിലും ത്രില്ലിലുമൊക്കെയാ നമ്മളിങ്ങനെ ജീവിച്ചുപോകുന്നത്...''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.