‘‘പുറത്തിറങ്ങിയാൽ വീട്ടാൻ കടങ്ങ​ളേറെയാണ്​. തനിക്കുവേണ്ടി കൈകോർത്ത നല്ല മനുഷ്യർ. ലോകത്തി​ന്‍റെ നാനാദിക്കിലുള്ളവർ. അവരിൽ കൂട്ടുകാരുണ്ട്​, നാട്ടുകാരുണ്ട്​, എന്നാൽ ഒരു പരിചയവുമില്ലാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്തവരാണ്​ ഏറെയും.

പതിനായിരക്കണക്കിന്​ മനുഷ്യർ. അവരാണ്​ എനിക്കുവേണ്ടി പണമയച്ചത്​. അവർക്കൊന്നും പണമായി തിരിച്ചുകൊടുക്കാൻ എനിക്ക് സാധിക്കില്ല. അത്ര ചെറിയ തുകയല്ലല്ലോ അത്... എണ്ണിയാലൊടുങ്ങാത്ത ആ മനുഷ്യരോടെല്ലാമുള്ള കടം ഞാനെ​ന്‍റെ പ്രവൃത്തികൊണ്ട് വീട്ടാൻ ശ്രമിക്കും...’’

അബ്​ദുൽ റഹീമി​ന്റെ വാക്കുകളാണ്​. വധശിക്ഷ റദ്ദാക്കിയ ദിവസം റിയാദിലുള്ള ത​ന്‍റെ കൂട്ടുകാരൻ ഷൗക്കത്തിനോട്​ പറഞ്ഞതാണിത്​. റിയാദിലെ ജയിലറയിൽ പുറ​ത്തേക്ക്​ വാതിൽ തുറക്കുന്നതും കാത്ത്​ നാളുകളെണ്ണി കഴിയു​മ്പോൾ വീട്ടാനുള്ള കടങ്ങളെക്കുറിച്ചാണ് ആ മനസ്സ്​ ആലോചിക്കുന്നത്​.

മുഴുവൻ മുനുഷ്യരോടും ഹൃദയത്തി​ന്‍റെ അടിത്തട്ടിൽനിന്നുള്ള​ നന്ദി പറഞ്ഞ്​ ഫോണിൽ വിതുമ്പി അബ്ദുൽ റഹീം. ജയിലിലെ ഫോണിൽനിന്ന്​ സൗകര്യം കിട്ടു​മ്പോഴൊക്കെ വിളിക്കാറുള്ള അവൻ ഇത്ര വാചാലമായി സംസാരിച്ച, അതിലേറെ ​വൈകാരികമായി പോയ മറ്റൊരവസരമില്ലെന്ന്​ ഷൗക്കത്ത്​ ഓർക്കുന്നു.

അബ്ദുൽ റഹീം

വൈവാഹിക ജീവിതം അനാഥക്കൊപ്പം

ഇപ്പോൾ റഹീമി​ന്റെ മനസ്സ്​ ശാന്തമാണ്​. പല വിചാരങ്ങൾ ശാന്തമായ കടൽപരപ്പിലെ ചെറിയ ഓളങ്ങൾപോലെ ഇളകുന്നുണ്ട്​. ഉള്ളെരിഞ്ഞുള്ള​ പ്രാർഥനയാൽ ജീവിതത്തി​ന്‍റെ പകലിരവുകളെ ഹോമിച്ച ഉമ്മയെക്കുറിച്ചാണ്​ ഇപ്പോൾ ആലോചിക്കുന്നത്​.

ആശ്വസിപ്പിക്കാൻ, അണച്ചുപിടിക്കാൻ ആ കൈകൾ എപ്പോഴും തന്നോടൊപ്പമുണ്ട്​ എന്ന തോന്നലിലാണ്​ ഓരോ നിമിഷവും ജയിലറയിൽ തള്ളിനീക്കിയത്​. ആ ബലത്തിലാണ്​ തടവറയിലെ തീക്ഷ്​ണാനുഭവങ്ങളെ മറികടന്നുകൊണ്ടിരുന്നത്​.

ശിഷ്ടജീവിതം ഉമ്മയെ പരിചരിച്ച്​ കഴിഞ്ഞുകൂടണമെന്നേ മനസ്സിലിപ്പോഴുള്ളൂ. 25ാം വയസ്സിൽ കാരാഗൃഹത്തിൽ അടക്കപ്പെട്ട ജീവിതമാണ്​. 18 വർഷത്തിനുശേഷം പുറത്തിറങ്ങാനുള്ള ഉത്തരവിനുവേണ്ടി കാത്തിരിക്കു​മ്പോൾ തിരിച്ചറിയുന്നുണ്ട്,​ ജീവിതത്തിലെ നല്ലതായിരിക്കേണ്ട സമയമെല്ലാം കടന്നുപോയിരിക്കുന്നു​.

എന്നാലും ഇനിയൊരു വൈവാഹിക ജീവിതത്തിന്​ സൗകര്യമൊത്താൽ അതൊരു അനാഥ യുവതിക്കൊപ്പമാകണം എന്നൊരു ചിന്തയും പതിയെ മനസ്സിലുറക്കുന്നുണ്ട്​.

പുറത്ത്​ ആയിരക്കണക്കിന്​ മനുഷ്യർ തന്നെ സഹായിക്കാൻ അണിനിരക്കു​മ്പോഴും ജയിലറയുടെ നാല്​ ചുവരുകൾക്കുള്ളിൽ അനുഭവിച്ച അനാഥത്വത്തി​ന്‍റെയും ഒറ്റപ്പെടലി​ന്‍റെയും വേദന വിശാലമായ ലോകത്ത്​ ഒറ്റപ്പെട്ടും അനാഥമായും കഴിയാൻ വിധിക്കപ്പെടുന്ന ഒരാൾക്കെത്രയോ തീക്ഷ്​ണമായിരിക്കും.

അങ്ങനെയൊരാളെ ജീവിതത്തോട്​ ചേർത്തുപിടിക്കണം -ഷൗക്കത്തിനോട് ഒടുവിൽ​ അബ്​ദുൽ റഹീം മനസ്സിലുള്ളത്​ തുറന്നുപറഞ്ഞു.

ജീവൻ തിരിച്ചുകിട്ടിയ ജൂലൈ രണ്ട്​

ഇക്കഴിഞ്ഞ ജൂലൈ രണ്ട് ആരും മറക്കില്ല. ​അബ്​ദുൽ റഹീമിനുവേണ്ടി അണിചേർന്ന മുഴുവൻ മനുഷ്യരും കാത്തിരുന്ന വിധി പ്രഖ്യാപനമുണ്ടായ ദിവസം. അന്ന്​ നട്ടുച്ചയിലെ 12.16 എന്ന ആ സമയം ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തമാണെന്ന്​ റഹീമി​ന്‍റെ കേസിൽ ഇന്ത്യൻ എംബസി പ്രതിനിധിയായി ആദ്യകാലം മുതൽ ഇടപെടുന്ന മലയാളി ഉദ്യോഗസ്ഥൻ യൂസഫ്​ കാക്ക​ഞ്ചേരി പറയുന്നു.

റിയാദിലെ ക്രിമിനൽ കോടതിയിൽ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ജഡ്​ജി ഒപ്പിട്ട സമയമാണത്​. അതോടെ നെഞ്ചിലേറ്റി നടന്ന ഭാരം ഒലിച്ചുപോയതുപോലെയാണ്​ തോന്നിയതെന്നും ജീവിതത്തിൽ അതുപോലെയൊരു ദിവസത്തിലൂടെ കടന്നുപോയിട്ടില്ലെന്നും യൂസഫ്​ കാക്കഞ്ചേരി കൂട്ടിച്ചേർക്കുന്നു.

റഹീമി​നെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെയെല്ലാം ഇക്കാലമത്രയും ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്ന പൊതുപ്രവർത്തകനും മുസ്​ലിം ലീഗ്​ നേതാവുമായ അഷ്​റഫ്​ വേങ്ങാട്ടും അതുതന്നെയാണ്​ പറഞ്ഞത്​, മറക്കില്ല ആ ദിവസത്തെ.

റഹീം മോചനം എന്ന ദൗത്യത്തിൽ അണിചേർന്ന സിദ്ദീഖ്​ തുവ്വൂർ, മുനീബ്​ പാഴൂർ, സി.പി. മുസ്​തഫ, നാസർ കാരന്തൂർ, മൊയ്തീൻ കോയ കല്ലമ്പാറ, കുന്നുമ്മൽ കോയ, അബ്​ദുല്ല വല്ലാഞ്ചിറ, കുഞ്ഞി കുമ്പള, കുഞ്ഞോയി കോടമ്പുഴ, നൗഫൽ പാലക്കാടൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മുഴുവൻ സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഒരേ സ്വരത്തിലാണ്​ അതാവർത്തിക്കുന്നത്.

സൗദി അഭിഭാഷകൻ ഉസാമ അൽഅംബർ


15 മില്യൺ റിയാൽ ഇത്രയെളുപ്പമോ?

വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താനുള്ള 15 മില്യൺ റിയാലി​ന്‍റെ ദിയാധനം ‘ഹിന്ദികൾ’ (ഇന്ത്യക്കാർ) സമാഹരിക്കുമെന്നത്​ ആദ്യം തമാശയായാണ്​ തോന്നിയതെന്ന്​​​ അബ്​ദുൽ റഹീമി​ന്‍റെ വക്കീലായ സൗദി അഭിഭാഷകൻ ഉസാമ അൽഅംബർ പറയുന്നു.

ദിയാധനം നൽകാനുള്ള കരാർ അനുസരിച്ച്​ നിശ്ചിത കാലാവധിക്കുള്ളിൽ പണം നൽകണം. ഇത്ര ഭീമമായ തുക കുറഞ്ഞ ദിവസത്തിനുള്ളിൽ സമാഹരിക്കാൻ അവർക്ക് കഴിയില്ല എന്നുതന്നെയാണ് താൻ കരുതിയത്.

റഹീമിന്‍റെ കാര്യം തന്നെ അത്ഭുതപ്പെടുത്തി. ഹൗസ് ഡ്രൈവറായ സാധാരണക്കാരനുവേണ്ടി ഇ​ത്രയും മനുഷ്യർ ഒറ്റക്കെട്ടായി ഇറങ്ങിപ്പുറപ്പെടുക. മലയാളികളുടെ മാനവിക ബോധവും സംഘശക്തിയും ഇപ്പോഴും അത്ഭുതമായാണ്​ തോന്നുന്നതെന്ന്​ ഉസാമ പറയുന്നു. ഇക്കാര്യം തന്‍റെ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും പറഞ്ഞിട്ട് അവർക്ക്​ വിശ്വസിക്കാനാവുന്നില്ല.

അങ്ങനെ സംഭവിക്കില്ലെന്നാണ് അവർ തീർത്തുപറയുന്നത്. റഹീമി​ന്‍റെ മാതാവി​ന്‍റെ കണ്ണീരൊപ്പാനും ആ ഉമ്മയുടെ ചുണ്ടിൽ ചിരി വിരിയിക്കാനും കാരണക്കാരാകാൻ മത്സരിച്ച മലയാളികൾ തന്‍റെ അഭിഭാഷക ജീവിതത്തിലെ ഏറ്റവും പുതിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഹീമിന്‍റെ ഉമ്മ ഫാത്തിമ. ചി​​​ത്രം: കെ. വിശ്വജിത്ത്



ജയിലഴികൾക്കിടയിലൂടെ കേട്ട കഥ

ഈ ലേഖകൻ കഴിഞ്ഞ 24 വർഷമായി റിയാദിൽ പത്രപ്രവർത്തനം നടത്തുന്നു​. ഈ കാലത്തിനിടെ നിരവധി ജീവിതങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്. അനേകം സംഭവങ്ങളിലേക്കും മനുഷ്യരിലേക്കും കടന്നുചെന്നിട്ടുണ്ട്​. എന്നാൽ, അക്കൂട്ടത്തിൽ ഏറ്റവും അവിസ്​മരണീയം അബ്​ദുൽ റഹീമി​ന്‍റെ കേസ്​ ആദ്യമായി റിപ്പോർട്ട്​ ചെയ്യാനിടയാക്കിയ ഒരു കൂടിക്കാഴ്​ചയാണ്​.

ഞാനും സൗദിയിലെ മറ്റൊരു മാധ്യമപ്രവർത്തകൻ ഷക്കീബ്​ കൊളക്കാടനും അന്ന്​ റിയാദ് മലസിലെ സെൻട്രൽ ജയിലിൽ ചെന്നതായിരുന്നു. ജയിലിലെ സന്ദർശകരുടെ മുറിയിൽ നല്ല തിരക്കായിരുന്നു. സന്ധ്യമയങ്ങുന്നു. അതിനുമു​മ്പേ ഇരുട്ടുകയറിയ മുറിയിൽ വൈദ്യുതി വിളക്ക്​ തെളിഞ്ഞിട്ടുണ്ട്​.

വലിയ ഇരുമ്പ് വേലിയുടെ രണ്ട് പാളികൾക്കപ്പുറം വന്നുനിൽക്കുന്ന ജയിൽപുള്ളികളുടെ മുഖങ്ങളിൽ ഞങ്ങൾ തേടിപ്പോയ ആളെ തിരഞ്ഞു. ഒരു വീട്ടുജോലിക്കാരി കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി ദമ്പതികളിലെ ഭർത്താവിനെ കാണുകയായിരുന്നു​ ഞങ്ങളുടെ ലക്ഷ്യം. വാർത്തക്കൊപ്പമുള്ള ഫോ​ട്ടോയിൽ കണ്ട പരിചയം മാത്രമാണുള്ളത്​. ആ മുഖം അപ്പുറത്ത്​ വന്നുനിൽക്കുന്നവരിൽ ഇല്ലെന്ന്​ ഷക്കീബ്​ പറഞ്ഞു. ഞാനും സൂക്ഷിച്ചുനോക്കി അത്​ ശരിവെച്ചു.

ഇരുമ്പു വേലിയുടെ രണ്ട്​ പാളികൾക്കിടയിൽ രണ്ടടിയോളം അകലമുണ്ട്​. ഏറ്റവും ഉറ്റവരായവർക്ക്​ അപ്പുറവും ഇപ്പുറവും നിൽക്കു​മ്പോൾ ഒന്ന്​ തൊടണമെന്നുണ്ടെങ്കിൽ പോലും​ സാധ്യമല്ല. കമ്പിയഴികൾക്കിടയിലൂടെ പരസ്​പരം നോക്കിനിൽക്കാം. നോക്കു​മ്പോൾ പലരും കണ്ണീർ വാർക്കുന്നുണ്ട്​.

കരച്ചിലടക്കാൻ പാടുപെടുന്നവരുണ്ട്​. ഞങ്ങൾ വേണ്ടതൊക്കെ ചെയ്യുന്നുണ്ട്​ ഉടൻ പുറത്തിറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷ കൈമാറുന്നവരുണ്ട്​. അതുകേൾക്കു​മ്പോൾ മറുഭാഗത്തെ മുഖം മുറിയിലെ വൈദ്യുതി വിളക്കിനേക്കാൾ തെളിയുന്നുണ്ട്​.

കാണേണ്ട ആൾ വരാൻ വൈകുന്നതുകൊണ്ട്​ ഞങ്ങൾക്ക്​ ഇഷ്​ടംപോലെ സമയമുണ്ടായിരുന്നു. വേലിക്കപ്പുറം അഴികളിലേക്ക്​ ചാരി സുമുഖനായ ഒരു യുവാവ് ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നത്​ അപ്പോഴാണ്​ കണ്ടത്​. നോട്ടങ്ങൾ പരസ്​പരം ഇടഞ്ഞപ്പോൾ പരിചയഭാവമുണ്ടായി, നിങ്ങൾ ആരെയാണ് കാത്തുനിൽക്കുന്നതെന്ന് അയാൾ ചോദിച്ചു.

ഞങ്ങൾ ആളുടെ പേര് പറഞ്ഞപ്പോൾ അയാൾ എ​ന്‍റെ സെല്ലിലാണെന്നും സുഖമില്ലാതെ കിടക്കുകയാണെന്നും പറഞ്ഞു. എങ്കിൽ പിന്നീടാവാം എന്നുപറഞ്ഞ് മടങ്ങുംമുമ്പ് നിങ്ങളുടെ കേസ് എന്താണെന്ന് അയാളോട് ചോദിച്ചു. ഒരു സൗദി ബാലൻ മരിച്ച കേസാണ്. ഏഴുമാസമായി. ഞങ്ങൾ രണ്ടുപേ​രുണ്ട്. എ​ന്‍റെ പേര് മുഹമ്മദ്​ നസീർ. എ​ന്‍റെ ബന്ധു അബ്​ദുൽ റഹീമാണ് ഒന്നാം പ്രതി. അവനും ഇവിടെ സെല്ലിലുണ്ട്. ഇതുവരെ വിധി വന്നിട്ടില്ല. വിചാരണയിലാണ്.

സന്ദർശന സമയം അവസാനിക്കാനൊരുങ്ങുകയായിരുന്നു. ഞാൻ പെ​ട്ടെന്ന്​ പോക്കറ്റിൽനിന്ന്​ ചെറിയൊരു കടലാസെടുത്ത്​ മൊബൈൽ നമ്പർ എഴുതി കമ്പിയഴികൾക്കിടയിലൂടെ അകത്തേക്ക്​ എറിഞ്ഞുകൊടുത്തു. നസീർ അതെടുത്തു. ജയിലിൽ ടെലിഫോൺ സൗകര്യം കിട്ടു​മ്പോൾ വിളിക്കണേ എന്ന്​ അയാളോടുപറഞ്ഞ്​ അവിടം വിട്ടു. പിറ്റേന്നുതന്നെ നസീറി​ന്‍റെ കാൾ വന്നു. നമ്പർ ചോദിച്ചുവാങ്ങിയിട്ട്​ അങ്ങോട്ടുവിളിച്ചു. കേസി​ന്‍റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.

ഭിന്നശേഷിക്കാരനായ ഒരു സൗദി ബാലൻ അവിചാരിതമായി കൊല്ലപ്പെടുകയും അതിൽ കുടുങ്ങി ജയിലിലായ അന്ന്​ 25 വയസ്സ്​ മാത്രമുള്ള, കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകൻ അബ്​ദുൽ റഹീമി​നെയും ബന്ധുവായ യുവാവ്​ ആപത്തിൽപ്പെട്ട​ നേരത്ത്​ സഹായം ചോദിച്ചു വിളികേട്ടുചെന്ന്​ കേസിൽപെട്ട കോഴിക്കോട് നല്ലളം ബസാർ ചാലാട്ട് വീട്ടിൽ മുഹമ്മദ് നസീർ അഹമ്മദി​നെയും കുറിച്ചുള്ള വാർത്തകളുടെ തുടക്കമായിരുന്നു അത്​.

കേസി​ന്‍റെ എല്ലാ ഘട്ടത്തിലും വാർത്തകളിലൂടെ ഒപ്പം സഞ്ചരിച്ചു. ഒരിക്കൽ നാട്ടിൽ അവധിക്ക്​ പോയപ്പോൾ റഹീമും നസീറും ജയിലിൽനിന്ന്​ പറഞ്ഞു, കോഴിക്കോട്ടുള്ള ഞങ്ങളുടെ വീടുകളിലും ഒന്ന്​ പോണേ എന്ന്​.

രണ്ടു വീടുകളിലും പോയി റഹീമിന്‍റെ ഉമ്മയെയും കൂടപ്പിറപ്പിനെയും നസീറി​ന്‍റെ ഭാര്യയെയും ഭാര്യപിതാവിനെയും കുട്ടികളെയും കണ്ട്​ അവിടെ നിന്ന്​ തയാറാക്കിയ റിപ്പോർട്ടുകളിലൂടെ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ ശ്രമിച്ചത്, സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലുകളും യഥാസമയം റിപ്പോർട്ട്​ ചെയ്​തുകൊണ്ടിരുന്ന്​ വിഷയം സജീവമാക്കി നിർത്തിയത്, വധശിക്ഷ വിധിച്ചതും അതിനെതിരെ അപ്പീൽ പോയതും, കോടതി നടപടികൾ കാണാനും റിപ്പോർട്ട്​ ചെയ്യാനും കോടതിയിൽ പലവട്ടം കയറിയിറങ്ങിയത് എന്നിവയെല്ലാം ആ യാത്രയിൽ തെളിഞ്ഞുകിടക്കുന്ന ഓർമകളാണ്​.

10 വർഷത്തിനുശേഷം മുഹമ്മദ്​ നസീർ മോചിതനായപ്പോഴും 15 മില്യൺ റിയാലെന്ന ഭാരിച്ച ദിയാധനമുണ്ടെങ്കിലേ റഹീമി​ന്‍റെ ജീവൻ രക്ഷിക്കാനാവൂ എന്ന്​ ലോകത്തെ അറിയിക്കാൻ വാർത്തകൾ തയാറാക്കി ആ യാത്ര തുടരുകയായിരുന്നു. ഒടുവിൽ ലോകത്തെ അത്ഭുതപ്പെടുത്തിയ ജനകീയ ധനസമാഹരണത്തിലും വധശിക്ഷ റദ്ദാക്കപ്പെട്ടതിലും ഇടമുറിഞ്ഞില്ല വാർത്തായിടപെടലുകൾ.

ജയിലി​ന്‍റെ വാതിൽ മലർക്കെ തുറന്ന്​ അബ്​ദുൽ റഹീം ഇറങ്ങിവരുന്നതും നാട്ടിലെത്തി ഉമ്മയുടെ ചാരത്തണയുന്നതുംവരെ തുടരും കേവലമൊരു ജോലിക്കപ്പുറം സഹാനുഭൂതിയുടെ ഉണങ്ങാത്ത മഷികൊണ്ടുള്ള ഈ കേസി​ന്‍റെ ജീവിതമെഴുത്ത്​.




Tags:    
News Summary - Raheem opens his mind from jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.