കുട്ടികൾക്ക് ബുദ്ധിയില്ല എന്നു പറയാറുണ്ട് പല രക്ഷിതാക്കളും അധ്യാപകരും. ഇതിനു പകരം ഓരോ കുട്ടിക്കുമുള്ളത് ഏതു തരം ബുദ്ധിയാണെന്ന് അന്വേഷിക്കാനും കണ്ടെത്താനുമുള്ള താൽപര്യമാണ് ഇക്കാലത്ത് വേണ്ടത്. ബുദ്ധിയെ കുറിച്ചുള്ള പുതിയകാല പഠനങ്ങൾ നൽകുന്ന തെളിവുകൾ ഇതിന് അടിവരയിടുന്നതാണ്.
എല്ലാവരിലുമുള്ളത് ഒരേതരം ബുദ്ധിയല്ല എന്നും ബുദ്ധിക്ക് ബഹുമുഖ തലങ്ങളുണ്ട് എന്നും അവ ഓരോരുത്തരിലും വ്യത്യസ്ത അളവിലാണുള്ളത് എന്നുമുള്ള കാഴ്ചപ്പാടാണ് ഇന്ന് വിദ്യാഭ്യാസ മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ഒന്നല്ല, പലതാണ് ബുദ്ധി
ഏകമുഖമായ ഒന്നാണ് ബുദ്ധി എന്നായിരുന്നു പലരും കരുതിയിരുന്നത്. ഗണിതശേഷികൾ ഇല്ലാത്ത കുട്ടികളെ ബുദ്ധിയില്ലാത്തവരായി കണ്ടിരുന്ന ഒരു കാലത്താണ് ഞങ്ങളൊക്കെ പഠിച്ചിരുന്നത്. ആൽഫ്രഡ് ബിനെയും തിയോഡർ സൈമണും ചേർന്ന് തയാറാക്കിയ ആദ്യ ബുദ്ധിപരീക്ഷയിലെ അഞ്ചു ഘടകങ്ങളിൽ മുഖ്യസ്ഥാനത്തു നിന്നത് ക്വാണ്ടിറ്റേറ്റിവ് റീസണിങ് ആയതിനാലാവാം ഒരുപക്ഷേ, ബുദ്ധിപരീക്ഷകൾ ജയിക്കണമെങ്കിൽ ഗണിതപരമായ കഴിവുകൾ വികസിക്കണമെന്ന കാഴ്ചപ്പാടിലേക്ക് നയിക്കപ്പെട്ടിട്ടുണ്ടാവുക.
പക്ഷേ, കണക്കറിയാത്തതിന്‍റെ പേരിൽ മറ്റു കഴിവുണ്ടായിട്ടും പലരും പുറന്തള്ളപ്പെട്ടു എന്നതാണ് യാഥാർഥ്യം. ഗണിതപരമായ ബുദ്ധി പലതരം ബുദ്ധികളിൽ ഒന്നു മാത്രമാണെന്ന കാഴ്ചപ്പാടിലേക്ക് നമ്മളിൽ പലരും ഇപ്പോഴും പതുക്കെ കടന്നുവരുന്നേയുള്ളൂ. ബുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രാചീനകാലം മുതൽ തന്നെ മനുഷ്യർ ആലോചിച്ചിട്ടുണ്ട്. ആത്മാവാകുന്ന യാത്രികൻ ശരീരമാകുന്ന രഥത്തിൽ സഞ്ചരിക്കുകയാണ്.
ഇന്ദ്രിയങ്ങളാകുന്ന കുതിരകളാണ് രഥം വലിക്കുന്നത്. ബുദ്ധി തേരാളിയും എന്ന് കഠോപനിഷത്തിൽ മനുഷ്യരെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒന്നായാണ് ബുദ്ധിയെ വിശേഷിപ്പിക്കുന്നത്. യുക്തിയിലൂടെയും അനുമാനത്തിലൂടെയും സത്യം തിരിച്ചറിയാനുള്ള മനുഷ്യരുടെ കഴിവായാണ് ദക്കാർത്തെ ബുദ്ധിയെ വിശേഷിപ്പിക്കുന്നത്.
ബുദ്ധിയെക്കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണങ്ങൾ ആരംഭിക്കുന്നത് ഫ്രാൻസിസ് ഗാൾട്ടന്‍റെ കാലത്താണ്. ബുദ്ധിയെ പാരമ്പര്യത്തോടു ചേർത്തുവെച്ചിരുന്ന അദ്ദേഹത്തിന്‍റെ പല നിരീക്ഷണങ്ങളും തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ബുദ്ധിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു.
ആധുനിക കാലത്ത് ബുദ്ധി എന്നത് സങ്കീർണവും ബഹുമുഖവുമായ ഒരു ആശയമാണ്. പഠിക്കാനും കാര്യകാരണങ്ങൾ കണ്ടെത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അറിവും വൈദഗ്ധ്യവും നേടാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെയാണ് ബുദ്ധി എന്നു പരിഗണിക്കുന്നത്.
അത് ജന്മനാ ലഭിക്കുന്ന ഒന്നല്ലെന്നും അനുഭവങ്ങൾ, പരിശീലനം തുടങ്ങിയവയിലൂടെ കാലക്രമേണ വികസിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയുന്ന സുഗമവും ചലനാത്മകവുമായ ഒന്നാണെന്നുമുള്ള കാഴ്ചപ്പാടിലാണ് നാം ഇപ്പോൾ എത്തിനിൽക്കുന്നത്.
യുക്തിചിന്ത, ഗണിത, ഭാഷാശേഷികൾ എന്നിവ മാത്രമായിരുന്നു ബുദ്ധിപരമായ കഴിവുകളായി അടുത്ത കാലം വരെ കണക്കാക്കിയിരുന്നത്. ചിത്രം വരക്കുന്നവരെയും സംഗീതജ്ഞരെയും കായിക താരങ്ങളെയുമൊക്കെ ബുദ്ധിയില്ലാത്തവരായാണോ പരിഗണിക്കേണ്ടത്. ഈ കാര്യങ്ങളിലുള്ള അന്വേഷണമാണ് ബുദ്ധിയുടെ ബഹുമുഖതയിലേക്ക് നയിക്കപ്പെട്ടത്.
ബുദ്ധിയെക്കുറിച്ച് നിലനിന്നിരുന്ന എല്ലാ സിദ്ധാന്തങ്ങളെയും തകിടംമറിച്ചാണ് ഹോവാർഡ് ഗാർഡ്നർ ബുദ്ധിയെ കുറിച്ചുള്ള തന്‍റെ ചിന്തകൾ അവതരിപ്പിക്കുന്നത്. ബുദ്ധി എന്നത് ഒരു ഏകീകൃതവും സ്ഥിരവുമായ സ്വഭാവമല്ല, മറിച്ച് വ്യത്യസ്ത രീതികളിൽ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും കഴിയുന്ന കഴിവുകളുടെ ഒരു ശേഖരമാണ് എന്നായിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന ആശയം.
1983ൽ മനഃശാസ്ത്രജ്ഞനായ ഹോവാർഡ് ഗാർഡ്നറാണ് മൾട്ടിപ്ൾ ഇന്റലിജൻസ് സിദ്ധാന്തം തന്‍റെ 'ഫ്രെയിംസ് ഓഫ് മൈൻഡ്' എന്ന പുസ്തകത്തിലൂടെ ആദ്യമായി അവതരിപ്പിച്ചത്. ഏഴു വ്യത്യസ്ത തരം ബുദ്ധികളുണ്ടെന്നാണ് ആദ്യഘട്ടത്തിൽ ഗാർഡ്നർ കരുതിയിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലായി കുട്ടിച്ചേർക്കലുകൾ നടത്തി വികസിച്ച ഒന്നാണ് ബഹുമുഖ ബുദ്ധി സിദ്ധാന്തം.
പാട്ടും കളിയുമെല്ലാം ബുദ്ധികളിൽപെട്ടവ തന്നെയാണ് എന്ന തിരിച്ചറിവാണ് ഈ സിദ്ധാന്തത്തോടെ ഉണ്ടായത്. ഒന്നും പഠിക്കാതെ കളിച്ചുനടക്കുന്നവർ എന്ന കുറ്റപ്പെടുത്തൽ കേൾക്കാത്തവർ കാണില്ല. എന്നാൽ, അത് സ്പോർട്‌സ്, ഗെയിംസ്, കളികൾ, പരീക്ഷണങ്ങൾ, നിർമാണം തുടങ്ങി കായിക പ്രവർത്തനങ്ങൾക്കു സഹായകമായ ശാരീരിക ചലനപരമായ ബുദ്ധിയുള്ള കുട്ടിയാണോ എന്ന് തിരിച്ചറിഞ്ഞാൽ നമുക്ക് ആ കുട്ടിയെ ആ മേഖലയിൽ ഉയർന്ന തലത്തിൽ എത്തിക്കാൻ സാധിക്കും എന്നതാണ് യാഥാർഥ്യം. ഇത് കണ്ടെത്താനാവട്ടെ, ബോധപൂർവമായ ചില നിരീക്ഷണങ്ങൾ മാത്രം മതിയാവും.
അതിന് വിവിധതരം ബുദ്ധികളെക്കുറിച്ചുള്ള സാമാന്യ ധാരണ രക്ഷിതാക്കളും അധ്യാപകരും കൈവരിക്കണം. മസ്തിഷ്‍കത്തിന്റെ ഓരോ ഭാഗത്താണ് ഓരോ ബൗദ്ധിക അംശങ്ങളുടെയും സ്ഥാനം. ബുദ്ധിയുടെ ഏതൊക്കെ അംശങ്ങളാണോ ഒരാളിൽ മുന്നിട്ടുനിൽക്കുന്നത് ആ രംഗത്താണ് അവർക്ക് കൂടുതൽ മികവു പുലർത്താൻ സാധിക്കുക. അതുകൊണ്ടുതന്നെ ബുദ്ധിയുടെ പലതലങ്ങൾ പരിഗണിച്ചാണ് കുട്ടിക്ക് പഠന സാഹചര്യങ്ങൾ ഒരുക്കേണ്ടത്. ബുദ്ധിയുടെ ബഹുമുഖ ശക്തിയെ പോഷിപ്പിക്കുന്നതിനുതകുന്ന തരത്തിലാണ് ബോധന തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത്.
ബുദ്ധിയുടെ വിവിധ തലങ്ങൾ
ഒന്നോ അതിലധികമോ സാംസ്കാരിക ചുറ്റുപാടുകളിൽ വിലമതിക്കുകയോ പ്രശ്നപരിഹരണം നടത്തുകയോ നിർമിക്കുകയോ ചെയ്യാനുള്ള ശേഷിയെയാണ് ഗാർഡ്നർ ബുദ്ധി എന്ന് നിർവചിക്കുന്നത്. ഇതിനായി ഓരോരുത്തരും സ്വീകരിക്കുന്ന വ്യത്യസ്ത രീതികളെയാണ് അദ്ദേഹം തന്‍റെ സിദ്ധാന്തത്തിലൂടെ അവതരിപ്പിച്ചത്.
ഭാഷാപരമായ ബുദ്ധി (Linguistic Intelligence)
ഭാഷാപ്രകടനങ്ങൾകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നവരെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. പ്രഭാഷണംകൊണ്ടും ഭാഷാപ്രയോഗങ്ങൾകൊണ്ടും മൊഴിമാറ്റം കൊണ്ടുമൊക്കെ നമ്മെ അതിശയിപ്പിച്ചവർ ഹോവാർഡ് ഗാർഡ്നറുടെ ഭാഷാപരബുദ്ധിയുടെ പരിധിയിൽപെട്ടവരാണ്.
അനുയോജ്യമായ പദങ്ങൾ അനുയോജ്യമായ സ്ഥലത്ത് ചേർത്തുനിർത്താനും വാക്കുകൾകൊണ്ട് ഭാവനാപ്രപഞ്ചം സൃഷ്ടിക്കാനുമുള്ള കഴിവുകൾ ഈ ബുദ്ധിയുടെ അടിസ്ഥാനമാണ്. മസ്തിഷ്കത്തിൽ ഭാഷക്കുവേണ്ടിയുള്ള പ്രത്യേക മേഖലയുണ്ടെന്നും മറ്റു മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചവർക്കുപോലും ഭാഷാപ്രകടനത്തിൽ ബുദ്ധിമുട്ടുണ്ടാവാമെന്നും ചിലപ്പോൾ മാനസിക പരിമിതികൾ അനുഭവിക്കുന്നവർ പോലും ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കുട്ടികളുടെ ഭാഷാപരമായ ബുദ്ധിയുടെ വികാസത്തിൽ വീട്ടിലെ ഭാഷാപ്രയോഗങ്ങൾക്കും സ്കൂളുകൾക്കും വലിയ പങ്കുണ്ട്. ഉയർന്ന ഭാഷാപരമായ ബുദ്ധി കാണിക്കുന്നവർ മികച്ച കവികളായും എഴുത്തുകാരായും അഭിഭാഷകരായും അധ്യാപകരായും പ്രസംഗകരായുമൊക്കെ ശോഭിക്കാറുണ്ട്.
സംഗീതപരമായ ബുദ്ധി (Musical Intelligence)
യഹൂദി മെനുഹിൻ എന്ന വയലിനിസ്റ്റ് തന്‍റെ മൂന്നാം വയസ്സിൽ തന്നെ കഴിവ് പ്രകടിപ്പിക്കാൻ തുടങ്ങുകയും പത്താമത്തെ വയസ്സിൽ ലോകപ്രശസ്തനാവുകയും ചെയ്തത് ഉദാഹരിച്ചാണ് ഗാർഡ്നർ സംഗീതപരബുദ്ധിയെ പരിചയപ്പെടുത്തുന്നത്. സംഗീതം ചിട്ടപ്പെടുത്തുന്നതിനും അതു പ്രകടിപ്പിക്കുന്നതിനുമുള്ള കഴിവ് മസ്തിഷ്കത്തിൽ എവിടെയോ ഉണ്ടെന്നർഥം.
എല്ലാവർക്കും പാട്ടുകേൾക്കാനും ആസ്വദിക്കാനും ഇഷ്ടമാണ്. മൂളിപ്പാട്ടെങ്കിലും പാടാത്തവരുണ്ടാകില്ല. എന്നാൽ, അതിനുമപ്പുറം പുതിയ ഈണങ്ങൾ സൃഷ്ടിക്കാനും താളം, രാഗം, ഗാനത്തിന്‍റെ സ്വരങ്ങൾ മുതലായവ മനസ്സിലാക്കാനുമുള്ള കഴിവുകളാണ് സംഗീതപരബുദ്ധിയുടെ അടിസ്ഥാന ഘടകങ്ങൾ. വായ്‌പാട്ടുകൊണ്ടും ഉപകരണസംഗീതംകൊണ്ടും നമ്മെ ആനന്ദിപ്പിക്കാൻ കഴിയുന്ന ഒട്ടനവധി സംഗീതപര ബുദ്ധിരാക്ഷസരെ നമുക്ക് കാണാൻ സാധിക്കും. താള ശ്രുതി ബോധങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ ശ്രമിക്കാവുന്നതാണ്.
ഗണിതപരവും യുക്തിപരവുമായ ചിന്തകളിൽ മുന്നിട്ടുനിൽക്കുന്ന പലരും ഉയർന്ന സംഗീതപര ബുദ്ധിയുമുള്ളവരായിരുന്നു എന്നും കാണാം. ഐൻസ്റ്റൈൻ നല്ല ഒരു പിയാനോ വാദകനായിരുന്നല്ലോ. അതുകൊണ്ട് സംഗീതപരബുദ്ധിയെ പ്രോത്സാഹിപ്പിക്കുക വഴി കുട്ടികൾ മറ്റു വിഷയങ്ങൾ പഠിക്കുന്നതിലും താൽപര്യം കാണിച്ചേക്കാം എന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
ഗണിതപര, യുക്തിപരബുദ്ധി (Mathematical and Logical Intelligence)
യുക്തിപൂർവം ചിന്തിക്കുക, ആശയങ്ങളുടെ പരസ്പര ബന്ധം കണ്ടെത്തുക, അമൂർത്ത ചിന്തനം നടത്തുക, പാറ്റേണിന്‍റെ യുക്തി കണ്ടെത്തുക, ശാസ്ത്രീയമായി വിശകലനം ചെയ്യുക, നിഗമനാത്മകമായി ചിന്തിക്കുക, പ്രവർത്തനങ്ങൾ ചിട്ടയായും ക്രമമായും ചെയ്യുക, അറിവുകൾ സ്വയം പരിശോധിച്ച് ബോധ്യപ്പെടുക തുടങ്ങിയ കഴിവുകൾ ഉള്ളവരെയാണ് ഈ ബുദ്ധിയുള്ളവരായി ഗാർഡ്നർ കണക്കാക്കുന്നത്. യുക്തിചിന്താശേഷിയെയും ഗണിതപരശേഷിയെയും ഒരു തലക്കെട്ടിനു കീഴിലാണ് ഗാർഡ്നർ വിശദീകരിക്കുന്നത്.
ഗണിതവും യുക്തിയും അഭേദ്യമാണെന്ന് ബെർട്രാൻഡ് റസലിനെയും വില്യാർഡ് ക്വെയ്നയെയും ഉദാഹരിച്ച് ഗാർഡ്നർ സമർഥിക്കുന്നു. ഗണിതത്തെ യുക്തിയുടെ മുതിർന്ന രൂപമായാണ് അദ്ദേഹം കണക്കാക്കുന്നത്. തത്ത്വശാസ്ത്രപരവും ശാസ്ത്രീയവും ഗണിതപരവുമായ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവാണ് ഈ ബുദ്ധിയുള്ളവരിൽ കാണാൻ സാധിക്കുന്നത്.
ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ശക്തമായ ഒരു ഉപകരണം എന്ന നിലയിൽ പലപ്പോഴും മറ്റു ബുദ്ധികളെക്കാൾ പ്രാധാന്യം പലരും ഈ കഴിവിന് കൊടുക്കുന്നുവെങ്കിലും ഗാർഡ്നർ ഇതിനെ മറ്റു ബുദ്ധികൾക്ക് സമാനമായി തന്നെയാണ് കാണുന്നത്. പരീക്ഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടാനും സ്വന്തം നിരീക്ഷണങ്ങൾ അവതരിപ്പിക്കാനും അളക്കൽ, തരംതിരിക്കൽ, പട്ടിക തയാറാക്കൽ തുടങ്ങിയവക്കുമുള്ള അവസരങ്ങൾ കുട്ടിക്കാലം മുതൽ തന്നെ നൽകുകയാണെങ്കിൽ ഇത്തരം കഴിവുകൾ കുട്ടികളിൽ വികസിക്കും.
ദൃശ്യ സ്ഥലപര ബുദ്ധി (Visual and Spatial Intelligence)
ഒരു സ്ഥലത്ത് പോയാൽ ആ സ്ഥലവും അങ്ങോട്ടുള്ള വഴികളും ഒരിക്കലും മറക്കാത്തവരും പലതവണ പോയാലും വഴി തെറ്റി പോകുന്നവരുമില്ലേ? ദൃശ്യ സ്ഥലപര ബുദ്ധിയിലെ വ്യത്യാസമാണ് ഇത് സൂചിപ്പിക്കുന്നത്. നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി യാത്രാദിശ നിർണയിക്കാനായി പണ്ട് കപ്പൽ യാത്രികരുടെ കൂടെ ചിലരെ പ്രത്യേകമായി കൊണ്ടുപോകുമായിരുന്നത്രേ.
തന്‍റെ ചുറ്റുപാടുകളെ കൃത്യമായി നിരീക്ഷിക്കാനും ഒരു വസ്തുവിനെ വേണ്ടവിധത്തിൽ ഇന്ദ്രിയസംവേദനം ചെയ്യാനുമുള്ള സവിശേഷമായ കഴിവാണിത്. ഓരോ വസ്തുക്കളുടെയും കൃത്യമായ സ്ഥാനം എവിടെയാണ്, അവ പരസ്പരം വെച്ചു മാറ്റിയാലുള്ള അവസ്ഥ എന്തായിരിക്കും തുടങ്ങിയവയൊക്കെ മനസ്സിൽ കാണാനുള്ള കഴിവ് ഇത്തരം ബുദ്ധിയുള്ളവർക്ക് ഉണ്ടാവും.
സ്ഥലപര വിവരങ്ങൾ ഗ്രാഫിക്കലായി അവതരിപ്പിക്കാനും മാനസിക ബിംബങ്ങൾ ഉണ്ടാക്കാനും ഇവർക്ക് സാധിക്കും. അന്ധരായവർക്കുപോലും ഈ ബുദ്ധി ഉണ്ടാവും. ചിത്രം വരക്കുന്നവർ, ശില്‍പികൾ, സമുദ്രസഞ്ചാരികൾ, വൈമാനികർ, ആര്‍ക്കിടെക്ട്, എന്‍ജിനീയര്‍, സര്‍ജന്‍, മെക്കാനിക്, ഡ്രൈവര്‍ ഇവര്‍ക്കെല്ലാം ദൃശ്യപരമായ ബുദ്ധി ആവശ്യമാണ്.
ശാരീരിക ചാലക ബുദ്ധി (Bodily Kinesthetic Intelligence)
ശാരീരിക ചലനങ്ങളെ ശരിയായ രീതിയില്‍ നിയന്ത്രിക്കാനും പ്രയോജനപ്പെടുത്താനുമുള്ള ശേഷിയാണ് ഈ ബുദ്ധിയുടെ അടിസ്ഥാനം. പേശീചലനങ്ങൾ നിയന്ത്രിക്കുക, മറ്റുള്ളവരുടെ മുഖഭാവങ്ങളെയും ചലനങ്ങളെയും അനുകരിക്കുക, മനസ്സിനനുസരിച്ച് ശരീരഭാഗങ്ങളെ ചലിപ്പിക്കുക തുടങ്ങിയവയും ഈ ബുദ്ധിയിൽപെടുന്നു.
ശരീരഭാഷയിലൂടെ ഉള്ളിലെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇത്തരം ബുദ്ധിയുള്ളവർക്ക് കഴിയും. മാനസിക ശേഷികളെ ശരീരചലനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഇവർ പ്രശ്നപരിഹാരത്തിന് ശ്രമിക്കുക. നർത്തകർ, അത്ലറ്റുകൾ, നീന്തൽ താരങ്ങൾ, അനുകരണ, അഭിനയ കലയിൽ പ്രാവീണ്യം തെളിയിച്ചവർ തുടങ്ങിയവരെല്ലാം ഈ ബുദ്ധിയിൽ മികവു പുലർത്തുന്നവരാണ്.
വ്യക്ത്യാന്തര ബുദ്ധി (Interpersonal Intelligence)
മറ്റുള്ളവരുമായി ഇടപഴകാനും അവരെ മനസ്സിലാക്കാനും അന്യരുടെ പെരുമാറ്റങ്ങൾ വ്യാഖ്യാനിക്കാനുമുള്ള കഴിവുകളാണ് വ്യക്ത്യാന്തര ബുദ്ധിയുള്ളവരുടെ സവിശേഷത. അന്യരുടെ വികാരവിചാരങ്ങളും താൽപര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് അവരോടു പ്രതികരിക്കാൻ കഴിയുന്നവരും എല്ലാവരുമായും സന്തോഷപ്രദമായ ബന്ധം സ്ഥാപിക്കാൻ പറ്റുന്നവരുമാകും ഇത്തരം ബുദ്ധിയുള്ളവർ.
മനുഷ്യന്‍റെ സാമൂഹിക ജീവിതത്തെ കൂടുതൽ അർഥപൂർണമാക്കുന്നത് വ്യക്ത്യാന്തര ബുദ്ധിയാണ്. ഗാന്ധിജിയെയും ലിന്‍റൺ ബി. ജോൺസനെയുമൊക്കെയാണ് ലോകത്ത് ഈ ബുദ്ധി ഉയർന്ന തോതിലുള്ള മനുഷ്യരായി ഗാർഡ്നർ എടുത്തുകാണിക്കുന്നത്. രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർക്കാണ് ഈ ബുദ്ധി കൂടുതലെന്നു പറയാം. ഉയർന്ന നേതൃഗുണം ഇവർക്കുണ്ടാകും. ഉപഭോക്തൃ അധിഷ്ഠിതമായ തൊഴിലുകൾക്കെല്ലാം ഈ ബുദ്ധിക്കാർക്ക് സാധ്യതയുണ്ട് എന്നതിനാൽ കുട്ടികളിൽ വ്യക്ത്യാന്തര ബുദ്ധി വികസിപ്പിക്കുന്നതിനുള്ള പരിശീലനം നൽകുന്നത് ഗുണകരമായിരിക്കും.
ആന്തരിക വൈയക്തിക ബുദ്ധി (Intrapersonal Intelligence)
വ്യക്ത്യാന്തര ബുദ്ധിക്കാർക്ക് മറ്റുള്ളവരെ അറിയാനുള്ള കഴിവാണെങ്കിൽ അവരവരെത്തന്നെ അറിയുകയാണ് ആന്തരിക വൈയക്തിക ബുദ്ധിയിൽ. സ്വന്തം ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനും സ്വത്വസാക്ഷാത്കാരത്തിനും ഈ ബുദ്ധിയിൽ മികവുള്ളവർക്ക് കഴിയും. ഒരർഥത്തിൽ സ്വയം തിരിച്ചറിയാനുള്ള ശേഷിയാണിത്.
തന്റെ മാനസിക പ്രശ്നങ്ങൾ, ആത്മസംഘർഷങ്ങൾ എന്നിവ കണ്ടെത്താനും സ്വയം വിലയിരുത്തി മെച്ചപ്പെടുത്താനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനും സഹായിക്കുന്നത് മനുഷ്യരിലുള്ള ഈ ബുദ്ധിയാണ്. സ്വതന്ത്രചിന്തയും ഉയർന്ന ഇച്ഛാശക്തിയും ഉൾപ്രേരണയുമെല്ലാം ഈ ബുദ്ധിയിൽ മുന്നിട്ടുനിൽക്കുന്നവരുടെ സവിശേഷതകളാണ്. പലപ്പോഴും നിശ്ശബ്ദരായി പ്രവർത്തിക്കുന്നവരാണ് ഇക്കൂട്ടർ എന്നതിനാൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടവരുമാണ്. ഒറ്റപ്പെടുത്താതിരിക്കാനുള്ള ശ്രദ്ധയാണ് ഈ ബുദ്ധിയുള്ള കുട്ടികളിൽ നമ്മൾ കാണിക്കേണ്ടത്.
പ്രകൃതിപരമായ ബുദ്ധി (Naturalistic Intelligence)
പ്രകൃതിയുടെ പ്രത്യേകതകളെ നിരീക്ഷിക്കാനും വൈവിധ്യമാർന്ന പ്രകൃതി പ്രതിഭാസങ്ങളുടെയും സസ്യ ജന്തുജാലങ്ങളുടെയും സവിശേഷതകൾ തിരിച്ചറിയാനും അവയെ തരം തിരിക്കാനുമൊക്കെയുള്ള ബുദ്ധിയാണ് പ്രകൃതിപരമായ ബുദ്ധി. താൻ പ്രകൃതിയുടെ ഭാഗമാണെന്ന തിരിച്ചറിവ് ഒരാൾക്ക് ഉണ്ടാകുന്നത് ഈ ബുദ്ധിയാലാണ്. പ്രകൃതിയുടെ പ്രത്യേകതകളെ ആസ്വദിക്കാനും വൈവിധ്യങ്ങളെ മനസ്സിലാക്കാനും അവ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കാനുമൊക്കെ അതിയായ താൽപര്യം ഇത്തരത്തിലുള്ളവർ കാണിക്കാറുണ്ട്.
അസ്തിത്വപര ബുദ്ധി (Existential Intelligence)
തത്ത്വശാസ്ത്രപരമായ ഒരു തലത്തിൽനിന്നുകൊണ്ട് തന്റെ നിലനിൽപിനെയും അസ്തിത്വത്തെയും പരിശോധിക്കാനുള്ള കഴിവാണ് ഈ ബുദ്ധിയുള്ളവർ പ്രകടിപ്പിക്കുക. താനാരാണ്, തന്റെ കഴിഞ്ഞ കാലം എങ്ങനെയായിരുന്നു, മരണാനന്തരം തനിക്ക് എന്തു സംഭവിക്കും തുടങ്ങിയ ചോദ്യങ്ങൾക്ക് തന്റേതായ രീതിയിൽ ഉത്തരങ്ങളും വ്യാഖ്യാനങ്ങളും നൽകാൻ ഈ ബുദ്ധികൊണ്ട് സാധിക്കും. തത്ത്വജ്ഞാനികൾ, ദാർശനികർ എന്നിവർക്ക് ഈ ബുദ്ധി ശക്തമാണ്.
ആത്മീയ ബുദ്ധിയും നൈതിക ബുദ്ധിയും (Spiritual and Moral Intelligence)
ആത്മീയ കാര്യങ്ങളിൽ അതിയായ താൽപര്യം കാണിക്കുന്നവരിൽ അത്തരത്തിൽ ഒരു ബുദ്ധിസാധ്യതയുണ്ടെന്ന് ഗാർഡ്നർ നിരീക്ഷിക്കുന്നു. ധാർമികമായ ബുദ്ധിയും ഒരു സാധ്യതയായി അദ്ദേഹം കാണുന്നു. ധാർമിക ബുദ്ധിയിൽ ഉയർന്നുനിൽക്കുന്ന പലരിലും ആത്മീയ കാര്യങ്ങളിൽ നിഷേധ ഭാവമോ താൽപര്യമില്ലായ്മയോ കണ്ടേക്കും.
അതേപോലെ ആത്മീയ കാര്യങ്ങളിൽ ഉന്നതിയിൽ നിൽക്കുന്ന പലരും ധാർമികമായി പിറകിലാവും. ചിലരിൽ ഇവ രണ്ടും ഒരു പോലെ പ്രവർത്തിക്കുന്നതായും കാണുന്നു. മറ്റു ബുദ്ധികൾ പോലെ എളുപ്പം തിരിച്ചറിയാൻ ഇതിന്റെ കാര്യത്തിൽ കഴിയില്ല എന്ന പരിമിതിയും ഈ ബുദ്ധികൾക്കുണ്ട്.
ബുദ്ധിയുടെ ബഹുമുഖ തലങ്ങളിലെ എല്ലാതരം ബുദ്ധികളും എല്ലാവരിലും കാണും. അവയുടെ ഏറ്റക്കുറച്ചിലുകളാണ് ഓരോ വ്യക്തിയെയും വ്യത്യസ്തനാക്കുന്നത്. അതിനാൽതന്നെ വ്യക്തികൾ അവരുടെ കഴിവുകളാൽ ഭിന്നരാണ് എന്നും അക്കാദമിക കാര്യങ്ങൾ മാത്രം നോക്കിയല്ല കഴിവുകൾ വിലയിരുത്തേണ്ടത് എന്നുമുള്ള ബോധ്യപ്പെടുത്തലാണ് ഗാർഡ്നർ നൽകിയ പ്രധാന കാഴ്ചപ്പാട്.
എല്ലാവരിലും ബുദ്ധിയുടെ എല്ലാ ഘടകങ്ങളുമുണ്ട് എന്നതിനാൽ തന്നെ വ്യക്തിയിൽ മുന്നിട്ടുനിൽക്കുന്ന ബുദ്ധിയെ പരിപോഷിപ്പിക്കുക മാത്രമല്ല, മറ്റുള്ള ബുദ്ധികളെ വികസിപ്പിക്കുന്നതിനും പ്രാധാന്യം നൽകേണ്ടതുണ്ട്. ഉപരിപഠനം തിരഞ്ഞെടുക്കുമ്പോഴും തൊഴിൽ തിരെഞ്ഞടുക്കുമ്പോഴുമെല്ലാം ബുദ്ധിയുടെ ബഹുമുഖ തലത്തെക്കുറിച്ചുള്ള ധാരണ അത്യാവശ്യമാണ്. അനുകൂലമായ സാഹചര്യങ്ങൾ ബുദ്ധിയുടെ ഘടകങ്ങളിൽ പുരോഗതിയുണ്ടാക്കും. അവ വിജയസാധ്യതകളെ എളുപ്പമാക്കുകയും ചെയ്യും.
ഭാഷാപരമായ ബുദ്ധി
വാക്കുകളാണ് ചിന്തക്ക് പ്രധാനമായും ഉപയോഗിക്കുക.
വായന, എഴുത്ത്, കഥപറയൽ, പദകേളികൾ എന്നിവയോട് പ്രിയം.
സംഗീതപരമായ ബുദ്ധി
ചിന്തയിൽ താളവും ശ്രുതിയും കടന്നുവരും.
പാട്ട്, കൈകൊണ്ടോ കാലുകൊണ്ടോ താളംപിടിക്കൽ, മൂളിപ്പാട്ട് എന്നിവയോട് പ്രിയം
ഗണിതപര, യുക്തിപര ബുദ്ധി
യുക്തിപരമായ ചിന്തക്ക് പ്രാമുഖ്യം. പരീക്ഷണം, ചോദ്യങ്ങൾ തയാറാക്കൽ, യുക്തിസഹമായ പസിലുകൾ, കണക്കുകൾ, രൂപങ്ങൾ എന്നിവയോട് ആഭിമുഖ്യം
ദൃശ്യ സ്ഥലപര ബുദ്ധി
രൂപങ്ങളിലൂടെയും ചിത്രങ്ങളിലൂടെയുമുള്ള ചിന്തകൾ
എപ്പോഴും കുത്തിവരക്കാൻ ഇഷ്ടം. ചിത്രങ്ങൾ, നിറങ്ങൾ, ഡിസൈനുകൾ എന്നിവയിൽ താൽപര്യം. സംസാരത്തിൽ പോലും ദൃശ്യവിവരണം
ശാരീരിക ചാലക ബുദ്ധി
ശാരീരിക സംവേദനങ്ങൾ, നൃത്തം, ഓട്ടം, ചാട്ടം, സ്പർശം, ചേഷ്ടകൾ എന്നിവക്ക് പ്രാമുഖ്യം
വ്യക്ത്യാന്തര ബുദ്ധി
മറ്റുള്ളവരെ ചേർത്തുനിർത്താനുള്ള വഴികളെക്കുറിച്ചുള്ള ചിന്തകൾ, നേതൃത്വം, സംഘാടനം, മാധ്യസ്ഥ്യം, ആളുകളെ കൂട്ടിപ്പിടിക്കൽ, സൗഹൃദങ്ങൾ തുടങ്ങിയവയിൽ താൽപര്യം
ആന്തരിക വൈയക്തിക ബുദ്ധി
വികാരങ്ങൾ, ലക്ഷ്യങ്ങൾ, ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചിന്തകൾ, ആത്മചിന്ത, സ്വപ്നങ്ങൾ, ലക്ഷ്യനിർണയം, ആസൂത്രണം തുടങ്ങിയവയോട് താൽപര്യം
പ്രകൃതിപര ബുദ്ധി
പ്രകൃതിയുമായും പ്രകൃതിജീവനവുമായും ബന്ധിപ്പിച്ച ചിന്തകൾ പൂന്തോട്ടനിർമാണം, വളർത്തുമൃഗങ്ങൾ, പ്രകൃതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ, ഭൗമസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിൽ താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.