ചോക്ലറ്റുകൊണ്ട് തീർത്തൊരു അത്ഭുതലോകം. അതിൽ കാഴ്ചകളുടെ കൗതുകം തീർത്ത് നിരവധി സംഭവവികാസങ്ങൾ... ബ്രിട്ടീഷ് എഴുത്തുകാരനായ റുആൾ ഡാലിന്റെ 'ചാർലി ആൻഡ് ദ ചോക്ലറ്റ് ഫാക്ടറി' എന്ന നോവലിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. ചോക്ലറ്റിനെ അത്രയേറെ ഇഷ്ടപ്പെടുന്ന ചാർലി ബക്കറ്റ് എന്ന മിടുക്കന്റെ കഥ.
ചാർലിയെപ്പോലെ ചോക്ലറ്റ് നുണയാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കുഞ്ഞുമക്കൾ മാത്രമല്ല, ചില്ലലമാരയിലെ പളുങ്ക് പാത്രങ്ങളിൽ സൂക്ഷിച്ചുവെക്കുന്ന ചോക്ലറ്റ് മധുരം ആരും കാണാതെ അകത്താക്കുന്ന മുത്തശ്ശന്മാരും മുത്തശ്ശിമാരും വരെയുണ്ട്.ചെറുപ്പകാലത്ത് ചോക്ലറ്റിനുവേണ്ടി എത്ര അടികൂടിയവരാണ് നമ്മൾ. എത്രയോ രാത്രികളിൽ വാശിപിടിച്ച് കിടന്നിട്ടുണ്ടാവും. നാവിലെന്നും കൊതിയുടെ മധുരം നിറച്ച ആ ചോക്ലറ്റിന്റെ കഥയിതാ...
ചോക്ലറ്റ് ചരിത്രം
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ആമസോൺ മഴക്കാടുകളിലാണ് കക്കാവോ അഥവാ കൊക്കോ മരങ്ങൾ ഉത്ഭവിച്ചത്. കൊക്കോ കായിൽ നിന്നാണല്ലോ ചോക്ലറ്റ് ഉണ്ടാക്കുന്നത്. ബി.സി 1500ൽ ഓൽമെക് സംസ്കാരത്തിന്റെ കാലത്താണ് കൊക്കോ ആദ്യമായി കൃഷി ചെയ്യുന്നതും അവ ആഹാരത്തിനായി ഉപയോഗിക്കുന്നതും.
കൊക്കോ ചെടികളിലുണ്ടാകുന്ന കായ്കൾ ശേഖരിച്ച് പാനീയമാക്കി അവർ ഉപയോഗിക്കാൻ തുടങ്ങി. തുടർന്ന് മായൻ സംസ്കാരം കൊക്കോ കൃഷി വ്യാപകമാക്കി. കൊക്കോ കായ്കളിൽ നിന്നുണ്ടാകുന്ന പാനീയത്തെ അവർ കയ്പുള്ള പാനീയം എന്ന് മായൻ ഭാഷയിൽ വരുന്ന xocoatl എന്ന പേര് വിളിച്ചു.
ഈ വാക്കിൽനിന്നാണ് ചോക്ലറ്റ് എന്ന പേരുണ്ടായത്. ആസ്ടെക് വംശജർ കൊക്കോ പാനീയത്തിലേക്ക് സുഗന്ധദ്രവ്യങ്ങളും ധാന്യക്കൂട്ടുകളും ചേർത്ത് പരീക്ഷണം നടത്തി. 1500 കാലഘട്ടത്തിൽ മെക്സിക്കൻ നാടുകളിൽ എത്തിയ സ്പാനിഷ് യാത്രികൻ ഹെർമൻ കോർടിസാണ് ആസ്ടെക് വംശജരിൽനിന്ന് കൊക്കോ കൃഷി പഠിച്ചതും സ്പെയിനിനുവേണ്ടി വലിയ തോട്ടങ്ങൾ ആരംഭിച്ചതും.
എന്നാൽ, സ്പാനിഷ് ജനത ചോക്ലറ്റ് പാനീയത്തിലേക്ക് വനില, പഞ്ചസാര, തേൻ, കറുവപ്പട്ട തുടങ്ങിയവ ചേർത്ത് പരീക്ഷണത്തിനു തയാറായി. അത് ഏറെ പ്രചാരം നേടി. 1704ലാണ് ജർമനിയിൽ ആദ്യമായി ചോക്ലറ്റ് എത്തിയത്. അന്ന് ജർമൻകാർക്ക് ചോക്ലറ്റ് കഴിക്കണമെങ്കിൽ പ്രത്യേക നികുതി അടച്ച് അനുമതി വാങ്ങണമായിരുന്നു.
1798ൽ ഇന്ത്യക്കാർ ചോക്ലറ്റിന്റെ രുചിയറിഞ്ഞു. 1960-70 കാലഘട്ടത്തിൽ ദക്ഷിണേന്ത്യയിൽ കൊക്കോ വ്യാപകമായി കൃഷി ചെയ്തുതുടങ്ങി. നാഗർകോവിൽ, തെങ്കാശി, പളനി ഹിൽസ്, മൈസൂർ, കേരളത്തിൽ വയനാട് ജില്ലയിലെ ചുണ്ടേൽ തുടങ്ങിയ ഇടങ്ങൾ കൊക്കോ കൃഷിക്ക് അനുയോജ്യമാണെന്ന് അക്കാലത്ത് കണ്ടെത്തിയിരുന്നു.
കൊക്കോ മരം
സ്റ്റെർക്കുലേസിയ കുടുംബത്തിലെ ഒരംഗമാണ് കൊക്കോ മരം. തിയോബ്രോമ കൊക്കാവോ എന്നയിനമാണ് സാധാരണയായി കൃഷിചെയ്തുവരുന്നത്. തിയോബ്രോമ ബൈ കളർ, തി ഗ്രാൻ റിഫ്ലോറ എന്നിവയാണ് കൊക്കോയുടെ മറ്റു രണ്ടു സ്പീഷീസുകൾ. ഭാഗിക തണൽ ഇഷ്ടപ്പെടുന്ന മരമാണ് കൊക്കോ. അതിനാൽതന്നെ ജലസേചന സൗകര്യമുള്ള തെങ്ങിൻതോപ്പുകൾക്കും കമുകിൻ തോപ്പുകൾക്കും അനുയോജ്യമായ ഇടവിളയാണിത്.
സാധാരണയായി ആറു മുതൽ എട്ടു മീറ്റർ വരെ ഉയരം വരുന്ന ചെറിയ മരമായ ഇവയുടെ താഴ് വേരുകൾ രണ്ടു മീറ്റർ ആഴത്തിൽ താഴേക്ക് വളരും. കൊക്കോ മരത്തിലെ പൂക്കളും കായ്കളും പ്രധാന താഴ്ത്തടിയിലും ശിഖരങ്ങളിലുമാണ് കാണപ്പെടുന്നത്. അഞ്ചു ദളങ്ങളുള്ള ദ്വിലിംഗ പുഷ്പങ്ങളാണ് കൊക്കോയുടേത്. കൊക്കോയുടെ കായയെ പോട് (pod) എന്നാണ് വിളിക്കുന്നത്. 10-32 സെ.മീ. വരെ നീളം വരുന്ന ഇവ കൂർത്തതോ ഉരുണ്ടതോ മാർദവമുള്ളതോ പരുപരുത്തതോ ആവാം.
വെള്ള/പച്ച/ചുവപ്പ് നിറങ്ങളോടെയുള്ള ചെറുകായ്കൾ പാകമാവുമ്പോൾ മഞ്ഞയോ പർപ്പിളോ ചുവന്നതോ ആയി മാറുന്നു. അഞ്ചോ ആറോ മാസംകൊണ്ട് കായ്കൾ പൂർണ വളർച്ചയെത്തുകയും ഒരു മാസം കൊണ്ട് പഴുക്കുകയും ചെയ്യും. കൊക്കോയിലെ ബീൻസ് എന്ന് വിളിക്കുന്ന വിത്തുകൾ അഞ്ചു നിരകളിലായി അടുക്കിയ രീതിയിലാണ് കാണുക. ഒരു കായിൽ ഇരുപത് മുതൽ 60 എണ്ണം വരെ വിത്തുകളുണ്ടാകും. ഇവക്ക് കടുത്ത പർപ്പിൾ നിറമായിരിക്കും.
ഏത് കാലത്ത് നട്ടാലും വിത്ത് മുളക്കുമെങ്കിലും ഡിസംബർ -ജനുവരി മാസങ്ങളിൽ മുളപ്പിച്ചാൽ 4-6 മാസം പ്രായമായ തൈകൾ മേയ് -ജൂൺ മാസത്തോടെ നടാൻ ലഭ്യമാകും.
ചോക്ലറ്റ് നിർമാണം
വിളവെടുപ്പിന് പാകമായ കൊക്കോ കായ്കൾ പറിച്ചെടുത്ത് അവയിൽനിന്ന് കൊക്കോ കുരു ശേഖരിക്കുകയാണ് ആദ്യ പടി. കുരുവിന്റെ പുറംഭാഗം മധുരമുള്ള ഒരു പദാർഥംകൊണ്ട് മൂടിയിരിക്കും. ഇങ്ങനെയുള്ള കുരുവിനെ വൈറ്റ് ബീൻസ് എന്നാണ് വിളിക്കുന്നത്. ഇവ നാലു മുതൽ ആറു ദിവസം വരെ കൂട്ടിവെക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കിമറിക്കുകയും ചെയ്യുന്നു.
ഇതുവഴി കൊക്കോ കുരുവിനു പുറമെ കാണുന്ന വെളുത്ത പദാർഥം നീങ്ങുകയും ചോക്ലറ്റിന്റെ ഗന്ധം നൽകാൻ പാകത്തിലുള്ള ജീവരാസപരമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. കുരു പുളിപ്പിച്ചെടുക്കുന്ന നടപടികളും ഈ ഘട്ടത്തിൽ നടക്കും.തുടർന്ന് കൊക്കോ കുരു കേടുകൂടാതെ സൂക്ഷിക്കാൻ ശരിയായ രീതിയിൽ ഉണക്കുന്നു.
കൈയിൽവെച്ച് അമർത്തുമ്പോൾ കൊക്കോ കുരു പൊട്ടുന്നുണ്ടെങ്കിൽ ഉണക്കം പൂർത്തിയായി എന്ന് മനസ്സിലാക്കാം. ഉണക്കിയ കുരു വൃത്തിയാക്കി പ്രത്യേകരീതിയിൽ വറുത്തെടുത്ത ശേഷമാണ് കൊക്കോ പൗഡർ, ചോക്ലറ്റ് എന്നിവ നിർമിക്കുന്നത്.
ചോക്ലറ്റിനായി ഒരു ദിനം
എല്ലാ വർഷവും ജൂലൈ ഏഴ് ലോക ചോക്ലറ്റ് ദിനമായി ആചരിച്ചുവരുന്നു. യൂറോപ്യൻ പ്രദേശങ്ങളിലേക്ക് 1550കളിൽ ചോക്ലറ്റ് എത്തിയതിന്റെ ഓർമക്കായാണ് ഈ ദിനം. 2009 മുതലാണ് നാം ചോക്ലറ്റ് ദിനം ആചരിക്കാൻ തുടങ്ങിയത്.
ചോക്ലറ്റിന്റെ ഖരരൂപം
ആദ്യകാലങ്ങളിൽ ചോക്ലറ്റ് പാനീയ രൂപത്തിലായിരുന്നു. എന്നാൽ, കഴിക്കാവുന്നതരത്തിൽ ആരാണ് ആദ്യമായി അതിനെ മാറ്റിയെടുത്തത് എന്നത് ആർക്കുമറിയില്ല. 1847ൽ ജോസഫ് ഫ്രൈ എന്ന വ്യക്തി കൊക്കോ പൗഡർ, പഞ്ചസാര തുടങ്ങിയവ പേസ്റ്റ് രൂപത്തിലാക്കി. ഇതാണ് ഖരാവസ്ഥയിലുള്ള ചോക്ലറ്റിന്റെ ആദ്യ രൂപമെന്ന് പറയപ്പെടുന്നു.
ചോക്ലറ്റ് ബാറിന് ജനങ്ങൾക്കിടയിൽ പെട്ടെന്നുതന്നെ സ്വീകാര്യത ലഭിച്ചു. ആദ്യകാലങ്ങളിൽ ചോക്ലറ്റ് ബാറിന് കയ്പുനിറഞ്ഞ മധുരമായിരുന്നു. ജോസഫ് ഫ്രൈക്ക് ശേഷം ജോൺ കാഡ്ബറി, ഹെൻറി നെസ്‌ലെ, ഡാനിയൽ പീറ്റർ തുടങ്ങിയവരും ചോക്ലറ്റ് നിർമാണ രംഗത്തേക്ക് കടന്നുവന്നു. 1893ൽ ഷികാഗോയിൽ നടന്ന ഒരു പ്രദർശന മേളയിൽ ജർമനി അവതരിപ്പിച്ച ചോക്ലറ്റ് നിർമിക്കുന്ന യന്ത്രം ലോകശ്രദ്ധ നേടി.
മിൽട്ടൻ എസ്. ഹെർഷേ എന്ന വ്യക്തി അവ വാങ്ങി തന്റെ ചോക്ലറ്റ് ഫാക്ടറിയിൽ സ്ഥാപിച്ചു. ആദ്യമായി അമേരിക്ക മിൽക്ക് ചോക്ലറ്റ് നിർമിച്ചത് മിൽട്ടന്റെ ഫാക്ടറിയിലായിരുന്നു. 1900ത്തിലായിരുന്നു അത്. തുടർന്നങ്ങോട്ട് വ്യത്യസ്ത തരത്തിലുള്ള ചോക്ലറ്റ് ബാറുകൾ പലരും നിർമിക്കാൻ തുടങ്ങി. 20ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മാത്രം നാൽപതിനായിരത്തോളം വ്യത്യസ്ത തരം ചോക്ലറ്റ് ബാറുകൾ നിർമിച്ചിരുന്നു.
ഭാരം കുറക്കാൻ ഡാർക് ചോക്ലറ്റ്
ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയവയാണ് ഡാർക് ചോക്ലറ്റുകൾ. ഇവ കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് ആഹാരവസ്തുക്കൾ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇതുവഴി ശരീരഭാരം കുറക്കാൻ സാധിക്കും. എഴുപത് മുതൽ എൺപത് ശതമാനം വരെ കൊക്കോ ഉള്ള 100 ഗ്രാം ഡാർക് ചോക്ലറ്റിൽ പതിനൊന്ന് ഗ്രാം നാരുകൾ, 67 ശതമാനം ഇരുമ്പ്, 89 ശതമാനം ചെമ്പ്, 58 ശതമാനം മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
ഡാർക് ചോക്ലറ്റിൽ അടങ്ങിയ ബയോ ആക്ടിവ് സംയുക്തങ്ങൾ ചർമത്തിന് വളരെ നല്ലതാണ്. രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കുന്ന ഇതിലെ ആന്റി ഓക്സിഡന്റുകൾ ചർമത്തിന് തിളക്കം നൽകുന്നു. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമശക്തി കൂട്ടാനും ഡാർക് ചോക്ലറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഡാർക് ചോക്ലറ്റ് കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ പോലുള്ള രോഗങ്ങൾ കുറക്കുന്നതിനും നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചോക്ലറ്റ് ഉയർന്ന രക്തസമ്മർദം കുറക്കുകയും ഇതുവഴി കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത കുറക്കുകയും ചെയ്യുന്നു.
വൈറ്റ് ചോക്ലറ്റും മിൽക്ക് ചോക്ലറ്റും
കൊക്കോ വെണ്ണയും പഞ്ചസാരയും പാലും ചേർന്നതാണ് വൈറ്റ് ചോക്ലറ്റ്. ഇതിൽ കൊക്കോ പൗഡർ അടങ്ങിയിട്ടില്ല. ഡാർക് ചോക്ലറ്റിൽ ഉള്ളതുപോലെ ധാരാളം പോഷകങ്ങൾ വൈറ്റ് ചോക്ലറ്റിൽ ഇല്ല. കൊക്കോ പൗഡർ, പാൽ, പഞ്ചസാര തുടങ്ങിയവ അടങ്ങിയതാണ് മിൽക്ക് ചോക്ലറ്റുകൾ.
ന്യൂട്രീഷൻ ബാർ
ന്യൂട്രീഷൻ ബാർ എന്നാൽ വെറും ചോക്ലറ്റ് മാത്രമല്ല, ചോക്ലറ്റിനൊപ്പം നട്സും ഡ്രൈഫ്രൂട്സും മിക്സ് ചെയ്തവയാണ്. ന്യൂട്രീഷൻ ബാറുകൾ ഊർജം നൽകുന്നതിനോടൊപ്പം ശരീരത്തിലെ കൊഴുപ്പിനെ നശിപ്പിക്കുകയും പേശീവളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. എന്നും ഒരേ തരത്തിലുള്ള ആഹാരം കഴിക്കുമ്പോൾ മടുപ്പ് കാണിക്കുന്ന കുട്ടികൾക്ക് ന്യൂട്രീഷൻ ബാറുകൾ നൽകാം. അവ കടകളിൽനിന്ന് വാങ്ങണമെന്നില്ല. കശുവണ്ടി, ഉണക്കമുന്തിരി പോലുള്ളവ ചേർത്ത് നമുക്ക് വീട്ടിൽതന്നെ തയാറാക്കാം.
സ്വിസ് ചോക്ലറ്റ്
സ്വിറ്റ്സർലൻഡിനെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് അവിടത്തെ രുചികരമായ മിൽക്ക് ചോക്ലറ്റുകളാണ്. സ്വിറ്റ്സർലൻഡിൽ അത്രയേറെ പ്രശസ്തി നേടിയ ചോക്ലറ്റാണിത്. പതിനേഴാം നൂറ്റാണ്ടിലാണ് സ്വിറ്റ്സർലൻഡിൽ ചോക്ലറ്റ് നിർമാണം ആരംഭിക്കുന്നത്. 19ാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും രാജ്യവ്യാപകമായി ചോക്ലറ്റ് നിർമാണം ആരംഭിച്ചു.
സ്വിസ് ചോക്ലറ്റിനെ മറ്റു ചോക്ലറ്റുകളിൽനിന്ന് വേറിട്ടുനിർത്തുന്നത് അവയിലുപയോഗിക്കുന്ന ആൽപൈൻ പാൽ ആണ്. സ്വിസ് പർവതനിരകളിലെ ഫാമുകളിൽനിന്ന് ലഭിക്കുന്ന പാലാണിത്. ലോകത്തിൽ ഏറ്റവുമധികം ചോക്ലറ്റ് ഉപയോഗിക്കുന്നവരും സ്വിറ്റ്സർലൻഡുകാർ തന്നെ. കണക്കുകളനുസരിച്ച് ഇവിടെ ഒരാൾ പ്രതിവർഷം ശരാശരി 11.6 കിലോ വരെ ചോക്ലറ്റ് കഴിക്കുന്നുണ്ട്.
യുദ്ധത്തിലും ചോക്ലറ്റ്
രണ്ടാം ലോകയുദ്ധ കാലത്ത് തങ്ങളുടെ സൈനികർക്ക് ക്ഷീണമകറ്റാൻ യു.എസ് അധികൃതർ ചോക്ലറ്റുകൾ നൽകിയിരുന്നു. ഇതിനായി അവർ സമീപിച്ചത് പ്രമുഖ ചോക്ലറ്റ് നിർമാതാക്കളായ ഹെർഷേ കമ്പനിയെയാണ്. ഹെർഷേ കമ്പനിയിൽ കെമിസ്റ്റ് ആയിരുന്ന സാം ഹിങ്ക്ലിയുടെ അഭിപ്രായത്തിൽ നാല് ഉപാധികളായിരുന്നു ചോക്ലറ്റ് നിർമിക്കുന്നതിനു മുന്നോടിയായി യു.എസ് അധികൃതർ മുന്നോട്ടുവെച്ചത്.
1. ചോക്ലറ്റിന് നാല് ഔൺസ് തൂക്കം മാത്രമേ പാടുള്ളൂ.
2. ധാരാളം ഊർജം ലഭിക്കണം.
3. ഉയർന്ന അന്തരീക്ഷ താപനിലയിലും ചോക്ലറ്റ് അലിയരുത്.
4. അത്ര പെട്ടെന്ന് ആർക്കും ഇഷ്ടപ്പെടാത്ത രീതിയിലായിരിക്കണം ചോക്ലറ്റ് നിർമിക്കേണ്ടത്. പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റെ രുചിയുടെ അത്രയും വരരുത്. അല്ലാത്തപക്ഷം, അടിയന്തര ഘട്ടങ്ങളല്ലാത്തപ്പോഴും സൈനികർ ചോക്ലറ്റുകൾ കഴിച്ചുതീർക്കാൻ സാധ്യതയുണ്ട്.
ഈ നാല് ഉപാധികളും പരിഗണിച്ചുകൊണ്ട് ചോക്ലറ്റുകൾ നിർമിക്കുകയും അതിന് D Ration Bar എന്ന പേര് നൽകുകയും ചെയ്തു. പഞ്ചസാര, കൊക്കോ, വെണ്ണ, പാട നീക്കിയ പാൽ കൊണ്ടുണ്ടാക്കിയ പൊടി, ഓട്സ് പൊടി തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ഇത് തയാറാക്കിയത്. നല്ല ഉറപ്പുണ്ടായിരുന്ന ഈ ചോക്ലറ്റ് ഒന്ന് കടിച്ചുപൊട്ടിക്കാൻ സൈനികർ നന്നേ പാടുപെട്ടിരുന്നു. യുദ്ധം അവസാനിക്കാറായപ്പോഴേക്കും ഹെർഷേ കമ്പനി മൂന്ന് ബില്യൺ ബാറുകൾ വിറ്റിരുന്നു.
ചോക്ലറ്റ് ഉൽപാദനവും വിപണനവും
ഉഷ്ണമേഖല പ്രദേശങ്ങളിലെ രാജ്യങ്ങളിലാണ് സാധാരണ കൊക്കോ കൃഷിചെയ്തു വരുന്നത്. ലോകത്തിലെ കൊക്കോയുടെ മൂന്നിൽ രണ്ട് ഭാഗവും കൃഷി ചെയ്യുന്നത് ആഫ്രിക്കയിലാണ്. ഐവറി കോസ്റ്റിൽ മാത്രം 40 ശതമാനം കൊക്കോ ഉൽപാദിപ്പിക്കുന്നുവെന്ന് വേൾഡ് കൊക്കോ ഫൗണ്ടേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഉൽപാദനം 1,03,376 ഹെക്ടറിൽനിന്ന് 27,072 ടണ്ണാണ്. ഹെക്ടറിൽ നിന്ന് ശരാശരി 669 കിലോ.
കൊക്കോയുടെ ആഗോള ഉപഭോഗത്തിന്റെ 45 ശതമാനവും യൂറോപ്പിലാണ്. അമേരിക്ക ഒരു വർഷം 7,97,000 ടൺ കൊക്കോ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ തൊട്ടുപിന്നാലെയുണ്ട്.
2019ൽ ആഗോളതലത്തിൽ 4.88 മില്യൺ മെട്രിക് ടൺ കൊക്കോ ഉൽപാദിപ്പിച്ചിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. അതേ വർഷംതന്നെ 130.56 ബില്യൺ ഡോളറിന്റെ ചോക്ലറ്റ് വ്യാപാരം ആഗോളതലത്തിൽ നടന്നുവെന്ന് ഗ്രാൻഡ് വ്യൂ റിസർച് എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. 2027 ആകുമ്പോഴേക്കും ഇത് 187 ബില്യൺ ഡോളറാകുമെന്ന് പറയപ്പെടുന്നു.
തപാൽപെട്ടിയിലെ ചോക്ലറ്റ്
സ്വിറ്റ്സർലൻഡിലെ തപാൽ വിഭാഗവും ചോക്ലറ്റ് കമ്പനിയായ നെസ്‌ലെയും ചേർന്ന് പുറത്തിറക്കിയ രസികൻ പദ്ധതിയാണിത്. സ്വിറ്റ്സർലൻഡിൽ പരസ്യങ്ങൾ വീടുകളിൽ തപാൽ ബോക്സുകളിൽ എത്തിക്കുന്നത് തപാൽ വിഭാഗത്തിന്റെ പ്രധാന വരുമാന മാർഗമാണ്.
എന്നാൽ, പരസ്യങ്ങൾ അധികമായതോടെ ജനങ്ങൾക്ക് തലവേദന വർധിച്ചു. തുടർന്ന് മിക്ക തപാൽ ബോക്സുകൾക്ക് മുന്നിലും പരസ്യം പാടില്ല എന്ന മുന്നറിയിപ്പ് ബോർഡ് വീട്ടുകാർ സ്ഥാപിച്ചു. ഇതിനെ മധുരം നിറഞ്ഞ രീതിയിൽ നേരിടാനാണ് തപാൽ വകുപ്പിനെ നെസ്‌ലെ കൂട്ടുപിടിച്ചത്. നെസ്‌ലെ തങ്ങളുടെ പുതിയ ഉൽപന്നമായ Cailler ചോക്ലറ്റിന്റെ പ്രചാരണമെന്ന നിലക്ക് അവ സൗജന്യമായി നൽകി.
സ്വിസ് പോസ്റ്റ് അവ വിതരണം ചെയ്തു. സ്വിറ്റ്സർലൻഡിലെ പത്തു ലക്ഷത്തോളം വീടുകളിലാണ് 2017ൽ ചോക്ലറ്റുകൾ വിതരണം ചെയ്തത്. പരസ്യങ്ങളോട് മുഖംതിരിച്ചവരെ വീഴ്ത്താൻ തപാൽ വകുപ്പ് കണ്ടുപിടിച്ച മാർഗമാണിത്.
ചോക്ലറ്റ് കൗതുകങ്ങൾ
1. ആദ്യകാലങ്ങളിൽ കൊക്കോ കുരുവിനെ കറൻസിയായി കരുതിയിരുന്നു.
2. അര കിലോ ചോക്ലറ്റ് ഉണ്ടാക്കാൻ 40 കൊക്കോ കുരു ആവശ്യമായി വരുന്നുണ്ട്.
3. അയർലൻഡിൽ ചോക്ലറ്റ് മരുന്നായാണ് ഉപയോഗിച്ചിരുന്നത്.
4. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഐവറി കോസ്റ്റാണ് ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്ന രാജ്യം.
5. ബ്രിട്ടനിൽ ചോക്ലറ്റ് ടെസ്റ്റ് ചെയ്യുന്ന ശാസ്ത്രജ്ഞയുടെ നാവിലെ രസമുകുളങ്ങൾ പത്തു ലക്ഷം പൗണ്ടിനാണ് ഇൻഷുർ ചെയ്തിരിക്കുന്നത്.
6. വിൻസ്റ്റൺ ചർച്ചിലിനെ കൊല്ലാൻ നാസികൾ പദ്ധതിയിട്ടത് ചോക്ലറ്റുകൊണ്ട് പൊതിഞ്ഞ ബോംബ് ഉപയോഗിച്ചായിരുന്നു.
7. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ രക്തം കാണിക്കാനായി ഉപയോഗിച്ചിരുന്നത് ചോക്ലറ്റ് സിറപ് ആയിരുന്നു.
9. ന്യൂസിലൻഡിൽ Lewis Road Creamery എന്ന ചോക്ലറ്റ് പാനീയം ലഭിക്കാൻ ആളുകൾ നീണ്ട ക്യൂ നിൽക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു.
അന്താരാഷ്ട്ര ചോക്ലറ്റ് ബ്രാൻഡുകളും രാജ്യങ്ങളും
ലിൻഡ്റ്റ് & സ്പ്രുഗ്ലി-സ്വിറ്റ്സർലൻഡ്
ഹെർഷേ - അമേരിക്ക
കാഡ്ബറി - ഇംഗ്ലണ്ട്
ഫെരേറോ - ഇറ്റലി
നെസ് ലെ - സ്വിറ്റ്സർലൻഡ്
മാഴ്സ് - അമേരിക്ക
ലോട്ടെ - സൗത്ത് കൊറിയ
ടോബലറോൺ - സ്വിറ്റ്സർലൻഡ്
ഗുളിയാൻ - ബെൽജിയം
അമുൽ - ഇന്ത്യ
ആരാധകരുടെ പ്രിയ ബ്രാൻഡുകൾ
1. ഫെരേറോ റോഷർ: 1979ൽ ഇറ്റലിയിൽ സ്ഥാപിതമായ ഫെരേറോ കമ്പനിയുടെ ചോക്ലറ്റാണിത്. ലോകത്തിൽ ഏറ്റവുമധികം വിപണി കീഴടക്കിയ ചോക്ലറ്റ് ബ്രാൻഡ്. സ്വർണവർണമുള്ള കടലാസിൽ പൊതിഞ്ഞ ചോക്ലറ്റുകളാണ് ഇവയുടെ പ്രത്യേകത.
2. ഹെർഷേ ചോക്ലറ്റ്: 1894ൽ മിൽട്ടൻ എസ്. ഹെർഷേ സ്ഥാപിച്ച കമ്പനിയാണ് ഹെർഷേ ചോക്ലറ്റ് കമ്പനി. ആൽമണ്ട് ജോയ്, മൗണ്ടൻ കാൻഡി, കാഡ്ബറി ക്രീം തുടങ്ങിയവ പ്രധാന ചോക്ലറ്റ് വിഭവങ്ങളാണ്.
3. കാഡ്ബറി: 1824ലാണ് കാഡ്ബറി കമ്പനി സ്ഥാപിക്കുന്നത്. ബർമിങ്ഹാമിൽ ചായയും കാപ്പിയും ചോക്ലറ്റ് പാനീയങ്ങളും വിറ്റിരുന്ന ജോൺ കാഡ്ബറിയാണ് പിന്നിൽ. ഇറക്കുമതി നികുതിയും നിർമാണച്ചെലവും ഉയർന്നത് കാരണം ചോക്ലറ്റ് പാനീയങ്ങൾ സമ്പന്നർക്കുമാത്രം ലഭിച്ചിരുന്ന കാലത്താണ് കൊക്കോ പൊടിയിൽനിന്ന് വിഭവങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ജോൺ കാഡ്ബറി തന്റെ സഹോദരൻ ബെഞ്ചമിൻ കാഡ്ബറിയുടെ സഹായത്തോടെ വിൽപന ആരംഭിച്ചത്.
4. നെസ്‌ലെ: കിറ്റ്കാറ്റും മഞ്ചും മിൽക്ക് ചോക്ലറ്റായ മിൽക്കി ബാറുമെല്ലാം നെസ്‌ലെയുടെ സംഭാവനയാണ്. 1866ൽ ആംഗ്ലോ സ്വിസ് കണ്ടൻസ്ഡ് മിൽക്ക് കമ്പനി സ്ഥാപിതമായതോടെയാണ് നെസ്‌ലെയുടെ ചരിത്രം ആരംഭിക്കുന്നത്. ഹെൻറി നെസ്‌ലെയാണ് ചുക്കാൻ പിടിച്ചത്.
5. മാഴ്‌സ്: വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവുമെന്ന സ്നിക്കേഴ്സിന്റെ പരസ്യം കണ്ടിട്ടില്ലേ. മാഴ്‌സ് എന്ന കമ്പനി ഉൽപാദിപ്പിക്കുന്നതാണ് സ്നിക്കേഴ്സ്. ഫ്രാങ്ക്ലിൻ ക്ലാരൻസ് മാഴ്‌സാണ് സ്ഥാപകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.