1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് ആക്ട് പ്രകാരമാണ് കെട്ടിടങ്ങളുടെ സെസ് പിരിക്കുന്നത്. ആകെ നിര്‍മാണ ചെലവിന്റെ ഒരു ശതമാനം തുക ഒറ്റത്തവണയായാണ് ഈടാക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കാണ് ഈ പണം നല്‍കുന്നത്. കെട്ടിട ഉടമകള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നല്‍കിയിട്ടുള്ള നിർമാണ എസ്റ്റിമേറ്റ് അനുസരിച്ച് പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിലാണ് സെസ് കണക്കാക്കുന്നത്. 10 ലക്ഷം രൂപക്ക് മുകളില്‍ നിര്‍മാണ ചെലവ് വരുന്ന വീടുകള്‍ക്കും സ്വകാര്യ കെട്ടിടങ്ങള്‍ക്കും സെസ് നൽകണം. ഇതിന് താഴെയുള്ള വീടുകൾക്കും സര്‍ക്കാര്‍ ഭവന പദ്ധതികളുടെ ഗുണഭോക്താക്കളും സെസ് നല്‍കേണ്ടതില്ല. വാണിജ്യ ആവശ്യത്തിന് നിർമിച്ച എല്ലാ കെട്ടിടങ്ങൾക്കും ഫ്ലാറ്റുകൾക്കും സെസ് ഒടുക്കേണ്ടതുണ്ട്.
നിർമാണ ചെലവ് നിർണയിക്കുന്നതിനുള്ള സ്ലാബ് കണക്കാക്കിയിട്ടുണ്ട്. 2015ലെ നിർദേശപ്രകാരം 100 സ്ക്വയർ മീറ്റർ വരെ 7050 രൂപ, 101 മുതൽ 200 സ്ക്വയർ മീറ്റർ വരെ 9350 രൂപ, 201 മുതൽ 300 സ്ക്വയർ മീറ്റർ വരെ 11,000 രൂപ, 301 മുതൽ 400 സ്ക്വയർ മീറ്റർ വരെ 13,050 രൂപ, 400 സ്ക്വയർ മീറ്ററിന് മുകളിൽ 16,600 രൂപ എന്നിങ്ങനെയാണ് നിരക്ക്. സർക്കാർ നിശ്ചയിച്ചിട്ടുള്ള കമ്മിറ്റിയാണ് ഈ നിരക്കുകൾ തീരുമാനിച്ചിട്ടുള്ളത്. പഴയ വീടുകൾക്കും നിലവിൽ സെസ് അടക്കണം. അത്തരം വീടുകളുടെ വിവരങ്ങൾ താലൂക്കുകളിൽനിന്നും ലേബർ ഓഫിസുകളിലേക്ക് അയക്കും. ലേബർ ഓഫിസിൽനിന്നും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകും. 2024 ജനുവരി 16 വരെയുള്ള കെട്ടിടങ്ങളുടെ സെസ് ജില്ല ലേബർ ഓഫിസിൽ നേരിട്ട് അടക്കാം. അതിനുശേഷമുള്ള പുതിയ കെട്ടിടങ്ങൾക്ക് കെ-സ്മാർട്ട് മുഖേന ഓൺലെെനായാണ് സെസ് അടക്കേണ്ടത്.
വീട് നിർമാണം പൂർത്തിയാക്കി ഓരു മാസത്തിനുള്ളിൽ സെസ് അടക്കണം. നിർമാണ ചെലവ് സംബന്ധിച്ച രേഖകളാണ് സെസ് അടക്കാൻ വേണ്ടത്. പഴയ വീടുകൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ അതത് തദ്ദേശസ്ഥാപനങ്ങളിൽനിന്നും നൽകുന്ന കാലപ്പഴക്കം, വിസ്തീർണം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രമോ വേണം. അസസ്മെന്‍റ് നോട്ടീസ് ലഭിച്ച ശേഷം 20 ദിവസത്തിനകവും അസസ്മെന്‍റ് ഓർഡറിനു ശേഷം 30 ദിവസത്തിനകവും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകവും സെസ് ഒടുക്കിയില്ലങ്കിൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും. മാസം രണ്ട് ശതമാനം പലിശയും ഈടാക്കും.
സെസ് സംബന്ധിച്ച പരാതികൾ ആദ്യം ജില്ല ലേബർ ഓഫിസ്, നഗരസഭ എന്നിവിടങ്ങളിലെ അസസ്മെന്‍റ് ഓഫിസർമാർക്ക് നൽകാം. ജില്ല ലേബർ ഓഫിസറാണ് അപ്പലറ്റ് അതോറിറ്റി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് തുക പിരിച്ചെടുക്കുന്നതെങ്കിലും സര്‍ക്കാരിന് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകില്ല. സെസ് പിരിക്കുന്നതിലൂടെ നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും പ്രസാവാനുകൂല്യം, മക്കളുടെ വിദ്യാഭ്യാസം, വിവാഹ ആവശ്യം എന്നിവക്കും ധനസഹായം ഉൾപ്പെടെ നൽകുന്നു. ഇതല്ലാതെ കെട്ടിടനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. സെസ് പിരിവ് ഒടുക്കുന്നതിന് വിധേയമായി മാത്രമേ ഒക്യുപൻസി സർട്ടിഫിക്കറ്റ് വിതരണം ചെയ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.