ഭർത്താവ് ചീഫ് സെക്രട്ടറിയായി വിരമിക്കുന്നതിന്‍റെ അടുത്ത ദിവസംതന്നെ ഭാര്യ ആ ചുമതലയിൽ എത്തുക. കേരളത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി. വേണുവും നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമാണ് ആ റെക്കോഡിട്ട ദമ്പതികൾ. തിരക്കുകൾക്കിടെ ഒന്നിച്ചെത്തിയ ഓണവും മകളുടെ വിവാഹവും ഇരുവരും ഗംഭീരമാക്കി.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ വക ഓണാഘോഷം ഇല്ലായിരുന്നെങ്കിലും ഇവരുടെ ഓണത്തിരക്കിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എല്ലാം മാനേജ് ചെയ്യാവുന്നതേയുള്ളൂവെന്നും കരുത്തായും പിന്തുണയായും ഒപ്പമുള്ളവർ തന്നെയാണ് തങ്ങളുടെ ബലമെന്നും ഇരുവരും ‘മാധ്യമം കുടുംബ’ത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അടുത്തറിഞ്ഞ മുഖ്യമന്ത്രിമാരിൽ മികച്ചത് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കാര്യത്തിൽ ഇരുവർക്കും എതിരഭിപ്രായമില്ല. ഉമ്മൻ ചാണ്ടി സാർ ആയിരുന്നപ്പോൾ കാണാനും പരാതികളും നിവേദനങ്ങളും നൽകാനും ഒക്കെയായി നൂറുകണക്കിനു പേർ എന്നും ഓഫിസിൽ അദ്ദേഹത്തിന് ചുറ്റുമുണ്ടാകും. അതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലിയും. എന്നാൽ, പിണറായി വിജയൻ സാറിന്‍റെ ശൈലി അങ്ങനെയല്ല. ഇടപെടലുകൾക്കും പ്രതികരണങ്ങൾക്കുമായി സംവിധാനം ഉപയോഗപ്പെടുത്തുന്നതിനൊപ്പം തന്‍റെയും മറ്റുള്ളവരുടെയും സമയത്തിന് എപ്പോഴും മൂല്യമേകുമെന്നും ഡോ. വി. വേണു അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ വളരെ അടുത്തുനിന്ന് അറിയാനായിട്ടുണ്ട്. ഒരു വിഷയവും അലക്ഷ്യമായി സംസാരിക്കുന്നത് ഇഷ്‌ടമല്ല. പറയാനുള്ളത് വളരെ വ്യക്തമായി പറയണം. ഒരു നല്ല സ്‌റ്റേറ്റ്‌സ്‌മാനാണ് അദ്ദേഹം. നിരവധി കഴിവുറ്റ മന്ത്രിമാർക്കൊപ്പം ജോലി ചെയ്യാനായതാണ് തന്‍റെ ഭാഗ്യമെന്നും ശാരദ മുരളീധരൻ പറയുന്നു.
കേരളം നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സർക്കാർ എന്തെങ്കിലും തെറ്റായി ചെയ്‌തതുകൊണ്ടല്ല പ്രതിസന്ധി വന്നതെന്ന് ഡോ. വേണു പറയുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം പല ഉത്തരവാദിത്തങ്ങളും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ ജനങ്ങൾ വളരെ ഡിമാൻഡിങ്ങാണ്. തങ്ങൾക്ക് സർക്കാറിൽനിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ച് ബോധവാന്മാരായ ആളുകളാണ്. അതിൽ കുറവുവന്നാൽ അവർ അത് ചോദിക്കും. അപ്പോൾ അത്തരം ആവശ്യങ്ങൾ നിറവേറ്റാൻ കടമെടുപ്പ് പോലുള്ള വഴികൾ തേടേണ്ടിവരും. അത്തരം കടമെടുക്കൽ പരിധിയൊക്കെ വെട്ടിക്കുറക്കുകയെന്നത് ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്.
കേരളം ഉപഭോക്‌തൃ സംസ്ഥാനമാണ്. ജി.എസ്.ടിയിലൂടെ ഏറ്റവും ഗുണം ലഭിക്കേണ്ട സംസ്ഥാനം. അതിനുള്ള പരിശ്രമത്തിലാണ് നമ്മൾ. രണ്ടുമൂന്ന് വർഷത്തിനുള്ളിൽ ആ പ്രയോജനം കേരളം അനുഭവിച്ചുതുടങ്ങുമെന്നും ഡോ. വി. വേണു പറഞ്ഞു.
ഡോ. വേണു: ഇക്കുറി മകൾ കല്യാണി ശാരദയുടെ വിവാഹത്തിരക്കിലായിരുന്നതിനാൽ റിട്ടയർമെന്‍റ് ലൈഫിലെ ഓണം എങ്ങനെയാണെന്ന് അടുത്തതവണ പ്ലാൻ ചെയ്യാം. മരുമകൻ ഭരണികുമാർ പ്രഫഷനൽ ഫോട്ടോഗ്രാഫറാണ്. മകൾ നർത്തകിയാണ്. മകൻ ശബരി വേണു ഐ.ടി ഫീൽഡിലാണ്. ഇങ്ങനെ മക്കളും അവരവരുടേതായ തിരക്കിലാണ്. ഈ തിരക്കുകാരെല്ലാം ഒത്തുകൂടുന്നു എന്നത് തന്നെയാണ് ഓണത്തിന്‍റെ ഏറ്റവും സന്തോഷകരമായ കാര്യം. എത്ര തിരക്കിലും ഓണത്തിന് നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്.
(2024 ഒക്ടോബർ ലക്കം മാധ്യമം കുടുംബത്തിൽ പ്രസിദ്ധീകരിച്ചത്)
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍റെയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. വേണുവിന്‍റെയും പൂർണ്ണ അഭിമുഖം പുതിയ ലക്കം മാധ്യമം കുടുംബത്തിൽ വായിക്കാം...
സർക്കുലേഷൻ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം, ഫോൺ: 8589009500
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.