ഒരു കാട്ടിലാണ് എടവനക്കാടുകാരൻ ഐ.ബി. മനോജിന്‍റെ വീട്. അതും എറണാകുളം മെട്രോസിറ്റിയിൽനിന്ന് പത്തിരുപത് കിലോമീറ്റർ മാത്രം അകലെ വൈപ്പിനിൽ. ഈ ബി.ടെക്കുകാരൻ തന്നെ വളർത്തിയെടുത്തതാണ് കാട്. പൈതൃകമായിക്കിട്ടിയ ഒന്നരയേക്കർ പുരയിടത്തിൽ ഇപ്പോൾ ഔഷധസസ്യങ്ങള്‍ മുതല്‍ വന്‍മരങ്ങള്‍ വരെയുണ്ട്.
കിളികളും ശലഭങ്ങളും മറ്റനേകം ജീവികളും സ്വൈരവിഹാരം നടത്തുന്ന കാട്. അതിന് ഒത്ത നടുവിലായുള്ള കൊച്ചുവീട്ടിൽ മനോജും കുടുംബവും. ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കില്ല, മരങ്ങള്‍ വെട്ടാറില്ല, കരിയിലകള്‍ തീയിടാറില്ല. ഈ കാടുകാണാൻ അനേകർ വരുന്നു.
ആവശ്യപ്പെടുന്നവർക്ക് ചെറുവനങ്ങൾ, ശലഭോദ്യാനം, മുളങ്കാടുകൾ, ടെറസ് വനങ്ങൾ, കാവ് തുടങ്ങിയവ സൗജന്യമായി െവച്ചുനൽകുന്നുമുണ്ട് മനോജ്. ഒപ്പം നാട്ടിലെ പറമ്പുകളിലും കാവുകളിലുമെല്ലാം കയറിയിറങ്ങി ശേഖരിക്കുന്ന വിത്തുകൾ മുളപ്പിച്ച് സ്കൂളുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും നൽകുന്നു.
1991ൽ തൃശൂർ എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് കഴിഞ്ഞ മനോജ് കേരള വനം-വന്യ ജീവി വകുപ്പിന്റെ വനമിത്ര, കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്‍റെ കളേഴ്സ് ഹരിതമിത്രം, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് നൽകുന്ന സീർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ഫ്രീലാൻസായി ഡേറ്റ എൻട്രി ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്നു. യോഗ അധ്യാപികയായ സ്വപ്നയാണ് ഭാര്യ. മക്കൾ: ഗൗതം, സാരംഗ്. ഈ പരിസ്ഥിതി ദിനത്തിൽ മനോജിന്‍റെ ചിന്തകൾ ‘കുടുംബ’വുമായി പങ്കുവെക്കുന്നു.
എങ്ങനെയാണ് പരിസ്ഥിതി ബോധം ഉടലെടുക്കുന്നത്?
വ്യക്തി എന്ന നിലക്ക് പ്രഫ. ജോണ്‍സി മാഷാണ് ഗുരു. അടിസ്ഥാന കാര്യങ്ങളൊക്കെ ഞാന്‍ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. മാഷാണ് കേരളത്തില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രകൃതി സഹവാസക്യാമ്പ് ഒക്കെ ചെയ്തത്. ഡാനിയേൽ ക്യുന്നിന്റെ മൈ ഇഷ്മയേല്‍, മാസനോബോ ഫക്കുവോക്കയുടെ ഒറ്റ വൈക്കോൽ പുസ്തകം എന്നീ പുസ്തകങ്ങളും പ്രചോദനമായി.
പുരയിടത്തിൽ കാട് വളർത്തിയതിന്‍റെ പിന്നിൽ?
പരിസ്ഥിതി സംബന്ധിച്ച പുസ്തകവായന മാത്രം പോരല്ലോ. പ്രവര്‍ത്തനങ്ങള്‍ കൂടി വേണമല്ലോ. ആദ്യം പത്തു സെന്റില്‍ പുതയിട്ടായിരുന്നു തുടക്കം. വീടിനോടുചേർന്ന് ഒന്നരയേക്കർ പുരയിടമുണ്ട്. പ്രസാദം മാസികയിൽ വായിച്ച ലേഖനങ്ങളായിരുന്നു പ്രചോദനം. നാം കത്തിക്കുന്ന കരിയിലകൾ, തെങ്ങിന്റെ ഓല, കൊതുമ്പ്, ഉണങ്ങിയ മരക്കമ്പുകൾ, കുലവെട്ടിയ വാഴയുടെ പോള അങ്ങനെ കിട്ടാവുന്ന ജൈവ വസ്തുക്കൾ ഈ ഒന്നരയേക്കറിൽ നിന്ന് ശേഖരിച്ച് പത്ത് സെന്റ് സ്ഥലത്ത് ഇടും.
ഇതിന് പുതയിടൽ (mulching) എന്നു പറയും. ഫലവൃക്ഷങ്ങളുടെ വിത്തുകൾ അതായത് ചക്കക്കുരു, മാങ്ങാണ്ടി, പുളി, ആഞ്ഞിലി, ഞാവൽ, പേര, ആത്ത ഇവയെല്ലാം ശേഖരിക്കും. വനവൃക്ഷങ്ങൾ, ഔഷധവൃക്ഷങ്ങൾ, തണൽ മരങ്ങൾ ഇവയുടെയെല്ലാം വിത്തുകൾ ശേഖരിച്ചിരുന്നു. ഇതെല്ലാം പുതയിലിടും. മഴ പെയ്തപ്പോൾ ഈ വിത്തുകളെല്ലാം മുളച്ചു. ഒന്നര വർഷത്തോളം ഇത് തുടർന്നു. മണ്ണിലുണ്ടായ മാറ്റം കൗതുകമുണർത്തുന്നതായിരുന്നു. മണ്ണിരകൾ, ചിലന്തികൾ, തുമ്പികൾ, വണ്ടുകൾ, ചിത്രശലഭങ്ങൾ, പക്ഷികൾ, ഓന്ത്, അരണ ഇവയെല്ലാം വന്നുതുടങ്ങി.
കാട് നിലനിർത്തുന്നത് എങ്ങനെ?
ഇപ്പോൾ ഈ പുരയിടത്തിൽ വെട്ടും കിളയുമില്ല. തീയിടാറില്ല. രണ്ട് കുളങ്ങളുണ്ട്. സ്വാഭാവികമായി മുളച്ചുവരുന്ന വൃക്ഷത്തൈകളെ പിഴുതുകളയാറില്ല. ഏതെങ്കിലുമൊരു സമ്പ്രദായത്തെ അനുകരിക്കുന്നില്ല. സസ്യങ്ങളെ സ്വാഭാവികമായി വളരാൻ അനുവദിക്കുന്നു. പറമ്പിൽ നാം കളകളെന്ന് പറയുന്ന സസ്യങ്ങളും വളരുന്നു. ഈ സസ്യങ്ങളെല്ലാം ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു.
എത്ര വർഷം കൊണ്ടാണ് ഈ കാട് വളർന്നത്?
27 വര്‍ഷങ്ങളുടെ കരുതലാണ് ഈ കാട്. ഇതൊരു കാവ് എന്ന സങ്കല്‍പത്തിലാണ് ഒരുക്കിയത്. ജൈവവൈവിധ്യത്തിന്‍റെ കലവറയാണ് കാവ്. എന്നാൽ, ആ പദം ഞാൻ ഉപയോഗിക്കുന്നില്ല. കാവ് എന്നൊക്കെ പറയുമ്പോള്‍ ആള്‍ക്കാര്‍ മതപരമായ കാര്യമാണെന്ന് വിചാരിക്കും. ഓരോ കാവിനോടുചേര്‍ന്നും ഒരു കുളമുണ്ടാകും.
സ്കൂൾ കുട്ടികളിൽ പരിസ്ഥിതിബോധം വളർത്തേണ്ടത് എങ്ങനെ?
പരിസ്ഥിതി കാര്യങ്ങൾ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെങ്കില്‍ അതിന് അനുയോജ്യമായ ഒരിടം വേണ്ടേ. അതിനായി ഒരിടം ഉണ്ടാക്കുകയാണ് ഞാൻ ചെയ്യുന്നത്. എല്ലാ സ്‌കൂളുകളിലും ജൈവവൈവിധ്യ തോട്ടം വേണമെന്ന് ഒരു സര്‍ക്കുലര്‍ ഉണ്ട്. പക്ഷേ, എന്താണ് ജൈവവൈവിധ്യം, അതുകൊണ്ട് അര്‍ഥമാക്കുന്നത് എന്താണ് എന്ന് അധ്യാപകര്‍ക്ക് അറിയില്ല. ബയോഡൈവേഴ്‌സിറ്റി പാര്‍ക്കിന്റെ ഭാഗമായി ഒരു ഫ്രൂട്‌സ് ഫോറസ്റ്റ് കൊണ്ടുവരാം. ബട്ടര്‍ൈഫ്ല പാര്‍ക്ക്, ഒരു മുളങ്കാട് ഇതെല്ലാം നമുക്ക് അതിലേക്ക് കൊണ്ടുവരാന്‍ പറ്റും. പച്ചക്കറിത്തോട്ടം എല്ലാവരും ചെയ്യുന്നുണ്ട്.
ബോധവത്കരണം കൊണ്ട് കാര്യമുണ്ടോ?
പൊതുവേ എന്നെ സ്കൂളുകളിൽ നിന്ന് വിളിക്കുന്നത് കുട്ടികളില്‍ ബോധവത്കരണം സൃഷ്ടിക്കാനാണ്. ബോധവത്കരണം അത്ര എളുപ്പമുള്ള കാര്യമല്ല. ശരിക്കും മുതിര്‍ന്നവരെയാണ് ബോധവത്കരിക്കേണ്ടത്. കുട്ടികള്‍ക്ക് അവയര്‍നെസ് ഉണ്ട് പക്ഷേ അവര്‍ക്ക് എന്ത്, എങ്ങനെ ചെയ്യണമെന്ന് അറിയില്ല.
കുട്ടികളെ പഠിപ്പിക്കുകയല്ല അവരോടൊപ്പം ചെറിയ മാതൃകകള്‍ നിർമിക്കുകയാണ്. സ്‌കൂളില്‍ ഒരു ശലഭോദ്യാനം വേണമെന്ന് പറഞ്ഞാല്‍ അതിനുവേണ്ട സഹായങ്ങൾ കുട്ടികളെ പങ്കെടുപ്പിച്ചു ചെയ്തു കൊടുക്കും. ഇതുകണ്ട് മനസ്സിലാക്കുന്ന ഒരു കുട്ടിക്ക് അവരവരുടെ വീടുകളിലും അത് ചെയ്യാന്‍ സാധിക്കും.
പരിസ്ഥിതി പ്രവർത്തനങ്ങളുടെ പോരായ്മ എന്തൊക്കെ?
എന്തെങ്കിലുമൊരു ആക്ടിവിറ്റിയിലൂടെ കുട്ടികള്‍ കടന്നുപോകുമ്പോഴാണ് കുട്ടികൾ അത് പഠിക്കുക. അങ്ങനെ വന്നാൽ നമ്മള്‍ ക്ലാസ് എടുക്കേണ്ട കാര്യം പോലുമില്ല. ഞാൻ ആക്ടിവിറ്റിയിലാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. കഴിഞ്ഞ വര്‍ഷം അമ്പതോളം വെബിനാര്‍ എടുത്തു.
മണ്ണിലിറങ്ങാതെ വെറും വെബിനാര്‍ മാത്രം എടുത്തിട്ട് കാര്യമില്ല. നമ്മുടെ ഇപ്പോഴത്തെ രീതി വെറും ക്ലാസ് മുറികളില്‍ പഠനം ഒതുക്കുന്നതാണ്. കരയിലിരുന്ന് നീന്തല്‍ പഠിക്കുന്നതു പോലെയാണ് കാര്യങ്ങള്‍. മണ്ണിലിറങ്ങാതെ പ്രസംഗിച്ചിട്ട് കാര്യമില്ലല്ലോ. കുട്ടികള്‍ക്ക് നമ്മളേക്കാള്‍ അറിവുണ്ട്. മണ്ണിന്റെ ഫേര്‍ട്ടിലിറ്റി എങ്ങനെ ഇംപ്രൂവ് ചെയ്യാം, മോണോകള്‍ച്ചര്‍ എന്തുകൊണ്ട് പാടില്ല തുടങ്ങിയ കാര്യങ്ങൾ മാത്രമേ അവർക്കു പറഞ്ഞുകൊടുക്കേണ്ടതുള്ളൂ.
ഒരു ശലഭോദ്യാനം ഉണ്ടാക്കുമ്പോള്‍ ശലഭത്തിന്റെ ജീവിത ചക്രത്തെക്കുറിച്ച് അവര്‍ പഠിക്കും. പലതരത്തിലുള്ള ഹോസ്റ്റ് പ്ലാന്റ്‌സിനെക്കുറിച്ചു പഠിക്കും. ഗ്രാസ് റൂട്ട് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു പൊക്കാളി ഫാമിങ് നടത്തിയിരുന്നു. നിലം ഒരുക്കുന്നതുതൊട്ട് കൊയ്ത്തുവരെയുള്ള കാര്യങ്ങള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ചെയ്തത്.
പരിസ്ഥിതിദിന സന്ദേശം എന്താണ്?
ജൂൺ അഞ്ചിന് നടക്കുന്ന ഒരു തൈ നടീലിനപ്പുറം ഒരു പ്രവര്‍ത്തനവും ഒരു കാമ്പസിലും നടക്കുന്നില്ല. 365 ദിവസവും ആക്ടിവിറ്റി വേണം. എല്ലാ ദിവസവും മരം നടണമെന്നല്ല. പക്ഷേ, നട്ട സസ്യങ്ങളെ അല്ലെങ്കില്‍ സ്വാഭാവികമായി ഉണ്ടാകുന്ന സസ്യങ്ങളെ സംരക്ഷിച്ചാല്‍ മതി. കേരളത്തിന്റെ പ്രകൃതി സംരക്ഷണം ഒരാള്‍ക്കും ഒറ്റക്ക് ചെയ്യാന്‍ പറ്റില്ല.
കമ്യൂണിറ്റി വേണം, അല്ലാതെ ഒരു വ്യക്തിയല്ല അത് ചെയ്യേണ്ടത്. എന്തുകൊണ്ടാണ് നമ്മുടെ ഈ സാമൂഹിക വനവത്കരണം പരാജയപ്പെടുന്നത്. എത്രയോ കോടിക്കണക്കിന് തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി വിതരണം ചെയ്തു. ഇതൊന്നും വൃക്ഷങ്ങളാകുന്നില്ലല്ലോ. അതിനു കാരണം സമൂഹം ഇത് ഏറ്റെടുക്കുന്നില്ല എന്നതാണ്. പ്ലാന്റിങ് മാത്രമേ നമുക്കുള്ളൂ, സംരക്ഷണം ഇല്ല.
വീടുകളിൽ ചെയ്യാൻ കഴിയുന്ന പരിസ്ഥിതി പ്രവർത്തനം എന്തൊക്കെ?
ഇന്ന് ആളുകൾ അലങ്കാരച്ചെടികള്‍ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയാണ്. അതുകൊണ്ട് നമ്മുടെ നാടന്‍ സസ്യങ്ങള്‍ ഇല്ലാതാകുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മുളച്ചുവരുന്ന സസ്യങ്ങളില്‍ 75 ശതമാനവും ഭക്ഷ്യയോഗ്യമാണ്. ഔഷധവുമാണ്. ഇത് തിരിച്ചറിയാനോ എങ്ങനെ ഉപയോഗിക്കണമെന്നോ ഉള്ള അറിവുപോലും നമുക്ക് നഷ്ടപ്പെട്ടുപോയി.
ഇലക്കറികളായ ചുവന്ന ചീര, പച്ചച്ചീര, സാമ്പാര്‍ ചീര, വേലിച്ചീര, തഴുതാമ, വള്ളിച്ചീര തുടങ്ങിയ ധാരാളം സസ്യങ്ങള്‍ നമ്മള്‍ കൃഷി ചെയ്യാതെ തന്നെ പറമ്പില്‍ മുളച്ചുവരും. കഷ്ടപ്പെട്ട് ഏറെ അധ്വാനിച്ചു കൃഷി ചെയ്യുന്നതിനേക്കാള്‍ ഗുണവും അതിനുണ്ട്. പക്ഷേ, നമുക്കതൊന്നും അറിയില്ല. കേരളം ബയോഡൈവേഴ്‌സിറ്റി ഏരിയയാണ്.
നമ്മളിവിടെ കൃഷി പോലും ചെയ്യേണ്ടതില്ല. ശേഖരണം ഉണ്ടായാല്‍ മതി. അത്രയധികം സമൃദ്ധി നമുക്ക് ചുറ്റുമുണ്ട്. അതൊന്നും നമുക്ക് വേണ്ട. മത്ത, കുമ്പളത്തിന്റെ ഇല തുടങ്ങി ചൊറിയണത്തിന്റെ ഇലവരെ നമുക്ക് തോരന്‍ വെക്കാം. ഇലക്കറിയില്‍ ഇതെല്ലാം ഉള്‍പ്പെടും. ഒരു വാഴവെട്ടി അതിന്റെ പിണ്ടി ഉണ്ടെങ്കില്‍ ഒരാഴ്ച സുഖമായി കഴിയാം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.