മന്ത്രി ഒ.ആർ. കേളു


ദാരിദ്ര‍്യത്തോട് പടവെട്ടി വളർന്ന് മന്ത്രിക്കസേരയിലെത്തിയപ്പോഴും കേളുവേട്ടന്‍റെ ചുണ്ടിൽ വിരിയുന്നത് വിനയത്തിന്‍റെ നിറചിരി

മാനന്തവാടിയിൽനിന്ന് കാട്ടിക്കുളം-എടയൂർകുന്ന് റോഡിൽ 16 കിലോമീറ്റർ സഞ്ചരിച്ചാൽ കേരളത്തിന്‍റെ പുതിയ പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളുവിന്‍റെ വീട്ടിലെത്താം. ഒരു വീട് എന്നതിനപ്പുറം കുടുംബത്തിലെല്ലാവരും ഒരുമിച്ചെന്നോണം പാർക്കുന്ന തറവാടടക്കം സ്നേഹം പൂക്കുന്നയിടം.

മണ്ണിനെയും മനുഷ്യനെയും തൊട്ടറിഞ്ഞ് വളർന്ന ഒ.ആർ. കേളു, മന്ത്രിയെന്നതിനപ്പുറം നാടിന്‍റെ കേളുവേട്ടനാണ്. അതിരാവിലെ എഴുന്നേറ്റ് പറമ്പിൽ കിളക്കാനിറങ്ങുന്ന, കൃഷി ചെയ്യുന്ന കേളുവേട്ടൻ മന്ത്രിയായത് ദേശത്തിന്‍റെ മുഴുവൻ സന്തോഷമാകുന്നത് അതിനാലാണ്.

എസ്റ്റേറ്റിലും മരക്കൂപ്പിലും കൂലിപ്പണിയെടുത്ത് ദാരിദ്ര‍്യത്തോട് പടവെട്ടി പടിപടിയായി വളർന്ന് മന്ത്രിക്കസേരയിലെത്തിയപ്പോഴും വിനയത്തിന്‍റെ നിറചിരി ആ ചുണ്ടിലുണ്ട്.

കുടുംബത്തോടൊപ്പം


സ്നേഹം പൂക്കുന്നയിടം

1970ല്‍ ഓലഞ്ചേരി പുത്തന്‍മിറ്റം രാമന്‍-പരേതയായ അമ്മു ദമ്പതികളുടെ മകനായി വയനാട് കാട്ടിക്കുളം മുള്ളന്‍കൊല്ലിയിലാണ് ഒ.ആർ. കേളുവിന്‍റെ ജനനം. പത്താംക്ലാസ് വരെയാണ് പഠിച്ചത്.

ആദിവാസി കുറിച്യ വിഭാഗക്കാരനായ ഈ 54കാരന് അധ്വാനത്തോടൊപ്പം വായനയും ഇഷ്ടം. ഭാര്യ ശാന്ത വീട്ടമ്മ. മക്കളായ മിഥുന ബേഗൂര്‍ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസറും ഭാവന വിദ്യാര്‍ഥിനിയുമാണ്. രവി എന്ന അച്ചപ്പൻ, ലീല, ചന്ദ്രൻ എന്നിവർ സഹോദരങ്ങൾ.

തറവാട് വീട്ടിൽ പിതാവ് രാമനും ഭാര്യ കീരയുമാണ് താമസം. തൊട്ടടുത്താണ് മന്ത്രിയുടെയും മൂത്ത സഹോദരൻ രവിയുടെയും വീട്. ഇളയ സഹോദരൻ ചന്ദ്രൻ അൽപം അകലെ എടയൂർകുന്നിലാണ് താമസം. ഏക സഹോദരി ലീലയെ ക​ണ്ണോത്ത്മലയിലേക്കാണ് വിവാഹം കഴിപ്പിച്ചത്. കാലമെത്ര കഴിഞ്ഞാലും വിടവുണ്ടാകാതെ വിളക്കിച്ചേർത്ത കുടുംബബന്ധമാണ് ഇവരുടേത്.

തറവാട് വീടിനുമുന്നിൽ


ആരെയും നിരാശരാക്കാതെ എല്ലാവരെയും കേൾക്കും

എന്നും തിരക്കുള്ള ജീവിതം നയിക്കുന്ന അച്ഛനെയാണ് മിഥുനയും ഭാവനയും കണ്ടുവളർന്നത്. വീട്ടിലുള്ളപ്പോഴൊക്കെ അതിരാവിലെ എഴുന്നേറ്റ് കൃഷിയിടത്തിലേക്കിറങ്ങുന്ന അച്ഛനെയും കാത്ത് നാട്ടുകാർ വീടിന്‍റെ മുന്നിലുണ്ടാകും.

ജനപ്രതിനിധിയെന്ന നിലയിൽ ഏത് പ്രശ്നങ്ങൾക്കും കേളുവേട്ടന്‍റെയടുത്ത് പരിഹാരമുണ്ടാകുമെന്ന ഉറപ്പാണവർക്ക്. ആരെയും നിരാശരാക്കാതെ എല്ലാവരെയും കേൾക്കും. തോട്ടത്തിൽ കാപ്പിപറിക്കുമ്പോഴോ പച്ചക്കറി നനക്കുമ്പോ​​ഴോ ആയിരിക്കും മിക്കവാറും മറ്റുള്ളവരോട് സംസാരിക്കുക.

അതിനാൽ തന്നെ മന്ത്രിയച്ഛന്‍റെ കൂടുതൽ തിരക്കുപിടിച്ച ജീവിതവും ഈ മക്കൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഓണത്തിനും വിഷുവിനുമൊന്നും അച്ഛൻ വീട്ടിലുണ്ടാകാറില്ല. എന്നാലും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനാണ് ഈ ഓട്ടമെന്ന് മക്കൾക്കറിയാം. പാവപ്പെട്ടവന്‍റെ പ്രയാസങ്ങൾക്ക് ആകുംവിധം പരിഹാരം കാണണമെന്ന ഉപദേശമാണ് ചെറുപ്പം മുതൽ അച്ഛനിൽനിന്ന് അവർക്ക് ലഭിച്ചതും.

ജോലിസ്ഥലത്ത് സഹപ്രവർത്തകർക്കൊക്കെ ഇപ്പോൾ തന്നോട് അൽപം ‘ബഹുമാനം’ കൂടിയോയെന്ന് മിഥുനക്ക് സംശയമുണ്ട്. മന്ത്രിയുടെ മകൾ എന്നാണ് ഇപ്പോൾ മിക്കവരുടെയും വിളി. സഹപാഠികളുടെ ആ സ്നേഹവിളി വിദ്യാർഥിനിയായ ഭാവനക്ക് പെരുത്തിഷ്ടം.

മന്ത്രിയായാലും തിരുവനന്തപുരത്തേക്ക് താമസം മാറില്ല. വയനാട്ടിലെ തണുപ്പും കുളിരുമേറ്റ് കാട്ടിക്കുളത്ത് തന്നെ കഴിയാനാണ് കുടുംബത്തിനിഷ്ടമെന്ന് മന്ത്രിയുടെ ഭാര്യ ശാന്ത.

ഡ്രൈവർ മുഹമ്മദിനൊപ്പം


മുഹമ്മദ്, മ​ന്ത്രിയുടെ സന്തതസഹചാരി

മന്ത്രി ഒ.ആർ. കേളുവിന്‍റെ തൊട്ടടുത്ത വീടാണ് പുളിയങ്കോട് പറമ്പിൽ മുഹമ്മദിന്‍റേത്. ചെറുപ്പം തൊട്ടേ ഇരുവരും നല്ല കൂട്ട്. ജനപ്രതിനിധി ആകുംമുമ്പേ തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. മുഹമ്മദിന്‍റെ ഭാര്യ ഫൗസിയയും മക്കളും എന്തിനും ഏതിനും കേളുവിന്‍റെ വീട്ടിലുണ്ടാകും. വിശേഷ ദിവസങ്ങളിൽ ഇരു വീട്ടുകാരുടെയും പരസ്പര സന്ദർശനത്തിന് അഴകേറെയാണ്.

കേളു മന്ത്രിയായ ശേഷം മുഹമ്മദിന്‍റെ കുടുംബത്തിനും തിരക്കാണ്. മന്ത്രിയുടെ വീടല്ലേ... അതിഥികൾ ധാരാളമുണ്ടാകും. അപ്പോഴൊക്കെ ശാന്തക്ക് സഹായം മുഹമ്മദും ഫൗസിയയുമാണ്. എം.എൽ.എയായശേഷം എട്ടുവർഷമായി ഒ.ആർ. കേളുവിന്‍റെ ഡ്രൈവറും മുഹമ്മദ് തന്നെ. മുഹമ്മദിന്‍റെ ഉപ്പയുടെ ഉപ്പ മുതൽ ഇരുവീട്ടുകാരും തമ്മിലുള്ള സ്നേഹബന്ധം ഇപ്പോഴും ഇവർ കാക്കുന്നു.

മാറ്റമില്ലാത്ത ജീവിതം

നാടിന്‍റെ കേളുവേട്ടൻ മന്ത്രിയായി എന്ന മാറ്റം മാത്രമേയുള്ളൂ. പൊലീസിന്‍റെയും ഉദ്യോഗസ്ഥരുടെയും അകമ്പടിയുള്ള യാത്രകൾ എന്നതിനപ്പുറം കേളുവിനും മറ്റു മാറ്റങ്ങളില്ല. രണ്ടു തവണ എം.എൽ.എയായ സമയത്തും വീട്ടിലുള്ളപ്പോഴൊക്കെ മണ്ണിലിറങ്ങി ഒന്ന് മേലനങ്ങിയാലേ ഉറക്കം വരൂ.

ഈ ശീലം ആകുംവിധം തുടരാൻ തന്നെയാണ് തീരുമാനം. തിരക്ക് കൂടി വരുന്നതിനാൽ വീട്ടിലുള്ള പശുവിനെ മറ്റൊരാളെ നോക്കാൻ ഏൽപിച്ചു. പശുവിനെ പരിപാലിച്ചിരുന്നതും പാൽ കറന്നതും കേളുവായിരുന്നു. ഹൃദയസംബന്ധ ചികിത്സക്കുശേഷം മാംസാഹാരം കഴിക്കൽ കുറവാണ്. പുറത്തുപോകുമ്പോൾ തന്നെ വലിയ ഹോട്ടലുകളിൽ കയറില്ല. ഇന്ത്യൻ കോഫി ഹൗസാണ് ഇഷ്ടകേന്ദ്രം.

‘‘മന്ത്രിയെന്ന നിലയിൽ രണ്ടുവർഷം മാത്രമേ മുന്നിലുള്ളൂ. എങ്കിലും ജനത്തിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കും. ഗ്രാമപഞ്ചായത്ത് അംഗമെന്ന നിലയിൽ പൊതുപ്രവർത്തനം തുടങ്ങിയതിനാൽ നാടിന്‍റെ പ്രശ്നങ്ങൾ എന്തെന്ന് നന്നായറിയാം. ആദിവാസികളടക്കമുള്ള വയനാടൻ ജനതയുടെ പ്രതിസന്ധികൾ നിരവധിയുണ്ട്.

മന്ത്രിയെന്ന നിലയിൽ എല്ലാ ജില്ലകളിലും പോകണം. സെക്രട്ടേറിയറ്റിലും ഉണ്ടാകണം. എങ്കിലും ആഴ്ചയിൽ രണ്ടു ദിവസം വയനാട്ടിൽ ഉണ്ടാകും, ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കും’’ -മന്ത്രി പറയുന്നു.

പോരാട്ട ജീവിതം

വയനാട്ടിൽനിന്ന് പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള സി.പി.എമ്മിന്‍റെ ആദ്യ മന്ത്രി ഒ.ആർ. കേളുവിന്‍റേത് പോരാട്ട ജീവിതമാണ്. കാട്ടിക്കുളം ഗവ. ഹൈസ്‌കൂളിൽ പഠിക്കവേ, അവധി ദിവസങ്ങളില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കിലെ നിർമാണത്തൊഴിലാളി.

1985 മുതല്‍ പനവല്ലിയിലെ സ്വകാര്യ തോട്ടങ്ങളില്‍ കൂലിപ്പണിക്കാരൻ. പയ്യമ്പള്ളി മൊടാംമറ്റം എസ്റ്റേറ്റിലും മരക്കൂപ്പിലും കുടകിലെ തോട്ടങ്ങളിലും കൂലിത്തൊഴിലാളിയായി. 1999 മുതല്‍ തൃശിലേരി സർക്കാർ നെയ്ത്തുകേന്ദ്രത്തിൽ ദിവസവേതനക്കാരനായി.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ത്തില്‍ പഞ്ചായത്ത് അംഗമായാണ് പൊതുജീവിതം തുടങ്ങിയത്. 2005ലും 2010ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റായി. 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി.

മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തോൽപിച്ച് ആദ്യമായി മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി. സി.പി.എം വയനാട് ജില്ല കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കവേയാണ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.





Tags:    
News Summary - Wayanad's own Keluvettan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.