വില്ലൻ, ഗുണ്ട എന്നൊക്കെ കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് നടൻ അബൂസലീമിന്‍റേത്. സിനിമയിൽ കൂടുതൽ വില്ലൻ വേഷമാണെങ്കിലും ജീവിതത്തിൽ ഫാമിലി ഹീറോയാണ് ഈ വയനാട്ടുകാരൻ. കഠിന പ്രയത്നത്താൽ ആഗ്രഹിച്ചതൊക്കെയും കൈവെള്ളയിലൊതുക്കിയ ഈ മസിൽമാന്‍റെ ജീവിതത്തിലെ നേട്ടങ്ങളിൽ അറിഞ്ഞതും അറിയാത്തതും അനവധി.
സിനിമ നടനാകുക, പൊലീസുകാരനാകുക, ബോഡി ബിൽഡറാകുക എന്നീ മൂന്ന് ആഗ്രഹങ്ങളായിരുന്നു ജീവിതത്തിൽ കൽപറ്റ സ്വദേശി ആയങ്കി അബൂസലീം ലക്ഷ്യമിട്ടിരുന്നത്. ആഗ്രഹങ്ങളെല്ലാം ചെറുപ്പത്തിലേ എത്തിപ്പിടിക്കാൻ കഴിഞ്ഞുവെന്നത് ചിലർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം.ഒരു മേഖലയിൽ മാത്രം ഒതുങ്ങാതെ വ്യത്യസ്തമാർന്ന തന്‍റെ കഴിവും പ്രാപ്തിയും ഉപയോഗിച്ച ഈ ഓൾറൗണ്ടർ വീട്ടിലും വ്യത്യസ്തനായൊരു കുടുംബനാഥനാണ്. വിജിലൻസിൽ എസ്.ഐ പോസ്റ്റിൽനിന്ന് വിരമിച്ചതോടെ സാമൂഹിക സേവന രംഗത്ത് കൂടി സജീവമാണിപ്പോൾ. 66 വർഷത്തെ ജീവിത പശ്ചാത്തലങ്ങളും നിമിഷങ്ങളും കുടുംബ വിശേഷങ്ങളും ‘മാധ്യമം കുടുംബ’വുമായി പങ്കുവെക്കുകയാണ് അബൂസലീം.
ജീവിത പ്രയാണം
മൂന്ന് ആഗ്രങ്ങളുമായാണ് ജീവിച്ചുതുടങ്ങിയത്. നടനാകുക, പൊലീസാകുക, ബോഡി ബിൽഡർ ആകുക. ആഗ്രഹങ്ങളെല്ലാം സാധിച്ചത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്. പൊലീസിലായിരുന്ന പിതാവ് നല്ല ഒരു അത്ലറ്റ് കൂടിയായിരുന്നു. അദ്ദേഹത്തിൽനിന്നുള്ള പ്രചോദനമാകാം ചെറുപ്പത്തിലേ പൊലീസുകാരനാകണമെന്ന മോഹം ഉള്ളിൽ മുളപൊട്ടിയിരുന്നു. കൽപറ്റയിലെ ടാക്കീസിൽ വീട്ടുകാരറിയാതെ സിനിമ കാണാൻ പോകുമായിരുന്നു. സ്കൂൾ സമയത്താണ് സിനിമ കാണാൻ പോകുക.
അവിടെ നിന്നാണ് നടനാവണമെന്ന മോഹം ഉദിക്കുന്നത്. ഒരിക്കൽ ടാക്കീസിൽ സിനിമ തുടങ്ങുന്നതിനുമുമ്പ് ന്യൂസ് റീലിൽ പ്രത്യക്ഷപ്പെട്ട മസിൽമാന്‍റെ ശരീം മനസ്സിൽ ഉടക്കി. കൂടാതെ, പത്രങ്ങളിൽ വരുന്ന ശരീര പുഷ്ടിക്കുള്ള വിവിധ മരുന്നുകളുടെ പരസ്യത്തിലും മസിൽമാന്മാരുടെ ഫോട്ടോ ആണ് ഉണ്ടാവുക. അങ്ങനെയാണ് ബോഡി ബിൽഡറാവണമെന്ന മോഹമുദിച്ചത്. പിന്നീട് നിരന്തര പരിശ്രമത്തിലൂടെയാണ് 1984ൽ കേരളത്തിലേക്ക് ആദ്യമായി മിസ്റ്റർ ഇന്ത്യ പട്ടം തന്നിലൂടെ എത്തുന്നത്. മറ്റൊരു തവണ കൂടി മിസ്റ്റർ ഇന്ത്യ പട്ടം നേടാനും സാധിച്ചു.
22ാം വയസ്സിലാണ് പൊലീസിലെത്തുന്നത്. ആദ്യ പോസ്റ്റിങ് തലശ്ശേരി എം.എസ്.പിയിലായിരുന്നു. പൊലീസും വിമാനവും ആനയും എത്ര കണ്ടാലും ആളുകള്‍ പിന്നെയും നോക്കും. സത്യസന്ധമായും അഴിമതിയില്ലാതെയും മുപ്പത്തിമൂന്നര വര്‍ഷം സേവനം ചെയ്യാന്‍ പറ്റിയിട്ടുണ്ട്. വയനാട് ഇന്റലിജന്‍സില്‍ നിന്നാണ് വിരമിക്കുന്നത്.
‘രാജന്‍ പറഞ്ഞ കഥ’ എന്ന സിനിമയുടെ ഷൂട്ടിങ് വയനാട്ടിൽ നടക്കുന്നുണ്ടായിരുന്നു. രാജന്‍ കേസായിരുന്നു വിഷയം. ഷൂട്ടിങ് കാണാന്‍ ഞാനും സഹോദനും സുഹൃത്തുക്കളുമെല്ലാം പോയി. അവിടെ ഒരു രസത്തിന് കുറച്ചു കായികാഭ്യാസ പ്രകടനങ്ങൾ കാണിച്ചത് സംവിധായകൻ മണിസ്വാമി കണ്ടു. അഭിനയിക്കാന്‍ താൽപര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയാണ് ആദ്യത്തെ സിനിമ അഭിനയം. വില്ലനായ പൊലീസുകാരന്റെ വേഷമാണ് ആദ്യം തന്നെ ചെയ്തത്. പിന്നീട് ഇടവേളകളില്ലാതെ 45 വർഷം സിനിമയിൽ തുടരാനായത് വലിയ ഭാഗ്യമായി കരുതുന്നു. കരിയറിലായാലും ജീവിതത്തിലായാലും ചെറുപ്പം മുതലേ ഒഴുക്കിനെതിരെ നീന്തിയ വ്യക്തിയാണ് ഞാന്‍.
ഇഷ്ടം കുടുംബനാഥന്‍റെ റോൾ
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം കുടുംബം തന്നെയാണ്. ഇണക്കങ്ങളും പിണക്കങ്ങളും തമാശകളും എല്ലാം നിറഞ്ഞ സന്തോഷത്തിന്‍റെ ഇടമാണ് കുടുംബം. ജോലിയും സിനിമയുമൊക്കെ ചേർന്നുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾ വീട്ടിലെത്തിയാൽ ഇറക്കിവെക്കും. കുടുംബത്തിലെത്തുന്നതോടെ ടെൻഷനുകളും അലിഞ്ഞില്ലാതാകും. കുടുംബ ബന്ധങ്ങളുടെ മഹത്വവും വിലയും ഇല്ലാതാകുന്ന ആധുനിക ലോകത്ത് കുടുംബത്തെ സന്തോഷ ഇടമാക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ്.
സിനിമിക്ക് വേണ്ടിയൊക്കെ ചിലപ്പോൾ ദിവസങ്ങൾ മാറിനിൽക്കേണ്ടി വരുമ്പോൾ വീട്ടിലെത്താനുള്ള മോഹം അതിയായി ഉണ്ടാകും. വീട്ടിലെത്തിയാൽ പിന്നെ അത് മറ്റൊരു ലോകമാണ്. ഭാര്യയും മക്കളും മരുമക്കളും ഒക്കെ നിറഞ്ഞൊഴgകുന്ന മുഹബ്ബത്തിന്‍റെ പറുദീസ. രണ്ട് മക്കളുള്ളതിൽ മകന് ബിസിനസിലാണ് താൽപര്യം. ഹോട്ടലിന്‍റെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത് അവനാണ്.
മൂത്ത മകൾ 10 വർഷമായി ആസ്ട്രേലിയാണ് താമസം. മകൾ നാട്ടിലേക്ക് വരുന്ന തീയതി നിശ്ചയിക്കുമ്പോൾ തന്നെ വിവിധ പദ്ധതികൾ പ്ലാൻ ചെയ്യും. മക്കളും മരുമക്കളും നിറഞ്ഞൊഴികുന്ന വീട്ടിൽ പിന്നെ ആഘോഷരാവുകളാവും. എല്ലാ മാസവും കുടുംബത്തിലെ ആരുടെയെങ്കിലും ജന്മദിനമോ വിവാഹവാർഷികമോ ഒക്കെ ഉണ്ടാവും. അതെല്ലാം ഒന്നിച്ചുകൂടി ആഘോഷിക്കുമ്പോൾ തന്നെ ബന്ധങ്ങളിൽ വലിയ കണ്ണികൾ രൂപപ്പെടും.
കുടുംബവും തിരക്കുകളും ഒന്നിച്ചുതന്നെ
തിരക്കുകളെല്ലാം കഴിഞ്ഞ് കുടുംബത്തിൽ കൂടാൻ സമയം കിട്ടിയെന്നു വരില്ല. കുടുംബവും തിരക്കുകളും ഒന്നിച്ചു കൊണ്ടുപോകുകയാണ് മുഖ്യം. അധിക ദിവസം വിട്ടുനിൽക്കേണ്ടി വന്നാൽ തിരിച്ച് വീട്ടിലെത്തുന്നതോടെ അതെല്ലാം ഓവർകം ചെയ്യും. ടൂർ പ്ലാൻ ചെയ്തും കൂട്ടുകുടുംബങ്ങളിലേക്ക് യാത്രചെയ്തും വീട്ടിൽതന്നെ എല്ലാവരും ഒത്തുചേർന്നും നഷ്ടദിനങ്ങൾ തിരിച്ചുപിടിക്കും.
11 ദിവസം തുടർച്ചയായി 3300 കിലോമീറ്റർ ഞങ്ങളുടെ കുടുംബം യാത്രചെയ്തിട്ടുണ്ട്. ഭാര്യയും ഞാനും മാത്രമായി ദിവസങ്ങളോളം ഇങ്ങനെ യാത്ര ചെയ്യാറുണ്ട്. തിരക്കിൽ കുടുംബം മിസ്സാവുമ്പോൾ തിരക്കൊഴിഞ്ഞ ദിനങ്ങളിൽ കൂടുതൽ ചേർത്തുപിടിച്ച് കൂടുതൽ അടുക്കും. ആസ്ട്രേലിയയിലുള്ള മകളൊക്കെ വരുന്ന സമയത്ത് ഷൂട്ടിങ് തിരക്കിലാണെങ്കിൽ ആ സ്ഥലത്തേക്കാണ് അവർ ടൂർ പ്ലാൻ ചെയ്യുക.
‘വൺ ഡിഷ് പാർട്ടി’
10 മക്കളാണ് പിതാവിന്. 102 പേരുണ്ട് ഇപ്പോൾ ഈ കുടുംബത്തിൽ. മാസത്തിൽ ഒരു ദിവസം ഓരോ വീടുകളിലായി കുടുംബത്തിലെ എല്ലാവരും ഒന്നിച്ചുകൂടും. വ്യത്യസ്ത വിഭവങ്ങളുമായാണ് ഓരോ വീട്ടുകാരും എത്തിച്ചേരുക. കഥയും തമാശയും കുടുംബ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. ‘വൺ ഡിഷ് പാർട്ടി’ എന്നാണ് ഇതിന് ഞങ്ങൾ പേര് നൽകിയത്. കുടുംബ ബന്ധങ്ങളെ ഊട്ടിയറപ്പിക്കാനുള്ള വലിയൊരു നൂൽപാലമാണിത്. കുടുംബത്തിൽ പേരമക്കളെ പോലും തിരിച്ചറിയാത്ത ഇക്കാലത്ത് കുടുംബത്തിലെ 100 പേർ മാസത്തിൽ ഒരു തവണ ഒന്നിച്ചിരിക്കുന്നുവെന്നത് വലിയ നേട്ടമല്ലേ?
ജ്യേഷ്ഠൻ ഈയടുത്താണ് മരണപ്പെട്ടത്. അദ്ദേഹത്തിന് സുഖമില്ലാതിരുന്ന സമയത്ത് കുറച്ചുകാലം അദ്ദേഹത്തിന്‍റെ വീട്ടിലായിരുന്നു സ്ഥിരമായി കൂടിയിരുന്നത്. മരണ സമയത്ത് പോലും അദ്ദേഹത്തിന് അത് വലിയ സന്തോഷമുണ്ടാക്കി. പരസ്പരം തിരിച്ചറിയാതെ പോകുന്നതാണ് ഇന്നത്തെ കുടുംബന്ധങ്ങളിൽ കണ്ണികൾ മുറിഞ്ഞുപോകാനുള്ള പ്രധാന കാരണം. ഇത്തരം കൂടിച്ചേരലുകൾ അത്തരത്തിലുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നുറപ്പാണ്.
ജ്യേഷ്ഠന്‍റെ വേർപാട് വലിയ സങ്കടമുണ്ടാക്കി. പക്ഷേ, ഇതൊക്കെ ജീവിതത്തിൽ സംഭവിക്കാനുള്ളതാണ്. സന്തോഷങ്ങളും സങ്കടങ്ങളും നഷ്ടങ്ങളും നേട്ടങ്ങളുമൊക്കെ ജീവതത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവുകളാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്.
പുതിയ കാലത്തെ കുടുംബ ബന്ധങ്ങൾ
ഭാര്യ, ഭർത്താവ്, മക്കൾ എന്നതിലേക്ക് കുടുംബം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് പലപ്പോഴും. അതിനപ്പുറത്തുള്ള ലോകത്തേക്ക് സമയവും ജോലിയും മറ്റു കാരണങ്ങളും പലപ്പോഴും തടസ്സമാകുന്നു. അതിന് ആരെയും കുറ്റം പറയുകയല്ല, മറിച്ച് എല്ലാവരും ഒരുമിക്കുന്ന സാഹചര്യങ്ങൾ കുടുംബത്തിൽ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. ജന്മദിനങ്ങൾ, നോമ്പുതുറ, ഓണം, ക്രിസ്മസ്, പെരുന്നാൾ പോലുള്ള വിശേഷ ദിവസങ്ങൾ അത്തരം കൂടുച്ചേരലുകൾക്ക് പരമാവധി ഉപയോഗിക്കാറുണ്ട്.
അതുകൊണ്ട് തന്നെ കുടുംബത്തിൽ ചെറിയ മക്കളെ പോലും തിരിച്ചറിയാത്തവർ ആരും ഉണ്ടാവില്ല. മാക്സിമം ചേർത്ത് പിടിക്കാൻ ശ്രമിച്ചാൽ, അത് കുട്ടികൾക്ക് കൂടി ബോധ്യപ്പെട്ടാൽ വിജയിച്ചു. ബന്ധങ്ങളെ തിരിച്ചറിയുന്ന കുട്ടികൾ സമൂഹത്തിലും അത്തരം രീതിയിൽ ഇടപെടാൻ പഠിക്കും. അതേസമയം ഇതൊന്നും ആരെയും അടിച്ചേൽപിച്ചോ നിർബന്ധിച്ചോ ചെയ്യിക്കേണ്ടതല്ല. തിരിച്ചറിവുകളിൽനിന്നും പാഠങ്ങളിൽനിന്നും ഉൾകൊള്ളുമ്പോഴാണ് മനസ്സുകൾ ഇഴുകിച്ചേരുന്നത്.
വൈകുന്നേരങ്ങളിൽ എല്ലാവരും ഒന്നിച്ച് നടക്കാൻ പോകുന്നത് മലമുകളിലേക്കാണ്. പോകുന്ന വഴിക്ക് പ്ലാസ്റ്റിക് മാലിന്യം റോഡിലൊക്കെ ധാരാളമുണ്ടാകും. അതൊക്കെ എല്ലാവരും ചേർന്ന് ശേഖരിക്കും. ഈ സമയത്ത് അയൽപക്കങ്ങളിലുള്ളവരുമായി കുശലാന്വേഷണം നടത്താനും സമയം കണ്ടെത്തും. അതുകൊണ്ടൊക്കെ തന്നെയാണ് പേരമക്കൾക്ക് പോലും അയൽക്കാരെ തിരിച്ചറിയാൻ പ്രായസമില്ലാത്തത്.
ഒത്തിരിയുണ്ട് പുതിയ വിശേഷങ്ങൾ
ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ആഗ്രഹിച്ചതൊക്കെ നേടാനായിട്ടുണ്ട്. ആഗ്രഹിച്ച പോലെ തന്നെയുള്ള കുടുംബവും സാധ്യമായി. പുതിയ അംഗങ്ങൾ കുടുംബത്തിലേക്കെത്തുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്. നായകനായി പുതിയൊരു സിനിമ ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങാനിരിക്കുന്നു. ‘ആർനോൾഡ് ശിവശങ്കർ’ എന്ന സിനിമ കുറേയൊക്കെ എന്‍റെ ജീവിതമായുമായി സാദൃശ്യമുള്ളതാണ്. ശിവശങ്കർ എന്ന കഥാപാത്രം ബോഡി ബിൽഡറും റിട്ടയേഡ് പൊലീസ് ഓഫിസറുമാണ്.
പുതുതലമുറയോട്
സ്നേഹവും പരിഗണനയും ചേർത്ത് നിർത്തലും കുടുംബ ബന്ധങ്ങളുടെ നട്ടെല്ലാണ്. മക്കൾക്ക് വേണ്ട പരിഗണന കൊടുക്കുമ്പോൾതന്നെ അവശ്യസമയത്ത് ശാസിക്കാനും നോ പറയാനും കഴിയണം. ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കേണ്ടത് ആവശ്യപ്പെടുന്ന സമയത്താണ്. അടുക്കും ചിട്ടയും ശുചിത്വവും ചിട്ടയായ വ്യായാമവും സ്വന്തത്തിനും കുടുംബത്തിനും മുന്നോട്ടുള്ള സുഗമമായ പ്രയാണത്തിന് വഴിതെളിക്കും. കൂടിച്ചേരലുകൾ കുടുംബങ്ങളുടെ രസം കൂട്ടിക്കൊണ്ടേയിരിക്കും.
മക്കളെ ഒരാളെ നല്ലതും മറ്റൊരാളെ മോശമായും ചിത്രീകരിക്കുന്നത് ജീവിതാവസനം വരെ മായാത്ത മുറിവുകളാണ് സൃഷ്ടിക്കുക. പരസ്യമായ കുറ്റപ്പെടുത്തലുകൾക്ക് പകരം സ്വകാര്യമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുമ്പോൾ തിരുത്താനുള്ള പക്വത തീർച്ചയായും അവർ കാണിക്കും. പരസ്പരമുള്ള തിരിച്ചറിവുകളും മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സും ബന്ധങ്ങളിലെ ആഴം വർധിപ്പിക്കും. ഭാര്യയുമായി ഉണ്ടാകുന്ന സൗന്ദര്യപ്പിണക്കങ്ങൾ പോലും പലപ്പോഴും ഞങ്ങൾ പിന്നീട് തമാശയായി ആസ്വദിക്കാറുണ്ട്. പരസ്പരമുള്ള തിരിച്ചറിവുകളും ചേർത്ത് നിർത്തലും പരിഗണനകളുമാണ് നല്ല കുടുംബത്തിന്‍റെ കാതലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.