പാർവതി അയ്യപ്പദാസ്, ബേബി അമേയ, നിഷ സാരംഗ്, ബിജു സോപാനം, അല്‍സാബിത്ത്, ജൂഹി റുസ്തഗി.
● ചി​​​ത്ര​​​ങ്ങ​​​ൾ: ബൈ​​​ജു കൊ​​​ടു​​​വ​​​ള്ളി



പൊട്ടിച്ചിരിയുടെ രുചി വിളമ്പി ‘ഉപ്പും മുളകും’ ടീം

മലയാളിയുടെ വീടകങ്ങളിൽ ചിരിയുടെ രുചിയൂറും വിഭവങ്ങൾ വിളമ്പുന്നതിൽ മുൻനിരയിലാണ് ‘ഉപ്പും മുളകും’. ഇതിലെ താരങ്ങൾ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. അവരുടെ വിശേഷങ്ങളിലേക്ക്...

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പാറമട വീടും പടവലം വീടും മലയാളിയെ വിട്ടുപോകില്ല. കുളത്തറ ശൂലംകുടി വീട്ടില്‍ ബാലുവിന്‍റെയും നീലുവിന്‍റെയും ബിഗ് ഫാമിലി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.

വീട്ടിലേക്ക് ആരോ തിരിച്ചുവെച്ച കണ്ണാടിയാണ് പലര്‍ക്കും ഉപ്പും മുളകും. അതിഭാവുകത്വത്തിന്‍റെ മേമ്പൊടിയില്ലാതെ നിത്യജീവിതത്തിലെ സംഭവങ്ങളെ സരസമായി പറഞ്ഞുപോകുന്ന സിറ്റ്‌കോം ഗണത്തിലെ ടി.വി സീരീസ്. പരമ്പരയുടെ മുന്നേറ്റത്തിനൊപ്പം കഥാപാത്രങ്ങള്‍ക്കുണ്ടായ വളര്‍ച്ചയും ആളുകളെ രസിപ്പിച്ചു.

ആ രസച്ചരടിലെ ഉപ്പും മുളകും രുചിച്ചറിയാന്‍ അതിന്‍റെ ലൊക്കേഷനില്‍തന്നെ പോകണമായിരുന്നു. കട്ട് പറഞ്ഞിട്ടും ചിരിയടക്കാന്‍ പാടുപെടുകയാണ് താരങ്ങളും ചുറ്റുമുള്ളവരും.

2015 ഡിസംബര്‍ 14ന് ഫ്ലവേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ആരംഭിച്ച് എട്ടു വര്‍ഷം പിന്നിടുന്ന പരമ്പര മിനിസ്‌ക്രീനിലും യൂട്യൂബിലും ട്രെന്‍ഡിങ്ങായി മുന്നേറുന്നതിന്‍റെ കാരണം ചോദിച്ചാല്‍ അത് ആ വൈബ് തന്നെയാണ്...

പാർവതി അയ്യപ്പദാസ്, അല്‍സാബിത്ത്, ദേവനന്ദ, ശിവാനി, ജൂഹി റുസ്തഗി


മലയാളിയുടെ വൈകുന്നേരങ്ങളെ ചിരിപ്പൂരമാക്കിയ ഉപ്പും മുളകും ഹാസ്യപരമ്പര ഒമ്പതാം വര്‍ഷത്തിലേക്കു കടന്നല്ലോ? ഇത്ര നീണ്ട യാത്ര പ്രതീക്ഷിച്ചിരുന്നോ?

അല്‍സാബിത്ത്: 50 എപ്പിസോഡ് എന്നു പറഞ്ഞാണ് തുടങ്ങുന്നത്. പിന്നെ അത് നൂറായി, അഞ്ഞൂറായി, ആയിരം, ആയിരത്തി ഇരുനൂറ്. സെക്കൻഡ് സീസണ്‍ ഇപ്പോള്‍ 400 കടന്നു. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. എവിടെ ചെന്നാലും ‘വാടാ മക്കളേ ചായ കുടിച്ചിട്ടുപോകാം’ എന്നു പറഞ്ഞു കൈപിടിച്ചു കൊണ്ടുപോകുന്ന തരത്തിലുള്ള സ്നേഹവും വാത്സല്യവും. നമുക്ക് അറിയില്ലെങ്കിലും അവര്‍ക്ക് നമ്മെ അറിയുക എന്നു പറയുന്നത് വലിയ കാര്യമല്ലേ?

ബിജു സോപാനം: പോകുന്നിടത്തോളം നല്ല രീതിയിലാകണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. തുടക്കത്തില്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയായിരുന്നു. പക്ഷേ, പിന്നെ നടന്നതെല്ലാം അത്ഭുതം.

സിനിമയില്‍ അഭിനയിക്കുമ്പോള്‍പോലും ആ രീതിയില്‍ ഒരു ആക്ടറായി കണക്കാക്കുന്നില്ല. പുറത്ത് എല്ലാവരെയും നമുക്കറിയില്ലല്ലോ. മൈന്‍ഡ് ചെയ്തില്ലെങ്കില്‍ എന്താ കണ്ടിട്ട് മിണ്ടാതെ പോകുന്നത് എന്നാണ് ചോദ്യം. അപ്പോ കൗതുകവും സന്തോഷവും ഒക്കെ തോന്നും.

നിഷ സാരംഗ്: സീരിയലിനെ സംബന്ധിച്ച്, മടുപ്പിക്കാതെ മുന്നോട്ടുപോകുക എന്നതാണല്ലോ ഏറ്റവും വലിയ കടമ്പ. ആ രീതിയില്‍ പ്രേക്ഷകര്‍ നിർത്തരുതേ എന്ന് ആഗ്രഹിക്കുന്ന, നിരന്തരം ആവശ്യപ്പെടുന്ന പ്രോഗ്രാമില്‍ പ്രധാന വേഷം ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. പ്രേക്ഷകരോട് ഒരുപാട് കടപ്പാടുണ്ട്. ഇതുപോലൊരു യാത്ര ആരും ആഗ്രഹിക്കുമല്ലോ. എന്‍റെ കരിയറിലെ ഏറ്റവും വലിയ സക്സസാണ് നീലു.

ഓഫ് സ്കീനിലെ അടുപ്പം

ശിവാനി: ഞാന്‍ സെറ്റില്‍ വളര്‍ന്ന കുട്ടിയാണ്. അഭിനയത്തെക്കുറിച്ച് എന്തെങ്കിലും എനിക്ക് അറിയുന്നുണ്ടെങ്കില്‍ അതെന്നെ പഠിപ്പിച്ചത് സെറ്റില്‍ ഉള്ളവരാണ്. ഇവിടത്തെ ഓരോ കുട്ടിയുടെ വളര്‍ച്ചയിലും അവര്‍ക്ക് വലിയ പങ്കുണ്ട്. വീട്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സമയം സെറ്റിലാണ്. ഞങ്ങള്‍ അഞ്ചു മക്കള്‍ക്കും രണ്ട് അച്ഛനമ്മമാരാണ്. അഭിനയത്തെക്കുറിച്ച് ആഴത്തില്‍ അറിവുള്ളവരാണ് രണ്ടുപേരും. അഭിനയത്തില്‍ മാത്രമല്ല, ഒരുപാട് കാര്യങ്ങളില്‍ അവര്‍ ഞങ്ങള്‍ക്ക് താങ്ങായി നിന്നിട്ടുണ്ട്.

നിഷ: പല ഫാമിലിയില്‍നിന്നും വന്ന ആളുകള്‍ ഇത്ര സ്നേഹത്തോടെ എട്ടു വര്‍ഷത്തോളം ഒരുമിച്ചുപോകുക എന്നുവെച്ചാല്‍ അത് വലിയ ടാസ്കാണ്. പലര്‍ക്കും മടുക്കാം. പക്ഷേ, ഞങ്ങള്‍ക്കിടയില്‍ ആ മടുപ്പില്ലാത്തത് അച്ഛനും അമ്മയും മക്കളുമായി പോകുന്നതുകൊണ്ടാകാം.

പല പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും ഒറ്റക്കെട്ടായാണ് നിന്നിട്ടുള്ളത്. ആ അടുപ്പവും സ്നേഹവും ശാസനയുമൊക്കെയുണ്ട്. പിന്നെ കുഞ്ഞായിരിക്കുമ്പോള്‍ ഉള്ളതുപോലെയല്ലല്ലോ, വലുതാകുമ്പോഴുണ്ടാകുന്ന മാറ്റം നമ്മള്‍ അംഗീകരിക്കണം. വീട്ടിലും അതുതന്നെയാണല്ലോ അവസ്ഥ.


ബാലു, നീലു കോംബോ?

നിഷ: ജാള്യതയില്ലാതെ അഭിനയിക്കാന്‍ സാധിക്കുന്നത് ഞങ്ങള്‍ തമ്മിലുള്ള ശക്തമായ സൗഹൃദംകൊണ്ടാണ്. ബിജുച്ചേട്ടനില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹത്തിന്‍റെ കാരക്ടര്‍ അങ്ങനെ നില്‍ക്കുന്നതുകൊണ്ടാണ് എന്‍റെ കാരക്ടര്‍ എനിക്ക് ഭംഗിയായി ചെയ്യാന്‍ സാധിക്കുന്നത്. അഞ്ചു കുട്ടികളും അങ്ങനെത്തന്നെയാണ്. അവരുടെ പെര്‍ഫോമന്‍സിന്‍റെ പോസിറ്റിവ് എനര്‍ജിയാണ് എനിക്കും തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നത്.

ഡയറക്ടര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍, ടെക്നീഷ്യന്മാര്‍ തുടങ്ങി ഇവിടെയുള്ള ക്രൂ മൊത്തം ആ വൈബിന്‍റെ ഭാഗമാകുന്നുണ്ട്. ചാനല്‍ നല്‍കുന്ന സപ്പോര്‍ട്ട് വലുതാണ്. ഞങ്ങളുടെ തിരുവനന്തപുരം V/s കൊച്ചി സ്റ്റൈൽ കൗണ്ടറുകൾ, ഡയലോഗുകള്‍ ഒക്കെ ആളുകള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്ന് കേള്‍ക്കുമ്പോഴും സന്തോഷം തോന്നും. അതൊക്കെ ആ കോംബോയുടെ ഭാഗമായി സംഭവിച്ചതാണ്.

അഭിനയമാണോ ജീവിതമാണോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനത്തെക്കുറിച്ച്?

ബിജു: എല്ലാവരുംതന്നെ പല മേഖലകളില്‍നിന്നു വന്നവരാണ്. നാടകം, സ്റ്റേജ്ഷോ, മറ്റു ടെലിവിഷന്‍ പ്രോഗ്രാം. എനിക്ക് സിറ്റ്‌കോം ചെയ്ത് പരിചയമുണ്ട്. ബാക്ക് ബെഞ്ചേഴ്‌സ് പ്രോഗ്രാമില്‍ 70 വയസ്സുള്ള ബെഞ്ചമിന്‍ ബ്രൂണോ എന്ന കഥാപാത്രം. അതില്‍ കുറച്ച് സ്‌ക്രിപ്റ്റും എഴുതി. മുസ്തഫ, സുരേഷ് ബാബു, മറിമായം ശ്രീകുമാര്‍ തുടങ്ങിയ നിരവധി ആര്‍ട്ടിസ്റ്റുകളുമായി വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സ്. അതിന്‍റെ പിന്‍ബലംകൊണ്ടാണ് ഉപ്പും മുളകും എന്നതിലേക്ക് എത്തിയത്.

നിഷയും പിള്ളേരും ആ താളത്തിന് ഒത്തുകൂടി. ആറ് എപ്പിസോഡ് കഴിഞ്ഞപ്പോൾതന്നെ എല്ലാവരും തമ്മില്‍ സിങ്കായി. ആ ഒരു വൈബില്‍ പിന്നെ മുന്നോട്ടുപോയി. സ്‌ക്രിപ്റ്റ് കാണാതെ പഠിക്കുമെങ്കിലും അവസരത്തിനൊത്ത് നമ്മുടെ കൈയീന്നും ഇട്ട് അങ്ങ് പോകുന്നതാണല്ലോ സിറ്റ്‌കോം രീതി.

ബാലുവിന് ബിജു സോപാനം എന്തൊക്കെ ടിപ്‌സ് കൊടുത്തിട്ടുണ്ട്?

ബിജു: എന്‍റെ ഒരു അംശം വളരെ കുറവാണ്. ബാലു മടിയനാണ്. വീട്ടില്‍ കുട്ടികളുമായി കളിച്ചുനടക്കുന്നു. ഉത്തരവാദിത്തക്കുറവുണ്ട്. സ്‌നേഹവും ഉണ്ട്. ബിജു സോപാനം പക്ഷേ 24 മണിക്കൂറും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാളാണ്. വീട്ടില്‍ അത്ര കളിയും ചിരിയുമുള്ള ആളല്ല. ബാലുവിനെ എല്ലാ വീടുകളിലും അച്ഛനായിട്ടോ അനിയനായിട്ടോ അളിയനായിട്ടോ ഒക്കെ കാണാന്‍ പറ്റും. ആളുകള്‍ അതുമായി റിലേറ്റഡ് ആകുന്നതാണ് കഥാപാത്രത്തിന്‍റെ വിജയം.

ബോബനെയും മോളിയെയും മിസ് ചെയ്യുന്നതായി ആളുകൾ പറയുന്നുണ്ടോ‍?

അല്‍സാബിത്ത്: ആള്‍ക്കാര്‍ക്ക് ഇപ്പോഴും ഞങ്ങള്‍ വളര്‍ന്നു എന്ന കാര്യം ആക്സെപ്റ്റ് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. നിങ്ങള്‍ വളരണ്ടായിരുന്നു, പഴയ ബോബനും മോളിയും ആയിട്ടുതന്നെ മതിയായിരുന്നു എന്നൊക്കെ പറയും. ഇപ്പോ പാറു ആണ് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. എക്‌സ്പ്രഷനും സൗണ്ട് മോഡുലേഷനും കൈയീന്ന് ഇട്ട് തകര്‍ക്കുകയല്ലേ.

ശിവാനി: ഞാന്‍ പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമിനുവേണ്ടി ആറുമാസം കംപ്ലീറ്റ് ആയിട്ട് മാറിനിന്നു. അപ്പോ പലരും ഉറപ്പിച്ചു ശിവാനി പോയെന്ന്. ഒരിക്കലും ഇല്ല. ഞങ്ങള്‍ക്കങ്ങനെ നിര്‍ത്തിപ്പോകാന്‍ കഴിയുന്ന എലമെന്റ് അല്ല ഉപ്പും മുളകും. ഞങ്ങള്‍ രണ്ടാളും ഏഴു വയസ്സു മുതല്‍ കാണുന്നതാ. അന്നുമുതല്‍ ചങ്കേ ചങ്കാണ്. ഒരു സമയവും വാ അടക്കാത്ത രണ്ടുപേര്‍.

പാര്‍വതി അയ്യപ്പദാസ്: ഉപ്പും മുളകിലേക്ക് ഞാന്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്നതാണ്. പരമ്പരയുടെ ആദ്യ സ്‌ക്രിപ്റ്റ് എഡിറ്ററാണ് എന്നെ നിര്‍ദേശിച്ചത്. കോവിഡ് സമയത്ത് ഏറ്റവും കൂടുതല്‍ കണ്ട് ആസ്വദിച്ച പ്രോഗ്രാമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ അതിന്‍റെ ഭാഗമാകുമെന്ന് കരുതിയില്ല. അത് ഭയങ്കര സന്തോഷമാണ്.

അഞ്ചു കുട്ടികളുടെ അമ്മക്കഥാപാത്രത്തിന് പ്രത്യേക ഇഷ്ടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

നിഷ: ജീവിക്കാന്‍ നെട്ടോട്ടം ഒാടിക്കൊണ്ടിരിക്കുന്ന ടൈമില്‍ ഒരു തൊഴില്‍ കിട്ടുക വലിയ കാര്യമാണല്ലോ. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് മെഗാ സീരിയല്‍ കിട്ടിക്കഴിയുമ്പോള്‍ കുറെ നാള്‍ വീട്ടില്‍ അരി വാങ്ങിക്കാം എന്ന ആശ്വാസമാണ് ഉണ്ടാകുക. എനിക്കും അങ്ങനെത്തന്നെയായിരുന്നു. ബാക്കിയെല്ലാം പിറകെ വന്ന സന്തോഷങ്ങളാണ്.

പഠനം, അഭിനയം ഒക്കെ എങ്ങനെ ഒരുമിച്ചുകൊണ്ടുപോകുന്നു?

ശിവാനി: അച്ഛനില്‍നിന്ന് തൊട്ട് പാറുക്കുട്ടിയില്‍നിന്നുവരെ ഞങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കുകയാണ്. ഞാനിപ്പോള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. നാലു സിനിമകള്‍ ചെയ്തു. പ്രഭുദേവ സാറിന്‍റെ കൂടെയാണ് ഒരു തമിഴ്പടം ചെയ്തത്.

പാര്‍വതി: അമ്മക്ക് സര്‍ക്കാര്‍ ഉദ്യോഗം ആയതുകൊണ്ട് ഞാനും ആ വഴി തന്നെ പിന്തുടരണമെന്നായിരുന്നു ആഗ്രഹം. അഭിനയമോഹം നന്നായിട്ടുണ്ട്. അതിനുവേണ്ടി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. വീട്ടുകാര്‍ നിര്‍ദേശിച്ച റൂട്ടില്‍നിന്ന് മാറി മുന്നേറിക്കൊണ്ടിരിക്കുന്നതിന്‍റെ വെല്ലുവിളികളുണ്ട്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ജെ.ഡി.സിക്ക് പോയി. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. ഷോര്‍ട്ട് ഫിലിമുകളും വെബ് സീരീസുകളും ചെയ്തു. മൂന്നു വര്‍ഷമായി അഭിനയരംഗത്തുണ്ട്.

വീട്ടിലേക്കു പോകുമ്പോഴും തിരിച്ച് സെറ്റിലേക്ക് വരുമ്പോഴുമുള്ള ഫീലിങ്?

ബിജു: ഇവിടെ 22 ദിവസവും കിടന്ന് ബഹളമുണ്ടാക്കി അടിപിടി കൂടിയിട്ടാണ് വീട്ടിലേക്കു പോകുന്നത്. ബോബനും മോളിയുംപോലെ കുഞ്ഞുവായില്‍ വലിയ വര്‍ത്താനം കേള്‍ക്കുകയല്ലേ. സീരിയലിനൊപ്പം വളര്‍ന്നവരല്ലേ. ആയിരം എപ്പിസോഡ് കഴിഞ്ഞപ്പോ ഒരു വീട്ടിലെ പല വിഷയങ്ങളും അവര്‍ക്കറിയാം.

വീട്ടില്‍ ചെല്ലുമ്പോൾ, എന്‍റെ മോള്‍ ഇത്രത്തോളം ചാടി തുള്ളിമറിഞ്ഞു സംസാരിക്കുന്നില്ല. ആദ്യത്തെ രണ്ടുമൂന്നു ദിവസം ഒക്കെ തോന്നും മോള് എന്താ സംസാരിക്കാത്തത്. എല്ലാര്‍ക്കും മൂകത ആണല്ലോ എന്നൊക്കെ. പിന്നെ യാഥാര്‍ഥ്യത്തിലേക്ക് ഇറങ്ങുമ്പോൾ ശരിയാകും.

ഉപ്പും മുളകും കുടുംബത്തിലേക്ക് ക്ഷണം കിട്ടിയപ്പോ എന്തു തോന്നി?

പാര്‍വതി: ആദ്യമൊന്നും ആളുകള്‍ എന്നെ തിരിച്ചറിയുകയോ ഇവരുടെ കൂട്ടത്തില്‍ ഒരാളായി അംഗീകരിക്കുകയോ ചെയ്യില്ലായിരുന്നു. ഇപ്പോ മാറി. ഉപ്പും മുളകും കഥാപാത്രങ്ങളോട് ആളുകള്‍ക്ക് പ്രത്യേകതരം സ്‌നേഹമാണുള്ളത്. അത് ശരിക്കും അനുഭവിക്കുന്നുണ്ട്.

ഞങ്ങള്‍ എല്ലാവരും ഒരു വീട്ടിലെയാണ്, എപ്പോഴും ഒന്നിച്ചാണ് എന്ന് കരുതുന്ന കുറെ പേരുണ്ട്. ഇപ്പോള്‍ കൂടുതലും എല്ലാവര്‍ക്കും അറിയേണ്ടത് മുടിയന്‍ എവിടെ‍, എപ്പോ വരും എന്നൊക്കെയാണ്. അത് ഉത്തരമില്ലാത്ത ചോദ്യമല്ലേ. അറിയില്ലെന്നു പറയും. അതൊക്കെ ചാനലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

സീരിയലിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ കാണാറുണ്ടോ?

ബിജു: പണ്ട് നമ്മള്‍ പറയും ഇരുട്ടത്ത് എടുത്തിട്ട് വെളിച്ചത്ത് കാണിക്കുന്നതാണ് സിനിമ എന്ന്. ഇന്ന് എല്ലാവരും സിനിമക്കാരാണ്, നടന്മാരാണ്, എഡിറ്റേഴ്‌സ് ആണ്, സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സ് ആണ്. നമ്മള്‍ ഇതിവിടെ സംസാരിക്കുമ്പോള്‍പോലും തൊട്ടപ്പുറത്ത് വീട്ടമ്മ റീല്‍ ചെയ്യുന്നുണ്ടാകും.

പണ്ടൊക്കെ നടന്മാരെ പുറത്തുകാണില്ല എന്നു പറയാറുണ്ട്. ഇപ്പോൾ സിനിമയാണെങ്കിലും സീരിയലാണെങ്കിലും എല്ലാവര്‍ക്കും എല്ലാം അറിയാം. സ്‌ക്രിപ്റ്റില്‍ അച്ഛന്‍ നെയ്യാറ്റിന്‍കരയില്‍ പോയീന്ന് പറയുമ്പോൾ അറിയാം ഞാന്‍ സിനിമക്കുവേണ്ടി പോയെന്ന്. നേരില്‍ അതൊക്കെ ചോദിക്കാറുണ്ട്. ആസ്വാദനത്തിന്‍റെ നിലവാരം കൂടി ആളുകള്‍ക്ക്.

ശരിക്കും പേര് മാറ്റേണ്ടിവരുമോ?

ബിജു: തീര്‍ച്ചയായും... ബാലു എന്ന പേരിലേക്ക് മാറി. ഇനി തിരിച്ചുവരണമെങ്കില്‍ ഇതിനേക്കാളും മികച്ചൊരു കഥാപാത്രം ചെയ്യണം. എട്ടു വര്‍ഷം കഴിയുന്നു. സാധ്യത കുറവാണ്.

നിഷ: അതെ, എനിക്കും അങ്ങനെത്തന്നെയാണ്.

ശിവാനി: ഫസ്റ്റ് ഡേ ഷൂട്ടിങ്. ആദ്യ ഡയറക്ടര്‍ ഉണ്ണി സാർ എല്ലാര്‍ക്കും കാരക്ടര്‍ നെയിം പറഞ്ഞുകൊടുക്കുന്നു. ഞാന്‍ പോയി ചോദിച്ചു, സര്‍ എന്‍റെ പേര്... ആ... നിന്‍റെ പേരെന്താ? ഞാന്‍ ശിവാനി. അപ്പോ നീ ശിവാനി തന്നെ. അതുകൊണ്ട് എനിക്കിപ്പോ ആ കണ്‍ഫ്യൂഷന്‍ ഇല്ല.

ആളുകളിലേക്ക് പകര്‍ന്നുകൊടുക്കുന്ന പോസിറ്റിവ് വൈബിനെക്കുറിച്ച് നേരിട്ട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

നിഷ: എവിടെ ചെന്നാലും ഇതുപോലൊരു ഭാര്യ, മകള്‍, മരുമകള്‍ ഉണ്ടായെങ്കില്‍ എന്നു പറയാറുണ്ട്. കന്യാസ്ത്രീകൾ, പൂജാരി, മറ്റു മതപുരോഹിതരൊക്കെ വിളിച്ചിട്ട് അത്തരത്തില്‍ അഭിപ്രായം പറയുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. എന്‍റെ കഥാപാത്രം മാത്രമല്ല, ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണല്ലോ.

ലോനപ്പന്‍റെ മാമോദീസ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ചെന്നപ്പോ ആ പള്ളിയിലെ അച്ചന്‍ പറഞ്ഞു, ഞായറാഴ്ച കുർബാന കഴിഞ്ഞുള്ള പ്രഭാഷണത്തില്‍ പലപ്പോഴും ഉപ്പും മുളകിലെ പല എപ്പിസോഡുകളും പരാമര്‍ശിക്കാറുണ്ടെന്ന്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉപ്പും മുളകിലെ കഥാപശ്ചാത്തലത്തില്‍ ആളുകള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട് എന്നൊക്കെ. കേട്ടപ്പോ ഭയങ്കര സന്തോഷം തോന്നി.

സെറ്റില്‍ പറഞ്ഞു ചിരിക്കാന്‍ പാറുക്കഥകള്‍ ഒരുപാടുണ്ടെന്ന് കേശു പറയുന്നു. ഉരുളക്കുപ്പേരി പോലെ മറുപടി പറയുന്ന അവളിലേക്ക് വെറുതെ കാമറയങ്ങു തിരിച്ചുവെച്ചാല്‍ മതി. നിമിഷ കവി എന്നൊക്കെ പറയുംപോലെയാണ് ചില നേരത്ത്. കൈയീന്നൊക്കെ എടുത്ത് കാച്ചും. മിഠായിക്കും ഭക്ഷണത്തിനും വേണ്ടിയാണ് ഞങ്ങളുമായി അടി നടക്കുന്നത്. ദേ നോക്കിയേ... പപ്പടപ്പാത്രത്തിനു ചുറ്റും വട്ടമിട്ടു നടക്കുന്നതു കണ്ടോ?

അപ്പറഞ്ഞത് കക്ഷിക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു, ഗൗരവത്തില്‍ അടുത്തേക്ക് വന്നു.

പാറുക്കുട്ടീ, ഇതേതാ കൈയിലുള്ള പൂച്ച?

ഇത് തുമ്പി... കണ്ടിട്ടില്ലേ? എന്‍റെ പൂച്ചയാ...

അപ്പോ ഇത് പറക്കുമോ?

ഇല്ലല്ലോ... വര്‍ത്താനം പറയും

ഇവരൊക്കെ പറയുന്ന ചട്ടമ്പി, പാറുവാണോ അതോ പൂച്ചയാണോ?

അത് ഇവരൊക്കെയാ. ഫോട്ടോയില്‍ എന്‍റെ തുമ്പി ഉണ്ടാവൂലേ?

ഉറപ്പായും ഉണ്ടാകും.




Tags:    
News Summary - Name changed to Balu - Biju Sopanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.