കോരിച്ചൊരിയുന്ന മഴ. ബസിന്‍റെ ഡോർ തുറന്ന് പറവൂർ സെൻട്രൽ തിയറ്ററിലേക്ക് വേഗത്തിൽ ഓടി. മൂന്നു മണിക്കാണ് മാറ്റിനി. സമയം കഴിഞ്ഞു. ടിക്കറ്റ് ക്ലോസ് ആയി. നനഞ്ഞ മുണ്ടും ഷർട്ടും ഒതുക്കിപ്പിടിച്ച് വരാന്തയിൽ ആ കൗമാരക്കാരൻ നിന്ന് പരുങ്ങി.
തോളിൽ തട്ടി ഒരാൾ ചോദിച്ചു: ‘‘സീറ്റില്ല, നിന്ന് കണ്ടാല്‍ മതിയോ?’’ തലകുലുക്കി അകത്തു കയറി. ഒരേ നിൽപിൽ സിനിമ മുഴുവൻ കണ്ടു. വർഷം 1977, സിനിമ ‘ഇതാ ഇവിടെ വരെ’. രാവും പകലും സിനിമ സ്വപ്നംകണ്ട ആ പതിനഞ്ചുകാരന്‍റെ പേര് സിദ്ദീഖ്.
47 വർഷത്തിനിപ്പുറം ഇതേ സിനിമാമോഹിയുടെ അത്യുഗ്രൻ പ്രകടനം കണ്ട് വിസ്മയിക്കാത്ത മലയാളിയുണ്ടാകില്ല. വ്യത്യസ്ത തരം കഥാപാത്രങ്ങളാൽ പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തിയ നടൻ സിദ്ദീഖ് കൊച്ചി പടമുഗളിലെ വീട്ടിലിരുന്ന് മനസ്സുതുറക്കുന്നു...
40ഓളം വര്‍ഷങ്ങള്‍, 400 സിനിമകള്‍ പിന്നിടുന്നു. നിമിത്തങ്ങളില്‍ വിശ്വാസമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. എല്ലാവരുടെ ജീവിതത്തിലും പല കാര്യങ്ങളും മറ്റാരെങ്കിലും വഴിയാണ് നടക്കുന്നത്. പല സിനിമാപ്രവര്‍ത്തകരും ഇന്‍റര്‍വ്യൂകളില്‍ പറയുന്നത് കേട്ടിട്ടുണ്ട്, എന്‍റെ സ്വന്തം കഷ്ടപ്പാടും കഴിവുംകൊണ്ട് മാത്രമാണ് ഈ നിലയില്‍ എത്തിയതെന്ന്. അങ്ങനെ ഒരാളെക്കൊണ്ടും സാധിക്കില്ല.
എനിക്ക് കഴിവുണ്ടെന്നും പറഞ്ഞ് ഞാനിവിടെയിരുന്നാല്‍ ആരെങ്കിലും വിളിച്ച് അഭിനയിപ്പിക്കുമോ? എന്‍റെ കഥാപാത്രത്തിന് സ്‌ക്രിപ്റ്റില്‍ നല്ല സീനുണ്ടാകണം, സംഭാഷണങ്ങളുണ്ടാകണം. അത് വേറൊരാളുടെ ജോലിയാണെങ്കിൽപോലും ഒരര്‍ഥത്തില്‍ അവരെന്നെ സഹായിക്കുകയല്ലേ ചെയ്യുന്നത്.
ആരെങ്കിലുമൊക്കെ ഏതെങ്കിലും രീതിയില്‍ നിമിത്തമാകാതെ ഒരാള്‍ക്കും ഉയര്‍ച്ചയുണ്ടാകില്ല. വ്യക്തിബന്ധങ്ങള്‍ക്കും ആളുകളോട് സ്‌നേഹത്തോടെ ഇടപഴകുന്നതിനും ഒരുപാട് അര്‍ഥമുണ്ട്. എന്നെ ക്ലാസില്‍നിന്ന് പുറത്താക്കിയ അധ്യാപകനാണ് എന്‍റെ മിമിക്രി കണ്ടിട്ട് ഞാന്‍ സിനിമയില്‍ വന്നാല്‍ ശോഭിക്കുമെന്ന് വേറൊരാളോട് പറയുന്നതും അയാള്‍ വഴി തമ്പി കണ്ണന്താനം എന്നെ തേടിയെത്തുന്നതും.
ഒരുപക്ഷേ തമ്പി കണ്ണന്താനം എന്നെ അന്വേഷിച്ചുവന്നില്ലായിരുന്നെങ്കില്‍ അന്ന് എന്‍റെ സിനിമാപ്രവേശനം സാധ്യമാകുമായിരുന്നില്ല.
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലേക്ക് എത്തിപ്പെടുന്നത്?
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ എനിക്ക് കിട്ടുന്നതുകൊണ്ടാണ്. എന്‍റെ സഹപ്രവര്‍ത്തകരായ പലര്‍ക്കും അങ്ങനെ കിട്ടാത്തതുകൊണ്ടാണ് അവരുടെ കഴിവ് നമുക്ക് കാണാന്‍ സാധിക്കാത്തത്. വളരെ വൈകിയാണ് പലരുടെയും കഴിവുകള്‍ പുറത്തുവന്നിട്ടുള്ളതും.
സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടണമെങ്കില്‍ അഭിനയിക്കാനുള്ള കഴിവ് മാത്രം പോരാ. നമ്മുടെ പി.ആര്‍ വര്‍ക്കുകളും പ്രധാനമാണ്. മറ്റുള്ളവരെ ഓര്‍ക്കണം. അവരുമായി നല്ല ബന്ധം വേണം. സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ അവരെ ബുദ്ധിമുട്ടിക്കാതെ അഭിനയിക്കാനും പറ്റണം.
ഡയലോഗ് പഠിക്കാതെ അവിടെ കിടന്ന് കുറെ ടേക്‌സ് എടുപ്പിക്കുകയൊക്കെ ചെയ്യുമ്പോ എല്ലാവര്‍ക്കും തലവേദനയാകും. ചിലരൊക്കെ രാവിലെ എട്ടുമണിക്ക് ലൊക്കേഷനില്‍ എത്താന്‍ പറഞ്ഞാല്‍ 11 മണിക്കായിരിക്കും എത്തുക. അങ്ങനെയുള്ള ആളുകളെ സിനിമ പതിയെ അകറ്റും.
സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരിക്കല്‍ പറഞ്ഞു, വളരെ കഴിവുള്ള ഒരുപാട് ആക്ടേഴ്‌സ് ഉണ്ട്. പക്ഷേ, പലരും എനിക്ക് കംഫര്‍ട്ടബിള്‍ അല്ല. അക്കാര്യത്തില്‍ എനിക്ക് അഭിമാനമുള്ളത്, എന്നെ ഒരു സംവിധായകന്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് പിന്നെ വിളിക്കാതിരുന്നിട്ടില്ല എന്നതാണ്.
ആശീര്‍വാദിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയുമൊക്കെ പടങ്ങളില്‍ റെഗുലറായിട്ട് നമ്മള്‍ അഭിനയിക്കുമ്പോ അതിന്‍റെ അര്‍ഥം അവര്‍ക്ക് നമ്മള്‍ കംഫര്‍ട്ടബിള്‍ ആണെന്നാണ്. പത്തു നാല്‍പതു വര്‍ഷമായി ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുന്നതും ആ ശ്രമത്തിന്‍റെകൂടി ഭാഗമായിട്ടാണ്.
ന്യൂഡല്‍ഹി എത്രത്തോളം സ്‌പെഷല്‍ ആണ്?
ഏറ്റവും സ്‌പെഷല്‍ ആണ്. എന്‍റെ ആദ്യ പടം എന്നു പറയുന്നതാകും ശരി. ആ സിനിമയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ മുതലാണ് ഞാന്‍ ഒരു നടനായത്. അത്രയും പ്രാധാന്യമുള്ള കഥാപാത്രം. സിനിമ വമ്പന്‍ സക്‌സസ്. ജോഷി സര്‍, ഡെന്നീസ് ജോസഫ്, മമ്മൂട്ടി, ജയനന്‍ വിന്‍സെന്‍റ് തുടങ്ങി ഏറ്റവും ടോപ്ക്ലാസില്‍ നില്‍ക്കുന്ന ആളുകളുമായി ആരംഭിച്ച അടുപ്പം. അവരെന്നെ അടുത്ത സിനിമകളില്‍ സഹകരിപ്പിക്കാന്‍ തുടങ്ങി.
മമ്മൂക്കയെ റെഗുലറായി കാണാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം കിട്ടി. സിനിമയാണ് ഇനിയങ്ങോട്ട് എന്‍റെ മേഖല എന്ന് ബോധ്യപ്പെടുത്തിയത് ന്യൂഡല്‍ഹിയാണ്. കല്യാണം കഴിഞ്ഞ് മൂന്നാം നാളാണ് ന്യൂഡല്‍ഹി ഷൂട്ടിങ്ങിനുവേണ്ടി ഞാന്‍ ഡല്‍ഹിയിലേക്കു പോകുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നു കേട്ടപ്പോതന്നെ ഭാര്യ കരച്ചിലായി. ഒരുവിധം ആളെ സമാധാനിപ്പിച്ച് വെളുപ്പിന് ആറു മണിക്ക് കൊടുങ്ങല്ലൂര്‍ സ്റ്റാന്‍ഡില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസ് കയറി കൊച്ചി എയര്‍പോര്‍ട്ടിലേക്കു പുറപ്പെട്ടു. അവിടന്ന് ഡല്‍ഹിയിലേക്ക്. അതാണ് സിനിമയിലേക്കുള്ള യാത്രയായി എന്‍റെ മനസ്സില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്.
സിനിമക്കുവേണ്ടി ഇനിയും ഞാന്‍ യാത്രചെയ്യും എന്നൊന്നും അപ്പോൾ ചിന്തിക്കുന്നേയില്ല. മനസ്സുനിറയെ ഭാര്യയുടെ കരച്ചിലാണ്. ശരിക്കും ബേജാറ് പിടിച്ച സമയം. അഭിനയത്തിന്‍റെ എ.ബി.സി.ഡി പോലും അറിയില്ല. നില്‍ക്കാനും നടക്കാനും അറിയില്ല. നോട്ടം ശരിയാകുന്നില്ല. പക്ഷേ, അതായിരുന്നു എന്‍റെ അഭിനയക്കളരി.
നായര്‍ സാബിന്‍റെ ഷൂട്ടിങ് ലൊക്കേഷനില്‍ കശ്മീരില്‍ ആയിരിക്കുമ്പോഴാണ് ജൂബിലി ജോയ് വിളിച്ച് സിനിമ സക്‌സസ് ആണെന്നറിയിക്കുന്നത്. ആ ഷൂട്ടിങ് കഴിഞ്ഞ് നേരെ കൊച്ചി എയര്‍പോർട്ടില്‍ വന്നിറങ്ങി. ഫോര്‍ട്ട് കൊച്ചിയിലെത്തി വൈപ്പിന്‍ കടന്നു. ബസ് കയറുമ്പോഴൊക്കെ പലരും നോക്കുന്നുണ്ട്.
ആളുകള്‍ എന്നെ തിരിച്ചറിഞ്ഞുതുടങ്ങുന്നത് ആ ബസ് യാത്രയിലാണ്. വീടിന്‍റെ അടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ വന്നിറങ്ങുമ്പോ, ‘ഹേ സിനിമാനടന്‍’ എന്ന് ഉറക്കെ വിളിക്കുന്നു. അതുവരെ എന്‍റെ കൂട്ടുകാര്‍ക്കുപോലും അറിയില്ലായിരുന്നു, ഞാന്‍ ഇങ്ങനെ സിനിമയില്‍ അവസരങ്ങള്‍ ചോദിച്ച് നടക്കുന്നത്. ഒരുപാട് സ്‌പെഷലാണ് എനിക്ക് ന്യൂഡല്‍ഹി.
കഥാപാത്രങ്ങള്‍ ഒന്നിനോടൊന്ന് താദാത്മ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടോ?
അതു മാത്രമാണ് ശ്രദ്ധിക്കുന്നത്. കഥാപാത്രങ്ങളെ തരംതിരിക്കുമ്പോള്‍ വളരെ കുറച്ചേ വരുന്നുള്ളൂ. പൊലീസ്, വക്കീല്‍, വില്ലന്‍, അധ്യാപകന്‍, അച്ഛന്‍. ഗരുഡന്‍ എന്ന സിനിമയിൽ വക്കീലായിട്ടാണ് അഭിനയിക്കുന്നത്. അവിടന്ന് പോകുന്നത് നേര് എന്ന സിനിമയിലേക്കാണ്. അതിലും വക്കീല്‍. ഈ രണ്ടു വക്കീലിനെയും എങ്ങനെ വ്യത്യസ്തരാക്കാം എന്നാണ് പിന്നെ ചിന്തിച്ചത്.
ലുക്കിലും നടപ്പിലും സംഭാഷണം പറയുന്ന രീതിയിലുമൊക്കെ മാറ്റം കൊണ്ടുവരുക. ഇപ്പോഴും ഞാന്‍ മത്സരിക്കുന്നത് എന്നോടു മാത്രമാണ്. ഒരേ വേഷവിധാനവും പദവിയുമാണെങ്കിൽപോലും അയാള്‍ ആവരുത് ഇയാള്‍ എന്ന ചിന്ത ആദ്യമേയുണ്ട്. കാരക്ടറിനുവേണ്ടി ഒരു പാസ്റ്റ് ഞാന്‍തന്നെയുണ്ടാക്കും.
ചര്‍ച്ചയിലൂടെയാണ് കഥാപാത്രത്തിന് ഒരു സ്വഭാവമൊക്കെ കൊണ്ടുവരുക. വ്യത്യാസങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ ആളുകള്‍ക്ക് നമ്മെ മടുക്കാതിരിക്കൂ. ആ ഒരു ശ്രമമാണ് എന്‍റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ആ രീതിയില്‍ മേക്കപ്പില്‍ മാറ്റങ്ങള്‍ പരീക്ഷിക്കും, കോസ്റ്റ‍്യൂമില്‍ പ്രത്യേകതകള്‍ കൊണ്ടുവരാന്‍ നോക്കും.
ഒരു പടത്തില്‍ ചെന്നപ്പോ ജോഷി സാറുണ്ട്, അതിന്‍റെ തിരക്കഥാകൃത്തുണ്ട്. എന്നെ നോക്കി, ‘‘ഈ ലുക്ക് കൊള്ളാലേ ജോഷി ചേട്ടാ, നമുക്ക് ഇതുമതിയല്ലേ.’’ ഉടൻ ജോഷി സര്‍ പറഞ്ഞു, ‘‘അങ്ങനെ വന്നാല്‍ അവന്‍ സിദ്ദീഖായിട്ടിരിക്കും. കോസ്റ്റ‍്യൂമറോട് അവന് വെസ്റ്റ് കോട്ടും കട്ടിയുള്ള കണ്ണടയും കൊടുക്കാന്‍ പറ, അവന്‍ വേറൊരാളാകുന്നത് കാണിച്ചുതരാം.’’ അതാണ് സംവിധായകന്‍റെ കണ്ണ്.
90കളാണല്ലോ കരിയർ വളർച്ചയുടെ കാലം. അക്കാലം എങ്ങനെ ഓർക്കുന്നു?
പല നിർമാതാക്കളും പറഞ്ഞുകേട്ടിട്ടുള്ളത് ആ കാലത്ത് ഒരു എ ക്ലാസ് സിനിമ എടുക്കണമെങ്കില്‍ 20-25 ലക്ഷം രൂപ വേണമെന്നാണ്. അന്നത്തെ സൂപ്പര്‍ സ്റ്റാറിന്‍റെ പ്രതിഫലം ഒരു ലക്ഷത്തില്‍ താഴെയാണ്. സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടിന്‍റെ ഇന്‍ ഹരിഹര്‍ നഗറിനു ശേഷമാണ് 12, 13 ലക്ഷം രൂപക്ക് 20 ദിവസംകൊണ്ട് ഷൂട്ടിങ് തീര്‍ക്കുന്ന സിനിമകളുമായി നിർമാതാക്കള്‍ വരുന്നത്.
അതുകൊണ്ട് ഒരുപാട് അവസരങ്ങള്‍ കിട്ടി. രണ്ടും മൂന്നും നാലും നായകരില്‍ ഒരാളായിട്ടുള്ള മികച്ച വേഷങ്ങള്‍ കിട്ടി. ഒറ്റക്കുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. ആ കാലഘട്ടത്തില്‍ അങ്ങനെയൊരു ചേഞ്ച് വന്നതുകൊണ്ടാണ് എന്‍റെ യാത്ര കുറച്ചുകൂടി സുഗമമായത്.
2000ത്തില്‍ ഇറങ്ങിയ സത്യമേവ ജയതേയിലെ വില്ലന്‍വേഷം കണ്ട് ഇയാളെക്കൊണ്ട് ഇങ്ങനെയും പറ്റുമെന്ന രീതിയില്‍ അംഗീകാരം കിട്ടിത്തുടങ്ങി. അവിടന്നങ്ങോട്ട് വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍. അതോടെ കരിയർ ഗ്രാഫ് ഉയർന്നു. 90കള്‍ തൊട്ടുള്ള പത്തു വര്‍ഷം സിനിമാജീവിതത്തില്‍ വളര്‍ച്ചയുണ്ടാക്കിയെങ്കിലും നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടത് 2000ത്തിനുശേഷമാണ്.
ഇപ്പോള്‍ സിനിമയിലുണ്ടാകുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍?
സിനിമയിലെ മാറ്റങ്ങളെ പോസിറ്റിവായിട്ടുതന്നെയാണ് കാണുന്നത്. ജീവിതത്തിലെ മാറ്റം സിനിമയിലും പ്രകടമാകുകയാണ്. സാഹിത്യത്തിലും ആ മാറ്റം കാണുന്നുണ്ട്. മുന്‍കാലങ്ങളില്‍ സാഹിത്യവുമായി ഒരുപാട് ബന്ധപ്പെട്ടുകിടന്നിരുന്നു സിനിമ. ഇന്ന് വളരെ കാലത്തിനുശേഷമല്ലേ ‘ആടുജീവിതം’ എന്ന പോപ്പുലർ നോവല്‍ സിനിമയാകുന്നത്.
മുറപ്പെണ്ണ് എന്ന ചെറുകഥ വായിച്ചിട്ടാണ് ശോഭന പരമേശ്വരന്‍ എം.ടി. വാസുദേവന്‍ നായരെ തപ്പി പോകുന്നത്. അദ്ദേഹം പറയുന്നത് എനിക്ക് തിരക്കഥ എഴുതാന്‍ അറിയില്ലെന്നാണ്. വിന്‍സെന്‍റ് മാസ്റ്റര്‍ എന്ന സംവിധായകനാണ് എം.ടി സാറിന് തിരക്കഥ എഴുതാന്‍ പറഞ്ഞുകൊടുക്കുന്നത്.
അങ്ങനെയാണ് മലയാളത്തിന് ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തിനെ കിട്ടിയത്. ഇന്ന് വളരെ കുറച്ച് സാഹിത്യകാരന്മാരല്ലേ തിരക്കഥാകൃത്തുക്കളായി വരുന്നുള്ളൂ. പണ്ട് ഏതു മികച്ച സാഹിത്യസൃഷ്ടി വന്നാലും അതിനെ സിനിമയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചിരുന്നു. ഇന്ന് അത്രയും പോപ്പുലറായ സൃഷ്ടികള്‍ വരുന്നില്ല എന്നതും സത്യമാണ്. വരുന്നത് സിനിമയാകുന്നുമില്ല.
പ്രതിഭാധനരായ പലരും വിട്ടുപോയി. ആ വിടവിലേക്ക് ധൈര്യപൂർവം സിദ്ദീഖിനെ കൊണ്ടുവരാമെന്ന് സംവിധായകര്‍ പറയുന്നുണ്ടല്ലോ?
അത്രയും വലിയ സ്‌പേസിലേക്കൊക്കെ എന്നെ എടുത്തുവെക്കുന്നു എന്ന് കേള്‍ക്കുന്നത് ഭയമാണ്. പ്രഗല്ഭരായ നടന്മാര്‍ സജീവമായിരുന്ന കാലഘട്ടത്തില്‍ സിനിമയിലേക്കു വരാന്‍ സാധിച്ചത് മഹാഭാഗ്യം എന്നാണ് വിശ്വസിക്കുന്നത്. ഇന്ന് സിനിമയിലേക്കു വരുന്ന ഒരു കലാകാരന് ആ വലിയ തലമുറയുടെ തലോടലും സ്‌നേഹവും ഉപദേശവും അധ്യാപനവും നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ഇനിയിപ്പോ പറഞ്ഞുകൊടുക്കാന്‍ ഞങ്ങളൊക്കേയുള്ളൂ.
ചില സിനിമകള്‍ തിയറ്ററില്‍ വർക്കായില്ലെങ്കിലും താങ്കളുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നുണ്ടല്ലോ?
കഥ കേട്ടിട്ട് സിനിമ നല്ലതാകും, തിയറ്ററില്‍ സക്‌സസാകും, അല്ലെങ്കില്‍ അങ്ങനെയല്ല എന്ന് പറയാനുള്ള അറിവും പ്രാപ്തിയും എനിക്കില്ല. വളരെ ചെറിയ സീനുകളാണെങ്കില്‍കൂടി ആ കഥാപാത്രത്തിന് കഥയിലുള്ള പ്രാധാന്യമാണ് എന്നെ തിരി കൊളുത്തുന്നത്. ദൃശ്യത്തില്‍പോലും ജീത്തു പറഞ്ഞത്, ‘‘ഒരു എസ്.പിയുടെ ഭര്‍ത്താവ് എന്ന വേഷം മാത്രമേയുള്ളൂ. ഗീത പ്രഭാകറിനാണ് ഇംപോര്‍ട്ടന്‍സ്. പ്രഭാകര്‍ അവരുടെ ഭര്‍ത്താവ് മാത്രമാണ്. പക്ഷേ, എനിക്ക് ഇക്ക വേണം.”
അവസാന സീനില്‍ മോഹന്‍ലാലിനോട് പറയുന്ന ഡയലോഗുണ്ട്. എന്താണ് എന്‍റെ മകന് സംഭവിച്ചത് എന്നു തുടങ്ങുന്ന ഇമോഷണല്‍ സീന്‍. സത്യത്തില്‍ എന്നെ അട്രാക്ട് ചെയ്യുന്നത് അതാണ്. ബാക്കിയുള്ള സീനില്‍ പ്രത്യേകതയുണ്ടോ ഇല്ലേ അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. എന്‍റെ സീന്‍ ഏറ്റവും നന്നാകണമെന്ന് അങ്ങേയറ്റം ആഗ്രഹിക്കുന്നത് ഞാന്‍തന്നെയാണ്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തുക.
അതുകൊണ്ടാണ് ചില സിനിമകള്‍ വാഷ്ഔട്ടായി പോയാലും കഥാപാത്രം മികച്ചതായി തോന്നുന്നത്. അതിനുവേണ്ടി അത്രയും ഞാന്‍ പാടുപെട്ടിട്ടുണ്ടാകും. ഒരു പരിധിവരെ അത് വേദനിപ്പിക്കുകയേ ഉള്ളൂ. അഭിനയിക്കുന്ന സിനിമ നന്നാകണം എന്നുതന്നെയാണ് അതില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കലാകാരന്‍റെയും ആഗ്രഹം. സിനിമ നന്നായാല്‍ മാത്രമേ നിലനില്‍പുള്ളൂ.
നേരിന്‍റെ അനുഭവം?
ലാസ്റ്റ് മൊമന്‍റിലാണ് ആ കഥാപാത്രത്തിന് എന്നെ ഫിക്‌സ് ചെയ്യുന്നത്. അനശ്വര രാജന്‍ ചെയ്ത കഥാപാത്രത്തിന്‍റെ വാപ്പയുടെ റോളിലേക്കാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പാണ് കഥാപാത്രം മാറിയത്. ലുക്കിലും മാറ്റം വരുത്തി. ശാന്തിയില്‍നിന്നും ജീത്തുവില്‍നിന്നും കൂടുതല്‍ ടിപ്‌സും കിട്ടി. പിന്നെ അങ്ങോട്ട് ആഘോഷിക്കുകയായിരുന്നു. വളരെ ആസ്വദിച്ച് അഭിനയിച്ച സിനിമയാണ്.
നല്ലൊരു ഗായകനും ഗാനആസ്വാദകനുമാണല്ലോ. ഹൃദ്യമായ പാട്ടോർമ ഏതാണ്?
പാവം പാവം രാജകുമാരന്‍ സിനിമയില്‍ തുടക്കത്തിൽ പാട്ട് പാടി അഭിനയിക്കുന്നത് ഞാനാണ്. പാടുന്നത് യേശുദാസും. കമ്പോസിങ് നടക്കുമ്പോ ഞാന്‍ പോയി ജോണ്‍സൺ മാഷിന്‍റെയും കൈതപ്രത്തിന്‍റെയും കൂടെയിരിക്കും. ജോണ്‍സണ്‍ മാഷ് ഹാര്‍മോണിയത്തില്‍ ട്യൂണ്‍ കമ്പോസ് ചെയ്യുമ്പോ കൈതപ്രം ആ ഈണത്തിനനുസരിച്ച് പാട്ട് എഴുതും. പിറ്റേ ദിവസം റെക്കോഡിങ്ങാണ്. ബി.ജി.എം ഉണ്ടാക്കുന്നു. ട്രാക്ക് പാടുന്നു. റെക്കോഡ് ചെയ്യുന്നു. ഇതൊക്കെ എനിക്ക് ആവേശമുള്ള കാര്യങ്ങളാണ്.
ഉച്ചകഴിഞ്ഞ് ഒറിജിനല്‍ പാടാന്‍ യേശുദാസ് വരും. കാറില്‍നിന്നിറങ്ങുമ്പോള്‍ കമല്‍ എന്നെ പരിചയപ്പെടുത്തി. ദാസേട്ടന്‍ തോളത്തുപിടിച്ച് പേരൊക്കെ ചോദിച്ച് സംസാരിച്ച് കയറിപ്പോയി. കുറച്ചു കഴിഞ്ഞ് ദാസേട്ടന്‍ പാടുകയാണ്. ‘പാതിമെയ് മറഞ്ഞതെന്തേ...’ ജോണ്‍സണ്‍ മാഷിന്‍റെ അടുത്തു നിന്ന് സ്പീക്കറില്‍കൂടി ഞാന്‍ ആ വോയ്‌സ് കേട്ടു.
പിന്നീട് ആ ദാസേട്ടനോടൊപ്പം എത്രയോ സമയം അദ്ദേഹത്തിന്‍റെ മുറിയില്‍ ഒരുമിച്ചിരിക്കാന്‍ സാധിച്ചു. ഒരുമിച്ച് എത്രയോ പാട്ടുകള്‍ പാടി. പാട്ടിനോടുള്ള എന്‍റെ പ്രണയം അദ്ദേഹത്തിനറിയാം. ഇന്നിപ്പോ അദ്ദേഹത്തിന്‍റെ കുറെയധികം വോയ്സ് മെസേജുകള്‍ എന്‍റെ ഫോണിലുണ്ട്.
ശങ്കരാടി സ്വന്തം നാട്ടുകാരനായിരുന്നില്ലേ?
ഒരുമിച്ച് കുറച്ച് സിനിമകളേ അഭിനയിച്ചുള്ളൂ എങ്കിലും വളരെ അടുത്ത ബന്ധവും നാട്ടുകാരന്‍ ആണെന്ന പരിഗണനയും അദ്ദേഹത്തിന് എന്നോട് നല്ലപോലെയുണ്ടായിരുന്നു. കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്കുള്ള കാര്‍യാത്രയില്‍ അദ്ദേഹം എന്നോടു പറഞ്ഞ കാര്യങ്ങള്‍ പലതും ഞാന്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ട്.
‘‘സിനിമയില്‍നിന്ന് നമുക്കൊരുപാട് പണമൊക്കെ കിട്ടും. നിന്‍റെ തലയില്‍ ദൈവം എത്ര പണമാണോ വിധിച്ചിട്ടുള്ളത് അത് നിനക്ക് വരും. പക്ഷേ, അത് ചെലവാക്കുന്നത് സൂക്ഷിച്ചുവേണം. അങ്ങനെ ചെയ്താല്‍ നമ്മുടെ കൈയില്‍ പൈസ ഉണ്ടാകും എന്നു മാത്രമല്ല, നമ്മള്‍ ധൂര്‍ത്തടിക്കുന്നത് കാണുന്നവര്‍ക്ക് ഇഷ്ടമല്ല.’’ സിംപ്ലിസിറ്റി എന്നെ പഠിപ്പിച്ചത് ശങ്കരാടി ചേട്ടനാണ്.
മകൻ ഷഹീനുമായുള്ള സിനിമാ സംഭാഷണങ്ങള്‍?
എല്ലാ കാര്യങ്ങളും ഞങ്ങള്‍ തമ്മില്‍ ഫ്രാങ്കായിട്ട് സംസാരിക്കും. പുതിയ തലമുറ ഇപ്പോ സിനിമയെ കാണുന്നത് എങ്ങനെയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അവനിലൂടെയാണ്. എനിക്ക് പറയാനാകുന്നത് പഴയ അനുഭവങ്ങളാണല്ലോ. പല ഇന്‍റര്‍വ്യൂകളിലും അവനത് പറയുമ്പോഴാണ് നമ്മള്‍ പറയുന്ന കഥകളും സന്ദര്‍ഭങ്ങളും ഉപദേശങ്ങളായി സ്വീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നത്. ശങ്കരാടി ചേട്ടന്‍ എനിക്ക് പറഞ്ഞുതന്നതുപോലെ അവനും അത് മനസ്സിലെടുക്കുന്നുണ്ടാകാം.
ഇപ്പോൾ അവന്‍ നല്ല സ്ട്രഗ്ലിങ് പിരീഡിലാണ്. ആ ടെന്‍ഷനുകളൊക്കെ എന്‍റടുത്ത് പങ്കുവെക്കാറുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട്, അതില്‍ അഭിനയിക്കുന്ന ആര്‍ക്കും പൈസ കൊടുത്തിട്ടില്ല. അതിന്‍റെ ബുദ്ധിമുട്ടുകള്‍ ആളുകൾ പറയുന്നുണ്ട് എന്ന് എന്നോട് പറഞ്ഞു.
പറയുന്നവര്‍ പറയട്ടെ നീ അത് തലയില്‍ കയറ്റണ്ട. അങ്ങനെ പൈസ ചോദിക്കാന്‍ ആയിട്ടില്ല നീ. അങ്ങനെ പൈസ കിട്ടാറാകുന്ന സമയം വരുമ്പോ അത് വരും. ഞാനും അങ്ങനെയൊക്കെയായിരുന്നു തുടക്കകാലത്ത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ അങ്ങനെയൊക്കെ ഉണ്ടാകും.
ചില സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കും. അവസാനം മാറ്റും. അതിന്‍റെ വിഷമങ്ങളൊക്കെയുണ്ടാകും. ഇതൊക്കെ എല്ലാവർക്കും ഉണ്ടാകുന്നതാണ് എന്നാണ് ഞാന്‍ തിരിച്ചുപറഞ്ഞത്. അവനും സിനിമയിലേക്ക് വന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.
തക്ബീർ കേട്ട് വീട്ടിൽ കരഞ്ഞിരുന്ന പെരുന്നാൾ
തക്ബീര്‍ കേട്ട് വീട്ടില്‍ കരഞ്ഞിരുന്ന സംഭവമുണ്ട്, നാലാം ക്ലാസില്‍ പഠിക്കുമ്പോ. വീടിനടുത്തായൊരു കുളം, നോമ്പ് അവസാനം ആകുമ്പോ അത് വെട്ടി വെള്ളം വൃത്തിയാക്കുന്ന പതിവുണ്ട്. പിന്നെ കുറച്ചു ദിവസത്തേക്ക് അവിടെ കുളിക്കാന്‍ പാടില്ല. പെരുന്നാള്‍ രാവിന്‍റെ അന്ന് ഉമ്മ പറഞ്ഞു, കുളത്തില്‍ ഇറങ്ങല്ലേ കിണറ്റില്‍നിന്ന് കോരി കുളിച്ചോ.
ഞാന്‍ പക്ഷേ ആ തെളിഞ്ഞ വെള്ളം കണ്ടപ്പോ അങ്ങ് ചാടി. എണ്ണം പിടിച്ചു കുറെ നേരം മുങ്ങിയങ്ങനെ കിടന്നു. പതിയെ പൊങ്ങി വന്നതേയുള്ളൂ പെട്ടെന്ന് മുഖത്ത് ഷോക്കേറ്റപോലെ. ആദ്യം മനസ്സിലായില്ല. നേരെ നോക്കുമ്പോ ഉമ്മ അവിടെ കലി കയറി നില്‍ക്കുന്നു. തേങ്ങയുടെ കൊലഞ്ഞീല്‍ എന്‍റെ നേര്‍ക്ക് എറിഞ്ഞുള്ള നില്‍പാണ്.
മുഖമാകെ ചുവന്ന് കെട്ടിയ പാടായി. പിറ്റേ ദിവസം പെരുന്നാളാണ്. പള്ളിയില്‍ പോണം. ഈ മുഖംവെച്ച് എങ്ങനെ പോകാന്‍, പോയില്ല. അന്നത് വലിയ സങ്കടായി. അതൊരുതരം വല്ലാത്ത ഓർമയാണ്. കാരണം, സന്തോഷങ്ങള്‍ നമ്മള്‍ വേഗം മറക്കുമല്ലോ. നോവുകളല്ലേ കെട്ടിക്കിടക്കുന്നത്.
ഓർമകളിലെ കലാലയ രാഷ്ട്രീയം
കളമശ്ശേരി പോളിടെക്നിക്കില്‍ പഠിക്കുന്ന കാലത്താണ് കെ.എസ്.യു അനുഭാവം ഉണ്ടായിരുന്നത്. അപ്പോഴും സജീവ രാഷ്ട്രീയം ഇല്ല. എസ്.എഫ്.ഐക്ക് എതിരായിട്ടുള്ള ആളുകള്‍ എന്ന നിലക്കായിരുന്നു. ഫൈനല്‍ ഇയര്‍ പഠിക്കുമ്പോഴാണ് ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി ഞാന്‍ മത്സരിച്ച് വിജയിച്ചത്.
അന്ന് ഒറ്റ എസ്.എഫ്.ഐ സ്ഥാനാര്‍ഥിപോലും ജയിച്ചില്ല. കോളജ് കാലത്തു മാത്രമായി ചുരുങ്ങിയതല്ലാതെ പുറത്ത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. അന്നൊക്കെ കോണ്‍ഗ്രസിനോട് ആഭിമുഖ്യം വരാനുള്ള കാരണം ഇന്ദിര ഗാന്ധി, കെ. കരുണാകരന്‍, എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി തുടങ്ങിയ നേതാക്കളായിരുന്നു.
ഇന്നസെന്‍റും സംവിധായകൻ സിദ്ദീഖും
വളരെയധികം തുറന്നുസംസാരിക്കാന്‍ സാധിച്ചിരുന്ന രണ്ടുപേരാണ്. ഇപ്പോഴും ‘ഇന്നസെന്‍റ് ചേട്ടന്‍’ എന്നാണ് ഫോണില്‍ നമ്പറുള്ളത്. ഒരു ദിവസം ഫോണില്‍ വിളിച്ചിട്ട് ‘‘എടാ എനിക്ക് കാന്‍സര്‍ ആണ് ട്ടാ.” ഞാന്‍ ചോദിച്ചു, ഇതെന്താ ഇങ്ങനെ പറയണേ. ‘‘മനുഷ്യന് കാന്‍സര്‍ വന്നാല്‍ ഇങ്ങനല്ലേ പറയണേ. വേറാരും പറഞ്ഞ് നീ അറിയണ്ടാന്ന് കരുതിയാണ് ഞാന്‍ തന്നെ വിളിച്ചത്. ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു. മമ്മൂട്ടിയെ വിളിച്ച് കിട്ടിയിട്ടില്ല. നീ വിളിക്കുമ്പോ കിട്ടുകയാണെങ്കില്‍ അവനോടുകൂടി പറഞ്ഞേക്ക് എനിക്ക് കാന്‍സര്‍ ആണെന്ന്.’’ അതൊക്കെ ഇപ്പോ ഓര്‍ത്താല്‍...
സിനിമയില്‍ 25 വര്‍ഷത്തെ ഇടവേള എനിക്കും സിദ്ദീഖിനുമിടയില്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴും തമ്മില്‍ അടുപ്പമുണ്ട്. എല്ലാ സിനിമകളുടെയും കഥകള്‍ എന്‍റെടുത്ത് പറയും. വീട്ടില്‍ പോയി പരസ്പരം കണ്ടിരുന്നവരാണ്. ഇത്ര പെട്ടെന്ന് പോയിക്കളയും എന്നൊരു തോന്നല്‍പോലും ഉണ്ടായിട്ടില്ല. ചില സാഹചര്യങ്ങളില്‍ കണ്‍ഫ്യൂഷന്‍ വന്നാല്‍ സിദ്ദീഖിനെയാണ് ഞാന്‍ ആദ്യം വിളിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.