പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകുന്നത് തന്നെ നിർത്തുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങൾ നിരവധിയാണ്. ഹോം വർക്കുകൾ ചെയ്യാനും രാത്രി വീട്ടിലിരുന്നു പഠിക്കാനുമാണല്ലോ ഈ ഭാരവും ചുമന്ന് കുഞ്ഞുങ്ങൾ നടക്കുന്നത്. അതിരാവിലെ വീട്ടിൽനിന്നിറങ്ങുന്ന കുട്ടികൾ വൈകുന്നേരമാണ് തിരിച്ചുചെല്ലുന്നത്. രാത്രി വീണ്ടും പഠനവും ഹോംവർക്കുമായി നീണ്ടസമയം ചെലവഴിക്കേണ്ടിവരുകയെന്നാൽ ഉണർന്നിരിക്കുന്ന സമയത്തിന്‍റെ ഏതാണ്ടെല്ലാ സമയവും പഠനം മാത്രമാവുന്നു എന്നാണ് ചുരുക്കം.
കളിക്കാനോ ടി.വി കാണാനോ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനോ സമയം ബാക്കിയാവുന്നില്ല. അതിനാലാണ് ഞാൻ മാനേജറായ വാളകം രാമവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷണാടിസ്ഥാനത്തിൽ എൽ.പി ക്ലാസുകളിൽ ഹോംവർക്കുകൾ നിർത്തലാക്കുകയും പുസ്തകങ്ങൾ സ്കൂളിൽതന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തത്.
ഇന്ന് വീടുകളിൽ സദാ മുഴങ്ങിക്കേൾക്കുന്ന ശബ്ദം പഠിക്ക് പഠിക്ക് എന്നത് മാത്രമാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെ ഒട്ടും കണക്കിലെടുക്കാതെയുള്ള ഈ സമ്പ്രദായം മികച്ച തലമുറയെ സമ്മാനിക്കും എന്നും പ്രതീക്ഷിക്കാൻ കഴിയില്ല.
എം.ബി.ബി.എസ്, എം.ഡി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്കും അയാൾക്ക് ഏകദേശം 30 വയസ്സായിരിക്കും. അവന്‍റെ നല്ലകാലം മുഴുവൻ പുസ്തകത്തിനുമുന്നിൽ മാത്രം കഴിഞ്ഞുപോയിട്ടുണ്ടാവും. അതിനാൽ, കുഞ്ഞുപ്രായത്തിലെങ്കിലും കുട്ടികൾക്ക് കളിക്കാനും മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനും അവസരമുണ്ടാവണം.
ബിലോ ആവറേജ്, ആവറേജ്, എബൗ ആവറേജ് എന്നിങ്ങനെ മൂന്ന് കാറ്റഗറിയിലുള്ള കുട്ടികളുണ്ടാവും. ചില വീടുകളിൽ കുട്ടികൾ പഠിക്കാൻ പ്രത്യേക മുറി, അഭ്യസ്തവിദ്യരായ രക്ഷിതാക്കളുടെ സഹായം തുടങ്ങിയ എല്ലാ അനുകൂല ഘടകങ്ങളുമുണ്ടാവും. ഇവർ പഠനത്തിൽ ശോഭിക്കും. പക്ഷേ, ഭൂരിഭാഗം വീടുകളിലും ഇത്തരം സാഹചര്യങ്ങളായിരിക്കില്ല. പഠനത്തിൽ സഹായിക്കാൻ കഴിയുന്ന രക്ഷിതാക്കളുമായിരിക്കില്ല. മറ്റുചില വീടുകളിൽ പ്രതികൂല സാഹചര്യങ്ങളുണ്ടാവും.
മാതാവും പിതാവും തമ്മിലുള്ള അസ്വാരസ്യം, മദ്യപാനം, ദാരിദ്ര്യം തുടങ്ങിയ സാഹചര്യങ്ങളുള്ള വീടുകളുമുണ്ടാവും. ഇവർ ബിലോ ആവറേജ് പഠനനിലവാരത്തിലേക്ക് തള്ളപ്പെടുകയാണ്. ഇവർ പ്ലസ് ടു കഴിയുമ്പോഴേക്ക് ഡ്രോപൗട്ട് ആവുകയും ചെയ്യും. വീടുകൾ പഠകേന്ദ്രങ്ങളല്ലാതാവുന്നതോടെ ഇതിന് പരിഹാരവും ഉണ്ടാവും.
ഹോംവർക്ക് നിർത്തലാക്കുന്നതിന് ബദലായി ചില പ്രത്യേക സംവിധാനങ്ങൾ സ്കൂളിൽ ഒരുക്കുന്നുണ്ട്. ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഇവാല്വേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജനറൽ നോളജ് ശക്തിപ്പെടുത്താൻ പരീക്ഷയും സ്കോളർഷിപ്പും ഉണ്ട്. പുസ്തകബാഗ് ഒഴിവാക്കിയപ്പോൾ ഭക്ഷണബാഗിന് വലുപ്പം വർധിച്ചതുപോലും നല്ലതായിട്ടാണ് ഞാൻ കണക്കാക്കുന്നത്.
ധാർമിക പാഠങ്ങൾ പകർന്നുനൽകാനും നല്ല ശീലങ്ങൾ പഠിപ്പിക്കാനും സിലബസിനു പുറത്ത് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കളിൽ ഭൂരിഭാഗവും സന്തോഷവാന്മാരാണ്. ചില രക്ഷിതാക്കൾക്ക് ആശങ്കയുണ്ട്. അത് ക്രമേണ ശരിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.