'സന്തോഷം' വികസന മാനദണ്ഡമായിട്ടുള്ള, മലനിരകളാൽ ചുറ്റപ്പെട്ട, മനം കുളിർപ്പിക്കുന്ന കാഴ്ചകളുള്ള സുരക്ഷിത ദേശമാണ് ഭൂട്ടാൻ. ഭൂട്ടാെൻറ പച്ചപ്പും പാരമ്പര്യവും ജീവിതവും തൊട്ടറിയുന്ന ഒരു സോളോ ട്രിപ്...
ഒരു യാത്രിക എന്ന നിലക്കുള്ള എെൻറ ആദ്യ സന്ദർശനമായിരുന്നു ഭൂട്ടാനിലേക്ക്. 'സന്തോഷം' വികസന മാനദണ്ഡം ആക്കിയിട്ടുള്ള, മലനിരകളാൽ ചുറ്റപ്പെട്ട, മനം കുളിർപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കും ഭൂട്ടാൻ. പെട്ടെന്ന് തീരുമാനിച്ച യാത്രയായതുകൊണ്ട് കൂട്ടിന് ആരെയും കിട്ടിയില്ല. ഒറ്റക്ക് പോകാൻതന്നെ തീരുമാനിച്ചു. ഏഷ്യയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണല്ലോ ഭൂട്ടാൻ, പിന്നെന്തിന് ഭയക്കണം. ബ്ലോഗുകൾ വായിച്ച് പ്ലാൻ തയാറാക്കി മുറി ബുക്ക് ചെയ്തു, യാത്രക്കായി പുറപ്പെട്ടു.
കൊച്ചിയിൽനിന്ന് വിമാനമാർഗം കൊൽക്കത്തയിൽ എത്തി, അവിടെനിന്ന് 'കാഞ്ചൻ- കന്യ' എക്സ്പ്രസ് ട്രെയിനിൽ പിറ്റേദിവസം രാവിലെ പതിനൊന്നരക്ക് ഹസിമാര ഇറങ്ങി. ഹസിമാരയിൽനിന്ന് ഓട്ടോയിൽ ജൈഗാവോൺ എത്തി. ജൈഗാവോൺ ഇന്ത്യൻ അതിർത്തിയും ഫുങ്ഷിലിങ് ഭൂട്ടാൻ അതിർത്തിയുമാണ്. ജൈഗാവോണിൽനിന്ന് ഇന്ത്യ-ഭൂട്ടാൻ ഫ്രൻഡ്ഷിപ് ഗേറ്റിലൂടെ നടന്നു ഭൂട്ടാൻ മണ്ണിൽ കാലുകുത്തി. വൃത്തിയും വെടിപ്പുമായി ഫുങ്ഷിലിങ് നമ്മുടെ മനം കവരും. ഭൂട്ടാൻ യാത്രയിലുടനീളം ഈ വൃത്തി അനുഭവിക്കാൻ പറ്റി.
ഭൂട്ടാൻ സന്ദർശിക്കാൻ വിസയോ പാസ്പോർട്ടോ ആവശ്യമില്ല. പക്ഷേ, പെർമിറ്റ് നിർബന്ധമാണ്. ഫുങ്ഷിലിങ്ങിൽ ഭൂട്ടാൻ ഗേറ്റിന് അടുത്തുതന്നെയുള്ള പെർമിറ്റ് സ്റ്റേഷനിൽ പോയി. അവിടെ വോട്ടർ ഐഡി പരിശോധിക്കും. ഫോട്ടോ ഒട്ടിച്ചു ഫോറം പൂരിപ്പിച്ച് നൽകുകയും ഹോട്ടൽ ബുക്കിങ് രേഖകൾ സമർപ്പിക്കുകയും ചെയ്താൽ ബയോമെട്രിക് രേഖകൾ അവർ ശേഖരിക്കും, അതോടെ പെർമിറ്റ് അനുവദിച്ചുകിട്ടും.
മൂന്നരക്ക് തലസ്ഥാനമായ തിമ്പുവിലേക്ക് യാത്ര തിരിച്ചു. അഞ്ചു മണിയായപ്പോൾ നേരം ഇരുട്ടിത്തുടങ്ങിയെങ്കിലും താണ്ടാൻ കുറച്ച് ദൂരംകൂടി ബാക്കിയുണ്ടായിരുന്നു. മലകളെ ചുറ്റിയുള്ള വളരെ ചെറിയ ദുർഘടമായ പാതയിലൂടെയാണ് സഞ്ചാരം. ഒരുവശത്ത് ഭീതിപ്പെടുത്തുന്ന മലകളും മറുവശത്ത് ചെങ്കുത്തായ കൊക്കകളും. ഇതൊന്നും പോരാഞ്ഞിട്ട് നല്ല മഞ്ഞും. എതിരെവരുന്ന വണ്ടി തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണ് പലപ്പോഴും അറിയുന്നത്. വണ്ടിയിലിരുന്ന് ചുറ്റും നിരീക്ഷിച്ചപ്പോൾ നല്ല അങ്കലാപ്പ് തോന്നി.
രാത്രി എട്ടു മണിക്ക് നേരത്തേ പറഞ്ഞുവെച്ച ഹോട്ടലിൽ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. ഹോട്ടൽ നടത്തുന്നത് ഒരു സ്ത്രീയായിരുന്നു. പിറ്റേന്ന് യാത്രചെയ്യാൻ അവർതന്നെ കാർ ഏർപ്പാട് ചെയ്തുതന്നു. രാവിലെ ആറിനുതന്നെ കാറിൽ പുറപ്പെട്ടു. തിമ്പു പട്ടണത്തിനു ചുറ്റും പച്ചപുതച്ച മലകളായിരുന്നു. അതുകൊണ്ടുതന്നെ ഏതു ദിശയിലേക്ക് നോക്കിയാലും മലകൾ കാണാം.
ഇവിടെ വാഹനങ്ങളുടെ ഹോൺ നിരോധിച്ചിട്ടുണ്ട്. അതുകൊണ്ട് സാവകാശം മാത്രമേ എല്ലാവരും വണ്ടി ഓടിക്കാറുള്ളൂ. ആദ്യ ലക്ഷ്യം നോർസിൻ ലാമിലെ ക്ലോക്ക്ടവർ ആയിരുന്നു. 15 അടി പൊക്കത്തിൽ ഒരു ചതുരത്തൂണിെൻറ മുകളിലാണ് ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. വ്യാളിദേശം എന്ന ഭൂട്ടാെൻറ പേര് അന്വർഥമാക്കുന്ന രീതിയിൽ കൊത്തുപണികൾ ചെയ്ത ഒരു വ്യാളി തൂണിെൻറ ഭംഗി കൂട്ടി. എട്ടു മണിക്ക് കാർ എത്തിയപ്പോൾ നേരെ പെർമിറ്റ് ഓഫിസിൽ ചെന്ന് പോബ്ജികയിൽ പോകാൻ പെർമിറ്റ് എടുത്തു. ആചാരങ്ങൾ സംരക്ഷിക്കാൻ അവർ എടുക്കുന്ന താൽപര്യം അതിശയപ്പെടുത്തി. സർക്കാർ ഓഫിസുകളിൽ പരമ്പരാഗതമായ വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും മാത്രമേയുള്ളൂ. സ്കൂൾ യൂനിഫോം പോലും ഈ പാരമ്പര്യ വസ്ത്ര മാതൃകയിലായിരുന്നു.
രാജഭരണത്തിെൻറ അവശേഷിപ്പുകൾ
രാജഭരണകാലം അവസാനിച്ചെങ്കിലും ജനങ്ങൾക്ക് ഇപ്പോഴും രാജാവ് ദൈവതുല്യനാണ്. എവിടെയും രാജാവിെൻറയും രാജകുടുംബങ്ങളുടെയും ചിത്രങ്ങൾ. വേറൊരു പ്രത്യേകത ഇവരുടെ വീടുകൾ കണ്ടാൽ എല്ലാം ഒരുപോലെയിരിക്കും എന്നതാണ്. കാരണം പരമ്പരാഗത രീതിയിൽ മാത്രമേ വീട് വെക്കാൻ അനുവാദമുള്ളൂ.
നാഷനൽ ഭൂട്ടാൻ ലൈബ്രറിയിലേക്കാണ് പിന്നീട് ഞാൻ പോയത്. ഭൂട്ടാൻ വാസ്തുശിൽപരീതിയിൽ പണിത രണ്ടു കെട്ടിടങ്ങളിൽ ഒന്നിൽ ഭൂട്ടാൻ പുസ്തകശേഖരവും മറ്റേതിൽ ഇംഗ്ലീഷ് ശേഖരവും ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പുസ്തകം ചില്ലുകൂട്ടിൽ സൂക്ഷിച്ചിട്ടുണ്ടിവിടെ. അവിടെ ഇരുന്ന് സഞ്ചാരികൾക്ക് പുസ്തകങ്ങൾ വായിക്കാമെന്നത് പുതിയ അനുഭവമായിരുന്നു.
അതിനുശേഷം ഭൂട്ടാനിലെ ഏറ്റവും പഴയ ബുദ്ധക്ഷേത്രമായ ചങ്കാങ്ഖ ലഖാങ് സന്ദർശിച്ചു. മൂന്നുദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ പേരിടാൻ ഇവിടെ കൊണ്ടുവരും. ക്ഷേത്രപൂജാരിയാണ് പേരിടൽ കർമം നിർവഹിക്കുന്നത്. തടിയുടെ പടുകൂറ്റൻ പ്രയർ വീൽ ആണ് ഇവിടെ അകത്ത് സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും ധാരാളം ചെറിയ പ്രയർ വീൽ ഉണ്ടായിരുന്നു. വീലിന് അകത്തും പുറത്തും മന്ത്രങ്ങൾ എഴുതിയിട്ടുണ്ട്. വീൽ കറക്കുമ്പോൾ മന്ത്രങ്ങൾ ഉച്ചരിക്കുന്ന അതേ ഫലം കിട്ടും എന്നാണ് വിശ്വാസം.
അതുകണ്ട് ഇറങ്ങിയശേഷം കൈകൊണ്ട് സാമ്പ്രാണിത്തിരി ഉണ്ടാക്കുന്ന നാഡോ പോയിസോകങ് ഫാക്ടറി സന്ദർശിച്ചു. വലിയ ചാക്കുകളിൽ കെട്ടി സുഗന്ധദ്രവ്യങ്ങൾ സൂക്ഷിച്ചിരിക്കുകയാണ് ഒരു മുറിയിൽ. അടുത്ത മുറിയിൽ ഇത് കുഴച്ച് ഇടിയപ്പം മാവിെൻറ പരുവത്തിൽ തയാറാക്കിവെച്ചിരിക്കുന്നു. ഇത് ഒരു യന്ത്രത്തിലിട്ട് ഇടിയപ്പം പിഴിയുന്നതുപോലെ പിഴിയും. പിന്നെ ഒരേ നീളത്തിൽ മുറിച്ച് ഉണക്കിയെടുക്കും. അത് ചായം തേച്ച് വീണ്ടും ഉണക്കി പാക്ക് ചെയ്ത് വിൽപനക്ക് കൊണ്ടുപോകും. മാസം 10,000 സാമ്പ്രാണിയാണ് ഈ വിധത്തിൽ ഇവിടെനിന്ന് തയാറാക്കുന്നത്.
അടുത്ത യാത്ര കൈകൊണ്ട് കടലാസ് ഉണ്ടാക്കുന്ന ഫാക്ടറിയിലേക്കായിരുന്നു. ഇക്കോ ഫ്രൻഡ്ലിയാണ് ഇവിടത്തെ കടലാസ് നിർമാണരീതി. രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കുന്നില്ല. ഒരു പ്രത്യേക ചെടിയുടെ തോലെടുത്ത് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവെക്കും. എന്നിട്ട് വലിയ പാത്രത്തിൽ ഇട്ട് പുഴുങ്ങും. പുഴുങ്ങിയശേഷം നന്നായി കഴുകി അരച്ചെടുക്കും. അതിലേക്ക് ചെമ്പരത്തി വേരിെൻറ സ്റ്റാർച്ചുകൂടി ചേർക്കും. ഇതിലേക്ക് ഒരു സ്ക്രീൻ മുക്കുമ്പോൾ നേർത്ത പാടപോലെ ഇത് പറ്റിപ്പിടിക്കും. ഇൗ പാട പതുക്കെ അടർത്തിയെടുക്കും. ഇങ്ങനെ ഒരു കെട്ട് പാട ആകുമ്പോൾ ഇത് ഞെക്കി വെള്ളം നീക്കം ചെയ്യും. ഓരോ പാടയും ചൂടുള്ള സ്ക്രീനിൽ നിരത്തി ഉണക്കി എടുക്കും. നല്ല മിനക്കേടാണ് ഇത് ഉണ്ടാക്കാൻ. അതുകൊണ്ട് നല്ല വിലയും ഉണ്ട്.
ഭൂട്ടാൻ സന്ദർശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ആവശ്യത്തിനുള്ള പണം കൈയിൽ കരുതുക എന്നത്. നമ്മുടെ എ.ടി.എം കാർഡുകൾ അവിടെ വർക് ചെയ്യില്ല. ഭൂട്ടാൻ കറൻസിക്കും ഇന്ത്യൻ രൂപക്കും ഒരേ മൂല്യമാണ്. എല്ലാ കടകളിലും ഇന്ത്യൻ രൂപ എടുക്കും. പക്ഷേ, 2000 പോലുള്ള വലിയ നോട്ട് ചിലയിടങ്ങളിൽ എടുക്കില്ല. പട്ടണങ്ങളിൽ മിക്ക ആളുകൾക്കും ഹിന്ദിയും ഇംഗ്ലീഷും വശമുണ്ട്. പോബ്ജികയിൽ മാത്രമേ എനിക്ക് ഭാഷ അറിയാത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടുള്ളൂ.
ചരിത്രം പേറുന്ന പോസ്റ്റൽ മ്യൂസിയത്തിലേക്കായിരുന്നു അവിടെനിന്നിറങ്ങിയത്. സ്റ്റാമ്പുകളുടെ മായാലോകമായിരുന്നു അത്. അത്ഭുതപ്പെടുത്തിയത് സീഡി സ്റ്റാമ്പുകളായിരുന്നു. ഓരോ കുഞ്ഞൻ സീഡിയും ഓരോ വിഷയങ്ങളെക്കുറിച്ചായിരുന്നു. ഇൗ സീഡി, സ്റ്റാമ്പ് പോലെ ഒട്ടിച്ചുവിടാം. കിട്ടുന്ന ആൾക്ക് സീഡി സ്റ്റാമ്പ് ഇട്ടു കഥ കാണാം. സംസാരിക്കുന്ന സ്റ്റാമ്പുകളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ത്രീഡി സ്റ്റാമ്പുകളും സ്വർണംപൂശിയ സ്റ്റാമ്പും എല്ലാം ഇവിടെ പ്രദർശനത്തിനു വെച്ചിട്ടുണ്ട്.
അടുത്ത ലക്ഷ്യം ഫോക് ഹെറിറ്റേജ് മ്യൂസിയം ആയിരുന്നു. ഇവിടെനിന്ന് ഭൂട്ടാനിലെ ജീവിതരീതിയെപ്പറ്റി മനസ്സിലാക്കാം. പരമ്പരാഗത വീടുകൾ മൂന്നുനില ഉള്ളതാണ്. ഏറ്റവും താഴത്തെ നില കന്നുകാലികൾക്കുള്ളതാണ്. ഒന്നാമത്തെ നില ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനും മറ്റും ആയിരുന്നു. രണ്ടാംനിലയിലാണ് കിടപ്പുമുറിയും അടുക്കളയും. തണുപ്പുകാലത്ത് അടുക്കളയിൽതന്നെയാണ് ഇവർ ഉറങ്ങുന്നത്. ഇൗ വീടിെൻറ മാതൃകയിലാണ് മ്യൂസിയം പണിതിരിക്കുന്നത്.
പിന്നീട് പോയത് സിംപ്ലി ഭൂട്ടാൻ മ്യൂസിയത്തിലേക്കാണ്. ഇവിടെ ആര (അരിയിൽനിന്നുണ്ടാക്കുന്ന വീഞ്ഞ്) തന്നു നമ്മളെ സ്വീകരിക്കും. പരമ്പരാഗത വസ്ത്രമായ കീര ധരിക്കാൻ അവസരമുണ്ട്. കൊയ്ത്തുസമയത്തുള്ള പാട്ട്, നൃത്തം എന്നിവെയാക്കെ ആസ്വദിക്കാൻ പറ്റും. നൃത്തം കാണാൻ ഇരിക്കുമ്പോൾ സുജ (വെണ്ണ ചേർത്ത് തയാറാക്കുന്ന ചായ) വിളമ്പും. അവരുടെ സംഗീതോപകരണം വായിക്കാനും അവർ സഹായിക്കും. ആർച്ചറിയിലും ഒരു കൈ പരീക്ഷിക്കാം.
അവിടെനിന്ന് ബുദ്ധപോയൻറ് ലക്ഷ്യമാക്കി യാത്ര തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധരൂപം ഇവിടെയാണ്. ഒരു കുന്നിെൻറ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മുകളിൽ എത്തിയാലും പിന്നെയും 200 പടി കയറണം. 177 അടി നീളമുള്ള, സ്വർണനിറത്തിലുള്ള പടുകൂറ്റൻ ബുദ്ധപ്രതിമ കാണാൻ. പ്രതിമ ഇരിക്കുന്നതിന് താഴെ ഒരു മുറിയുണ്ട്. ആ മുറിയിൽ, എട്ട് ഇഞ്ച് നീളമുള്ള ഒരുലക്ഷം ബുദ്ധപ്രതിമകളും പന്ത്രണ്ട് ഇഞ്ച് നീളമുള്ള 25,000 പ്രതിമകൾ വേറെയും ഉണ്ടായിരുന്നു. ശരിക്കും അതിശയിപ്പിക്കുന്ന ഒരു ശേഖരം. ഇവിടെ നിന്നാൽ തിമ്പു പട്ടണത്തിെൻറ നല്ല ഒരു വ്യൂ കിട്ടും.
വൈകുന്നേരം 5.45 ആയപ്പോൾ 'മെമ്മോറിയൽ ചോർട്ട'െൻറ (ഭൂട്ടാനിലെ മൂന്നാമത്തെ രാജാവിെൻറ ഓർമക്ക് നിർമിച്ച സ്മാരകം) അടുത്ത് എന്നെ ഇറക്കി ടാക്സിക്കാരൻ പോയി. ബുദ്ധമനസ്സിനെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. മനോഹരമായ പൂന്തോട്ടംകൊണ്ട് അലങ്കരിച്ചിരിക്കുന്ന ചോർട്ടനെ കാണാൻ പ്രത്യേക അഴകായിരുന്നൂ. നൂറോളം ബട്ടർ ലാമ്പ് കത്തിക്കൊണ്ടിരുന്നു. നമ്മുടെ അമ്പലങ്ങളിൽ എണ്ണവിളക്ക് കത്തിക്കുന്ന പോലെ ഇവർ വെണ്ണകൊണ്ട് വിളക്ക് കത്തിക്കുന്നു. അവിടെനിന്ന് ഇറങ്ങി അടുത്ത പാർക്കിൽ സ്ഥാപിച്ചിരുന്ന 45 അടി പൊക്കമുള്ള വാക്കിങ് ബുദ്ധയുടെ പ്രതിമ കാണാൻ പോയി. അഞ്ച് ഏക്കർ പാർക്കിനു നടുവിലാണ് ഈ ബുദ്ധൻ. ആദ്യമായാണ് നടക്കാൻ ഭാവിച്ച് കാൽ മുന്നോട്ട് എടുത്തുനിൽക്കുന്ന ബുദ്ധനെ കാണുന്നത്. അൽപനേരം അവിടെ ചുറ്റിക്കറങ്ങിയിട്ട് ഞാൻ തിരികെ റൂമിലെത്തി ഉറങ്ങി.
അടുത്ത ദിവസം തിമ്പുവിലെ താമസസ്ഥലത്തുനിന്ന് രാവിലെ ആറിന് ഇറങ്ങി ഒന്നര കിലോമീറ്റർ അകലെയുള്ള ബസ്സ്റ്റാൻഡിലേക്ക് നടന്നു. പോകുന്ന വഴിക്ക് നഗരഹൃദയത്തിലൂടെ പാഞ്ഞൊഴുകുന്ന വാങ്ചൂ നദി കാണാം. ഭൂട്ടാനിലെ മിക്ക നഗരങ്ങളും നദിക്കരയിലാണ് പടുത്തുയർത്തിയിരിക്കുന്നത്.
നദിക്കരയിൽതന്നെയുള്ള തിമ്പു സ്റ്റാൻഡിൽ എത്തി. കുൽത്താങ്ങിലേക്കുള്ള ബസ് കിട്ടി. കുൽത്താങ്ങിൽനിന്ന് വളരെ അടുത്താണ് പുനാഖ. ബസിനെക്കാൾ അഞ്ചോ ആറോ മടങ്ങ് അധികമാണ് ഷെയർ ടാക്സി ചാർജ്. പക്ഷേ, ബസ് വളരെ വിരളമായി മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് ഭൂരിഭാഗം യാത്രക്കാരും ഷെയർ ടാക്സിയെ ആണ് ആശ്രയിക്കുന്നത്.
ഭൂട്ടാെൻറ 65 ശതമാനത്തിലേറെ കാടാണ്. അതുകൊണ്ടുതന്നെ ലോകത്തിലെതന്നെ കാർബൺ നെഗറ്റിവ് രാജ്യമാണ് ഭൂട്ടാൻ. എവിടെയും ശുദ്ധവായുവും വെള്ളവും വെളിച്ചവും യഥേഷ്ടം ലഭ്യം. ഭൂട്ടാെൻറ പച്ചപ്പ് അടുത്തറിയാൻ പറ്റിയ ഒരു യാത്രയാണ് തിമ്പു മുതൽ പുനാഖ വരെയുള്ളത്. പൈൻ മരങ്ങൾ തിങ്ങിനിൽക്കുന്ന മലഞ്ചരിവുകളും കോടമഞ്ഞ് മൂടിയ മലകളുമെല്ലാം മനസ്സിന് സുഖംപകരുന്ന കാഴ്ചകളായിരുന്നു. ഇടക്ക് വെള്ളപ്പൊട്ട് കുത്തിയപോലെ വീടുകൾ പ്രത്യക്ഷമാകും. തട്ടുതട്ടായി കൃഷിചെയ്യുന്ന നെൽപാടങ്ങൾ.
പാചൂ എന്നും മാചൂ എന്നും വിളിപ്പേരുള്ള രണ്ടു നദികളുടെ സംഗമത്തിലാണ് ഭൂട്ടാനിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ കൊട്ടാരമായ പുനാഖ സോങ് പണിതുയർത്തിയിരിക്കുന്നത്. ഒരു തടിപ്പാലം കടന്നുവേണം ഉള്ളിൽ പ്രവേശിക്കാൻ. ഒരു ഭാഗത്ത് സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നു. വേറൊരു ഭാഗത്ത് ബുദ്ധസന്യാസികൾ താമസിക്കുന്നു. കൊട്ടാരം നമുക്ക് നടന്നു കാണാം. വലിയ നടുത്തളവും പടുകൂറ്റൻ ആൽമരവും ആറു നിലയുള്ള കെട്ടിടവും ഭിത്തിയിലുള്ള ചുവർചിത്രങ്ങളുമെല്ലാം നല്ല കാഴ്ചകളായിരുന്നു.
ഏതൊരു നാടിെൻറയും നേർക്കാഴ്ച കാണണമെങ്കിൽ അവരുടെ ഗ്രാമങ്ങളിൽതന്നെ സമയം െചലവിടണം. അങ്ങനെയാണ് ഭൂട്ടാൻ സന്ദർശനവേളയിൽ 'പോബ്ജിക'യിൽ പോകാൻ തീരുമാനിക്കുന്നത്. പുനാഖയിൽനിന്ന് 65 കിലോമീറ്റർ ദൂരമേയുള്ളൂവെങ്കിലും ഏകദേശം മൂന്നര മണിക്കൂർ യാത്ര ചെയ്തെങ്കിൽ മാത്രമേ ഈ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ പറ്റൂ. പുനാഖയിൽനിന്ന് വാങ്ടു വരെ ഷെയർ ടാക്സി ഒപ്പിച്ച് എത്തി. വാങ്ടുവിൽനിന്ന് പോബ്ജിക വരെ പോകാൻ ടാക്സി തന്നെ പിടിക്കേണ്ടിവന്നു.
വിജനമായ, മനോഹരമായ വീതികുറഞ്ഞ റോഡുകൾ. മനോഹരമായ ഒരു നദി വശത്തുകൂടി ഒഴുകുന്നു. അതിനും അപ്പുറത്ത് കാടുപിടിച്ച മലനിരകൾ. വളരെ വിരളമായി മാത്രം ഭൂട്ടാൻ വാസ്തുവിദ്യ പ്രകാരം നിർമിച്ച മനോഹര ഭവനങ്ങൾ. വാങ്ടുവിൽനിന്ന് രണ്ടര മണിക്കൂർ യാത്ര ചെയ്ത് പോബ്ജിക എത്തിയപ്പോൾ സമയം വൈകീട്ട് ആറായി. ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് ഞാൻ ഇതുവരെ താമസിച്ചിട്ടില്ല. തടി പാകിയ നിലവും കൊത്തുപണികൾ ചെയ്തിട്ടുള്ള നീണ്ട ജനലുകളും മച്ചും. ഫ്രഷായി തിരികെ എത്തിയപ്പോൾ ടാക്സി ഡ്രൈവർ അടുക്കളയിൽ ഇരുന്നു ചായ കുടിക്കുന്നതു കണ്ടപ്പോൾ ആശ്ചര്യം തോന്നി. ഭൂട്ടാനികളുടെ ആതിഥ്യമര്യാദ എടുത്തുപറയേണ്ടതുതന്നെ.
രാത്രിയിലെ കൊടുംതണുപ്പ് വല്ലാതെ ബുദ്ധിമുട്ടിച്ചെങ്കിലും എങ്ങനെയോ ഉറങ്ങി. രാവിലെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ മനോഹരമായ കാഴ്ചയായിരുന്നു. കണ്ണെത്താദൂരത്തോളം പച്ചപുതച്ചുകിടക്കുന്ന പ്രകൃതി, ദൂരെ മഞ്ഞുമൂടിയ മലനിരകൾ, അങ്ങിങ്ങായി വീടുകൾ. ഞാൻ പുറത്തേക്ക് ഇറങ്ങാൻ തയാറായപ്പോൾ ഹോം സ്റ്റേ ഉടമയുടെ ഭാര്യ 'സുജ'യുമായി എത്തി. തേയില വെള്ളത്തിൽ തിളപ്പിച്ച് വെണ്ണ ചേർത്ത് കടഞ്ഞെടുക്കുന്ന അടിപൊളി ഭൂട്ടാനീസ് ബട്ടർ ടീ ആണ് സുജ. അതും കുടിച്ച് പുറത്തേക്കിറങ്ങി.
ഒറ്റക്ക് അലഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് തിരിെച്ചത്തിയപ്പോൾ, ഹോം സ്റ്റേ ഉടമയുടെ മകൻ നിമാസ് എന്നെയും കൂട്ടി നേരത്തേ തീരുമാനിച്ചപ്രകാരം അടുത്തുള്ള സ്കൂളിൽ പോയി. പ്രിൻസിപ്പലിനെ കണ്ട് സ്കൂൾ സന്ദർശിക്കാൻ വന്നതാെണന്ന് അറിയിച്ചപ്പോൾ രണ്ടുകൈയും നീട്ടി അവരെന്നെ സ്വീകരിച്ചു. കുട്ടികൾക്ക് നൽകാൻ നാട്ടിൽനിന്ന് കൊണ്ടുപോയ പേന ഓരോ ക്ലാസിലും കയറിയിറങ്ങി ഞങ്ങൾ വിതരണം ചെയ്തു. കാര്യങ്ങളൊക്കെ മനസ്സിലാക്കി നിൽക്കുമ്പോഴാണ് പ്രിൻസിപ്പൽ എന്നെ അഞ്ചാം ക്ലാസിൽ കൊണ്ടുപോയി പരിചയപ്പെടുത്തിയശേഷം, കുട്ടികളോട് അടുത്ത ക്ലാസ് ഞാൻ എടുക്കും എന്നുപറഞ്ഞത്. അത് അപ്രതീക്ഷിതമായി വന്ന ഇരുട്ടടിതന്നെയായിരുന്നു. പിന്നീട് ഒരു മണിക്കൂർ പാവം കുട്ടികൾ എന്നെ സഹിച്ചു. അവർക്ക് നമ്മുടെ നാടിനെയും സംസ്കാരത്തെയുമെല്ലാം പരിചയപ്പെടുത്തി. കൃത്യം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിനു പുറത്ത് ഒളിച്ചുനിന്ന് ക്ലാസ് കേട്ട പ്രിൻസിപ്പൽ പ്രത്യക്ഷപ്പെട്ടു. കുട്ടികൾ ചോദ്യം ചോദിച്ച് എന്നെ വലച്ചതിലും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചതിലും പുള്ളിക്ക് വളരെ സന്തോഷം തോന്നി. 12 മണിയോടെ തിരിച്ച് നിമാസിെൻറ വീട്ടിലെത്തി.
പിന്നീട് കാറിൽ നിമാസിെൻറ അപ്പൂപ്പെൻറ വീട്ടിലേക്ക് പോയി. അവിടെനിന്ന് രണ്ടു കിലോമീറ്റർ ദൂരെയുള്ള നിമാസിെൻറ അപ്പൂപ്പെൻറ വീട്ടിലായിരുന്നു ഉച്ചയൂൺ ഒരുക്കിയത്. കാരണം നിമാസിെൻറ അമ്മയും ബന്ധുക്കളും അതിെൻറ ചുറ്റുമുള്ള ഉരുളക്കിഴങ്ങ് കൃഷിയിടത്തിലായിരുന്നു അന്ന് ജോലി ചെയ്തിരുന്നത്. പോബ്ജികയിൽ എല്ലാവരും കൂട്ടമായാണ് പണി ചെയ്യുന്നത്. ഇന്ന് ഒരാളുടെ കൃഷിയിടത്തിൽ ചെയ്താൽ, അടുത്ത ദിവസം അടുത്ത ആളുടെ കൃഷിയിടത്തിൽ ആകും ജോലി ചെയ്യുക. പുറത്തുനിന്ന് ആരെയും പണിക്കു വെക്കില്ല.
നിമാസിെൻറ 95 വയസ്സുള്ള അപ്പൂപ്പൻ രണ്ടു കൈയും നീട്ടി എന്നെ സ്വീകരിച്ചു. അടുക്കളയിൽ എല്ലാവരും വട്ടംകൂടി നിലത്തിരുന്നു ഭക്ഷണം കഴിച്ചു. സ്ത്രീകളും പുരുഷന്മാരെപ്പോലെ എല്ലാ കഠിനമായ ജോലിയിലും ഏർപ്പെടുന്നു. കുടുംബവിഹിതത്തിൽ പങ്ക് സ്ത്രീകൾക്കു മാത്രമേ ഉള്ളൂ എന്നത് വേറൊരു പ്രത്യേകത. സ്ത്രീകൾക്ക് മുടി സൂക്ഷിക്കാൻപോലും സമയമില്ലാത്തതുകൊണ്ട് എല്ലാവരും മുടി പറ്റെ വെട്ടിക്കുന്നു. ഗ്രാമത്തിൽ ബാർബർഷോപ് ഇല്ല. അങ്ങോട്ടും ഇങ്ങോട്ടും അവർ മുടി വെട്ടി സഹകരിക്കുന്നു. ഞാൻ പതുക്കെ തിരിച്ചുനടക്കാൻ തീരുമാനിച്ചു. വഴി ഏകദേശം പിടിത്തമുണ്ടായിരുന്നു. ഞാൻ അങ്ങനെ പ്രകൃതിഭംഗി നുകർന്ന് മെല്ലെ നടന്നു.
തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും നിമാസ് കാറുമായി എത്തി. ഞങ്ങൾ അവിടെ അടുത്തുള്ള ഗംഗ്ടെയ്ഗോംബ എന്ന ബുദ്ധമൊണാസ്ട്രി സന്ദർശിച്ചു. വളരെ ഉയരത്തിലുള്ള ഒരു സ്ഥലത്ത് പണിതതുകൊണ്ടുതന്നെ അവിടെ നിന്നാൽ മൊത്തം താഴ്വര കാണാൻ പറ്റും. പിറ്റേന്ന് രാവിലെ ഏഴു മണിക്ക്, പോബ്ജികയിൽനിന്ന് വെള്ളിയാഴ്ച മാത്രം തിമ്പുവിലേക്ക് പുറപ്പെടുന്ന ബസിൽ തിമ്പുവിലേക്ക് തിരികെ യാത്രയായി. തിമ്പുവിലെത്തിയപ്പോൾ ഉച്ചക്ക് രണ്ടു മണിയായി. അവിടെനിന്ന് ഒരു ഷെയർ ടാക്സിയിൽ പാരോ പട്ടണത്തിൽ വൈകീട്ട് ആറോടെ എത്തി.
പിറ്റേന്ന് പ്രസിദ്ധമായ ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി (തക്ഷങ്) സന്ദർശിക്കാനാണ് പോയത്. കിഴുക്കാംതൂക്കായി സ്ഥിതിചെയ്യുന്ന മലയുടെ ചരിവിൽ, തലയെടുപ്പോടുകൂടി ഈ ബുദ്ധമന്ദിരം സ്ഥിതിചെയ്യുന്നു. ഭൂട്ടാനിലേക്ക് സോളോ യാത്ര പ്ലാൻ ചെയ്തപ്പോൾതന്നെ ടൈഗേഴ്സ് നെസ്റ്റ് കൂടി ഉൾപ്പെടുത്തിയെങ്കിലും, ഒറ്റക്ക് രണ്ടു മൂന്നു മണിക്കൂർ ട്രക്കിങ് നടത്തി ഇവിടെ എത്താൻ പറ്റുമോ എന്ന് മനസ്സിൽ ഒരു ഭയം ഉണ്ടായിരുന്നു.
ഏതായാലും സധൈര്യം പാരോ പട്ടണത്തിൽ എത്തി. അവിടെനിന്ന് 12 കിലോമീറ്റർ ദൂരെയുള്ള അടിവാരത്തിൽ രാവിലെ ഏഴു മണിക്ക് എത്തി. 7.30ന് ടിക്കറ്റ് കൗണ്ടർ തുറന്നപ്പോൾ ടിക്കറ്റും വാങ്ങി ട്രക്കിങ് ആരംഭിച്ചു. അത്യാവശ്യം കുത്തനെയുള്ള പല കയറ്റങ്ങൾ കയറി വേണം ലക്ഷ്യസ്ഥാനത്ത് എത്താൻ. അതിരാവിലെ പുറപ്പെട്ടതുകൊണ്ട് വഴിയിൽ ഒറ്റ മനുഷ്യരില്ലായിരുന്നു. ലക്ഷ്യസ്ഥാനം മാത്രം മനസ്സിൽ കണ്ട് ധൈര്യപൂർവം ഞാൻ മുന്നോട്ടുപോയി. ചുറ്റുമുള്ള ഹരിതാഭദൃശ്യങ്ങൾ മനസ്സിന് കുളിരു പകർന്നു. 10.30നു മുകളിൽ എത്തിയപ്പോൾ, ഒറ്റക്ക് നേടിയെടുത്തതിന് അഭിമാനവും പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷവും തോന്നി. കുറച്ചു നേരം മൊണാസ്ട്രിയുടെ കഥകളും ചരിത്രവും ഒക്കെ കേട്ടിട്ട് 11.30 ആയപ്പോൾ യാത്ര തിരിച്ചു.
അന്ന് അത്യാവശ്യം കാലുവേദനയൊക്കെ ഉള്ളതുകൊണ്ട് താമസസ്ഥലത്തുതന്നെ വിശ്രമിച്ചു. അതിരാവിലെ പാരോവിൽ നിന്ന് പുറപ്പെട്ടു. ഹസിമറയിൽനിന്ന് കൊൽക്കത്തക്ക് മൂന്നു മണിക്കുള്ള ട്രെയിൻ പിടിച്ചതോടെ രാവിലെ ഒമ്പതിന് എത്തി. യാത്രകളുടെ വിശാല ലോകം തുറന്നുതന്ന യാത്രയായിരുന്നു ഭൂട്ടാൻ സന്ദർശനം. കൂട്ടില്ലാതെ യാത്ര ബോറാകും എന്ന എെൻറ ധാരണയെ പാടെ മാറ്റിയ യാത്ര. ഒറ്റക്ക് കൂടുതൽ യാത്രകൾ ചെയ്യാനുള്ള ധൈര്യവും മനക്കരുത്തും സമ്മാനിച്ച യാത്ര. അങ്ങനെ ഒത്തിരി ഒത്തിരി വിശേഷണങ്ങളുള്ള, ഞാൻ എെൻറ നെഞ്ചോടുചേർത്തുവെക്കുന്ന, എെൻറ ഏറ്റവും പ്രിയപ്പെട്ട യാത്ര.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.