പെണ്മക്കൾ ഒരു വീട്ടിൽ നിറക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനുണ്ടോ? വളർന്നുവരുന്ന ഓരോ ഘട്ടത്തിലും മാതാപിതാക്കൾ കാണുന്ന സ്വപ്നങ്ങളിൽ അവരങ്ങനെ മാലാഖമാരായി ഉയർന്നുപറക്കും. എന്നാൽ, കുഞ്ഞിളംപ്രായത്തിൽ രണ്ടു പെൺകുട്ടികളെ നഷ്ടപ്പെട്ട ഒരു കുടുംബമുണ്ട് ഇവിടെ പാലക്കാട്. കേരളത്തിെൻറ നൊമ്പരമായി മാറിയ വാളയാർ കുടുംബത്തിൽ. കുഞ്ഞുമക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാനായി രാപ്പകൽ ജോലിയെടുത്ത് കുടുംബം പോറ്റിയ ദരിദ്രദമ്പതികൾ. അവർക്ക് ദിവസങ്ങളുടെ ഇടവേളയിലാണ് രണ്ടു മക്കളെ നഷ്ടമായത്, മാനവരാശിയുടെതന്നെ ശത്രുക്കളായ പ്രതികളാൽ. അന്നീ കൂരയിൽ വീണ കണ്ണീരിന്നുമുണങ്ങിയിട്ടില്ല, വർഷം അഞ്ചു കഴിഞ്ഞിട്ടും. നീതിരഹിതമായ കാലത്തിെൻറ ഓർമപ്പെടുത്തൽപോലെ... സമൃദ്ധിയുടെ കാലം വിളിച്ചറിയിച്ച് ഇക്കുറിയും വിഷു വിരുന്നെത്തുേമ്പാൾ വാളയാർ അട്ടപ്പള്ളത്തെ ഈ വീട്ടിൽ കണ്ണീരോർമയായ രണ്ടു കുരുന്നുകളുടെ നേർത്ത കരച്ചിൽ കേൾക്കാം. 13 വയസ്സുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് കേസിലെ പ്രതികളെ വെറുതെ വിട്ടതോടെ നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടി വരുകയായിരുന്നു ഈ കുടുംബത്തിന്.
മക്കളില്ലാതെ അഞ്ചാം വിഷു
ഞങ്ങളുടെ വിഷുവില്ലാതായിട്ട് വർഷം അഞ്ചുകഴിഞ്ഞു. ആഘോഷത്തിെൻറ ദിവസമാണെങ്കിലും നല്ല വസ്ത്രമെടുക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ സാമ്പത്തികസ്ഥിതി പണ്ടേ അനുവദിച്ചിരുന്നില്ല. സ്വന്തം മക്കൾക്ക് നീതിക്കുവേണ്ടി തെരുവിലൂടെ അലയാൻ ഒരച്ഛനുമമ്മക്കും ഈ ഗതി വരരുതേയെന്നാണ് ഈ അമ്മ പറയുന്നത്.
അന്ന്, മക്കൾ കൂടെനിന്ന് പഠനം തുടങ്ങി ഒന്നര വർഷം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ. ഗുരുവായൂരിലെ ഒരു മഠത്തിെൻറ ഹോസ്റ്റലിലായിരുന്നു രണ്ടു പെൺകുട്ടികളും താമസിച്ച് പഠിച്ചിരുന്നത്. മൂത്തയാളിനെ ഒന്നാം ക്ലാസിലും ചെറിയ കുട്ടിയെ എൽ.കെ.ജിയിലുമാണ് ചേർത്തത്.
13ാം വയസ്സിൽ അച്ഛൻ തളർവാതം പിടിച്ച് കിടപ്പിലായതോടെയാണ് എെൻറ ഹോസ്റ്റൽ ജീവിതമാരംഭിക്കുന്നത്. അമ്മ ഹോട്ടലിൽ പാത്രം കഴുകാൻ പോകും. അവിടെനിന്ന് ലഭിക്കുന്ന ഭക്ഷണംകൊണ്ടാണ് ജീവിതം കഴിഞ്ഞിരുന്നത്. കുടുംബത്തിെൻറ ദുരവസ്ഥ കണ്ട, അച്ഛന് സുഖമില്ലാത്തതിനാൽ പ്രാർഥിക്കാൻ വീട്ടിൽ വന്ന ഗുരുവായൂരിലെ അമ്മമാരാണ് തന്നെ കൂട്ടിക്കൊണ്ടുപോയത്. 10 വർഷത്തോളം അവിടെ കഴിഞ്ഞു. അച്ഛന് തീരെ വയ്യാതായപ്പോഴാണ് പാലക്കാടേക്ക് മടങ്ങിയത്. 13 വയസ്സു മുതൽ 22 വയസ്സുവരെ ഹോസ്റ്റലിൽ ജീവിച്ച പരിചയത്തിലാണ് അന്ന് മക്കളെ ഹോസ്റ്റലിൽ പഠിക്കാൻ വിട്ടത്.
ആദ്യ വിവാഹത്തിലുള്ളതാണ് മൂത്തമോൾ. അവളെ എട്ടു മാസം ഗർഭിണിയായിരിക്കുേമ്പാഴാണ് കൂടെ ജോലി ചെയ്തിരുന്നയാളെ സ്നേഹിച്ച് വിവാഹം ചെയ്തത്. ആ വിവാഹത്തിലുള്ളതാണ് രണ്ടാമത്തെ മോളും ചെറിയ മോനും. ക്രിസ്മസ്, ഓണം ഉൾപ്പെടെയുള്ള അവധികൾക്കാണ് മക്കൾ വീട്ടിൽ വരുക. ആഘോഷങ്ങളില്ലായിരുന്നെങ്കിലും അവധി കഴിഞ്ഞ് തിരിച്ചുകൊണ്ടുവിടും. മൂത്ത മോൾ 11ാം വയസ്സിൽ വയസ്സറിയിച്ചതോടെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.
ഭീഷണിപ്പെടുത്തി, പീഡനം തുടർന്നു
മക്കൾ വീട്ടിലെത്തിയശേഷം ഭർത്താവിന് പെട്ടെന്ന് സുഖമില്ലാതായതോടെ ഞാനൊറ്റക്കാണ് ജോലിക്ക് പോയിരുന്നത്. ആ സമയത്താണ് സുഖവിവരമന്വേഷിക്കാനെന്ന തരത്തിൽ അടുത്ത ബന്ധുകൂടിയായ പ്രതികളിലൊരാൾ വീട്ടിലേക്ക് വരാൻ തുടങ്ങിയത്. അന്നൊരിക്കൽ, പുറത്തേക്ക് പോകുന്നെന്ന് പറഞ്ഞ് പിറകിലെ പണിതീരാത്ത വീട്ടിലേക്കാണ് ഇയാൾ പോയത്. അവിടെ വെച്ച് മൂത്തമോളെ, മറ്റുള്ളവരെ കൊല്ലുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
സുഖമില്ലാതെ കിടന്നിരുന്ന അച്ഛൻ ഒരുദിവസം ഷെഡിൽനിന്ന് പ്രതി ഇറങ്ങിപ്പോകുന്നത് കണ്ടതോടെയാണ് വിവരമറിഞ്ഞത്. ഇതറിഞ്ഞ് ചോദിക്കാൻ ചെന്നപ്പോൾ സഹോദരിമാരുടെ ഭാവി ആലോചിച്ച് കേസ് കൊടുക്കരുതെന്നും അവൻ അങ്ങോട്ടുവരാതെ നോക്കാമെന്നും പ്രതിയുടെ അമ്മ പറഞ്ഞതോടെ കേസിന് നിന്നില്ല. എന്നാൽ, തങ്ങളറിയാതെ പീഡനം തുടരുകയായിരുന്നു -അമ്മയുടെ വാക്കുകൾ ഇടറി.
മരണദിവസം ഞങ്ങൾ രണ്ടുപേരും വാർക്കപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇളയമകൾ ആടിനെ അഴിച്ച് മടങ്ങിവരുേമ്പാൾ രണ്ടുപേർ ഇറങ്ങിപ്പോകുന്നതാണ് കണ്ടത്. വീട്ടിലെത്തിയപ്പോൾ ചേച്ചിയെ തൂങ്ങിയനിലയിൽ കണ്ടു. എന്നാൽ, അവർ ആരാണെന്നോ എന്താണെന്നോ പുറത്തുപറയാതിരുന്നിട്ടും അവളെയും ഒന്നര മാസത്തിനുശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 'മൂത്ത മകൾ മരിച്ച് 41 ദിവസം ഞങ്ങൾ പണിക്കുപോയില്ല.
ഈ ദിവസങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അവർ തന്നില്ല. മൂത്തമോൾ മരിച്ചപ്പോൾ നേരത്തെകണ്ട കാര്യങ്ങൾ പൊലീസിനോട് പറഞ്ഞു. ബന്ധുവായ പ്രതിയെ അന്ന് അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകൾക്കകം ജാമ്യത്തിലിറങ്ങി.'
തലമുണ്ഡന സമരം
'തെരഞ്ഞെടുപ്പ് വരുേമ്പാൾ വോട്ട് ചെയ്യുമെന്നല്ലാതെ ഞങ്ങൾക്ക് രാഷ്ട്രീയമില്ല. കൊടി പിടിക്കാനോ മറ്റോ പോയിട്ടില്ല, ജീവിക്കാനുള്ള പെടാപ്പാടിനുള്ളിൽ അതിനുള്ള സമയവുമില്ലായിരുന്നു'. വാളയാർ കേസ് അട്ടിമറിച്ചെന്ന് നീതി സമരസമിതി ആരോപിക്കുന്ന ഡിവൈ.എസ്.പി സോജൻ, എസ്.ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് തല മുണ്ഡനംചെയ്തതും മക്കൾക്കുണ്ടായ ദുരിതം നാടുമുഴുവൻ അറിയിക്കാൻ തീരുമാനിക്കുന്നതും.
തുടർന്ന് മാർച്ച് ഒമ്പതിന് കാസർകോട്ടുനിന്ന് ആരംഭിച്ച നീതിയാത്ര തെരെഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തൃശൂരിൽ അവസാനിപ്പിച്ച് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 'രണ്ടാമത്തെ കുട്ടിയും മരിച്ചശേഷം വീടിെൻറ അവസ്ഥ മോശമായതിനാലും സുരക്ഷ കരുതിയും മകനെ ശിശുക്ഷേമ സമിതിയിലാക്കിയിരുന്നു. എന്നാൽ, 15 ദിവസത്തിനുശേഷം ഹോസ്റ്റലിൽ പുലർച്ച നാലിന് രണ്ടുപേർ മകനെ അന്വേഷിച്ചെത്തി. ഇങ്ങനെ ദ്രോഹിക്കാൻ മാത്രം ഞങ്ങൾ എന്തുതെറ്റാണ് ചെയ്തത്... നിസ്സഹായയായ ഈ അമ്മ ചോദിക്കുന്നത് കേരളത്തോടാണ്.
''തെളിവുകളുണ്ടായിട്ടും 2019 ഒക്ടോബർ 25ന് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. തുടർന്ന് പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തിറങ്ങി. സമുദായ നേതാവിനൊപ്പം മുഖ്യമന്ത്രിയെ ചെന്നുകണ്ടു. കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകി. അന്വേഷണം അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും വാക്ക് നൽകി. എന്നാൽ, ഞങ്ങൾ പറ്റിക്കപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയതോടെ ഇത് വ്യക്തമായി. വായിക്കാനറിയാത്തതിനാലാണ് ഞങ്ങളെ ചൂഷണംചെയ്തത്. അതിനാലാണ് പ്രതികൾക്കൊപ്പം കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെയും ശിക്ഷിക്കണമെന്ന് ആവശ്യമുന്നയിക്കുന്നത്. ●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.