അനിതയും മകൻ ഏവനും. ചി​​​ത്ര​​​ങ്ങ​​​ൾ: പി.​​​അ​​​ഭി​​​ജി​​​ത്ത്

'അവൻ എന്നെ 'അമ്മാ' എന്നു വിളിച്ച സുന്ദര നിമിഷം ഓർത്ത് എന്‍റെ കണ്ണുനിറയാറുണ്ട്', കരുത്തും പോരാട്ടവുമാണീ അമ്മയുടെ വിജയം...

''ആള്‍ക്കൂട്ടത്തിനു മുന്നില്‍വെച്ച് ഏവൻ പെട്ടെന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ചുറ്റും കൂടിയ ആളുകളുടെ മുഖത്ത് പല ഭാവങ്ങള്‍. ചിലര്‍ പുഞ്ചിരിക്കുന്നുണ്ട്. വേറെ ചിലര്‍ വാത്സല്യത്തോടെ നോക്കിനില്‍ക്കുന്നു. കുറച്ചുപേരുടെയെങ്കിലും നെറ്റി ചുളിഞ്ഞു. ഞങ്ങള്‍ രണ്ടാളും അതൊന്നും ശ്രദ്ധിക്കാതെ കൂളായി അവിടെ നിന്നു. അൽപം കഴിഞ്ഞു അവന്‍ നോര്‍മലായി. വീണ്ടും ഞങ്ങള്‍ ഷോപ്പിങ് തുടര്‍ന്നു...ഡോക്ടര്‍മാര്‍ നിർദേശിച്ച 18 മണിക്കൂര്‍ ഉറക്കത്തില്‍നിന്ന് ഞാന്‍ എന്റെ മകനെ വിളിച്ചുണര്‍ത്തിയത് വീട്ടില്‍ തളച്ചിടാനോ മുറിയില്‍ പൂട്ടിയിടാനോ അല്ല. അവനുകൂടി വേണ്ടി ഒരുക്കിയിട്ടുള്ള ഈ ഭൂമിയിലെ മനോഹര കാഴ്ചകള്‍ കാണിക്കാനാണ്.''

പരിമിതികളോടും പ്രതികൂല സാഹചര്യങ്ങളോടും പടവെട്ടി ചിലര്‍ രചിക്കുന്ന ജീവിതത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ടാകും. അതൊരു സിനിമ പോലെ നാടകീയത നിറഞ്ഞതുകൂടിയാകുമ്പോഴോ... ഓട്ടിസം ബാധിച്ച മകന്റെ കുഞ്ഞിക്കൈകളും കാലുകളും ചേര്‍ത്തുപിടിച്ച് ഒരമ്മ ഓടിയ ഓട്ടം പ്രതിസന്ധിയില്‍ സ്വയം ഉത്തേജിപ്പിക്കാനും സ്വന്തം ഇഷ്ടങ്ങളിൽ ജീവിക്കാനും കൂടിയാണെന്നു പറയുമ്പോള്‍, ദൈവത്തിന്റെ പരീക്ഷണങ്ങളില്‍ ആയുധം താഴെവെച്ച് അടിയറവു പറഞ്ഞവരേ, പുതിയ ലക്ഷ്യങ്ങള്‍ മനസ്സില്‍ കുറിക്കാന്‍ നിങ്ങള്‍ ഒരുങ്ങിക്കോളൂ...

ഏവനും അമ്മ അനിതയും

മൂണ്‍ഗോഡസ് കോട്ട്യൂര്‍

2018 മുതല്‍ കേരളത്തിലും വിദേശത്തുമായി വസ്ത്രവിസ്മയം തീര്‍ക്കുന്ന കൊച്ചിയിലെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരാണ് 'മൂണ്‍ഗോഡസ് കോട്ട്യൂര്‍' (എം.ജി). അതിസുന്ദരിയായ ഗ്രീക് ദേവതയെന്നാണ് ആ പേരിനർഥം. ഇന്‍സ്റ്റഗ്രാം ബുട്ടീക്കുകളില്‍ കേരളത്തില്‍ ആദ്യമായി മില്യണ്‍ നേട്ടം കൈവരിച്ച മൂണ്‍ഗോഡസിന്റെ സ്ഥാപകയും ഡിസൈനറുമാണ് കെ.എ. അനിതയെന്ന ഈ ചെറുപ്പക്കാരി. സോഷ്യല്‍ മീഡിയ റീല്‍സിലൂടെ വസ്ത്ര ഡിസൈനുകൾക്ക് പ്രചാരം കൊടുത്ത് ഇവരുണ്ടാക്കിയ ട്രെന്‍ഡ് ഇന്ന് ഫാഷന്‍ രംഗത്ത് തരംഗം സൃഷ്ടിക്കുകയാണ്. 600ഓളം ബ്രൈഡുകളുടെ സ്വപ്നസാക്ഷാത്കാരത്തിന് പുടവ നെയ്ത എം.ജിയുടെ വിജയത്തിനു പിന്നിൽ പക്ഷേ പലർക്കുമറിയാത്ത ഒരു അമ്മയുടെ പോരാട്ടത്തിന്‍റെ കഥയുണ്ട്...

സൂപ്പര്‍ മോമിന്റെ വണ്ടര്‍ കിഡ്

ഓട്ടിസം ബാധിച്ച മകന്‍ ഏവന്‍ ജോണ്‍ പോളിന്റെ ചികിത്സക്കായാണ് അനിതയും ഭര്‍ത്താവ് അഖിലും ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരുന്നത്. ജീവിതത്തിലേറ്റ തിരിച്ചടികളിൽനിന്നും പരാജയങ്ങളിൽനിന്നും കരകയറാനുള്ള ശ്രമത്തിനിടയില്‍ മകന്റെ രോഗാവസ്ഥ ഇരുവര്‍ക്കും മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി മാറിയ ഘട്ടം. പക്ഷേ, വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കാന്‍ ആ അമ്മ ഒരുക്കമല്ലായിരുന്നു. ഏറ്റവും മികച്ച ചികിത്സയും കരുതലും മകന് നല്‍കുമെന്ന ഉറച്ച തീരുമാനമായിരുന്നു ഉള്ളിലപ്പോൾ.

''ഒന്നേകാല്‍ വയസ്സിലാണ് മോന് ഓട്ടിസം സ്ഥിരീകരിക്കുന്നത്. തലച്ചോറിന്റെ വലതുഭാഗം പ്രവര്‍ത്തനക്ഷമമായിരുന്നില്ല. ആ സമയത്ത് കുഞ്ഞാണെങ്കില്‍ വളരെ വയലന്റുമായിരുന്നു. രണ്ടു മണിക്കൂർ മാത്രമാണ് ഉറക്കം. അവന്റെ ശരീരവും എന്റെ ശരീരവും കടിച്ചുപറിക്കുന്ന സ്ഥിതി.

ബംഗളൂരു നിംഹാന്‍സിലെ ചികിത്സയില്‍ സെഡേഷന്‍ കൊടുത്ത് 18 മണിക്കൂര്‍ വരെ നീളുന്ന ഉറക്കം മാത്രമായിരുന്നു പ്രതിവിധി. അതൊരു വല്ലാത്ത, സങ്കടകരമായ അവസ്ഥയായിരുന്നു. ഉറങ്ങുന്ന അവന്റെ കുഞ്ഞുകാലുകള്‍ അനക്കി, കവിളില്‍ തലോടി എന്റെ മകന്‍ ഇങ്ങനെ ഉറങ്ങേണ്ടവനല്ലെന്ന് ആയിരം വട്ടം ഞാൻ മനസ്സില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

ആ ഉറച്ച തീരുമാനത്തിലാണ് അങ്കമാലി ജീവധാരയിലേക്ക് ഞങ്ങള്‍ മോന്റെ ട്രീറ്റ്മെന്റ് മാറ്റുന്നത്. ചികിത്സ തുടങ്ങിയപ്പോള്‍ അവന് മില്‍ക്ക് പ്രോഡക്ട് കൊടുക്കരുതെന്ന് ഡോക്ടര്‍ നിർദേശിച്ചു. ലിറ്ററിന് 290 രൂപ വിലയുള്ള സോയ മില്‍ക്ക് മാത്രമായിരുന്നു കൊടുക്കേണ്ടിയിരുന്നത്. അങ്ങനെ ദിവസം മൂന്നു ലിറ്റര്‍ പാല്‍ വേണം. ഒരു മണിക്കൂര്‍ സ്പീച്ച് തെറപ്പിക്ക് 500 രൂപ. ബിഹേവിയര്‍ തെറപ്പിക്ക് 500 രൂപ. ഒക്കുപേഷനല്‍ തെറപ്പിക്ക് 500 രൂപ. ചികിത്സക്കായി വലിയൊരു തുകതന്നെ വേണ്ടിവന്നു.

ഒപ്പം അക്യുപങ്ചറും തുടങ്ങി. നാൽപതോളം നീഡില്‍ വെക്കുമായിരുന്നു. ചെറിയ ഇലക്ട്രിക് പള്‍സ് കൊടുക്കും. അത് കഴിയുമ്പോള്‍ കുട്ടി തളര്‍ന്നുപോകും. കുഞ്ഞിനെ ബൈക്കില്‍ കൊണ്ടുവരാന്‍ സാധിക്കാതിരുന്നതിനാല്‍ കാര്‍ വേണ്ടിവന്നു. ഡീസലിന് മാസം 15,000 രൂപ. ഭക്ഷണം, വാടക വേറെ. അതുവരെയുള്ള ഞങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചു മോന്റെ ചികിത്സ നടത്തി.

ചുറ്റുമുള്ള പലരും ഉപദേശിച്ചത് നിങ്ങള്‍ ആദ്യം കാശുണ്ടാക്ക് എന്നിട്ട് ട്രീറ്റ് ചെയ്യൂ എന്നായിരുന്നു. പക്ഷേ, അവന്റെ സമയം കഴിഞ്ഞുപോകുമെന്ന് എനിക്കറിയാമായിരുന്നു. എട്ടുവയസ്സുവരെ കുട്ടികളുടെ തലച്ചോര്‍ വികസിക്കുന്ന കാലമാണ്. ആ ടൈമില്‍ കൊടുക്കേണ്ട ചികിത്സ പിന്നെ എത്ര നാള്‍ കഴിഞ്ഞു കൊടുത്താലും ഫലപ്രദമാവില്ല. പിന്നീടൊരു കുറ്റബോധത്തിന് ഇടവരരുതെന്ന് എനിക്കു തോന്നി. ഞങ്ങളുടെ സ്ഥിതി ഒരുകാലത്ത് മെച്ചപ്പെടുമായിരിക്കും. പക്ഷേ, അന്ന് കുഞ്ഞിനെ ചികിത്സിക്കാന്‍ പോയിട്ട് കാര്യമില്ലല്ലോ?''

അഖിൽ, ഏവൻ, അനിത

മൂണ്‍ഗോഡസ് എന്ന സ്വപ്നം

ആ സമയത്ത് ഞങ്ങള്‍ അങ്കമാലിയില്‍ ചെറിയൊരു ബുട്ടീക് തുടങ്ങി. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും ഏറെ അനുഭവിച്ച് പാകപ്പെട്ട മനസ്സുമാത്രമായിരുന്നു ഉറപ്പുള്ള ഇന്‍വെസ്റ്റ്മെന്റ്. വാങ്ങി വിൽപന ചെയ്യുന്ന രീതിയായിരുന്നു ആദ്യം.

രാവിലെ ഏഴുമണിക്ക് കുഞ്ഞിനെ കൊണ്ടുപോകും. സ്പീച്ച് തെറപ്പിയും കഴിഞ്ഞു തിരിച്ചെത്തി 11.30-12 മണിയോടെ കട തുറക്കും. സെഡേഷനില്ലാതെ അവന്‍ സാധാരണ നിലയില്‍ ഉറങ്ങാന്‍ തുടങ്ങിയെങ്കിലും ചില സമയങ്ങളില്‍ വല്ലാതെ വയലന്റാകുമായിരുന്നു.

കസ്റ്റമേഴ്സിനെ കടിക്കാനും തുടങ്ങി. അവന്‍ എപ്പോള്‍ പ്രശ്നമുണ്ടാക്കുന്നോ അപ്പോള്‍ ഞങ്ങൾ ഷട്ടറിടും. ചുറ്റുമുള്ള കടക്കാരുടെയും മറ്റും മുറുമുറുപ്പ് വേറെ. കൂടുതൽ ആളുകളെ കാണുമ്പോൾ അവനിൽ മാറ്റം പ്രകടമാകുമെന്നു കരുതി സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയി. 'ഇവിടെയുള്ള കുട്ടികളെല്ലാം എഴുത്തും വായനയും അറിയുന്നവരാണെന്നും ഇത്തരം കുട്ടികളെ ചേർക്കാനാവില്ലെന്നും' സ്കൂൾ അധികൃതർ മുഖത്തടിച്ച പോലെ പറഞ്ഞു. ആ വാക്കുകൾ മനസ്സിൽക്കിടന്ന് നീറി. അപ്പോഴും ഞാന്‍ അവനിലേക്കുതന്നെ നോക്കി. വീണിടത്തുനിന്ന് എഴുന്നേറ്റോടാൻ ഇന്ധനം വേണമല്ലോ?

കുറച്ചു നാള്‍ കഴിഞ്ഞ് ബുട്ടീക്കിൽ ഒരു കട്ടിങ് മാസ്റ്ററെ വെച്ചു. ബംഗളൂരുവില്‍നിന്ന് തുണി വരുത്തിച്ച് സ്റ്റിച്ചിങ് ആരംഭിച്ചു. പതിയെ സ്റ്റാഫിന്റെ എണ്ണം കൂട്ടി. ഉറുമ്പ് ധാന്യമണി ശേഖരിക്കുന്നപോലെ കിട്ടുന്ന പൈസക്കൊക്കെ മെറ്റീരിയല്‍സ് വാങ്ങി സ്റ്റോക്ക് ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ പണിക്കാര് മൊത്തം പോയി.

മറ്റൊരു ഷോപ്പില്‍നിന്നും ജോലി നഷ്ടപ്പെട്ട് നാലു പണിക്കാര്‍ ഞങ്ങളുടെ അടുത്ത് അഭയം ചോദിച്ചുവന്നു. വീട്ടില്‍ ഹിന്ദിക്കാര് താമസിച്ചിരുന്ന കാര്യം അവര്‍ക്കറിയാമായിരുന്നു. തിങ്കളാഴ്ചയായിരുന്നു അവര്‍ നാട്ടില്‍ പോകാന്‍ ട്രെയിന്‍ ബുക്ക് ചെയ്തത്. എന്നാല്‍, ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം അടച്ചതോടെ അവര്‍ അഭയം ചോദിച്ച് വീണ്ടും വന്നു. അവരോട് അപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും തരും, ശമ്പളം എപ്പോള്‍ തരാന്‍ കഴിയുമെന്ന് പറയാനാകില്ല. അത് സമ്മതിച്ച് അവര്‍ നിന്നു. അതില്‍ ഒരാള്‍ കട്ടിങ് മാസ്റ്ററും രണ്ടുപേര്‍ സ്റ്റിച്ചിങ് ചെയ്യുന്നവരും ഒരാള്‍ ഹാന്‍ഡ് വര്‍ക്കറുമായിരുന്നു.

രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ അവരോട് പറഞ്ഞു, ഇവിടെ തുണിയുണ്ട്, സാധനങ്ങള്‍ എല്ലാമുണ്ട്. നമുക്ക് പണി സ്റ്റാര്‍ട്ട് ചെയ്താലോ? സാലറി എപ്പോള്‍ തരാന്‍ കഴിയുമെന്ന് ഇപ്പോള്‍ എനിക്കു പറയാനാകില്ല. പക്ഷേ, നമുക്ക് ജോലി ചെയ്യണം. അതില്‍ അവര്‍ ഓക്കെ ആയിരുന്നു. ഡെയ്ലി ഓരോ പാറ്റേണ്‍ ചെയ്ത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങി. അതെല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു... ക്രമേണ ഓര്‍ഡറുകള്‍ കൂടി. പക്ഷേ, ലോക്ഡൗണ്‍ കാരണം കുഞ്ഞിന്റെ ചികിത്സ മുന്നോട്ടുപോകാത്ത സ്ഥിതിയായി.

അന്ന് എറണാകുളത്ത് മാത്രമേ ഏവന് ചികിത്സ ലഭ്യമായിരുന്നുള്ളൂ. അങ്ങനെയാണ് ഞങ്ങള്‍ എറണാകുളത്തേക്ക് മാറുന്നത്. ഇന്ന് മൂണ്‍ഗോഡസില്‍ 130ഓളം പേര്‍ ജോലിചെയ്യുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ ദൈവം എനിക്കൊരു അവസരം ഒരുക്കിത്തന്ന പോലെയാണ് തോന്നുന്നത്. ഇന്ത്യയിലെ എല്ലാ ബുട്ടീക്‌സിനെയും സൈലന്റ് ആക്കി 'അനി, നീ പ്രവര്‍ത്തിച്ചോളൂ' എന്ന തരത്തിലുള്ള വെളിപാട്.

അനിത മൂൺഗോഡസ് നെയ്ത്തുശാലയിൽ

തുണിക്കടയിട്ട നഴ്സ്

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ജോലി നേടാന്‍ വീട്ടുകാരുടെ ആഗ്രഹപ്രകാരം ബി.എസ് സി നഴ്സിങ് പഠിച്ചയാളാണ് ഞാന്‍. എന്നാല്‍, ഒട്ടും വൈകാതെ തന്നെ മനസ്സിലായി അതെനിക്കു പറ്റിയ പണിയല്ലെന്ന്. പ്രധാനമായും ഒരു നഴ്സിന് വേണ്ട ഗുണങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചെറുപ്പം തൊട്ടേ ടെക്സ്റ്റൈല്‍ മേഖലയോടായിരുന്നു താല്‍പര്യം.

അപ്പച്ചന് തുണിക്കടയായിരുന്നു. അദ്ദേഹത്തിന്റെ എട്ടാമത്തെ വയസ്സില്‍ തുടങ്ങിയത്. 200 വര്‍ഷത്തെ പാരമ്പര്യമുണ്ട് ഞങ്ങള്‍ക്ക് ഈ മേഖലയില്‍. ഡ്രസുകള്‍ റോഡ് സൈഡിലിട്ട് കച്ചവടം നടത്തിയിരുന്നവരാണ് അപ്പനപ്പൂപ്പന്മാർ. നടക്കാന്‍ പറ്റാത്തവിധം തുണിത്തരങ്ങൾകൊണ്ട് നിറഞ്ഞതായിരുന്നു എന്റെ വീട്. അതില്‍ കിടന്നാണ് ഞാന്‍ വളര്‍ന്നത്. ആ എനിക്ക് ഇതിനോടല്ലാതെ മറ്റെന്തിനോടാണ് ഭ്രാന്തമായ ഇഷ്ടം തോന്നുക.

കോളജില്‍ പഠിക്കുമ്പോഴാണ് അപ്പച്ചന്റെ ഒരു കട വന്‍ നഷ്ടത്തിലാണെന്ന് അറിയുന്നത്. അപ്പച്ചന്‍ അത് ആര്‍ക്കെങ്കിലും കച്ചവടമാക്കാനുള്ള തയാറെടുപ്പിലായിരുന്നു. ആ മുറിയോടുള്ള ഇഷ്ടംകൊണ്ട് കട ഏറ്റെടുക്കണമെന്ന താൽപര്യം ഞാന്‍ അറിയിച്ചു. അപ്പച്ചന്‍ അതിനൊരു വിലയിട്ടു. പക്ഷേ, ആ സമയം കൊടുക്കാന്‍ എന്റെ കൈയില്‍ പൈസ ഉണ്ടായിരുന്നില്ല. അമ്മ സ്വര്‍ണം പണയംവെച്ച് തന്ന മുപ്പതിനായിരം രൂപകൊണ്ട് സ്റ്റോക്ക് ഇറക്കി. അങ്ങനെ പത്തൊമ്പതാം വയസ്സില്‍ ഞാന്‍ ഒരു തുണിക്കച്ചവടക്കാരിയായി. മൂന്നുമാസത്തിനുള്ളില്‍ നാലുലക്ഷം രൂപ അപ്പച്ചന് നല്‍കി കട സ്വന്തമാക്കി. അന്ന് അപ്പച്ചന്‍ വിളിച്ചു, മിടുക്കി!

തൃശൂരും ചാലക്കുടിയിലുമായി അഞ്ചു കടകള്‍

ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ഭയങ്കര ഹാപ്പിയാണ്. ക്ഷീണം അറിയില്ല, ബുദ്ധിമുട്ടറിയില്ല. പോരാത്തതിന് പാരമ്പര്യമായി കിട്ടിയ കച്ചവട തന്ത്രവും. ആ സേഫ് സോണില്‍ ഒന്നിനുപിറകെ ഒന്നായി തൃശൂരും ചാലക്കുടിയിലുമായി അഞ്ചു കടകള്‍. സ്വന്തം കാലില്‍ നില്‍ക്കാനും തീരുമാനങ്ങള്‍ എടുക്കാനും പ്രാപ്തമായി എന്ന് വീട്ടുകാര്‍ക്ക് തോന്നിയ ഘട്ടത്തില്‍ വിവാഹം. 2000 സ്‌ക്വയര്‍ഫീറ്റിനടുത്ത് വീട്. പക്ഷേ, രസതന്ത്രത്തിന് മനസ്സിലാകാത്ത ഗണിതശാസ്ത്രത്തിലൂടെയാണ് ആ ബന്ധം ഇഴചേര്‍ക്കപ്പെട്ടതെന്ന് വളരെ വൈകിയാണ് മനസ്സിലായത്. അധികനാള്‍ ആ ബന്ധം നീണ്ടുനിന്നില്ല. വിവാഹമോചനം നേടുമ്പോള്‍ എടുത്താല്‍ പൊങ്ങാത്തത്രയും തുകയുടെ കടക്കാരിയായിരുന്നു ഞാന്‍.

എന്റെ പിടിപ്പുകേടുകൊണ്ടാണ് ഇതെല്ലാം ഉണ്ടായതെന്ന കുറ്റപ്പെടുത്തലുകള്‍ ചുറ്റുപാടുനിന്നുമുണ്ടായി. കടം വീട്ടാന്‍ വിദേശത്തുപോയി നഴ്സിങ് ജോലി ചെയ്യണമെന്ന ആവശ്യവുമുയര്‍ന്നു. അതെനിക്ക് ഒട്ടും സ്വീകാര്യമായിരുന്നില്ല. എല്ലാറ്റില്‍നിന്നും ഒരു ബ്രേക്ക് എടുത്തു. ഡിപ്രഷനെ അതിജീവിക്കാന്‍ മേക്കപ് ആര്‍ട്ടിസ്റ്റ് കോഴ്സ് പഠിച്ചു, സലൂണ്‍ മാനേജ്മെന്റ് പഠിച്ചു. ആയിടക്കാണ് അഖിലിനെ പരിചയപ്പെടുന്നത്.

എന്റെ എല്ലാ അവസ്ഥയുമറിഞ്ഞ് അഖില്‍ ചേര്‍ത്തുനിര്‍ത്താന്‍ തയാറായപ്പോള്‍ നോ പറയാന്‍ മനസ്സുവന്നില്ല. പക്ഷേ, വീട്ടുകാര്‍ക്ക് അത് വലിയ അമ്പരപ്പുണ്ടാക്കി. കടം ഓര്‍ത്തുള്ള വേവലാതിയായിരുന്നു എന്റെ വീട്ടുകാര്‍ക്കെങ്കില്‍, യോഗ്യനായ ചെറുപ്പക്കാരന്‍ രണ്ടാം കെട്ടുകാരിയെ തിരഞ്ഞെടുത്തതിലുള്ള ഞെട്ടലായിരുന്നു അഖിലിന്റെ വീട്ടുകാര്‍ക്ക്. അതോടെ ഞങ്ങള്‍ രണ്ടാളും വീടിനുപുറത്തായി.

അനുഭവങ്ങള്‍ക്ക് നന്ദി

ഏവൻ എന്നെ 'അമ്മാ' എന്നു വിളിച്ച സുന്ദര നിമിഷം ഓർത്ത് ഇടക്ക് എന്റെ കണ്ണുനിറയാറുണ്ട്. ഇപ്പോൾ അവന് ഏഴ് വയസ്സായി. ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതുന്നുണ്ട്. നന്നായി പടം വരക്കും. പൂർണവാക്യത്തിൽ അല്ലെങ്കിലും ചെറിയ വാക്കുകളിൽ ആശയവിനിമയം നടത്തും. അടുപ്പമുള്ളവരോട് ഇണക്കത്തിൽ പെരുമാറും.

ഏഴു വയസ്സുണ്ടെങ്കിലും മൂന്നു വയസ്സുകാരന്റെ ബുദ്ധിവളർച്ചയാണ് അവനുള്ളത്. ബ്രെയിനിൽ പല കെമിക്കലുകളുടെയും കുറവുള്ളതുകൊണ്ട് മരുന്നുകളുണ്ട്. സ്പീച്ച് തെറപ്പി മാത്രമാണ് മറ്റു ചികിത്സയായി നൽകുന്നത്. സെൻസേഷൻ ഇല്ലാത്തതുകൊണ്ട് അവനു വിശപ്പറിയില്ല. അതുകൊണ്ട് ഫാറ്റ് അടങ്ങിയ ഭക്ഷണത്തിനും നിയന്ത്രണമുണ്ട്. എന്റെ അവസ്ഥയിലുള്ള അമ്മമാരോട് എനിക്ക് പറയാനുള്ളത് മനസ്സ് കല്ലാക്കിയെങ്കിലും അതൊക്കെ അനുസരിക്കണം എന്നാണ്.

ആളുകള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അമര്‍ന്നുപോകരുതെന്ന് പഠിച്ചു. ഇന്ന് നിരവധി പേര്‍ മൂണ്‍ഗോഡസിനെ അനുകരിക്കുന്നുണ്ട്. എന്റെ അമ്മ പറയാറുണ്ട് ഒരു നുള്ള് കിട്ടിയാലും ഉമ്മ കിട്ടിയാലും മറക്കരുതെന്ന്. മൂണ്‍ഗോഡസിനെ ഒരു ഇന്റര്‍നാഷനല്‍ ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് എന്റെ ലക്ഷ്യം. ഒപ്പം, എറണാകുളത്ത് ബ്രൈഡല്‍ സ്റ്റുഡിയോയും. അതിനുള്ള തയാറെടുപ്പിലാണിപ്പോള്‍.

ഇഷ്ടമുള്ള ഭക്ഷണം മുന്നിലെത്തുമ്പോള്‍ പഴയ ജീവിതം ഓർമയില്‍ വരും. ഒരു പൊതിച്ചോര്‍ വാങ്ങിക്കഴിച്ച് ഞങ്ങള്‍ രണ്ടാളും വിശപ്പടക്കിയ ഒരു കാലമുണ്ട്. ഡീസല്‍ അടിക്കാന്‍ കാശില്ലാതെ വണ്ടി വഴിയില്‍ നിര്‍ത്തിയിട്ടു പകച്ചുനിന്ന സന്ദര്‍ഭമുണ്ട്. സ്വപ്നം ജീവിതത്തിനു മനോഹര ഭാവം നല്‍കുമെങ്കില്‍ അതിനെന്നെ പ്രാപ്തയാക്കിയത് മകന്‍ ഏവനാണ്.

Tags:    
News Summary - anitha, Shop,Moon Goddess Couture, evan, mothers day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.