ഇ-ലേണിങ്ങിന്‍റെ ലോകത്ത് മുമ്പേ പറന്ന് സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട് കലാക്ഷേത്ര രഞ്ജിത ശ്രീനാഥ്. തിരക്കേറിയ ഭരതനാട്യം നർത്തകിയായ അവർ ഇന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലെ പഠിതാക്കൾക്ക് ഓൺലൈൻ നൃത്തക്ലാസുകൾ എടുക്കുന്നു.
ആലപ്പുഴയിൽ സദ്ഗമയ നാട്യകളരി നടത്തുന്ന അവർ കോവിഡ് കാലത്ത് ഡിജിറ്റൽ ലേണിങ്ങിലേക്ക് ലോകം തിരിയുന്നതിനും എട്ടുവർഷം മുമ്പ് മുതൽ ശാസ്ത്രീയ നൃത്തത്തിൽ ഓൺലൈൻ ക്ലാസുകളുമായി സജീവമായിരുന്നു. നിലവിൽ കലാമണ്ഡലത്തിൽ ഭരതനാട്യത്തിൽ പിഎച്ച്.ഡി ചെയ്യുന്ന രഞ്ജിത മാധ്യമം ‘കുടുംബ’ത്തിന്‍റെ കവർ ഷൂട്ടിനിടെ സംസാരിക്കുന്നു
ഇ-ലേണിങ്ങിേലക്ക് ചുവടുവെച്ചത് എങ്ങനെ?
2011ൽതന്നെ ഇ-ലേണിങ്ങിന്‍റെ സാധ്യതകൾ എനിക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നു. അക്കാലത്ത് കോട്ടയത്ത് സുഹൃത്തായ ഒരു ഫ്രഞ്ച് വനിതയുടെ താൽപര്യപ്രകാരം ഒരു നൃത്ത ശിൽപശാല നടത്തിയിരുന്നു. അതിൽ പങ്കെടുത്ത വിദേശികളായ കുറച്ചുപേർ ഭരതനാട്യം കൂടുതലായി പഠിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.
ശിൽപശാലയിൽ എങ്ങനെയാണോ നൃത്തം പഠിപ്പിക്കുന്നത് അതുപോലെ വിശദാംശങ്ങൾ കുറയാതെ, താളനിബദ്ധമായി പഠിക്കാനുള്ള താൽപര്യമാണ് അവർ മുന്നോട്ടുവെച്ചത്. കേരളത്തിൽ നിന്ന് മടങ്ങിപ്പോയ അവർക്കുവേണ്ടിയാണ് ഇ-ലേണിങ്ങിന്‍റെ തുടക്കം. സ്കൈപ്പിലൂടെയാണ് ഭരതനാട്യം ക്ലാസ് എടുത്തത്. ഇന്ന് ലഭ്യമാകുന്ന മറ്റ് ആപ്പുകളൊന്നും അന്ന് ഉണ്ടായിരുന്നില്ല. പിന്നീട് ഒരുപാടു പേർ നൃത്തം ഓൺലൈനിൽ പഠിക്കാൻ താൽപര്യം പ്രകടിപ്പിച്ച് എത്തി.
ഓൺലൈൻ നൃത്തപഠനത്തിന്‍റെ സൗകര്യങ്ങൾ എന്ത്?
നൃത്തപഠനത്തിൽ താൽപര്യപ്പെട്ട് വരുന്നവർക്ക് അവരുടെ കൂടി സൗകര്യപ്രദമായ സമയത്ത് ക്ലാസ് അറ്റൻഡ് ചെയ്യാൻ കഴിയുന്നു എന്നതാണ് വലിയ ഗുണകരമായ കാര്യം. കോവിഡ് കാലത്തിനു ശേഷം ഓൺലൈൻ പഠനത്തിന്‍റെ നല്ല വശങ്ങൾ എല്ലാവർക്കും അറിയാം.
എന്നാൽ, അന്ന് ആ സാധ്യതകൾ അറിഞ്ഞുവരുന്നതേയുള്ളൂ. തുടക്കത്തിൽ പലരും ഓൺലൈൻ ക്ലാസുകൾ നൃത്തത്തിൽ ശരിയാകില്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, കാലം മാറിയപ്പോൾ നമുക്കെല്ലാം ഓൺലൈൻ പഠനത്തിലേക്കും ഡിജിറ്റൽ മീഡിയയിലേക്കും മാറേണ്ടിവന്നു.
ശാസ്ത്രീയ നൃത്തം ഡിജിറ്റലായി അഭ്യസിപ്പിക്കുമ്പോൾ വരുന്ന ശ്രമകരമായ കാര്യങ്ങൾ എന്തൊക്കെ?
ശാസ്ത്രീയ നൃത്തം ഡിജിറ്റൽ മാർഗങ്ങളിലൂടെ പഠിപ്പിക്കുന്നത് ഏറെ ശ്രമകരമാണ്. പഠിതാക്കൾക്ക് മനസ്സിലാക്കിയെടുക്കാൻ പ്രയാസകരമായ കാര്യങ്ങളുണ്ട്. അത് ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ക്ലാസെടുക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഡാൻസ് എന്നത് മൂവ്മെന്റ്, എക്സ്പ്രഷൻ എല്ലാം കൂടി ചേരുന്നതാണല്ലോ.
ഓഫ്ലൈൻ ക്ലാസുകളിൽ ഉപയോഗിക്കുന്ന കരിക്കുലം തന്നെയാണ് ഇ-ലേണിങ്ങിന് വേണ്ടിയും ഉപയോഗിച്ചത്. ഭരതനാട്യത്തിനായി ഒരു സിലബസ് രൂപപ്പെടുത്തിയിരുന്നു. തിയറി പഠിപ്പിക്കുന്നതിന് പ്രത്യേകം നോട്ട്സ് കൊടുക്കും. പ്രാക്ടിസ് ചെയ്യാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന ഓഡിയോ അയക്കും.
പിന്നീട് ഓൺലൈനിൽ വിഷ്വലായി വരുമ്പോൾ അതിന്‍റെ പ്രാക്ടിക്കലും അവതരിപ്പിക്കും. ഒരാഴ്ച ഈ സ്റ്റെപ്പുകൾ പരിശീലിക്കാൻ ആവശ്യപ്പെടും. ഓഫ്ലൈൻ ക്ലാസിൽ എങ്ങനെയാണ് നമ്മൾ പറഞ്ഞുകൊടുക്കുന്നത് അതേ രീതിയിലെ ഓഡിയോ ആണ് നൽകുക. ഡാൻസ് പരിശീലിക്കുമ്പോൾ ധരിക്കേണ്ട ഡ്രസ് കോഡ് മുതൽ നിഷ്കർഷ വെക്കും. ചെറിയ കാര്യങ്ങളിൽപോലും ഇ-ലേണിങ്ങിലും വിട്ടുവീഴ്ച ചെയ്യാറില്ല.
മറുനാട്ടുകാരെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അഭ്യസിപ്പിക്കുമ്പോൾ നേരിടുന്ന വെല്ലു വിളി?
ഇന്ത്യയിൽ ജീവിക്കുന്നവർക്ക് ക്ലാസിക്കൽ ഡാൻസ് പഠിക്കുമ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാനാകും. എന്നാൽ, വിദേശ വിദ്യാർഥികൾക്ക് അത് പെട്ടെന്ന് ഉൾക്കൊള്ളണമെന്നില്ല. അത് ഓരോ ദേശത്തിന്‍റെയും സാംസ്കാരികമായ വ്യത്യസ്തതയുടെ ഭാഗമാണ്.
മുഖഭാവങ്ങൾ പഠിപ്പിക്കുമ്പോഴാണ് അത് കൂടുതൽ ശ്രമകരമാകുക. ഉദാഹരണത്തിന് ഒരു നായിക ലജ്ജ പ്രകടിപ്പിക്കുന്നത് പഠിപ്പിക്കുമ്പോൾ വിദേശിയായ ഒരാൾക്ക് അത് പെട്ടെന്ന് മനസ്സിലാകില്ല. എന്തിനാണ് നായകനെ കാണുമ്പോൾ നാണം വരുന്നത്, അതിന്‍റെ ആവശ്യമുണ്ടോയെന്ന് ചിലർ ചോദിച്ചിട്ടുണ്ട്. ഇന്ത്യൻ ക്ലാസിക്കൽ പദങ്ങളിൽ അത് അങ്ങനെയാണ് എന്ന് പറയേണ്ടിവരും. ഭാവത്തിന്‍റെ കാര്യത്തിൽ മാത്രമാണ് ഈ വ്യത്യാസം.
ഭരതനാട്യത്തിൽ പി.ജി ഡിേപ്ലാമ, എം.എഫ്.എ ഇപ്പോൾ പിഎച്ച്.ഡി പഠനവും. ഒരേ ക്ലാസിക്കൽ നൃത്തരൂപം ഇത്രയും പഠിക്കേണ്ടതുണ്ടോ?
ഭരതനാട്യത്തിൽ എന്തിനിത്ര മാത്രം പഠിക്കുന്നുവെന്ന് പലരും ചോദിക്കുമ്പോൾ ഞാൻ പഠിച്ചത് ഇത്രമാത്രമല്ലേ ആകുന്നുള്ളൂവെന്ന് സ്വയം അതിശയം തോന്നാറുണ്ട്. കൂടുതലായി നൃത്തത്തിലേക്ക് ഇഴുകിച്ചേരാനുള്ള വഴിയാണ് എനിക്ക് പഠനങ്ങൾ. പിഎച്ച്.ഡിയും അതിന്‍റെ ഭാഗമാണ്. വിഷയം കൂടുതൽ മനസ്സിലാക്കുമ്പോൾ അതിന്‍റെ വ്യാപ്തിയാണ് തെളിഞ്ഞുവരുന്നത്.
ശാസ്ത്രീയ നൃത്തത്തിൽ നമുക്ക് എന്തും ഉൾക്കൊള്ളിക്കാം. ഭക്തിയാണെങ്കിൽ അങ്ങനെ. പ്രമേയപരമായ ആശയമാണെങ്കിൽ അത്തരത്തിൽ. നൃത്തം ഒരു വിഭാഗക്കാരുടെത് മാത്രമല്ല. പ്രാചീന സംഘകാലത്തിൽ എഴുതപ്പെട്ട ചില കൃതികളിൽ ഭക്തി മാത്രമല്ല മനുഷ്യബന്ധങ്ങൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് കാണാം. വളരെ സെക്കുലറായ കലാരൂപമാണ് ക്ലാസിക്കൽ നൃത്തമെന്ന് ഇതിൽനിന്ന് നമുക്ക് മനസ്സിലാകും. അതിന്‍റെ സാധ്യതകൾ മനസ്സിലാക്കാൻ നാം ഇനിയും കൂടുതൽ സമഗ്ര പഠനം നടത്തണം.
ഇടക്ക് എം.ബി.എ, കളരിപ്പയറ്റ് എന്നിവയും പഠിച്ചിട്ടുണ്ട്, അതിനു പിന്നിൽ?
ഡാൻസ് അല്ലാതെ മറ്റൊരു ബിരുദം നേടണമെന്ന് അച്ഛന് വളരെ നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് എം.ബി.എ ചെയ്യുന്നത്. തുടർന്ന് കോളജ് എജുക്കേഷൻ വകുപ്പിൽ ജോലി ലഭിച്ചു. നൃത്തത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകാനും പഠനങ്ങൾക്കുമായി സമയം ചെലവഴിക്കേണ്ടിവന്നപ്പോൾ അതിൽനിന്ന് മൂന്നുമാസം മുമ്പ് രാജിവെച്ചു.
ഇപ്പോൾ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ഓൺലൈൻ ക്ലാസുകൾ, പിഎച്ച്.ഡി പഠനം, നൃത്ത പരിപാടികൾ എന്നിവയുമായി മുന്നോട്ടുപോകുന്നു. കൂടുതൽ ഇന്നൊവേറ്റീവായി നൃത്തത്തെക്കുറിച്ച് ചിന്തിക്കുന്നു, അവതരിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് വലിയ കാര്യം.
യോഗയും കളരിപ്പയറ്റുമൊക്കെ പഠിച്ചതും നൃത്തത്തിന്‍റെ ഒരു പെർഫക്ഷനുവേണ്ടി തന്നെയാണ്. ശരീരത്തിന്‍റെ സെൻട്രൽ ബാലൻസിങ് സൂക്ഷിക്കാൻ സഹായകരമാണ് അതൊക്കെ. അതിലൂടെയാണ് ഈ നൃത്തരൂപത്തിന് വേണ്ടിയുള്ള സൗന്ദര്യാത്മകത കൊണ്ടുവരാൻ കഴിയുക.
കുടുംബത്തിൽ ആരൊക്കെയുണ്ട്?
ഭർത്താവ് ശ്രീനാഥ് നമ്പൂതിരി ആലപ്പുഴ വിളഞ്ഞൂർ ക്ഷേത്രത്തിൽ മേൽശാന്തിയാണ്. ഐ.ടി മേഖലയിൽ പ്രവർത്തിച്ചിരുന്നതാണ് അദ്ദേഹം. അതിലുപരി നല്ലൊരു നൃത്താസ്വാദകനാണ്. നാലാം ക്ലാസുകാരനായ മകൻ ഋത്വിക് ഈശ്വർ ഇപ്പോൾ മൃദംഗവും സംഗീതവും അഭ്യസിക്കുന്നുണ്ട്.
സാധാരണ ഒരു ജോലിചെയ്യുന്നതിൽ ഉപരിയായി പരിശ്രമവും സമയവും നൃത്തത്തിനായി ഞാൻ വിനിയോഗിക്കുന്നു. അതിന് പിന്തുണ നൽകുന്നത് കുടുംബമാണ്. ഫാമിലി സപ്പോർട്ട് ഇല്ലെങ്കിൽ നമുക്ക് ഒരു പരിധിയിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല.
ഓൺലൈൻ പഠിതാക്കൾ പല രാജ്യങ്ങളിൽനിന്ന്
ഫ്രാൻസ്, യു.എ.ഇ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം പഠിതാക്കളുണ്ട്. വിവിധ പ്രായക്കാരും വിവിധ തൊഴിൽമേഖലകളിലുള്ളവരും എല്ലാം അതിലുണ്ട്. മലയാളികളും മറുനാട്ടുകാരുമെല്ലാം നൃത്തം പഠിക്കുന്നു. പഠിതാക്കൾ തമ്മിൽ കോഓഡിനേറ്റ് ചെയ്ത് ഗ്രൂപ്പായും വ്യക്തിഗതമായും ക്ലാസുകൾ നൽകുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.