കാനഡയിൽ ചരക്കുലോറി ഓടിച്ച് കൊച്ചിക്കാരി, കൈയടിക്കാം...
text_fieldsകാനഡയിലെ ടൊറന്‍റോയിൽനിന്ന് യു.എസിലെ ടെക്സസിലേക്ക് കൂറ്റൻ ട്രെയിലറും ഓടിച്ചു പോകുന്നതിനിടെയാണ് mallu_trucker_girl എന്ന സൗമ്യ സജിയെ ഇൻസ്റ്റഗ്രാമിൽ ഓൺലൈനിൽ കിട്ടിയത്. ടൊറന്‍റോയിൽനിന്ന് തിങ്കളാഴ്ച പുറപ്പെട്ട് 2600 കിലോമീറ്റർ അകലെയുള്ള ടെക്സസിൽ എത്തി ചരക്കിറക്കി തിരികെ വെള്ളിയാഴ്ചയോടെ ടൊറന്‍റോയിൽ എത്തുന്ന അതിശയകരമായ യാത്ര.
ഇക്കുറി ‘യീസ്റ്റാ’ണ് കാർഗോയിൽ. കൂട്ടുള്ളത് ജീവിത പങ്കാളി ജിതിൻ. ഭാര്യയുടെ ‘വണ്ടിപ്രാന്തി’ന് കുടപിടിച്ച് കാനഡയിലെ സർക്കാർ ജോലിയിൽനിന്ന് ദീർഘാവധി എടുത്ത് ട്രക്കിൽ കയറിയതാണ് ഈ തൊടുപുഴക്കാരൻ. ഇരുവരും മിണ്ടിയും പറഞ്ഞും ഉറങ്ങിയും ഉണർന്നും ഒരാഴ്ചയിൽ അഞ്ചു ദിവസം നീളുന്ന ട്രക്ക് ജീവിതം. ഇടക്ക് യൂട്യൂബിൽ വിഡിയോയും പോസ്റ്റും.
എറണാകുളം സെന്‍റ് തെരേസാസിൽനിന്ന് ഡിഗ്രി കഴിഞ്ഞ് കാനഡയിലേക്ക് ഉന്നത പഠനത്തിനായി ചേക്കേറിയതാണ് അമ്പലമുകൾ സ്വദേശി സൗമ്യ. ഹൈവേയിൽ മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രക്കിന്‍റെ ഇരമ്പത്തിനിടെ ഇൻസ്റ്റയിൽ സൗമ്യയുമായി ഒരു വോയിസ് ചാറ്റ്...
എങ്ങനെ എത്തി കാനഡയിൽ?
2019 ആഗസ്റ്റിൽ ന്യൂട്രീഷ്യൻ മാനേജ്മെന്റ് സ്റ്റഡീസ് കോഴ്സ് ചെയ്യാൻ എത്തിയതാണ് കാനഡയിൽ. ഡിഗ്രിക്ക് ശേഷം ഉന്നത പഠനത്തിനായാണ് വന്നത്.
ട്രക്ക് ഡ്രൈവറായതിനു പിന്നിൽ?
നാട്ടിൽ വെച്ചുതന്നെ ഡ്രൈവിങ് ഇഷ്ടമാണ്. കാറാണ് ഓടിച്ചിരുന്നത്. കാനഡയിൽ എത്തിയപ്പോൾ പാർട്ട്ടൈം ജോലിക്ക് പോയിരുന്നത് ബസിലാണ്. ഒരു ബസിൽ സൗത്ത് ഇന്ത്യയിൽ നിന്നൊരാളെ ഡ്രൈവറായി കണ്ടപ്പോൾ പരിചയപ്പെട്ട് ജോലിക്കാര്യങ്ങൾ സംസാരിച്ചിരുന്നു.
ബസ് ഓടിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹമാണ് ട്രക്ക് ഓടിക്കൂവെന്ന് ആവശ്യപ്പെട്ടത്. ട്രക്ക് ഓടിക്കുന്ന വനിതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ കൂട്ടുകാർ പലരും ട്രക്കുമായി ബന്ധപ്പെട്ട വ്ലോഗുകൾ കാണുന്നവരാണ്. അവരുമായി ആഗ്രഹം പങ്കുവെച്ചപ്പോൾ ഏറെ പിന്തുണ കിട്ടി. അങ്ങനെ ട്രക്ക് ഓടിക്കണമെന്ന ആഗ്രഹം മുളപൊട്ടി.
കാനഡയിലെ ചരക്കുലോറി ഓടിക്കാൻ കടമ്പകൾ എന്തൊക്കെയാണ്?
മലയാളി പെൺകുട്ടികൾ ആരും കാനഡയിൽ ട്രക്ക് ഓടിക്കുന്നില്ലെന്ന് മനസ്സിലായിരുന്നു. സ്റ്റഡി പീരിയഡ് കഴിഞ്ഞ് വർക് വിസ ലഭിച്ച് വർക് പെർമിറ്റിന്‍റെ അടിസ്ഥാനത്തിലാണ് ട്രക്കിങ് സീരിയസാക്കിയത്. ട്രക്ക് ഡ്രൈവിങ് ലൈസൻസ് നേടുന്നതിന്‍റെ ആദ്യപടിയായി മെഡിക്കൽ എടുക്കണം.
പിന്നീട് എഴുത്തുപരീക്ഷ. അതുകഴിഞ്ഞ് എയർ ബ്രേക്കിന്‍റെ പ്രാക്ടിക്കലും തിയറിയും പരീക്ഷ കടക്കണം. അതും കഴിഞ്ഞാണ് ട്രക്കിന്‍റെ തിയറിയും പ്രാക്ടിക്കൽ ടെസ്റ്റും നടക്കുന്നത്. രണ്ടുമൂന്നുമാസം നീളുന്നതാണ് ഈ പ്രക്രിയ. കാനഡയിലെ ഓരോ പ്രവിശ്യയിലും ഈ നടപടിക്രമങ്ങളിൽ മാറ്റമുണ്ട്.
വാഹനം ഓടിക്കുമ്പോൾ കേരളവും കാനഡയും തമ്മിൽ വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
കാനഡയും കേരളവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും എടുത്തുപറയേണ്ടത് റോഡുകളാണ്. കുണ്ടും കുഴിയും ഒന്നുമില്ലാതെ കൃത്യമായി നിലവാരം പുലർത്തുന്നതാണ് കാനഡയിലെ റോഡുകൾ. കൃത്യമായി ലൈനുകൾ മാർക്ക് ചെയ്തിട്ടുണ്ട്. ഒരു ലൈനിൽനിന്നും മറ്റൊന്നിലേക്ക് മാറുമ്പോൾ സിഗ്നൽ നൽകും.
എല്ലാവരും ലൈൻ നിഷ്കർഷ പാലിക്കും. തോന്നിയപോലെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ച് കടക്കില്ല. നാട്ടിലെപ്പോലെ ഗതാഗത നിയമങ്ങൾ പാലിക്കാത്ത അവസ്ഥയില്ല. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്.
ഒരു വഴിയിൽനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ പാലിക്കേണ്ട സ്പീഡ് ലിമിറ്റ് പോസ്റ്റിൽ കാണാം. ആ വഴിയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
അപകടം പിടിച്ചതാണോ ചരക്കുലോറി ഡ്രൈവിങ്?
കാനഡയിൽ സുരക്ഷിതമാണ് ഡ്രൈവിങ്. ഓരോ ഡ്രൈവറെയും ഇവിടെ കൃത്യമായി മോണിറ്റർ ചെയ്യുന്നുണ്ട്. ഷിഫ്റ്റ് തുടങ്ങിയാൽ എട്ടു മണിക്കൂറിനുശേഷം നിർബന്ധമായി അരമണിക്കൂർ വിശ്രമം എടുക്കണം. മൊത്തം ഷിഫ്റ്റ് 13 മണിക്കൂർ കഴിയുമ്പോൾ ദിവസത്തിൽ പിന്നീടുള്ള 11 മണിക്കൂർ ട്രക്ക് ഓടിക്കാൻ പാടില്ല. ഈ സമയം ഡ്രൈവർ സ്ലീപ്പറിൽ ആയിരിക്കണം.
അതായത് 24 മണിക്കൂറിൽ 13 മണിക്കൂർ മാത്രമേ ജോലിചെയ്യാനുള്ള ഓപ്ഷനുള്ളൂ. ഇതെല്ലാം ട്രക്കിൽ പിടിപ്പിച്ചിട്ടുള്ള ‘ഇ ലോഗ്’ ടാബ്ലെറ്റ് വഴി മോണിറ്റർ ചെയ്യുന്നുണ്ടാകും. വാഹനം ഓടിച്ച മണിക്കൂറുകൾ, വേഗം, പോയ വഴികൾ, വിശ്രമിച്ച സമയം എല്ലാം അതിൽ രേഖപ്പെടുത്തിയിരിക്കും. ആ ടാബിൽ എന്തെങ്കിലും മാറ്റം വരുത്താൻ നമുക്ക് കഴിയില്ല. ഉറക്കമില്ലാതെ ട്രക്ക് ഓടിക്കുന്ന അവസ്ഥ ഇവിടെയില്ല. അത്രക്ക് നിയന്ത്രിതമാണ് കാര്യങ്ങൾ.
ജോലിക്ക് ഇറങ്ങുമ്പോഴുള്ള മുൻകരുതലുകൾ എന്തൊക്കെയാണ്?
ട്രക്കിങ് മേഖലയിൽ സുരക്ഷിതത്വം ഇവിടെ പ്രധാനമാണ്. എന്‍റെ ഷിഫ്റ്റ് തുടങ്ങുംമുമ്പ് ട്രക്കും ട്രെയിലറും ഞാൻ തന്നെ പരിശോധിക്കണം. ടയറിന്‍റെ കാറ്റ്, പഞ്ചർ, എയർലീക്ക്, എൻജിൻ കൂളന്‍റ്, എൻജിൻ ഓയിൽ, സസ്പെൻഷൻ, ലൈറ്റുകൾ, ബോഡി എന്നിവയെല്ലാം പരിശോധിച്ച് ഇൻസ്പെക്ഷൻ റിപ്പോർട്ട് സബ്മിറ്റ് ചെയ്താൽ മാത്രമേ എനിക്ക് ജോലി തുടങ്ങാനാകൂ.
ഇതെല്ലാം ഒരു ആപ് വഴി നിയന്ത്രിക്കുന്നുണ്ട്. തോന്നിയപോലെ വന്ന് വണ്ടിയെടുത്തു പോകാനാകില്ലെന്ന് ചുരുക്കം. വാഹനത്തിന്‍റെ തകരാറുകൊണ്ട് ഇവിടെ അപകടം ഉണ്ടാകാറില്ല. ഇവിടത്തെ മോട്ടോർ വാഹന വകുപ്പ് (എം.ടി.ഒ) ഇവയെല്ലാം നിരീക്ഷിക്കുന്നുണ്ട്.
ട്രക്ക് ഡ്രൈവിങ് പ്രഫഷനായി സ്വീകരിക്കുകയാണോ, അത് മലയാളികൾക്ക് പറ്റുമോ?
ട്രക്ക് ഡ്രൈവിങ് ഇവിടെ മികച്ച ജോലിയാണ്. ട്രക്ക് ഡ്രൈവർമാർ എന്നല്ല ‘പ്രഫഷനൽ ഡ്രൈവർ’ എന്നാണ് തസ്തികയുടെ പേര്. എന്നാലും ഞാനും ഭർത്താവും അല്ലാതെ ഒരു മലയാളി ഫാമിലി ഇവിടെ ഓടിക്കുന്നതായി കണ്ടിട്ടില്ല.
നോർത്തിന്ത്യൻ, ചൈനീസ്, അമേരിക്കൻ ദമ്പതിമാർ എല്ലാം ഇവിടെ ട്രക്ക് ഓടിക്കുന്നുണ്ട്. ഒരു കടയിൽ സാധനം കിട്ടുന്നില്ലെങ്കിൽ ഒരു ട്രക്ക് അവിടെ എത്തിയിട്ടില്ലെന്നാണ് കണക്കാക്കുക. സാമ്പത്തിക രംഗത്തെ ബാധിക്കുന്നത്ര പ്രധാനപ്പെട്ട ഒരു ജോലിയാണ് ട്രക്ക് ഡ്രൈവിങ്. അത് പ്രഫഷനായി സ്വീകരിക്കുന്നത് മികച്ച ഓപ്ഷനാണ്.
എന്തൊക്കെയാണ് ട്രക്ക് ജീവിതത്തിലെ നല്ല അനുഭവങ്ങൾ?
ട്രക്ക് ഡ്രൈവിങ് ഇവിടെ ഏറെ ബഹുമാനിക്കപ്പെടുന്ന ജോലിയാണ്. കോവിഡ് മഹാമാരി സമയത്ത് ട്രക്ക് ഡ്രൈവർമാർ മാത്രമെ റോഡുകളിൽ ജോലി ചെയ്തിരുന്നുള്ളൂ.
അക്കാലത്ത് ഹൈവേയിൽനിന്ന് മാറി സിറ്റി അല്ലെങ്കിൽ ഇടറോഡുകളിൽ കൂടി പോകുമ്പോൾ വീടുകളുടെ മുന്നിൽ ട്രക്ക് ഡ്രൈവർമാർക്കായി വെള്ളവും ഭക്ഷണവും എടുത്തുവെച്ചിരുന്നു. ദുഷ്കരമായ ആ നാളുകളിലും ജോലിചെയ്യുന്നവരോടുള്ള നന്ദിപ്രകടനമായിരുന്നു അത്.
ഭക്ഷണത്തിന് ഒപ്പം ‘thank you truck drivers’ എന്ന ബോർഡും വീടുകൾക്ക് മുന്നിൽ കാണാമായിരുന്നു. അത്രയും സ്നേഹത്തോടെയാണ് ട്രക്കിങ്ങിനെ എല്ലാവരും കാണുന്നത്. കേരളത്തിൽ നഴ്സുമാർക്കും മറ്റ് മുൻനിര കോവിഡ് പോരാളികൾക്കും ലഭിച്ച ബഹുമാനം പോലെ തന്നെ.
കഴിഞ്ഞ ഡിസംബറിൽ മഞ്ഞുകാറ്റിൽ (snow storm) പെട്ട് രണ്ടു ഡ്രൈവർമാർ 24 മണിക്കൂർ റോഡിൽ കുടുങ്ങിപ്പോയിരുന്നു. ഇവർക്ക് തുണയായത് സമീപത്തെ കനേഡിയൻ പൗരനാണ്. അദ്ദേഹം ന്യൂട്രീഷ്യൻ ബാറുകളും വെള്ളവും കൊണ്ടുപോയി ഇവർക്ക് നൽകി.
ഈ സഹായ മനഃസ്ഥിതി ആരും പറഞ്ഞ് പഠിപ്പിക്കുന്നതല്ല. വാർത്തകളിലൂടെ ട്രക്കുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിഞ്ഞ് സഹായവുമായി എത്തുന്നതാണ്. ട്രക്കറായി ജോലി ചെയ്യുമ്പോൾ നമ്മളെ സ്പർശിക്കുന്നത് ഇത്തരം സ്നേഹപ്രകടനങ്ങളാണ്.
മോശം അനുഭവമുണ്ടോ?
രണ്ടു വർഷമായി ഞാൻ ട്രക്ക് ഓടിക്കുന്നു. ഇതുവരെ മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ല. ഏത് പാതിരാത്രിക്കും ട്രക്ക് സ്റ്റോപ്പുകളിൽ പോകാം. ഇന്ധനം നിറക്കാം.
അതിനൊക്കെയുള്ള സ്വാതന്ത്ര്യവും സുരക്ഷയും ഇവിടെയുണ്ട്. എല്ലാ ഫ്യുവൽ സ്റ്റേഷനുകളും ട്രക്ക് സ്റ്റോപ്പുകളും സ്ത്രീ സൗഹൃദമാണ്. സമാധാനപരമായി വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ അവിടെ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്.
വീട്ടുകാർക്ക് ഇഷ്ടമാണോ ഈ ജോലി?
അച്ഛൻ സജിയും അമ്മ മിനിയുമാണ് ട്രക്കിങ്ങിലേക്ക് ഇറങ്ങിയപ്പോൾ കൂടുതൽ പിന്തുണ നൽകിയത്. ഭർത്താവ് ജിതിൻ കാനഡയിൽ ഡ്രൈവർ എക്സാമിനറായിരുന്നു. നാട്ടിലെ ആർ.ടി.ഒക്ക് സമാനമുള്ള തസ്തികയാണത്. എന്‍റെ ഇഷ്ടത്തെത്തുടർന്ന് ആ ജോലിയിൽനിന്ന് അവധിയെടുത്താണ് ഭർത്താവും ട്രക്കിങ്ങിലേക്ക് വന്നത്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി ഓടിക്കുന്നു. ടോം, ബെറ്റ്സി എന്നിവരാണ് ജിതിന്‍റെ അച്ഛനും അമ്മയും. ഒപ്പം ജിതിന്‍റെ സഹോദരങ്ങളായ ബിബിൻ, റോസ്മി എന്നിവരുമൊക്കെ ഈ ജോലിയിലേക്ക് എത്താൻ ഏറെ പ്രോത്സാഹനം നൽകിയവരാണ്.
നാട്ടുകാർ അതിശയം പറയാറുണ്ടോ?
നാട്ടിൽ അമ്മയോട് പലരും സങ്കടത്തോടെ ചോദിക്കുന്നത് അറിഞ്ഞിട്ടുണ്ട്. മോൾക്ക് ട്രക്ക് ഓടിക്കലല്ലാതെ മറ്റൊരു ജോലിയും കിട്ടിയില്ലേ എന്ന്. അപ്പോൾ അമ്മ അഭിമാനത്തോടെ പറയും. കിട്ടിയ ജോലി കളഞ്ഞിട്ട് ട്രക്ക് ഡ്രൈവറായി പോയതാണ് എന്ന്. നാട്ടുകാരോടൊക്കെ അഭിമാനത്തോടെ മക്കളുടെ ജോലി പറയുന്ന മാതാപിതാക്കൾ ഉണ്ടെന്നതാണ് ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ പിന്തുണ.
കാനഡയിലെ വേതനം ഇങ്ങനെ
പ്രഫഷനൽ ഡ്രൈവർക്ക് എക്സ്പീരിയൻസ് അനുസരിച്ചാണ് വേതനം ലഭിക്കുന്നത്. ഒ ന്നോ രണ്ടോ വർഷം പ്രവർത്തനപരിചയമുള്ള ഡ്രൈവർക്ക് ഒരു മാസം 5000 മുതൽ 6000 കനേഡിയൻ ഡോളർ (ഇന്ത്യൻ രൂപയിൽ മൂന്നു ലക്ഷം മുതൽ) നിരക്കിൽ ശമ്പളം ലഭിക്കും. എത്ര ദൂരം ഓടുന്നു എന്നത് അനുസരിച്ചാണ് വേതനം നിർണയിക്കുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.