സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുന്നതിനായി ചിത്രങ്ങൾ എടുത്തുതുടങ്ങി പിന്നാലെ പ്രഫഷനലായി മാറിയ കഥയാണ് ഷമീമ അബ്ദുൽ ഷുക്കൂറിന്റേത്.രാവിലെ വീട്ടിൽ ഉണ്ടാക്കുന്ന പുട്ടും കടലയും ഇഡ്ഡലിയും ചട്നിയും വെള്ളപ്പവും സാമ്പാറുമൊക്കെ മനോഹരമായ ചിത്രങ്ങളാക്കിയാണ് തുടക്കം. ജീവിതം മാറിമറിഞ്ഞപ്പോൾ തിരക്കേറിയ ഫോട്ടോഗ്രാഫറായി അവർ മാറി.
തീൻമേശയിലെ മലയാളിമണമുള്ള പതിവ് ഭക്ഷണങ്ങൾ മറുനാട്ടിൽ കഴിയുന്നവർക്ക് കൊതിയൂറും വികാരമാണ്. ഈ വിഭവങ്ങൾ അതേപടി പകർത്തി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതാണ് കാസർകോട് ഉദുമ നാലാംവാതുക്കൽ ഷമീമ അബ്ദുൽ ഷുക്കൂറിന്റെ ജീവിതംതന്നെ മാറ്റിമറിച്ചത്. ബി.ടെക് കഴിഞ്ഞ് എൻജിനീയർ കുപ്പായം ഇടേണ്ടയാൾ അങ്ങനെ ഫോട്ടോഗ്രാഫറായി.
ഇൻസ്റ്റയിൽ തുടക്കം
സ്വന്തം അടുക്കളയിൽ പാചകം ചെയ്യുന്ന പ്രാതൽ വിഭവങ്ങൾ പ്ലേറ്റിൽ എടുത്തശേഷം കാമറയിലേക്ക് പകർത്തും. എന്നിട്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും. ഒരു കൗതുകമെന്ന നിലക്ക് ഇത് തുടർന്നു. ഒരുപാട് പേർ അത് കാണും. മലയാളിയുടെ മറക്കാനാവാത്ത ഇത്തരം രുചിക്കൂട്ടുകൾ കാണുന്നവരുടെ എണ്ണം ദിവസവും കൂടും. വെറും 240 ഫോളോവേഴ്സിൽനിന്ന് ദശലക്ഷം പേർ ഈ രുചി ചിത്രങ്ങൾ കാണുന്നു. ഒരു നേരമ്പോക്കിന് ഇട്ട ചിത്രങ്ങൾക്കപ്പുറം ജീവിതത്തിന്റെ ഗതികൂടിയാണ് മാറിമറിഞ്ഞത്.
ചായ മുതൽ ബിരിയാണി വരെ
ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ടെക് പഠനശേഷം ജോലിക്കൊന്നും ശ്രമിക്കാതെ കുറച്ചുകാലം വീട്ടിലിരുന്നു. 2020ൽ പുതിയൊരു ഐഫോൺ കിട്ടിയപ്പോഴാണ് പടംപിടിത്തം സജീവമായത്. ചായ, ഇഡ്ഡലി, കായ്പോള, ഉന്നക്കായ, നോമ്പുതുറ വിഭവങ്ങൾ തുടങ്ങി സകല പലഹാരങ്ങൾ മുതൽ ബിരിയാണി വരെ കാമറക്കണ്ണിലേക്ക് പതിഞ്ഞു. പിന്നെ നേരെ ഇൻസ്റ്റയിലേക്കും. കാഴ്ചക്കാരുടെ എണ്ണം കൂടി. വലിയൊരു ആത്മവിശ്വാസമാണ് അത് സമ്മാനിച്ചത്. പലരും നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ തുടങ്ങി.
ആ ഭക്ഷണ ഐറ്റം മറക്കില്ല
2022 മാർച്ച്. സാധാരണ പോലെ പല ഫുഡ് ഐറ്റങ്ങൾ ഷെയർ ചെയ്യാൻ തുടങ്ങി. ഒരു റീൽ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. ഒരു മില്യണിലധികം പേരാണ് അത് കണ്ടത്. കൂൾ ഡ്രിങ്സും കേക്ക്സും ഐസ്ക്രീമും ചേർന്നുള്ള ഏതാനും സെക്കൻഡുകൾ മാത്രമുള്ള റീലായിരുന്നു അത്.
ദശലക്ഷം പേർ കണ്ടത് വലിയ അംഗീകാരമായാണ് ഷമീമ കാണുന്നത്. സമൂഹ മാധ്യമവുമായുള്ള ഇടപഴകൽ തുടങ്ങി വർഷങ്ങളായിട്ടും ഇത്രയും പേർ തന്റെ വിഡിയോ കാണുന്നത് ആദ്യം. ഭക്ഷണവിശേഷങ്ങൾക്ക് കിട്ടുന്ന വലിയൊരു അംഗീകാരം കൂടിയായി അത്. കൂടുതൽ പേർ ഫോണിലും അല്ലാതെയും നേരിട്ട് ബന്ധപ്പെടാൻ തുടങ്ങി.
ഫോട്ടോഗ്രാഫർ തിരക്കിലാണ്
ഐ.ടി മേഖല ഔദ്യോഗിക ഇടമായി ഉറപ്പിച്ചിരുന്നെങ്കിലും ചിത്രങ്ങൾക്ക് കിട്ടുന്ന അംഗീകാരം വഴിമാറ്റത്തിന് പ്രേരണയായി. തീർത്തും അപ്രതീക്ഷിതമായ മാറ്റമായിരുന്നു അത്. സമൂഹ മാധ്യമങ്ങളിലെ ഏതാനും പോസ്റ്റുകൾക്ക് മാത്രമായി മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങൾക്ക് ലഭിച്ച ജനപ്രീതി തന്നെയാണ് ബി.ടെക്കുകാരിയായ ഫോട്ടോഗ്രാഫറുടെ പിറവിയിലേക്ക് നയിച്ചത്.
തേടിയെത്തി അവസരങ്ങൾ
മികച്ച ചിത്രങ്ങൾ കണ്ട് ദുബൈയിലെ ചില കമ്പനികൾ ഇവരെ സമീപിച്ചു. തങ്ങളുടെ ഉൽപന്നങ്ങളുടെ മനോഹരമായ ചിത്രങ്ങൾ കാമറയിൽ പകർത്താനാണ് അവർ ആവശ്യപ്പെട്ടത്. പരീക്ഷണാടിസ്ഥാനത്തിൽ ആ ദൗത്യം ഏറ്റെടുത്തു. തരക്കേടില്ലാത്ത വേതനവും ലഭിച്ചു.
യു.എ.ഇയിലെ പ്രമുഖ റസ്റ്റാറന്റുകളും പിന്നീട് ഇതേ ആവശ്യമുന്നയിച്ച് സമീപിച്ചു. റസ്റ്റാറന്റ് ഗ്രൂപ്പിന്റെ പുതിയ ഭക്ഷണ വിഭവങ്ങളുടെ മനോഹരമായ ചിത്രങ്ങൾ പകർത്തി. കൂടുതൽ കമ്പനികളുടെ ഫോട്ടോഗ്രാഫറായുള്ള മാറ്റമെല്ലാം പെട്ടെന്നായിരുന്നു.
ദിവസം അരലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്ന മികച്ച കരിയറായി ഫോട്ടോഗ്രഫി മാറി. ഭക്ഷണ വിഭവങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഹെയർ ഓയിൽസ് തുടങ്ങി കമ്പനികളുടെ മികച്ച ഉൽപന്നങ്ങൾ കാമറയിൽ പകർത്തുന്നു. കമ്പനികൾക്ക് റീൽ നിർമിച്ചുനൽകുന്ന ജോലിയും ഇവർ നിർവഹിക്കുന്നു. ഫ്യൂജി ഫിലിം XS10 കാമറയാണ് ഷമീമ ഇപ്പോൾ ഉപയോഗിക്കുന്നത്. 16-55mm f2.8 ലെൻസും.
താമസം ദുബൈയിൽ
അബ്ദുൽ ഷുക്കൂർ-സുബൈദ ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂത്തവളാണ് ഷമീമ. ദുബൈയിൽ സോഫ്റ്റ്വെയർ ബിസിനസുകാരനായ യാസിറാണ് ഭർത്താവ്. 12കാരി സീബ ഫാത്തിമ, അഞ്ചുവയസ്സുകാരൻ അമ്മാർ യാസിർ എന്നിവർ മക്കൾ. ദുബൈയിലാണ് താമസം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.