‘‘മരണത്തിന്‍റെ മണവുമായി മൂന്നാം വട്ടവും ക്ഷയം എന്നെ തേടി എത്തിയപ്പോഴും ഇനിയൊരു തിരിച്ചുനടത്തം സാധ്യമല്ലെന്നായിരുന്നു വീട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ എല്ലാവരും കരുതിയത്. പക്ഷേ, അസുഖത്തിനു മുന്നിൽ എളുപ്പം മുട്ടുമടക്കി അങ്ങനങ്ങ് കീഴടങ്ങാനുള്ളതല്ലല്ലോ ജീവിതം. കൊതിതീരുംവരെ ജീവിക്കണമെന്ന വാശിക്കു മുന്നിൽ പക്ഷേ, കീഴടങ്ങിയത് രോഗമായിരുന്നു.
മൂന്നാമത്തെ ആക്രമണത്തിൽ ശരീരവും മനസ്സും ഇത്തിരി പതറിയെങ്കിലും തോറ്റുകൊടുക്കാതെ രോഗത്തോട് പടവെട്ടി ജയിച്ചപ്പോഴേക്കും പലർക്കും അത്ഭുതമായിരുന്നു...’’ ജീവിതത്തിൽ വില്ലനായെത്തിയ ടി.ബിയെ മൂന്നുവട്ടവും തോൽപിച്ച പത്തനംതിട്ട എള്ളുകാലയിൽ ഹൗസിൽ സോജൻ തോമസിന്റെയും ബീനയുടെയും മകൾ ദിവ്യ സോജന്‍റെ ആ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. അതിജീവിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ ഓരോ തവണയും ദിവ്യ ജീവിതത്തിലേക്കു തിരിച്ചുവന്നു. ജീവിതത്തിനും മരണത്തിനും ഇടയിലെ ആ തിരിച്ചുവരവ് ഓർത്തെടുക്കുകയാണ് അവർ...
നെഞ്ചുവേദനയിൽ തുടക്കം
‘‘ക്ഷയം ആണ്. ശ്വാസകോശത്തിൽ നേരിയ പാട (പാച്ച്) പോലെയാണ് അണുബാധയുള്ളത്. ചികിത്സ തേടണം. മാറ്റിയെടുക്കാവുന്നതേയുള്ളൂ’’ -പൊക്കിപ്പിടിച്ച എക്സ്റേ നോക്കി എന്നെ മുന്നിലിരുത്തി ഡോക്ടർ പറഞ്ഞപ്പോൾ ഭയമോ ആശങ്കയോ തോന്നിയില്ല. നെഞ്ചിൽ കുത്തിക്കുത്തി ശക്തമായ വേദന അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ചികിത്സ തേടിയത്. തുടക്കം വേദന അവഗണിച്ചെങ്കിലും സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ഡോക്ടറെ കണ്ടത്.
ക്ഷയരോഗമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് ഞെട്ടലൊന്നുമുണ്ടായില്ല. രോഗമുക്തി നേടിയ ഒരുപാടുപേരെ പരിചയമുണ്ട്. കൃത്യമായി ചികിത്സ തേടി മരുന്ന് കഴിച്ചാൽ രോഗത്തെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നതും എനിക്ക് കരുത്തായിരുന്നു.
മുംബൈയിൽ നഴ്സിങ്ങിന് പഠിക്കുന്നതിനിടെ 2011ലാണ് ആദ്യമായി ക്ഷയരോഗ ലക്ഷണം കണ്ടെത്തിയത്, ഇരുപത്തിമൂന്നാം വയസ്സിൽ. ആറുമാസത്തെ ചികിത്സക്കുശേഷം വീണ്ടും എക്സ്റേ എടുത്തെങ്കിലും പാച്ച് പോകാതിരുന്നതോടെ മൂന്നു മാസംകൂടി ചികിത്സ തുടർന്നു. അതിനിടെ ജോലിയും നോക്കിയതിനാൽ സഹപ്രവർത്തകരുടെ പിന്തുണ ഈ ഘട്ടത്തിൽ ഏറെ സഹായിച്ചിരുന്നു. 2012ൽ ഡൽഹിയിൽ ജോലിക്ക് ചേർന്നു. അതിനിടെ എം.എസ്.സി നഴ്സിങ്ങിനായി എൻട്രൻസ് പരിശീലനവും നടത്തിയിരുന്നു.
വീണ്ടും ക്ഷയത്തിന്‍റെ പിടിയിൽ
2014ലാണ് എയിംസിൽ എം.എസ്.സി നഴ്സിങ് കോഴ്സിനു ചേർന്നത്. എന്നാൽ, മാസങ്ങൾക്കുശേഷം പഴയ ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടു. വീണ്ടും എടുത്ത എക്സ്റേയിൽ മുമ്പത്തെക്കാൾ വലിയ അണുബാധ കണ്ടെത്തി. ‘‘ഒരിക്കൽ ഭേദമായ അസുഖം പിന്നെയും എന്നെ വിടാതെ കൂടിയല്ലോ എന്ന സങ്കടം മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. പക്ഷേ, ആദ്യ തവണ പിടിച്ചുനിന്നതുപോലെ ഇനിയും നിൽക്കണമെന്ന് മനസ്സ് എന്നോട് പറഞ്ഞു.
ആഗ്രഹം പോലെ എയിംസിൽ കോഴ്സും പൂർത്തിയാക്കണം.’’ ഇത്തവണയും അതിജയിക്കുമെന്ന ഉറപ്പ് ദിവ്യക്കുണ്ടായിരുന്നു. ഇത്തവണ മരുന്നും കുത്തിവെപ്പും ഉണ്ടായിരുന്നു. പിന്നെ, ഒന്നിടവിട്ട ദിവസങ്ങളിൽ ശ്വാസകോശത്തിൽനിന്ന് ഫ്ലൂയിഡ് (ദ്രവം) കുത്തിക്കളയും. ആഴ്ചയിൽ പലവട്ടം ഫ്ലൂയിഡ് കുത്തിയെടുക്കുന്നതിനു പകരം ട്യൂബിടാമെന്ന മറ്റു ഡോക്ടർമാരുടെ നിർദേശത്തെ എന്നെ ചികിത്സിച്ച ഡോക്ടർ രൺദീപ് ഗുലേറിയയാണ് വേണ്ടെന്നു പറഞ്ഞ് ഒഴിവാക്കിയത്. എനിക്ക് ക്ലാസിൽ പോകേണ്ടതുകൊണ്ടായിരുന്നു അദ്ദേഹം ട്യൂബ് ഒഴിവാക്കിത്തന്നത്.
ക്ലാസും പഠനവും ക്ലിനിക്കൽ പരിശീലനവും ഒപ്പം ചികിത്സയുമായി ഞാൻ പരമാവധി പിടിച്ചുനിന്നു. ചികിത്സക്കിടെ ഒരുമാസം അഡ്മിറ്റാവേണ്ടിവന്നു. ചികിത്സ ആരംഭിച്ച് ഒന്നരമാസം പിന്നിട്ടപ്പോഴേക്കും ശരീരം വല്ലാതെ ക്ഷീണിച്ചുപോയിരുന്നു. ഒറ്റക്കായിരുന്നു ആശുപത്രിവാസം. ചില സഹപ്രവർത്തകർ പനി പരിശോധിക്കാനായി മുറിയിലേക്കു കടക്കില്ല. പുറത്തുനിന്ന് തെർമോമീറ്റർ നീട്ടിത്തരും.
ഒറ്റപ്പെട്ട് ആശുപത്രിമുറിയിൽ കഴിയുന്ന ക്ഷയരോഗിയുടെ വേദന പറഞ്ഞറിയിക്കാനാകില്ല. കോവിഡ് കാലത്ത് ഐസൊലേഷനിൽ കിടന്നപ്പോൾ പലരും ആ ഒറ്റപ്പെടലിന്റെ മറ്റൊരു രൂപം പരിചയപ്പെട്ടുകാണും. പക്ഷേ നഴ്സുമാർ, അധ്യാപകർ, ഒരിക്കലും പരിചയമില്ലാത്തവർ.. അങ്ങനെ ചിലയാളുകളുടെ സ്നേഹവായ്പ് അനുഭവിച്ചറിയാൻ കഴിഞ്ഞു. എട്ടു മാസത്തിനു ശേഷമാണ് ക്ഷയരോഗം മാറിയതും ചികിത്സ നിർത്തിയതും.
വീണ്ടും ടി.ബി, നാട്ടിലെ ചികിത്സ, വിഷാദം, ഒറ്റപ്പെടുത്തൽ
2019ൽ എയിംസിൽ ജോലിക്കിടെയാണ് വിദേശത്ത് പോകണമെന്ന പഴയ ആഗ്രഹം കലശലായത്. അതിനു മുന്നോടിയായുള്ള മെഡിക്കൽ പരിശോധനക്കിടെയാണ് വീണ്ടും രോഗലക്ഷണം കണ്ടെത്തിയത്. മരുന്നുകളെ പ്രതിരോധിക്കുന്ന തരം (മൾട്ടി ഡ്രഗ് റെസിസ്റ്റന്റ്) ടി.ബി ആയിരുന്നു. ചുമയോ കഫമോ ഇല്ലാത്തതിനാൽ കഫപരിശോധന നടത്താൻ സാധിക്കാത്തതിനാൽ ബ്രോങ്കോസ്കോപി ചെയ്യേണ്ടി വന്നു. പിന്നാലെ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങി.
‘‘മനസ്സും ശരീരവും തളർന്ന് ഞാൻ ഇല്ലാതായ അവസ്ഥയായിരുന്നു. ജീവൻ ശരീരത്തിന് ഭാരമായ അവസ്ഥ’’ -ദിവ്യ പറഞ്ഞു. കോഴഞ്ചേരി ആശുപ്രതിയിലായിരുന്നു ചികിത്സ. ഡോക്ടറും ആരോഗ്യപ്രവർത്തകരും ഒരുപാട് സഹായിച്ചു. രാവിലെ ആശുപത്രിയിൽ ചെന്ന് കുത്തിവെപ്പെടുക്കും.
ദിവസം 22 ഗുളികകൾ വരെ കഴിക്കേണ്ടിയിരുന്നു. ഛർദിക്കുള്ള മരുന്ന് വേറെയും. ഭയങ്കര തളർച്ചയും ക്ഷീണവുമായിരുന്നു. ഭക്ഷണം പോലും വേണ്ട, കഴിക്കുന്നതാവട്ടെ ഛർദിച്ചുപോകുന്ന അവസ്ഥ. നാട്ടിലെ ആരോഗ്യപ്രവർത്തകരോട് ചോദിച്ചാണ് മരുന്ന് കഴിക്കേണ്ട രീതി മനസ്സിലാക്കിയതും മോശം മാനസികാവസ്ഥയെ അതിജയിക്കാനും സാധിച്ചത്.
ചികിത്സ തുടങ്ങിയതോടെ ശക്തമായ ചുമയും തുടങ്ങി. പിന്നാലെ അയൽവാസികളൊന്നും വീട്ടിലേക്കു വരാതായി. ഒരർഥത്തിൽ പറഞ്ഞാൽ അന്നു ഞാൻ കടുത്ത വിഷാദം അനുഭവിച്ചിട്ടുണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. തിരികെച്ചെല്ലാൻ മെമ്മോ വന്നതോടെ എയിംസിലേക്ക് തിരിച്ചുപോയി. എന്നാൽ, മുമ്പത്തെപ്പോലെയായിരുന്നില്ല, അവിടെയും സഹപ്രവർത്തകരിൽ ചിലരിൽനിന്ന് കടുത്ത വിവേചനമായിരുന്നു നേരിട്ടത്.
എന്നെ കണ്ടാൽ മാറി നടക്കുന്നവർ, ഞാൻ ഭക്ഷണം കഴിക്കുന്നിടത്തുനിന്ന് എഴുന്നേറ്റുമാറൽ... അങ്ങനെ. മരുന്നു മുടങ്ങാതെ കഴിക്കാനായി എന്‍റെ നൈറ്റ് ഡ്യൂട്ടി അഡ്ജസ്റ്റ് ചെയ്യാൻപോലും പലരും തയാറായില്ല. ജോലിയിൽ തുടരുമ്പോഴും അഞ്ചു മാസത്തോളം ദിവസവും 22 ഗുളികകൾ വരെ കഴിക്കേണ്ടിവന്നു; കുത്തിവെപ്പുകൾ വേറെയും. പക്ഷേ, അപ്പോഴും കൂടെനിന്ന ആളുകൾ നൽകിയ പിന്തുണയും എനിക്ക് കരുത്തായിരുന്നു.
ക്ഷയവും സ്ത്രീകളും ‘ദ യൂനിയനും’
‘‘ഞാൻ ക്ഷയത്തെ അതിജീവിച്ചവരിൽ ഒരാളാണ്. അവരുടെ വേദനകൾ അറിയുന്ന, അവർ നേരിടുന്ന വിവേചനം അറിയുന്ന ഒരാൾ...’ ക്ഷയത്തിനും മറ്റു ശ്വാസകോശ രോഗങ്ങൾക്കും എതിരെയുള്ള രാജ്യാന്തര സംഘടനയായ ‘ദ യൂനിയൻ’ ലോകസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ അതിജീവനത്തെക്കുറിച്ച് ദിവ്യ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. യു.എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ച വെർച്വൽ സമ്മേളന വേദിയിലാണ് ദിവ്യ അനുഭവങ്ങൾ പങ്കുവെച്ചത്.
‘‘വേദിയിൽ തന്‍റെ ജീവിതവും അനുഭവവും പങ്കിടാൻ സാധിച്ചത് വലിയ ഭാഗ്യമായിരുന്നു. അതിലൂടെ നിരവധി രോഗികൾക്കാണ് ആശ്വാസമേകാനായത്. ക്ഷയം ബാധിച്ച് സമൂഹത്തിന്‍റെയും വീട്ടുകാരുടെയും അവഗണനയും മാനസിക സംഘർഷങ്ങളും കാരണം പ്രയാസം അനുഭവിച്ച നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി. എനിക്ക് തന്നെ നല്ലൊരു അനുഭവവും മനക്കരുത്തുമാണ് അനുഭവപ്പെട്ടത്. രോഗികൾക്കു നേരെയുള്ള സമൂഹത്തിന്‍റെ അവഗണനയും വിവേചനവും മാറേണ്ടതുണ്ട്. അനുകമ്പയോ സഹതാപമോ അല്ല വേണ്ടത്, മറിച്ച് പിന്തുണയാണ്.’’
ആറു വർഷമായി എയിംസിൽ നഴ്സാണ്. ഡൽഹി-മുംബൈ കേന്ദ്രീകരിച്ച് ടി.ബി രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർവൈവേഴ്സ് എഗെൻസ്റ്റ് ടി.ബി എന്ന ഓർഗനൈസേഷനൊപ്പം ഞാനും പ്രവർത്തിക്കുന്നു. അവർക്കായുള്ള ഹെൽത്ത് പോളിസി, അവെയർനസ്, സംശയനിവാരണം, പൊതു ആരോഗ്യം, ചികിത്സ, മാനസിക പിന്തുണ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഇതിന്‍റെ കീഴിൽ നടക്കുന്നു.
മിക്കവാറും ക്ഷയരോഗം മാനസികമായും ശാരീരികമായും കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണെന്നാണ് എന്‍റെ അനുഭവം. പോഷകാഹാരക്കുറവ്, വന്ധ്യത പ്രശ്നം, പീരീഡ്സുമായി ബന്ധപ്പെട്ടുള്ള മൂഡ് പ്രശ്നങ്ങൾ, വിവാഹാലോചന നടക്കുമ്പോൾ രോഗവിവരം പുറത്തുപറയാനുള്ള പ്രായാസം... അങ്ങനെ നീളുന്നു. ചികിത്സക്കാലത്തു കിട്ടുന്ന പണംപോലും (500 രൂപ) മക്കൾക്കും ഭർത്താവിനുമായി നൽകേണ്ടിവരുന്ന സ്ത്രീകൾ വരെയുണ്ട്.
ക്ഷയരോഗം: കരുത്തും കരുതലുമാവാം, അതിനുള്ള വഴികളിതാ...
* പ്രതീക്ഷയുടെ, ആത്മവിശ്വാസത്തിന്‍റെ കരുത്ത് സ്വയം ആർജിച്ചെടുക്കുക
* രോഗബാധയുണ്ടായാൽ തളരാതിരിക്കുക
* ക്ഷയം മാറാരോഗമൊന്നുമല്ല. കൃത്യമായ ചികിത്സ തേടണം. മരുന്നും കഴിക്കണം. അതിന്റെ കൂടെ കരുതലും ഉണ്ടാവണം എന്നു മാത്രം
*കൂടെയുണ്ടെന്നു പറഞ്ഞ് ആത്മാർഥമായി പിന്തുണ നൽകുന്നവരുണ്ടെങ്കിൽ നമുക്ക് ഏതു പ്രയാസത്തെയും സാഹചര്യത്തെയും കൂളായി നേരിടാം. അത്തരം സപ്പോർട്ട് നൽകാൻ കുടുംബം/ ബന്ധുക്കൾ/ നാട്ടുകാർ ശ്രമിക്കണം
* ക്ഷയരോഗികൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തുകയും മുറ്റത്തും പൊതുസ്ഥലത്തും തുപ്പാതിരിക്കുകയും വേണം.
* ചടഞ്ഞുകൂടാതെ പരമാവധി എന്‍റർടെയ്ൻ ചെയ്യാൻ ശ്രമിക്കുക. മാനസിക ആരോഗ്യവും സന്തോഷവും നമുക്ക് പോസിറ്റിവ് എനർജി സമ്മാനിക്കും
* കൃത്യമായി പോഷകാഹാരം കഴിക്കുക. പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും ഇത് സഹായിക്കും
* ചികിത്സ ഉൾപ്പെടെ കാര്യങ്ങളിൽ ബന്ധപ്പെട്ടവർ സൗകര്യം ഒരുക്കുക. മരുന്നും പരിശോധനയും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
* ടി.ബി ചികിത്സ തേടുന്നവർക്ക് കൗൺസലിങ്ങും മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ലഭ്യമാക്കണം
*നമ്മുടെ പ്രിയപ്പെട്ടവരോട് ഫോണിൽ ഒന്ന് സംസാരിക്കുന്നതിനോ മെസേജ് അയക്കുന്നതിനോ സമയം കണ്ടെത്തുന്നത് നഷ്ടമായി കരുതേണ്ട. ഒരുപക്ഷേ, ഒരു ജീവൻ തന്നെയാവും നമുക്ക് നേടിയെടുക്കാൻ കഴിയുന്നത്. ഇനി നമുക്കും പറയാൻ സാധിക്കണം നിങ്ങൾ ഒറ്റക്കല്ല ഞങ്ങൾ ഒപ്പമുണ്ടെന്ന്
*നമ്മളൊരിക്കലും അമാനുഷിക പ്രവൃത്തികൾ ചെയ്യുന്നവരല്ല. അതുകൊണ്ടുതന്നെ നാം ചെയ്യുന്ന പ്രവൃത്തികൾക്കിടയിലും ചിലപ്പോഴൊക്കെ തളർന്നുപോകാറുണ്ട്. നമുക്ക് നമ്മളെത്തന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ പ്രശ്നങ്ങളെ നേരിടാൻ കഴിയുന്നില്ലെങ്കിൽ സഹായം ചോദിക്കാൻ മടിക്കരുത്. അത് വീട്ടുകാരോടാവാം കൂട്ടുകാരോടാവാം. അതിലുപരി വിദഗ്ധരായ ആളുകളോടാവാം
*നമ്മുടെ ചുറ്റുമുള്ളവരിൽ മാനസികാരോഗ്യം വീണ്ടെടുക്കാൻ ഒരു പുഞ്ചിരിയെങ്കിലും സമ്മാനിക്കാൻ പരിശ്രമിക്കാം. നമ്മുടെ മുന്നിൽ വരുന്ന, അല്ലെങ്കിൽ നമ്മുടെ കൂടെയുള്ള ഓരോ വ്യക്തിയെയും കരുണയോടും സ്നേഹത്തോടുംകൂടി സമീപിക്കുക. ഇതായിരിക്കട്ടെ നമുക്ക് മറ്റുള്ളവരോടുള്ള മനോഭാവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.