'ഒരു മാനിനെ കൊന്നാൽ കേസ് എടുക്കുന്ന ഈ രാജ്യത്തിൽ ലക്ഷദ്വീപിന്റെ ആരോഗ്യ വകുപ്പ് ആ ജനങ്ങളോട് കാണിക്കുന്ന നെറികേടിനെ ചോദ്യം ചെയ്യാൻ ആരുമില്ലേ?' ലക്ഷദ്വീപിന്റെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ ഈ ചോദ്യം ഓരോ ലക്ഷദ്വീപുകാരനും വേണ്ടിയാണ്. മതിയായ ചികിത്സ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് ജനതയുടെ ദുരിതത്തിന്റെ നേർക്കാഴ്ചയാകുകയാണ് ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ജൂൺ എട്ടിന് രാത്രി ചെത്ലാത് ദ്വീപിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ രണ്ട് യുവാക്കളെ കൊച്ചിയിലേക്ക് എത്തിക്കാൻ വൈകുകയും അതിനെ തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ മുൻനിർത്തിയാണ് ലക്ഷദ്വീപ് ജനത നേരിടുന്ന ദുരിതത്തെ ഐഷ വിവരിക്കുന്നത്. പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ, അവിടുത്തെ ആശുപത്രിയിൽ വേദന കുറക്കാനുള്ള മരുന്നോ ഇൻജക്ഷനോ ഇല്ലായിരുന്നു. പിറ്റേന്ന് ഒമ്പതാം തീയതി രാവിലെയാണ് അവരെ കൊച്ചിയിലേക്ക് കൊണ്ടുപോകാൻ ഹെലികോപ്റ്റർ എത്തിയത്. പക്ഷേ, അത് പോയത് കവരത്തി ദ്വീപിലേക്കാണ്. ഇന്ധനം നിറക്കാൻ അവിടെ എത്തിയപ്പോഴേക്കും യുവാക്കളിലൊരാൾ മരിച്ചു.
മൃതദേഹം കവരത്തി ദ്വീപിലിറക്കി രണ്ടാമത്തെ യുവാവുമായി ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പറന്നു. ആദ്യം കളമശ്ശേരി മെഡിക്കൽ കോളജിലും ഗുരുതരമാണെന്ന് കണ്ട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും കൊണ്ടുപോയി. വളരെ വൈകിയാണ് എത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ആ യുവാവ് രക്ഷപ്പെട്ടു. പക്ഷേ, പോസ്റ്റുമോർട്ടത്തിനായി ആദ്യ യുവാവിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചത് 13ാം തീയതി ഉച്ചക്കാണ്.
ഒമ്പതാം തീയതി രാവിലെ 10.30ന് മരിച്ചയാളുടെ മൃതദേഹം ഖബറടക്കാൻ സാധിച്ചത് അഞ്ചാം ദിവസമാണ്. 'ഈ കടലിൽ ഇത്രയും ബുദ്ധിമുട്ടി യാത്ര ചെയ്ത് കൊണ്ട് ആ ജനങ്ങൾ കൊച്ചിയിലേക്ക് വരുന്നത് ഇവിടത്തെ തീയറ്ററിൽ സിനിമ കാണാൻ വേണ്ടിയല്ല. നല്ല ഹോസ്പിറ്റലിലെ ചികിത്സ തേടിയാണ്.
ദ്വീപിലേക്ക് എല്ലാ ഫസിലിറ്റിയോടും കൂടിയ ഹോസ്പിറ്റലുകളും ഡോക്ടർമാരെയുമാണ് ആദ്യം വേണ്ടത്. അതുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി അതിന് വേണ്ടി ശ്രമിക്കാം. ഏഴല്ല പതിനായിരം കപ്പലുകൾ ആ നാട്ടിലേക്ക് വന്നാലും ഹോസ്പിറ്റലുകൾ വരാതെ ആ നാട്ടുകാരുടെ ദുരിതം മാറില്ല' -ഫേസ്ബുക്ക് പോസ്റ്റിൽ ഐഷ പറയുന്നു.
നിങ്ങൾക്കിന്നൊരു കഥ പറഞ്ഞുതരാം. ഞങ്ങളുടെയൊക്കെ ജീവിതമാണ് നിങ്ങൾക്ക് മുന്നിലേക്ക് ഞാൻ കഥയായി അവതരിപ്പിക്കുന്നത്. കാരണം ഇത് ഞങ്ങളുടെ ജീവതമാണെന്ന് പറയുമ്പോൾ ചിലരിതിനെ പിച്ചിച്ചീന്തി വെണ്ണീർ ആക്കുന്ന തരത്തിൽ കമന്റുകൾ ഇടും. അതൊക്കെ വായിച്ചു തളർന്ന് പോകുന്നൊരു സമൂഹമുണ്ടെന്നും അവരിൽ ജീവനുണ്ടെന്നും അവരും നിങ്ങളുടെയൊക്കെ സഹോദരി സഹോദരന്മാരാണെന്നും ഇവിടെയുള്ള ചിലർ മറന്നുപോകുന്നു.
ഇനി ആ കഥയിലേക്ക് കടക്കാം. ഈ കഥ ആരംഭിക്കുന്നത് ഈ കഴിഞ്ഞ ദിവസം ജൂൺ എട്ടാം തീയതി രാത്രി ഏതാണ്ട് 10.30 ആയിക്കാണും. അന്ന് ചെത്ലാത്ത് ദ്വീപിലൊരു ബൈക്ക് ആക്‌സിഡന്റ് നടന്നു. അതിൽ യാത്ര ചെയ്തിരുന്ന രണ്ട് ചെറുപ്പക്കാർക്കും വലിയ തോതിൽ തന്നെ പരിക്ക് പറ്റുകയും ചെയ്തു. നാട്ടുകാർ എല്ലാരും കൂടി ചേർന്ന് ആ രണ്ട് സഹോദരന്മാരെയും പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് കണ്ട ഡോക്ടർ അപ്പോൾ തന്നെ കൊച്ചിയിലേക്ക് ഇവാക്വേഷൻ വേണമെന്ന് ആവശ്യപ്പെട്ടു. കാരണം ആ നാട്ടിലെ ഹോസ്പിറ്റലിൽ വേദന കുറക്കാനുള്ള ഒരു മരുന്നോ, ഇൻജക്ഷൻ പോലുമില്ല എന്നതാണ് സത്യം. രാത്രി ഇവാക്വേഷൻ നടത്താനുള്ള സംവിധാനവും ആ നാട്ടിൽ ഇല്ലാത്തത് കാരണം ആ രണ്ട് ചെറുപ്പക്കാരും വേദന സഹിച്ചുപിടിച്ച് പിടയുന്ന രംഗങ്ങൾ എന്റെ നാട്ടുകാർ നിറ കണ്ണോടെ നോക്കി നിൽക്കുന്ന നിസ്സഹായാവസ്‌ഥയാണ് ഉണ്ടായത്.
പിറ്റേന്ന് അതായത് ഒമ്പതാം തീയതി രാവിലെ ഒമ്പത് മണിയോടെ ആ നാട്ടിലേക്ക് ഹെലികോപ്റ്റർ എത്തി, ഇവരെ രണ്ടാളെയും കൊച്ചിയിലേക്ക് എത്തിക്കാൻ. അവരെയും കൊണ്ട് നേരെ പറന്നത് കവരത്തി ദ്വീപിലേക്കാണ്. കാരണം ഹെലികോപ്റ്ററിലേക്ക് ഫ്യൂവൽ അടിക്കാൻ വേണ്ടി. കവരത്തി ദ്വീപിൽ എത്തിയപ്പോഴേക്കും രണ്ടുപേരിൽ ഒരാൾ മരണപെട്ടു. ആ മയ്യത്ത് കവരത്തി ദ്വീപിൽ ഇറക്കിയിട്ട് മറ്റേ സഹോദരനെയും കൊണ്ട് ഹെലികോപ്റ്റർ നേരെ കൊച്ചിയിൽ എത്തി. അപ്പോഴേക്കും ഏതാണ്ട് സമയം ഉച്ചയ്ക്ക് രണ്ട് മണി ആയിക്കാണും. കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ വളരെ സീരിയസ് ആണെന്നും പെട്ടെന്ന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് എത്തിക്കാനും പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ആ സഹോദരനെ മെഡിക്കൽ ട്രസ്റ്റിൽ എത്തിച്ചു. ഡോക്ടർ ഹാറൂൺ ആണ് അറ്റൻഡ് ചെയ്തത്. ഇത്രയും വലിയൊരു ആക്‌സിഡന്റ് വളരെ ലേറ്റായിട്ട് എത്തിച്ചതിൽ ഹാറൂൺ ഡോക്ടർ ഞങ്ങളെ ഒരുപാട് വഴക്ക് പറഞ്ഞു. നിസ്സഹായരായ ഞങ്ങൾ എന്ത് ചെയ്യാനായിരുന്നു. അങ്ങനെ ഹാറൂൺ ഡോക്ടർ ആ സഹോദരനെ രക്ഷപ്പെടുത്തി അൽഹംദുലില്ലാഹ്.
പക്ഷെ അപ്പോഴും മരിച്ചുപോയ സഹോദരന്റെ മയ്യത്ത് ഞങ്ങൾക്ക് വിട്ടുകിട്ടിയില്ലായിരുന്നു. പോസ്റ്റുമോർട്ടം ചെയ്യണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ എല്ലാരും പോസ്റ്റുമോർട്ടത്തിനുള്ള മയ്യത്ത് കൊച്ചിയിലേക്ക് ഇന്നെത്തിക്കും, നാളെ എത്തിക്കും എന്നും പറഞ്ഞു കൊണ്ട് കാത്തിരിക്കുകയായിരുന്നു. എന്നാൽ ആ മയ്യത്ത് പോസ്റ്റുമോർട്ടത്തിന് എത്തിയത് ഇന്നലെ ഉച്ചയോടെയാണ്. അതായത് ഒമ്പതാം തീയതി രാവിലെ 10.30ന് മരിച്ചയാളുടെ മയ്യത്ത് പോസ്റ്റുമോർട്ടത്തിന് കൊച്ചിയിൽ എത്തിച്ചത് പതിമൂന്നാം തീയതി ഉച്ചയ്ക്കാണ്. ഒന്നാലോചിച്ചു നോക്കണം, മയ്യത്ത് ഖബറക്കാൻ സാധിച്ചത് അഞ്ചാമത്തെ ദിവസമാണ്...
അതിന് കാരണം ഒരൊറ്റ ഹെലികോപ്റ്ററേ ഉള്ളു പോലും. ഇവാക്വേഷൻ വേറെ ഉള്ളതുകൊണ്ട് അതിന് മുൻതൂക്കം നൽകിയത്രെ. അത് ശരിയാണ്, രോഗികൾക്ക് മുൻതൂക്കം നൽകണം. എന്നാൽ എന്റെ ചോദ്യം ബാക്കിയുള്ള ഹെലികോപ്റ്റർ ഒക്കെ എവിടെ എന്നാണ്. ഇവിടെ ചിലർ ഘോരഘോരമായി പ്രസംഗിച്ചല്ലോ, ലക്ഷദ്വീപിലേക്ക് വികസനമാണ് വരുന്നതെന്നും പറഞ്ഞ്. ഈ ഡിജിറ്റൽ ഇന്ത്യയിലെ ഞങ്ങൾ ഭാരതീയർക്ക് സംഭവിച്ച ദുരന്തകഥയാണിത്. ഇതിനെ പറ്റി എന്താണ് പറയാനുള്ളത്? ആ പത്ത് ദ്വീപിലുമായി ഹോസ്പിറ്റൽ ഉള്ളത് പേരിന് മാത്രം. ഡോക്ടർമാരില്ല, നഴ്സുമാരില്ല, മരുന്നുകളില്ല, ഗുളികൾ ഇല്ല, ഇൻജക്ഷൻ ഇല്ല, എക്യുപ്മെന്റ്സ് പോലുമില്ല. ആ നാട്ടിലെ ഒരാൾ മരിച്ചാൽ പോലുമുള്ള അവസ്ഥ ഇതാണെങ്കിൽ...
ശത്രുരാജ്യം പോലും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ബോഡി വിട്ടുകൊടുക്കുമ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ സഹോദരന്റെ മയ്യത്ത് ഖബറടക്കാൻ കിട്ടുന്നത് മരിച്ച് അഞ്ച് ദിവസമാകുമ്പോളാണ്. ഒരു മാനിനെ കൊന്നാൽ കേസ് എടുക്കുന്ന ഈ രാജ്യത്തിൽ ലക്ഷദ്വീപിന്റെ ഹെൽത്ത് ഡിപ്പാർട്മെന്റ് ആ ജനങ്ങളോട് കാണിക്കുന്ന നെറികേടിനെ ചോദ്യം ചെയ്യാൻ ആരും ഇല്ലേ...? മനുഷ്യാവകാശ ലംഘനമാണിത്... ഒരു കൂട്ടം മനുഷ്യരെ ഒരുമിച്ചിട്ട് കൊല്ലാക്കൊല ചെയ്യുന്നത് ഇനിയും കണ്ടില്ലെന്നു നടിച്ചാൽ അതിന്റെ അർഥം നിങ്ങളിലെ മനുഷ്യത്വം മരവിച്ച് പോയി എന്നാണ്...
കാലങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന ഈ ദുരന്തം ഇനിയും തുടർന്ന് അനുഭവിക്കണം എന്നാണോ നിങ്ങൾ പറയുന്നത്? ഈ കടലിൽ ഇത്രയും ബുദ്ധിമുട്ടി യാത്ര ചെയ്ത് കൊണ്ട് ആ ജനങ്ങൾ കൊച്ചിയിലേക്ക് വരുന്നത് ഇവിടത്തെ തീയറ്ററിൽ സിനിമ കാണാൻ വേണ്ടിയല്ല. നല്ല ഹോസ്പിറ്റലിലെ ചികിത്സ തേടിയാണ്.
ദ്വീപിലേക്ക് എല്ലാ ഫസിലിറ്റിയോടും കൂടിയ ഹോസ്പിറ്റലുകളും ഡോക്ടർമ്മാരെയുമാണ് ആദ്യം വേണ്ടത്, അതുകൊണ്ട് എല്ലാവരും ഒറ്റക്കെകെട്ടായി അതിന് വേണ്ടി ശ്രമിക്കാം. ഏഴല്ല, പതിനായിരം കപ്പലുകൾ ആ നാട്ടിലേക്ക് വന്നാലും ഹോസ്പിറ്റലുകൾ വരാതെ ആ നാട്ടുകാരുടെ ദുരിതം മാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.