ന്യൂഡൽഹി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപ് നിവാസികളോട് ഏതാനും വർഷങ്ങളായി തുടരുന്ന നീതികേടിന്‍റെ ഒടുവിലെ അധ്യായമാണ് രണ്ടു വർഷമായി നടക്കുന്ന കൂട്ടപിരിച്ചുവിടലെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. മൂന്നുവർഷത്തിനിടെ 936 കരാർ, സ്ഥിരം ജീവനക്കാരെയാണ് ദ്വീപിൽ പിരിച്ചുവിട്ടത്.
2020ൽ 15 കരാർ ജീവനക്കാരെയാണ് ദ്വീപിൽ പിരിച്ചുവിട്ടതെങ്കിൽ 2021ൽ ഇത് 617 ആയി ഉയർന്നു. 2022 ആയപ്പോഴേക്കും 25 സ്ഥിരം ജീവനക്കാരും 279 കരാർ ജീവനക്കാരും ഉൾപ്പെടെ 304 പേരെയാണ് പിരിച്ചുവിട്ടതെന്ന് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നതെന്നും എം.പി കൂട്ടിച്ചേർത്തു.
ദ്വീപിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്താൽ സർക്കാർ ഉദ്യോഗത്തിൽ നിന്നുള്ള വരുമാനമാണ് അവിടത്തെ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഈ വരുമാനം ഇല്ലാതാകുന്നതോടെ ദ്വീപ് വാസികളുടെ ജീവിതം കൂടുതൽ ദുസ്സഹമാവുകയാണ് ചെയ്യുന്നത്. ജീവനക്കാരെ പിരിച്ചുവിടൽ, പണ്ടാരഭൂമി എന്ന പേരിൽ നിർമാണങ്ങൾ അനുവദിക്കാതിരിക്കൽ എന്നിവക്ക് പുറമെ മത്സ്യത്തൊലാളികൾക്കുള്ള മണ്ണെണ്ണ, റേഷൻ പഞ്ചസാര, ആരോഗ്യ ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ദ്വീപ് വാസികൾ കടുത്ത പ്രയാസം അനുഭവിക്കുകയാണെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.