കവരത്തി: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവർക്കുനേരെ തോക്കുചൂണ്ടി കവരത്തി എസ്.ഐ. കവരത്തി എസ്.ഐ അമീർ ബിൻ മുഹമ്മദ് ആണ് സമരം നടത്തിയ എൻ.സി.പിക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചത്.
ദ്വീപിലെ യാത്ര-ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൻ.സി.പിയുടെ സമരം. റദ്ദാക്കിയ യാത്രാക്കപ്പലുകൾ പുനഃസ്ഥാപിക്കുക, ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുക, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് തടഞ്ഞു. അതിനിടെയാണ് സമരക്കാർക്കുനേരെ എസ്.ഐ തോക്കുചൂണ്ടിയത്. സമരം നടത്തിയവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന കേന്ദ്രത്തിന്റെ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ദ്വീപുകാർ ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു.
ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തി ദ്വീപിൽ മാസങ്ങളായി ഗൈനകോളജി ഡോക്ടർ ഇല്ലാത്തത് കാരണം ഗർഭിണികൾ ബുദ്ധിമുട്ടുകയാണെന്നും ഈ പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ ഡയറക്ടറെ കാണാൻ പോയ നസീറിനെ ഒരു പ്രകോപനവുമില്ലാതെ പൊലിസ് അറസ്റ്റ് ചെയ്തെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.