കൊച്ചി: വധശ്രമക്കേസിൽ പ്രതികളായ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർക്ക് വിചാരണക്കോടതി വിധിച്ച തടവുശിക്ഷക്ക് ഹൈകോടതിയുടെ സ്റ്റേയില്ല. മുൻ കേന്ദ്ര മന്ത്രി പി.എം. സെയ്തിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ വിചാരണക്കോടതി വിധിച്ച 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ചോദ്യം ചെയ്ത് ഫൈസൽ അടക്കമുള്ളവർ നൽകിയ ഹരജി ജസ്റ്റിസ് എ. ബദറുദ്ദീൻ വിശദവാദത്തിന് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ശിക്ഷാവിധി വന്നതിന് പിന്നാലെ ബുധനാഴ്ചതന്നെ പ്രതികളായ മുഹമ്മദ് ഫൈസൽ, സയ്യിദ് മുഹമ്മദ് നൂറുൽ അമീൻ, മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവരെ ലക്ഷദ്വീപിൽനിന്ന് കണ്ണൂരിൽ എത്തിച്ച് സെൻട്രൽ ജയിലിൽ തടവിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈകോടതിയിൽ അപ്പീൽ ഹരജി നൽകിയത്.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ച രാവിലെ അപ്പീൽ ഹരജി വന്നെങ്കിലും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഇത് പരിഗണിക്കുന്നതിൽനിന്ന് പിന്മാറി. മറ്റൊരു ബെഞ്ച് വ്യാഴാഴ്ചതന്നെ ഇത് പരിഗണിക്കണമെന്ന നിർദേശത്തോടെയായിരുന്നു പിന്മാറ്റം. തുടർന്നാണ് ഉച്ചക്കുശേഷം ജസ്റ്റിസ് എ. ബദറുദ്ദീൻ മുമ്പാകെ എത്തിയത്. ഹരജിയിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടും തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.