കൊച്ചി: കപ്പൽ സർവിസ് വിരളമായതോടെ ലക്ഷദ്വീപ് നിവാസികൾ കടുത്ത പ്രതിസന്ധിയിൽ. ദ്വീപിനെ കേരളവുമായി ബന്ധിപ്പിക്കുന്ന ഏഴ് യാത്ര കപ്പലിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. അഞ്ച് കപ്പലിന്റെ സർവിസ് മാസങ്ങൾക്കുമുമ്പേ പലകാരണങ്ങളാൽ നിർത്തി. ശേഷം 400 പേർക്ക് യാത്രചെയ്യാവുന്ന എം.വി കോറൽ, എം.വി ലഗൂൺ എന്നീ രണ്ട് കപ്പലാണ് ഉണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതോടെ എം.വി ലഗൂണും നിലച്ചു. ഇതോടെ ആശുപത്രി, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യേണ്ടവർ പ്രതിസന്ധിയിലായി.
കോവിഡ് വ്യാപനമുണ്ടാകുന്നതിന് മുമ്പ് ലക്ഷദ്വീപിൽ ആരംഭിച്ച നിരോധനാജ്ഞയും രാത്രി കർഫ്യൂവും ജനജീവിതത്തെ ബാധിച്ചിരുന്നു. സർവിസ് നടത്തുന്ന എം.വി കോറൽ കപ്പലിൽ 200 പേരെ മാത്രമാണ് അനുവദിക്കുന്നത്.
എം.വി കവരത്തിയെന്ന യാത്രക്കപ്പൽ നടുക്കടലിൽ തീപിടിച്ചതിനെത്തുടർന്ന് അറ്റകുറ്റപ്പണിക്ക് കയറ്റിയിരുന്നു. ബാക്കിയുള്ളവയിൽ ഒന്ന് അറ്റകുറ്റപ്പണിയിലാണെന്നും മറ്റൊന്ന് മറൈൻ സർവേ റിപ്പോർട്ട് നടപടി പൂർത്തിയാകാത്തതിനാൽ സർവിസ് നിലച്ചിരിക്കുകയാണെന്നുമാണ് വിവരം. ബാക്കിയുള്ള കപ്പലുകളെക്കുറിച്ച് ഒരുവിവരവുമില്ല. അസുഖബാധിതരായ സാധാരണക്കാർ വലിയ തുക മുടക്കി വിമാനയാത്ര ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിലാണെന്ന് കവരത്തി സ്വദേശി അബ്ദുൽ ഗഫൂർ പറഞ്ഞു.
ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനാണ് (എൽ.ഡി.സി.എൽ) കപ്പൽ സർവിസിന്റെ ചുമതല. കേന്ദ്രസർക്കാർ ആവശ്യത്തിന് ഫണ്ട് നൽകാത്തതിനാൽ കോർപറേഷന്റെ പ്രവർത്തനം അവതാളത്തിലായിരുന്നു. എൽ.ഡി.സി.എലിൽനിന്ന് മാറ്റി ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയെ കപ്പൽ സർവിസിന്റെ ചുമതല ഏൽപിക്കാനുള്ള അഡ്മിനിസ്ട്രേഷന്റെ നടപടിയുടെ ഭാഗമാണിതെന്ന് ജനപ്രതിനിധികൾക്ക് സംശയമുണ്ട്.
അഡ്മിനിസ്ട്രേഷന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ 'മാധ്യമ'ത്തോട് പറഞ്ഞു. കപ്പലുകളുടെ നടത്തിപ്പ് ഷിപ്പിങ് കോർപറേഷനിലേക്ക് മാറ്റാനുള്ള നീക്കമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ ലക്ഷദ്വീപുകാരായ ജീവനക്കാരുടെ ജോലിയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. എൽ.ഡി.സി.എലിലെ ഫണ്ട് അപര്യാപ്തതയുടെ കാര്യമടക്കം താൻ പാർലമെന്റിൽ അവതരിപ്പിച്ചതോടെ സർക്കാർ ഇടപെടലുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.