കൊച്ചി: ലക്ഷദ്വീപിൽ രണ്ട് ആർട്സ് ആൻഡ് സയൻസ് കോളജ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പി.എം. സഈദിന്റെ പേര് പടിക്ക് പുറത്താക്കിയതിനെതിരെ വ്യാപക പ്രതിഷേധം. കടമത്ത്, ആന്ത്രോത്ത് ദ്വീപുകളിലായാണ് ശനിയാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോളജുകൾ ഉദ്ഘാടനം ചെയ്യുന്നത്.
ഇവിടെ ഇതുവരെ പ്രവർത്തിച്ചിരുന്നത് കാലിക്കറ്റ് സർവകലാശാല സെൻററുകളായിരുന്നു. അതാണ് ഇപ്പോൾ പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ കീഴിൽ കോളജുകളാക്കിയിരിക്കുന്നത്. പി.എം. സഈദ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെൻറർ എന്നായിരുന്നു ആന്ത്രോത്തിലെ കേന്ദ്രത്തിെൻറ പേര്. എന്നാൽ, ഇപ്പോൾ പി.എം. സഈദ് എന്ന പേര് മാറ്റി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എന്ന് മാത്രമാക്കിയതിനെതിരെ കോൺഗ്രസ് പ്രവർത്തകരടക്കം നിരവധിപേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.
പി.എം. സഈദ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെൻറർ എന്നെഴുതിയ പഴയ ബോർഡ് കെട്ടിടത്തിനുസമീപം ഉപേക്ഷിച്ചനിലയിൽ കാണപ്പെട്ട ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടു. ലക്ഷദ്വീപിെൻറ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നേതാവിനോടുള്ള നീതിനിഷേധവും അനാദരവുമാണെന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്.
വിഷയം ഉപരാഷ്ട്രപതിയുടെ ഓഫിസിെൻറ ശ്രദ്ധയിൽപെടുത്തുമെന്ന് ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും പി.എം. സഈദിെൻറ മകനുമായ ഹംദുല്ല സഈദ് 'മാധ്യമ'ത്തോട് പറഞ്ഞു. ലക്ഷദ്വീപിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി സെൻററുകൾ കൊണ്ടുവന്നത് സഈദിെൻറ നേതൃത്വത്തിലായിരുന്നു. കേരളവുമായുള്ള ലക്ഷദ്വീപിെൻറ ബന്ധങ്ങൾ മുറിക്കുന്നതിെൻറ ഭാഗമായാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് മാറ്റി പോണ്ടിച്ചേരി സർവകലാശാലയുമായി കോളജുകൾ ബന്ധിപ്പിച്ചത്. ഈ പ്രശ്നങ്ങൾ അഡ്മിനിസ്ട്രേഷെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ല. പുതിയ കോളജ് സഈദിെൻറ പേരിലാക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.