'ഇങ്ങനെയാണ് ദ്വീപ് ജനത കപ്പൽ കയറാൻ പോകുന്നത്'- ബോട്ട് മറിയുന്ന വീഡിയോ കാണാം

കൊച്ചി: കടലിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന ചെറുബോട്ട് ശക്തമായ തിരമാലയിൽ മറിഞ്ഞ് അതിലുണ്ടായിരുന്ന ആളുകൾ കടലിലേക്ക് വീഴുന്നു. വ്യാഴാഴ്ച ലക്ഷദ്വീപിന്റെ ഭാഗമായ കിൽത്താൻ ദ്വീപിൽ നടന്ന സംഭവത്തിന്റെ വീഡിയോ ആണിത്. സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്ന ഈ സംഭവം പുറംകടലിൽ അല്ലാത്തതിനാൽ കാണുന്നയാളുകളുടെ ശ്വാസം നിലച്ചുപോകില്ലെന്ന് മാത്രം. യാത്രാക്കപ്പലിൽ കയറാൻ ദ്വീപ് ജനത നേരിടുന്ന സാഹസികതയും വെല്ലുവിളിയു​മെല്ലാം വ്യക്തമാകുന്നുണ്ട് ഈ വീഡിയോയിൽ.

തീരത്തുനിന്ന് പുറപ്പെടുമ്പോൾ തന്നെയാണ് ബോട്ട് മറിഞ്ഞതെന്നതിനാൽ ആർക്കും അപകടമൊന്നും സംഭവിച്ചില്ല. പക്ഷേ, തീരത്തുനിന്ന് ദൂരെ കിടക്കുന്ന യാത്രാക്കപ്പലിൽ കയറാൻ ദ്വീപ് നിവാസികൾ നേരിടുന്ന ബുദ്ധിമുട്ടിന്റെ ഒരു നേർചിത്രം ഇതിൽനിന്ന് കിട്ടും.



'ഇങ്ങനെയാണ് പാവം ദ്വീപ് ജനത കപ്പലിൽ കയറാൻ പോകുന്നത്. ആ കപ്പലിനെയാണ് ഇന്ന് സർക്കാർ ഓരോ കാരണങ്ങൾ പറഞ്ഞ് നിർത്തിവെച്ചിരിക്കുന്നത്. ആ ബോട്ടിൽ കയറി കപ്പലിലേക്ക് പോകുന്ന വൃദ്ധന്മാരുടെയും രോഗികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ ആലോചിച്ചു നോക്കൂ. ദ്വീപിലെ ആശുപത്രികളിൽ ഇന്ന് പനിക്കുള്ള മരുന്ന് പോലും കിട്ടാത്ത അവസ്ഥയുണ്ട്. കേരളം ഞങ്ങളോടൊപ്പം ഉണ്ടാകേണ്ട സമയമാണിത്' -ലക്ഷദ്വീപിന് വേണ്ടിയുള്ള സമരങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന പറയുന്നു.

അതിനിടെ, ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ടെലിഫോൺ ബന്ധം നിലച്ചതിനെ തുടർന്ന് അഞ്ച് ദിവസമായി അവിടെ നിന്നുള്ള വിവരങ്ങൾ ലഭ്യമാകുന്നില്ല. അവിടെയുള്ള കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിയാതെയും വിവരങ്ങൾ അറിയാതെയും വിഷമിക്കുകയാണ് കൊച്ചിയിലും കോഴിക്കോടും പ്രവാസലോകത്തുമുള്ള ദ്വീപ് നിവാസികൾ.

അഞ്ചു ദിവസത്തോളമായി ദ്വീപിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ഭരണകൂടം പകരം സംവിധാനമൊരുക്കുന്നില്ലെന്നും ദ്വീപ് നിവാസികൾ ചൂണ്ടിക്കാണിക്കുന്നു. ​കേരളത്തിൽ നിന്ന് മെക്കാനിക്ക് എത്തിയാലേ പ്രശ്നം പരിഹരിക്കാൻ സാധിക്കൂയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ദ്വീപിലേക്കുള്ള കപ്പലുകൾ വെട്ടിക്കുറച്ചതിനാൽ യാത്രാപ്രശ്നം നേരിടുന്നത് ഇവിടേക്ക് മെക്കാനിക്കിനെ കൊണ്ടുവരുന്നതിന് കാലതാമസം വരുത്തുകയാണ്. 

Tags:    
News Summary - ‘This is how the island people are going to board the ship’- Watch the video of the boat capsizing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.