ആദ്യം പ്രണയം പറഞ്ഞത് ആരാണെന്ന് ചോദ്യം; വീട്ടിൽ പറഞ്ഞ ശേഷമാണ് ശരിക്കും പ്രണയിച്ചു തുടങ്ങിയതെന്ന് ആര്യയും സച്ചിനും

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവിനും ഒരുമിച്ചുള്ള ജീവിതത്തിലെ ആദ്യ ഓണമാണ് വരാൻപോകുന്നത്. സെപ്റ്റംബർ നാലിന് ഇവരുടെ വിവാഹം. ഓണം രണ്ടു വീടുകളിലുമായി ആഘോഷിക്കാനാണ് തീരുമാനിച്ചതെന്ന് ഇരുവരും ഒരു അഭിമുഖത്തിൽ പറഞ്ഞു.

തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾ തനിക്ക് പരിചയമുള്ളതാണെന്ന് സച്ചിൻ ദേവ് പറ‍യുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും ശേഷം എം.എൽ.എയായും തിരുവനന്തപുരത്ത് ഉള്ളതിനാൽ ഇവിടുത്തെ ആഘോഷങ്ങളിലൊക്കെ ഒരുപാട് പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് അത്തം മുതൽ ഓണാഘോഷമാണ്. മലബാർ മേഖലയിലും ആഘോഷത്തിന് കുറവൊന്നുമില്ല. എന്നാൽ, ചില രീതികളിൽ അൽപ്പം വ്യത്യാസമുണ്ടെന്ന് മാത്രം -സച്ചിൻ പറയുന്നു.

ആര്യ രാജേന്ദ്രൻ ആദ്യമായാണ് ഓണക്കാലത്ത് കോഴിക്കോടേക്ക് പോകുന്നത്. ഓണം സചിന്‍റെയും ആര്യയുടെയും വീടുകളിലായി ആഘോഷിക്കും. തിരുവനന്തപുരത്തെ തിരക്കുപിടിച്ച പരിപാടികളിൽ നിന്ന് സമയം കണ്ടെത്തി വേണം ഓണം ആഘോഷിക്കാൻ.





ആരാണ് ആദ്യം പ്രണയം പറഞ്ഞതെന്ന ചോദ്യത്തിന്, അത് ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നായിരുന്നു ചിരിയോടെ സച്ചിൻദേവിന്‍റെ മറുപടി. രണ്ടുപേർക്കും സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി ആദ്യമേ പരിചയമുണ്ടായിരുന്നു. ഒരു പ്രത്യേക സമയത്താണ് രണ്ടുപേരും പ്രണയം പറയുന്നത് -സചിൻ പറഞ്ഞു.

ആദ്യം ഇരുവീട്ടുകാരെയും അറിയിക്കാമെന്നാണ് സചിൻ പറഞ്ഞതെന്ന് ആര്യ പറഞ്ഞു. അങ്ങനെ ആദ്യം സച്ചിന്‍റെ വീട്ടിൽ അറിയിക്കുകയും പിന്നീട് ആര്യയുടെ വീട്ടുകാരോട് കാര്യം അവതരിപ്പിക്കുകയുമായിരുന്നു. മുതിർന്നയാളുടെ പക്വതയോടെയാണ് സച്ചിൻ ഇക്കാര്യങ്ങൾ ചെയ്തതെന്നും ആര്യ പറയുന്നു.




വീട്ടിൽ അറിയിച്ച ശേഷമാണ് യഥാർഥത്തിൽ പ്രണയിച്ചു തുടങ്ങിയതെന്ന് സച്ചിൻ പറഞ്ഞു. അതുവരെ നല്ല ആഴത്തിലുള്ള സൗഹൃദമായിരുന്നു. എന്തും തുറന്നുപറയുന്ന സുഹൃത്തുക്കളായിരുന്നു. അതിന് ശേഷമാണ് പ്രണയത്തിന്‍റേതായ ചില പ്രത്യേകതകളിലേക്ക് മാറുന്നത്. വീട്ടുകാരോട് അവതരിപ്പിച്ച ശേഷമാണ് ഞങ്ങൾ കൂടുതൽ തിരക്കുകളിലേക്ക് വീണത്. ആര്യ മേയറായി. പിന്നീട് താൻ എം.എൽ.എയായി. അധികം വൈകാതെ തന്നെ വിവാഹിതരാകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു -സച്ചിൻ പറഞ്ഞു. 


സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ചാണ് ആര്യ-സച്ചിൻ വിവാഹം. 

Tags:    
News Summary - Arya Rajendran and Sachin dev their reply to question about relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.