1. ശൈഖ അസ്മ ആൽഥാനി എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ ഖത്തർ

ദേശീയ പതാകയുമായി 2. ശൈഖ അസ്മ ആൽഥാനി പുനാക് ജയ കൊടുമുടിക്ക് മുകളിൽ

ദോഹ: ഭൂമിയുടെ രണ്ടറ്റങ്ങളായ ഉത്തര-ദക്ഷിണ ​ധ്രുവങ്ങളും, ആകാശത്തോളം ഉയരെ തലയുയർത്തി നിൽക്കുന്ന ഏഴ് കൊടുമുടികളും കീഴടക്കി സാഹസിക പ്രേമികളുടെ ഏറ്റവും വലിയ നേട്ടമായ ‘എക്സ്​​പ്ലോറേഴ്സ് ഗ്രാൻഡ്സ്ലാം’ സ്വന്തമാക്കി ഖത്തറിന്റെ ​പർവതാരോഹക ശൈഖ അസ്മ ബിൻത് ഥാനി ആൽഥാനി.

പര്‍വതാരോഹകരുടെ ഗ്രാന്‍റ് സ്ലാം പൂര്‍ത്തിയാക്കുന്ന ആദ്യ അറബ് വനിതയെന്ന റെക്കോർഡുമായാണ് ശൈഖ അസ്മ പാപുവ ന്യൂ ഗിനിയയിലെ പുനാക് ജയ എന്നറിയപ്പെടുന്ന കാസ്റ്റൻസ് പിരമിഡ് കൊടുമുടിയും കാൽചുവട്ടിലാക്കിയത്. ഈ നേട്ടം കൊയ്യുന്ന ആദ്യ അറബ് വനിതയെന്ന ബഹുമതിക്കൊപ്പം, ‘എക്സ്​​പ്ലോറേഴ്സ് ഗ്രാൻഡ്സ്ലാം’ സ്വന്തമാക്കിയ ലോകത്തെ 75 പേരിൽ ഒരാളായും ഇവർ മാറി.

‘അതിരുകൾ ഭേദിക്കാനുള്ള ദൃഢനിശ്ചയവും സ്വപ്നവുമായി 2014ൽ തുടങ്ങിയ യാത്ര. വഴികള്‍ എത്ര വെല്ലുവിളി നിറഞ്ഞതാണെങ്കിലും, സ്ഥിരോത്സാഹം എല്ലായ്‌പ്പോഴും ഫലം നല്‍കും.

ഓരോകൊടുമുടിയും എന്റെ കഴിവുകൾ തിരിച്ചറിയുന്നതിനുള്ള അവസരമായിരുന്നു, മുന്നോട്ടുള്ള പാത അസാധ്യമാണെന്ന് തോന്നുമ്പോഴെല്ലാം നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക എന്നതാണ് പ്രധാനം’ -ചരിത്രം കാൽകീഴിലാക്കിയ ശേഷം ശൈഖ അസ്മ തന്റെ സാമൂഹിക മാധ്യമ​ പേജിൽ ഇങ്ങനെ കുറിച്ചു.

കഴിഞ്ഞ പത്തു വർഷം കൊണ്ട് ലോകത്തെ ഓരോ ഉയരങ്ങളും അസാധ്യമെന്ന് കരുതിയ ഭൂമിയുടെ അതിരുകളുമെല്ലാം ഭേദിച്ച് ശൈഖ അസ്മ അതിശയം സൃഷ്ടിച്ചത്.

2014 ല്‍ കിളിമഞ്ചാരോ പർവതം കീഴടിക്കിക്കൊണ്ടായിരുന്നു തുടക്കം. 2022 ജൂലായിലായിരുന്ന 8611 മീറ്റർ ഉയരമുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയായ മൗണ്ട്​ കെ ടു ഇവർ കീഴടക്കിയത്. അതേ വർഷം ജൂണിൽ​ വടക്കൻ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഡിനാലിയും മേയ്​ മാസത്തിൽ ലോകത്തിലെ ഏറ്റവും ഉയരെയുള്ള എവറസ്റ്റ്​, ലോത്​സെ പർവതങ്ങളും കീഴടക്കി.

വിൻസൺ മാസിഫ്​, സൗത്​ പോൾ (2022), അകൊൻ​കാഗ്വേ (2019), ഉത്തര ധ്രുവം (2018), കിളിമഞ്ചാരോ (2014), മൗണ്ട്​ എൽബ്രസ്​ (2021) എന്നിങ്ങനെ നീളുന്ന ഖത്തർ രാജകുടുംബാംഗം കൂടിയായ ശൈഖ അസ്മയുടെ സാഹസിക യാത്രകൾ.

2023 ഏപ്രിലിൽ നേപ്പാളി​ലെ അന്നപൂർണ കൊടുമുടി (8,091 മീറ്റർ) കീഴടക്കി ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് ശൈഖ അസ്മ ഏഴ് കൊടുമുടികളിൽ അവസാനത്തേതായ പുനാക് ജയയും കീഴടക്കിയത്. ആസ്ട്രേലിയൻ പ്ലേറ്റിന്റെ ഭാഗമായ പുനാക് ജയ ​4884 മീറ്റർ ഉയരമുള്ള കൊടുമുടിയാണ്. നിലവിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി ഡയറക്ടർ കൂടിയാണ് ശൈഖ അസ്മ.

Tags:    
News Summary - Sheikha Asma is now at the peak of Grand slam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.