ന്യൂഡൽഹി: മിസ് ട്രാൻസ്ക്യൂൻ ഇന്ത്യ സൗന്ദര്യ മത്സരത്തിന്റെ അഞ്ചാം എഡിഷനിൽ മിസ് പ്രൈഡ് ടൈറ്റിൽ ജേതാവായി മലയാളിയായ തീർത്ഥ. എറണാകുളം തൃപ്പൂണിത്തറ സ്വദേശിയായ തീർത്ഥ 2022ലെ മലയാളി മങ്ക ടൈറ്റിൽ വിന്നറായിരുന്നു. കേരളത്തിലെ ട്രാൻസ് വിഭാഗങ്ങൾക്ക് വേണ്ടി നടത്തിയ ഫാഷൻ മത്സരത്തിലെയും വിജയിയായിരുന്നു.
2019 ൽ സർജറി പൂർത്തിയാക്കിയ തീർത്ഥ മംഗളൂരുവിൽ ഐ.ടി കമ്പനിയിൽ എഞ്ചിനീയറാണ്. ട്രാൻമാനായ ഏബൽ ആണ് പങ്കാളി.
മിസ്റ്റർ ഇന്ത്യയായ ഷാനിക്ക് ആണ് തന്റെ മെന്ററെന്നും എംബോസ് എന്ന മോഡലിങ് കമ്പനിയാണ് കൊറിയോഗ്രഫി ചെയ്തതെന്നും തീർത്ഥ പറഞ്ഞു. കോഴിക്കോടുള്ള ഹെന്ന എന്ന ഡിസൈനറാണ് ഡ്രസ് ഡിസൈൻ ചെയ്തത്. മത്സരത്തിനായി മേക്കപ്പ് ചെയ്തത് ലക്ഷ്യ. പി. ലാൽ ആണെന്നും തീർത്ഥ വ്യക്തമാക്കി.
ലിംഗ വിവേചനത്തേക്കാൾ കൂടുതൽ നിറം മൂലമുള്ള വിവേചനമാണ് താൻ അനുഭവിച്ചതെന്നും ഇരുണ്ട നിറമായിട്ടും മിസ് പ്രൈഡ് ടൈറ്റിൽ ജേതാവാകാൻ സാധിച്ചത് ആത്മവിശ്വാസമുയർത്തുന്നതായിരുന്നെന്നും തീർത്ഥ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ഏപ്രിൽ ഏഴിനാണ് മത്സരം നടന്നത്. വെസ്റ്റ് ബംഗാൾ സ്വദേശി അർഷി ഘോഷ് ആണ് മിസ് ട്രാൻസ് ക്യൂൻ ഇന്ത്യ ടൈറ്റിൽ ജേതാവ്. മിസ് ട്രാൻസ്ക്യൂൻ മത്സരത്തിൽ മൂന്നാം റണ്ണറപ്പായത് തമിഴ്നാട് സ്വദേശിയായ പ്രാസിയാണ്.
ചെന്നൈയിൽ ഫാഷൻ ഡിസൈൻ കോളജിൽ പ്രഫസറായ പ്രാസി ആരുടെയും സ്പോൺസർഷിപ്പോ സഹായങ്ങളോ ഇല്ലാതെ സ്വയം മത്സരത്തിനെത്തിയാണ് നേട്ടം കൊയ്തത്. സ്വയം ഡിസൈൻ ചെയ്ത വസ്ത്രമാണ് മത്സരത്തിൽ അണിഞ്ഞതെന്നും മേക്കപ്പിനുൾപ്പെടെ സഹായത്തിന് ആരുമുണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നാലു വർഷമായി കോളജ് പ്രഫസറാണെന്നും തന്റെ സ്കൂൾ കാലഘട്ടത്തിലെ അധ്യാപികയുടെ സഹായത്താലാണ് പഠനം പൂർത്തിയാക്കിയതെന്നും പ്രാസി പറഞ്ഞു. ട്രാൻസ്ജെൻഡറാണെന്ന് തിരിച്ചറിഞ്ഞ് അധ്യാപികയോട് പറഞ്ഞപ്പോൾ, അവർ ആദ്യം പഠനം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിന്നശേഷം മാത്രം മറ്റു കാര്യങ്ങൾ ചിന്തിക്കാനും ആവശ്യപ്പെടുകയും അതു പ്രകാരം താൻ പഠനം പൂർത്തിയാക്കുകയുമായിരുന്നെന്ന് പ്രാസി കൂട്ടിച്ചേർത്തു.
പഠനം പൂർത്തിയാക്കിയ ശേഷമാണ് സർജറി നടത്തിയത്. നാലു വർഷമായി ജോലി ചെയ്യുന്നു. കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾ ട്രാൻസ് വിഭാഗങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. കേരളത്തിൽ സർക്കാർ സഹായങ്ങൾ ഉൾപ്പെടെ ലഭിക്കുന്നത് നല്ലകാര്യമാണ്. മറ്റു സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം കൂടുന്നതിനനുസരിച്ച് സ്വീകാര്യത വരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രാസി പറഞ്ഞു.
സാധാരണ കുടുംബത്തിൽ നിന്ന് വന്ന തനിക്ക് സ്വന്തം കാലിൽ നിൽക്കാനും ഇത്തരം കാര്യങ്ങളെല്ലാം ചെയ്യാനും സാധിക്കുമെന്ന് ട്രാൻസ് സമൂഹത്തിലുള്ളവരെ അറിയിക്കാൻ കൂടിയാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.