റിയാദ്: സൗദി ഭരണരംഗത്ത് ഉന്നതപദവികൾ വഹിക്കുന്നവർ ജോലിസ്ഥലത്ത് പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുമ്പോഴും ‘ബിഷ്ത്’ ധരിക്കാൻ നിർദേശം. അറേബ്യൻ പാരമ്പര്യ വേഷവിധാനത്തിൽപെട്ട ഔദ്യോഗിക അംഗവസ്ത്രമാണ് ‘ബിഷ്ത്’. സാധാരണ വേഷത്തിന് മുകളിൽ അണിയുന്ന നീളമുള്ള കവച വസ്ത്രമാണിത്. ഉന്നത ഉദ്യോഗസ്ഥർക്ക് ഇതണിയൽ നിർബന്ധമാക്കി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കി.
പ്രാദേശിക ഗവർണർമാർ, അവരുടെ ഡെപ്യൂട്ടിമാർ, കേന്ദ്രങ്ങളുടെയും ഏജൻസികളുടെയും തലവന്മാർ, അണ്ടർ സെക്രട്ടറിമാർ, മന്ത്രിമാർ, മന്ത്രി പദവിയും മികച്ച റാങ്കും ഉള്ളവർ, അസിസ്റ്റൻറ് മന്ത്രിമാർ, മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാർ, 15ാം റാങ്കോ അതിന് തുല്യതയോ ഉള്ളവർ, സ്വതന്ത്ര ഏജൻസികളുടെ തലവന്മാർ, അവരുടെ ഡെപ്യൂട്ടിമാർ എന്നിവർക്ക് ഇത് ബാധകമാണ്. ശൂറാ കൗൺസിലിലെ അംഗങ്ങൾ അതിെൻറ സെഷനുകളിലും ബിഷ്ത് ധരിക്കാൻ ബാധ്യസ്ഥരാണ്.
കോടതികളിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും സെഷനുകളിലും ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ എന്നിവർ ബിഷ്ത് ധരിക്കണം. അഴിമതി വിരുദ്ധ അതോറിറ്റിയുടെ പ്രോസിക്യൂഷൻ യൂനിറ്റിലെ ജീവനക്കാർ, അഭിഭാഷകർ എന്നിവർക്കും ബാധകമാണ്. മുകളിൽ സൂചിപ്പിച്ച വിഭാഗത്തിലെ സ്ത്രീകൾ അവരുടെ ഔദ്യോഗിക വസ്ത്രധാരണം പാലിക്കേണ്ടതുണ്ട്.
ഓരോ വകുപ്പും തങ്ങളുടെ കീഴിലെ ജീവനക്കാർ ബിഷ്ത് ധരിക്കണമെന്ന നിർദേശം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.