ജോലിയിൽനിന്ന് വിരമിക്കുന്നതോടെ ജീവിതത്തിന് അർധവിരാമം വീണതായി കരുതുന്നവരാണ് ചിലരെങ്കിലും. മറ്റുചിലരാവട്ടെ, ഉത്തരവാദിത്തങ്ങളെല്ലാം ഒരു പരിധിവരെ പൂർത്തിയാക്കിക്കഴിഞ്ഞു; ഇനി വിശ്രമജീവിതം എന്ന മട്ടിലാണ് തുടർജീവിതവുമായി മുന്നോട്ടുപോകുന്നത്. എന്നാൽ, തിരക്കേറിയ ജോലിയിൽനിന്ന് വിരമിച്ച ശേഷം എട്ട് പുസ്തകങ്ങൾ എഴുതിയ ഒരാൾ കോഴിക്കോട് നഗരത്തിലുണ്ട്. എട്ടാമത്തെ പുസ്തകം എഴുതിയതാവട്ടെ 86ാം വയസ്സിലും.!
1992ൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗം മേധാവിയായി വിരമിച്ച ഡോ. കെ. സുഗതനാണ് ഭാഷാശാസ്ത്രം, ആരോഗ്യം, ആത്മീയം, ഓർമക്കുറിപ്പുകൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലുള്ള ഇത്രയും പുസ്തകങ്ങൾ രചിച്ചത്. ഈ പുസ്തകങ്ങളിൽ പലതും നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്തു. ഇതിനുപുറമെ മികച്ച ഭിഷഗ്വരനുള്ള അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവന പുരസ്കാരം, വിജ്ഞാന സാഹിത്യത്തിനുള്ള അബൂദബി ശക്തി അവാർഡ്, കെ.വി. സുരേന്ദ്രനാഥ് അവാർഡ്, എം.ജി.വി ഫൗണ്ടേഷന്‍റെ ഗുരുദേവ പുരസ്കാരം, സംസ്ഥാന സർക്കാറിന്‍റെ എമിനന്‍റ് ഡോക്ടർ അവാർഡ്, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്, കെ. ഗോപാലൻ സ്മാരക അവാർഡ് എന്നിവയാണ് ഇദ്ദേഹത്തിന്‍റെ പ്രധാന നേട്ടങ്ങൾ. 2011ൽ ഐ.എം.എയുടെ ‘ബെസ്റ്റ് ഡോക്ടർ അവാർഡും’ ഇദ്ദേഹത്തിനായിരുന്നു.
1937 മാർച്ചിൽ എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമത്തിലാണ് ജനനം. സ്കൂൾ പഠനശേഷം മദ്രാസ് ലയോള കോളജിൽനിന്ന് പ്രീ യൂനിവേഴ്സിറ്റിയും തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസും പാസായി. തുടർന്ന് ഡൽഹി സർവകലാശാലയിൽനിന്ന് എം.ഡിയും എയിംസിൽനിന്ന് ഡി.എം കാർഡിയോളജിയും നേടി.
1979ൽ ‘ഹൃദയാഘാതം വന്ന രോഗികളുടെ പുനരധിവാസം’ എന്ന വിഷയത്തിലുള്ള പഠനത്തിന് ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ് ലഭിച്ചു. ഇതിന്‍റെ ഭാഗമായി ബൾഗേറിയ, ഫിൻലൻഡ്, സ്വീഡൻ, ബെൽജിയം എന്നീ നാല് രാജ്യങ്ങൾ സന്ദർശിച്ച് ഈ വിഷയത്തിൽ പരിശീലനവും നേടി. 1962ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്‍റെ ആരംഭം. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു. ഇതിനിടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ്, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റ് തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചു.
1992ലാണ് ‘മൊഴിയറിവ്’ എന്ന മലയാളഭാഷയെക്കുറിച്ചുള്ള പുസ്തകമെഴുതുന്നത്. തുടർന്ന് കാർഡിയോളജി വിദ്യാർഥികളുടെ പാഠപുസ്തകമെന്ന് വിശേഷിപ്പിക്കപ്പെട്ട ‘ഹാർട്ടറിവ്’ എന്ന പുസ്തകവും ശ്രീനാരായണ ഗുരുവിനെയും ബുദ്ധനെയും കുറിച്ചുള്ള ‘ബുദ്ധനും നാണുഗുരുവും’, ബുദ്ധമതവും ജാതിവ്യവസ്ഥയും, ഗുരുവിന്‍റെ ചരിത്രം, ബുദ്ധിസം എന്നീ കൃതികളുമെഴുതി. 2022ൽ ഭാഷയെക്കുറിച്ചുള്ള ‘ക്ലാസിക്കൽ മലയാളം’, 2023ൽ ആത്മകഥാ രീതിയിലുള്ള ‘ഓർത്തെടുത്ത കഥകൾ’ എന്നിവ എഴുതി. ഇനിയൊന്ന് വിശ്രമിക്കാം എന്ന് കരുതാതെ ഇപ്പോൾ പുതിയൊരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ് ഈ 87കാരൻ.
മിതമായ ഭക്ഷണവും ചെറിയ തോതിലുള്ള വ്യായാമവും വായനയും എഴുത്തുമായി കോഴിക്കോട് രാരിച്ചൻ റോഡിലെ ‘വള്ളാട്ട്തറ’ വീട്ടിൽ ഭാര്യ പ്രമീളയുമൊത്താണ് താമസം. മകൾ ആശ വസന്ത് മൊകാഷി ബംഗളൂരുവിൽ ടെക്നിക്കൽ റൈറ്ററാണ്. സിവിൽ എൻജിനീയറായ മകൻ അനൂപ് സുഗതൻ വി.എസ്.എൽ മിഡിലീസ്റ്റിൽ പ്രോജക്ട് മാനേജറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.