ദുബൈ: കണ്ണൂർ തളാപ്പ് സ്വദേശി മുസ്തഫ തിങ്കളാഴ്ച നാട്ടിലേക്ക് വിമാനം കയറുകയാണ്. 1974 മാർച്ചിൽ അക്ബർ എന്ന കപ്പലിൽ വെറുംകൈയോടെ വന്നിറങ്ങിയ ദുബൈ നഗരത്തിൽ നിന്നാണ് ഈ മടക്കയാത്ര. അരനൂറ്റാണ്ടിനോടടുത്ത ജീവിതത്തിൽ ലോക ചരിത്രത്തിലെ അതിശയകരമായ ഒരത്ഭുതം നേരിൽ കണ്ടും ആസ്വദിച്ചുമാണ് മടക്കം.
അതെന്താണെന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ മറുപടി ‘ദുബൈ എന്ന മണലാരണ്യം പുങ്കാവനമാകുന്നത് കണ്ടു’ എന്നാണ്. അക്ഷരംപ്രതി ദുബൈയുടെ വളർച്ച നേരിൽക്കണ്ട അപൂർവം പ്രവാസികളിൽ ഒരാളാണ് അദ്ദേഹം. ദുബൈയിൽ ഒരേ കമ്പനിയിൽ 50 വർഷത്തോളം ജോലി ചെയ്താണ് മടങ്ങുന്നതെന്നതും അപൂർവമായൊരു സവിശേഷതയാണ്.
സഹോദരീഭർത്താവ് നൽകിയ വിസയിലാണ് മുസ്തഫ പ്രവാസത്തിലേക്ക് പ്രവേശിക്കുന്നത്. അക്ബർ എന്ന ഹജ്ജ് കപ്പലിന്റെ ആദ്യ ദുബൈ യാത്രയായിരുന്നു അത്. കൂട്ടുകാരോടൊപ്പമുള്ള 24ാം വയസ്സിലെ സഞ്ചാരം രസകരമായിരുന്നു. നാട്ടിൽനിന്ന് കണ്ണെത്താ ദൂരത്തേക്ക് യാത്ര പുറപ്പെടുമ്പോൾ സ്വന്തമെന്ന് പറയാനുണ്ടായിരുന്നത് പഠിച്ചുനേടിയ സുവോളജി ബിരുദം മാത്രമായിരുന്നു. ജന്മനാടായ കണ്ണൂർ അഴീക്കലിൽനിന്ന് വളരെ ദൂരത്തല്ലാത്ത തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. കോഴിക്കോട് സെൻറ് ജോസഫ് കോളജിൽ നിന്നായിരുന്നു പ്രീഡിഗ്രി. ദുബൈയിൽ വന്നിറങ്ങി ദിവസങ്ങൾക്കകം തന്നെ ജോലി ലഭിച്ചു. ദുബൈ ഓക്സിജൻ എന്ന ഗ്യാസ് മാനുഫാക്ചറിങ് കമ്പനിയിൽ സെയിൽസ് അസിസ്റ്റന്റ് തസ്തികയിലായിരുന്നു തുടക്കം.
1974 ഏപ്രിൽ 27നാണ് കമ്പനിയിൽ പ്രവേശിച്ചത്. മെഡിക്കൽ ഓക്സിജൻ അടക്കം ഉൽപാദിപ്പിക്കുന്ന കമ്പനിയാണിത്. പിന്നീട് സെയിൽസ് എക്സിക്യൂട്ടിവും സെയിൽസ് മാനേജറുമായി സ്ഥാനക്കയറ്റം ലഭിച്ചു. വിരമിക്കൽ പ്രായമായപ്പോഴും കമ്പനിയുടെ താൽപര്യപ്രകാരം ജോലിയിൽ തുടർന്നു. ഇടക്കാലത്ത് മറ്റു ജോലികളിലേക്ക് മാറാൻ ആഗ്രഹിച്ചിരുന്നെങ്കിലും കമ്പനി സ്നേഹപൂർവം തുടരാൻ ആവശ്യപ്പെട്ടു. അരനൂറ്റാണ്ട് നീണ്ട തൊഴിൽ ജീവിതം തീർത്തും സന്തോഷകരമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ദുബൈയുടെ വളർച്ച ഇക്കാലയളവിൽ നേരിൽ കാണാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മനോഹര സ്മരണയാണെന്ന് മുസ്തഫ പറയുന്നു. പതിയപ്പതിയെ വളർന്ന നഗരം, 1996നു ശേഷം അതിദ്രുതം വികസിച്ചു. ഭരണാധികാരികളുടെ ദീർഘവീക്ഷണവും വികസന കാഴ്ചപ്പാടുമാണ് വളർച്ചക്ക് കാരണമായതെന്നും വിലയിരുത്തുന്നു. ആദ്യകാലത്തെ പ്രവാസികൾ ഇന്നത്തേക്കാൾ പരസ്പരം സഹായിക്കാൻ സന്നദ്ധരായിരുന്നുവെന്നും അനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം ഓർക്കുന്നു.
വിവാഹത്തിനുശേഷം 1981 മുതൽ കുടുംബവും ദുബൈയിൽ കൂടെയുണ്ട്. പ്രവാസത്തിൽ നിന്നുള്ള മടക്കവും ഭാര്യ നസീം ഖാത്തൂൻ പള്ളിവളപ്പിലിന് ഒപ്പമാണ്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്. അവരവരുടെ കുടുംബത്തോടൊപ്പം ഗൾഫിലെ വിവിധ രാജ്യങ്ങളിൽ കഴിയുകയാണവർ. നാട്ടിൽ തിരിച്ചെത്തി കുറച്ചു കാലം വിശ്രമിക്കണമെന്നാണ് ഇപ്പോഴത്തെ ചിന്ത. പിന്നീട് എന്തെങ്കിലും കാര്യങ്ങളിൽ സജീവമാകണം. നേട്ടങ്ങൾ മാത്രമാണ് ദുബൈ നഗരം നൽകിയതെന്ന് സാക്ഷ്യപ്പെടുത്തിയാണ് ജന്മനാട്ടിലേക്ക് പ്രതീക്ഷാപൂർവം മുസ്തഫ തിരികെ മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.