ഈ യുവജനദിനത്തിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത് 53 വയസുള്ള ഒരു 'യുവാവി'നെയാണ്. പേര് അബ്ദുൽ നാസർ ഹാജി. ഹാജിക്ക എന്ന് വിളിക്കും. വയസിന്റെ കണക്ക് നോക്കിയാൽ മധ്യവയസ്കൻ എന്ന് വിളിക്കേണ്ടി വരും. മനസിന്‍റെ കണക്കിൽ നാസർ ഹാജി ഒന്നൊന്നര യുവാവാണ്. യുവാക്കളുടെ പ്രചോദനമാണ്. യുവജനതയുടെ കൂട്ടുകാരനാണ്. പെരുന്നാൾ ദിവസം റാസൽ ഖൈമയിൽ നിന്ന് ദിബ്ബയിലേക്ക് 100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ നാസറിനെ യുവാവ് എന്ന് തന്നെയല്ലേ വിളിക്കേണ്ടത്.
ജബൽ ജൈസ് മലനിരകളിലേക്ക് നഗ്നപാദനായി ഓടിക്കയറിയ മുഹമ്മദ് ഷാഫി വാർത്തയായപ്പോൾ അവർക്കൊപ്പം സൈക്കിളിൽ ഹാജിക്കയും ഉണ്ടായിരുന്നു. അന്നാണ് അദ്ദേഹം ആദ്യമായി ജബൽ ജൈസിലെ കുത്തനെയുള്ള കയറ്റം സൈക്കിളിൽ കീഴടക്കിയത്. യു.എ.ഇയിലെ മലയാളികളുടെ കായിക കൂട്ടായ്മയായ കേരള റൈഡേഴ്സ് ക്ലബ്ബിലെ ഏറ്റവും പ്രായം കൂടിയ സൈക്ലിസ്റ്റാണ് മലപ്പുറം കൊളത്തൂർ കരുപാറക്കൽ നാസർ. ആ ക്ലബ്ബിലെ യുവാക്കളുടെയെല്ലാം ഉറ്റ ചങ്ങാതി.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല നാസറിന്‍റെ സൈക്കിൾ ഭ്രമം. 1987ൽ അമ്മാവൻ ഗൾഫിലുള്ള അമ്മാവൻ കൊടുത്ത 300 രൂപയുടെ വാച്ച് വിറ്റാണ് ആദ്യമായി സൈക്കിൾ വാങ്ങിയത്. ഗൾഫിലെത്തിയപ്പോഴും ആ സ്വഭാവം മറന്നില്ല. മൂന്ന് വർഷം മുൻപാണ് സൈക്ലിങിെൻറ കൂടുതൽ സാധ്യതകളിലേക്ക് നാസർ പെഡൽ കറക്കി തുടങ്ങിയത്. 'അഞ്ച് ലിറ്റർ വെള്ളമുണ്ടെങ്കിൽ നൂറ് കിലോമീറ്റർ സൈക്കിൾ ചവിട്ടാം. കാറിൽ പോകണമെങ്കിൽ അഞ്ച് ലിറ്ററിൽ കൂടുതൽ പെട്രോൾ വേണമെന്നോർക്കണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ താണ്ടാൻ കഴിയും' -നാസർ പറയുന്നു.
യാത്രകൾ അധികവും രാത്രിയിലാണ്. ഇടക്കിടെ യുവ സുഹൃത്തുക്കളോടൊപ്പം രാത്രി കറക്കത്തിനിറങ്ങും. രാത്രി എട്ട് മണിക്ക് പുറപ്പെട്ടാൽ പുലർച്ചയായിരിക്കും തിരിച്ചെത്തുക. കഴിഞ്ഞ വർഷം നാട്ടിലെത്തിയപ്പോൾ കൊളത്തൂരിൽ നിന്ന് പട്ടാമ്പി വഴി കറങ്ങി 76 കിലോമീറ്റർ സഞ്ചരിച്ചിരുന്നു. രാവിലെ ചായയും പുട്ടും കഴിച്ചിട്ട് ഒരു പോക്കായിരുന്നു. നാട്ടിടവഴിയിലൂടെ സൈക്കിൾ ചവിട്ടി നോക്കൂ എന്നാണ് യുവതലമുറക്ക് നാസറിന് നൽകാനുള്ള ഉപദേശം. എന്തെന്നില്ലാത്ത അനുഭൂതിയും അനുഭവവുമായിരിക്കും ലഭിക്കുകയെന്നും അദ്ദേഹം പറയുന്നു.
യുവത്വത്തിെൻറ പ്രസരിപ്പുമായി ഓടി നടക്കുന്ന നാസറിന് ഓഫ് റോഡിലൂടെയുള്ള മൗണ്ടൻ ബൈക്ക് യാത്രയും പ്രിയപ്പെട്ടതാണ്. മലകളും പാറക്കെട്ടുകളുമടങ്ങിയ വാദി തൈബാൻ ചവിട്ടി കയറിയ ചരിത്രവുമുണ്ട് അദ്ദേഹത്തിന്. യു.എ.ഇയിൽ വാട്ടർ പ്രൂഫിങ് കമ്പനി നടത്തുന്ന ഹാജിക്ക മൂന്ന് പതിറ്റാണ്ടായി ഗൾഫിലുണ്ട്. യു.എ.ഇയിലെ മാരത്തണുകളിലും സൈക്ലിങ് ഇവന്‍റുകളിലും സജീവ സാന്നിധ്യമാണ് ഈ 'യുവാവ്'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.