തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച അതിഥിതൊഴിലാളി യുവതിക്കും നവജാതശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. അസം സ്വദേശിനി വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസിക്കുന്ന റിന മഹാറാ (30) ആണ് വീട്ടിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്.
ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. വീട്ടുക്കാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
ആംബുലൻസ് പൈലറ്റ് സുജിത്ത്. ബി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് വി. ആർ എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ വിവേക് പൊക്കിൾക്കൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.
ആംബുലൻസ് പൈലറ്റ് സുജിത്ത് ഉടൻ അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.