പെ​രി​ങ്ങ​ത്തൂ​രി​ലെ​ത്തി​യ മ​ലേ​ഷ്യ​ൻ കു​ടും​ബ​വും അ​ബ്​​ദു​ൽ ഖാ​ദ​റി​ന്‍റെ ബ​ന്ധു​ക്ക​ളും

ഒ​ലി​പ്പി​ൽ മ​ന​യ​ത്ത് ത​റ​വാ​ട്ടു​മു​റ്റ​ത്ത്​

മലയാളി പൈതൃകത്തിന്‍റെ സ്നേഹവായ്പിൽ മലേഷ്യൻ കുടുംബം

പെരിങ്ങത്തൂർ: പറഞ്ഞുകേട്ട കഥകളിലെ മലയാള നാടും ഉറ്റവരുടെ സ്നേഹവും അനുഭവിച്ചറിയുകയാണ് ഒരു മലേഷ്യൻ കുടുംബം. ഇവർക്ക് കേരളം പിതാവിന്‍റെ നാടാണ്. പെരിങ്ങത്തൂർ ഒലിപ്പിൽ മനയത്ത് തറവാട്ടിലെ അബ്ദുൽ ഖാദറിന്‍റെ മക്കളാണ് ഈ മലേഷ്യൻ കുടുംബം. അര നൂറ്റാണ്ടുമുമ്പ് നാടുവിട്ടതാണ് അബ്ദുൽ ഖാദർ. നാട്ടിൽനിന്ന് വണ്ടികയറിയത് മുംബൈയിലേക്കാണ്. നീണ്ട യാത്രകൾക്കൊടുവിൽ എത്തിപ്പെട്ടത് മലേഷ്യയിൽ.

അവിടെ ജീവിതം കരുപ്പിടിച്ചപ്പോൾ മലേഷ്യക്കാരി ഫാത്തിമ ബിൻത് കോയ, അബ്ദുൽ ഖാദറിന്‍റെ ജീവിത സഖിയായി. അവർക്ക് മക്കൾ രണ്ടുപേർ. അബ്ദുൽ അസീസും ഖദീജയും. മലേഷ്യയിൽ വിദ്യാഭ്യാസം നേടി അവിടത്തെ പൊലീസ് സർവിസിൽ ജോലിയിൽ പ്രവേശിച്ച ഖാദർ ഇൻസ്പെക്ടർ ജനറലായാണ് വിരമിച്ചത്. കേരളത്തെക്കുറിച്ചും ഇവിടെയുള്ള ബന്ധുക്കളെക്കുറിച്ചും അബ്ദുൽ ഖാദർ പറഞ്ഞുകൊടുത്ത കഥകൾ മനസ്സിൽ അന്നേ ആഴത്തിൽ പതിഞ്ഞതാണ്.

പിതാവ് വിടപറഞ്ഞിട്ട് പതിറ്റാണ്ടുകളായെങ്കിലും അത് മനസ്സിൽനിന്ന് മാഞ്ഞില്ല. അങ്ങനെയാണ് അബ്ദുൽ അസീസും ഖദീജയും ഉമ്മ ഫാത്തിമ ബിൻത് കോയയെയും കൂട്ടി കേരളത്തിലേക്ക് യാത്ര പുറപ്പെട്ടത്. ഏതാനും ദിവസംമുമ്പ് പെരിങ്ങത്തൂരിലെത്തിയ ഇവരെ അബ്ദുൽ ഖാദറിന്‍റെ ഒലിപ്പിൽ മനയത്ത് തറവാട്ടിൽ ഹൃദയം നിറഞ്ഞ് സ്വീകരിച്ചു. ഫാത്തിമ ബിൻത് കോയയുടെ ബന്ധുക്കളായ അൻവറും നൂർ അസറിനും ഇവർക്കൊപ്പമുണ്ട്. എല്ലാവരും ഒലിപ്പിൽ മനയത്ത് കുടുംബത്തിന്‍റെ സ്നേഹ പരിചരണങ്ങളിൽ തറവാട്ടിലാണ് തങ്ങുന്നത്. അബ്ദുൽ ഖാദറിന്‍റെ മരുമകൾ ആയിഷയും മറ്റുമാണ് ഇപ്പോൾ തറവാട്ടിൽ താമസം.

നാടുവിട്ടതിനുശേഷം അബ്ദുൽഖാദർ ഒരിക്കൽ ഭാര്യയെയും കൂട്ടി പെരിങ്ങത്തൂരിലെത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പാണത്. മക്കളെയും കൂട്ടി വീണ്ടും വരാമെന്ന് പറഞ്ഞാണ് മടങ്ങിയതെങ്കിലും വാക്കുപാലിക്കാനായില്ല. ഖാദറിന്‍റെ മരണശേഷം സമൂഹ മാധ്യമങ്ങൾ വഴിയാണ് മക്കൾ പിതാവിന്‍റെ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്. പിതാവിന്‍റെ നാടും വീടും ബന്ധുക്കളെയുമെല്ലാം കാണാനായതും അവർക്കൊപ്പം കുറച്ചുദിവസങ്ങൾ ചെലവഴിക്കാൻ സാധിച്ചതും വലിയ സന്തോഷം നൽകുന്നുവെന്ന് അബ്ദുൽ അസീസും ഖദീജയും പറഞ്ഞു. അടുത്ത ദിവസം ഇവർ മലേഷ്യയിലേക്ക് തിരിക്കും.

Tags:    
News Summary - Malaysian family with love for Malayalee heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.