മംഗളൂരു: കേരള സർക്കാറിന്റെ അധ്യാപക അവാർഡ് ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി ചിത്രകലാധ്യാപകൻ സത്യൻ നീലിമ മന്ത്രി എം.ബി. രാജേഷിൽനിന്ന് ഏറ്റുവാങ്ങിയതിന്റെ പൊലിമ കർണാടകയിലും. വരകളിലൂടെ മഹാത്മ ഗാന്ധിയുടെ സന്ദേശം കുരുന്ന് മനസ്സുകളിൽ കോറിയിടുന്ന സത്യൻ മാഷിന് കന്നട ഉപപാഠ പുസ്തകത്താളിൽ ശ്രദ്ധേയ ഇടമുണ്ട്.
ഉഡുപ്പി ജില്ലയിൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി പ്രസിദ്ധീകരിച്ച ‘മക്കളിഗാഗ മഹാത്മ’ (കുട്ടികൾക്കായുള്ള മഹാത്മ) എന്ന ഗാന്ധിയെക്കുറിച്ച 50 കഥകൾ ഉള്ളടക്കമായ പുസ്തകത്തിൽ സത്യൻ മാസ്റ്ററുടെ വരയും അദ്ദേഹത്തെ കുറിച്ച വിവരണവുമാണുള്ളത്. പീപ്ൾസ് സയൻസ് മൂവ്മെന്റ് നേതാവ് ഉദയ് ഗാവോങ്കർ രചിച്ചതാണ് പുസ്തകം.
ചിത്രകലാ മത്സരങ്ങളിൽ ജൂറിയായും അല്ലാതെയും വിദ്യാലയങ്ങളിൽ നടത്തിയ സന്ദർശന വേളയിലാണ് രാഷ്ട്രപിതാവിന്റെ പടങ്ങളുടെ അഭാവം സത്യന്റെ മനസ്സിൽ ഉടക്കിയത്. വിദ്യാലയങ്ങൾക്ക് ഗാന്ധിച്ചിത്രങ്ങൾ വരച്ചുനൽകുന്നത് സത്യൻ തപസ്യയാക്കിയെന്ന് പുസ്തകം പറയുന്നു.
മികച്ച ശില്പി കൂടിയായ സത്യന്റെ ഭാവനയിലും കരവിരുതിലും പിറന്ന രവീന്ദ്രനാഥ ടാഗോറിന്റെ ശില്പം കോഴിക്കോട് മൊകേരി ഗവ. കോളജിലുണ്ട്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ അർധകായ പ്രതിമ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ പൂന്തോട്ടത്തിലാണുള്ളത്.
കോഴിക്കോട് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകനാണ് സത്യൻ. ഭാര്യ: വാണിമേൽ സഹകരണ ബാങ്ക് ജീവനക്കാരി രൂപേശ്ന. മക്കൾ: ലക്ഷ്മി, ഭദ്രൻ, അരുന്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.