അബൂദബി: അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്‍റെ രൂപകൽപന തെരഞ്ഞെടുത്തത് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍. ക്ഷേത്രത്തിന്‍റെ ചുമതലയുള്ള ബ്രഹ്‌മവിഹാരിദാസ് സ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്ഷേത്രത്തിനായി രണ്ട് പ്ലാനുകളാണ് തയാറാക്കിയിരുന്നത്.
ഇതിൽ നിന്ന് മികച്ചത് തെരഞ്ഞെടുത്തത് ശൈഖ് മുഹമ്മദാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാപ്സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ അന്തരിച്ച ആത്മീയ നേതാവ് പ്രമുഖ് സ്വാമി മഹാരാജിന്‍റെ അനുസ്മരണ ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അബൂദബിയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്‍റെ തുടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്മരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
1997 ഏപ്രിലില്‍ യു.എ.ഇ സന്ദര്‍ശിച്ച സ്വാമി മഹാരാജ് അബൂദബിയില്‍ ക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അബൂദബിയില്‍ പരമ്പരാഗത ശിലാക്ഷേത്രം നിര്‍മിക്കുകയെന്നത് സാധ്യമല്ലെന്ന് ആയിരക്കണക്കിനാളുകൾ പറഞ്ഞിരുന്നു. സ്വാമി മഹാരാജ് നടത്തിയ പ്രാര്‍ഥനയുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ക്ഷേത്രമെന്നും അഹമ്മദാബാദില്‍ ചേര്‍ന്ന ബാപ്സ് ഗള്‍ഫ് കണ്‍ട്രീസ് ഡേ ചടങ്ങില്‍ ബ്രഹ്‌മവിഹാരിദാസ് പറഞ്ഞു.
2015 ആഗസ്തിലാണ് യു.എ.ഇ സര്‍ക്കാര്‍ അബൂദബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഭൂമി അനുവദിച്ചത്. യു.എ.ഇ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് അന്നത്തെ അബൂദബി കിരീടാവകാശിയും ഇപ്പോഴത്തെ പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ഭൂമി കൈമാറിയത്. 2018ല്‍ ബാപ്സ് പ്രതിനിധികള്‍ പ്രധാനമന്ത്രി മോദിക്കൊപ്പം ശൈഖ് മുഹമ്മദിനെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തി കാണുകയും ക്ഷേത്രത്തിന്‍റെ രണ്ടു പ്ലാനുകള്‍ കാണിക്കുകയും ചെയ്തു.
ഇതിൽ നിന്ന് ഏറ്റവും മികച്ച ശിലാക്ഷേത്ര നിര്‍മിതി മാതൃകയാണ് ശൈഖ് മുഹമ്മദ് തിരഞ്ഞെടുത്തത്. 13.5 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രനിര്‍മാണത്തിന് കൈമാറിയത്. പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്താന്‍ 13.5 ഏക്കര്‍ കൂടി പിന്നീട് അനുവദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.