ബദ്​ർ: അതിജീവനത്തിന്‍റെ പാഠം

ദൃഢവിശ്വാസത്തിെൻറയും അതിജീവനത്തിെൻറയും ത്യാഗസന്നദ്ധതയുടെയും പാഠങ്ങള്‍ പകര്‍ന്ന ചരിത്രപോരാട്ടമാണ് ബദ്ർ യുദ്ധം. ഇസ്‌ലാമിക വളര്‍ച്ചയില്‍ അതിനിര്‍ണായക വഴിത്തിരിവുണ്ടാക്കിയ ഈ പ്രഥമ പ്രതിരോധസമരം ഹിജ്‌റ രണ്ടാം വര്‍ഷം (എ.ഡി 624 ജനുവരി) റമദാന്‍ പതിനേഴിനായിരുന്നു.

അതിനിഷ്ഠുരമായ പീഡനത്തിനും ഭ്രഷ്​ടിനും ഇരയായ ഒരു സമൂഹം പ്രതിരോധത്തിെൻറയും അതിജീവനത്തിെൻറയും ഉത്തമമാതൃക തീര്‍ത്ത് ലോകചരിത്രത്തില്‍തന്നെ നിസ്തുലവും അത്ഭുതകരവുമായ വിജയം നേടിയ പോരാട്ടമായിരുന്നു ബദ്ർ. സത്യാസത്യ വിവേചന ദിനം എന്നാണ് ഈ ദിനത്തിന്​ ഖുർആൻ നൽകിയ വിശേഷണം. ആത്മവിശ്വാസവും ദൈവസഹായവുമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും അതിജയിക്കാനാകുമെന്ന വലിയ സന്ദേശമാണ്​ ബദ്ർ നൽകുന്നത്​.

പിറന്ന മണ്ണില്‍നിന്ന്​ ഖുറൈശ്​ ഗോത്രക്കാരായ ശത്രുക്കളുടെ അക്രമ-മര്‍ദന-പീഡനങ്ങള്‍ ശതഗുണീഭവിച്ചപ്പോഴാണ് പ്രവാചകനും അനുയായികളും 450 കി.മീറ്റര്‍ വടക്കുള്ള മദീനയിലേക്ക് പലായനം ചെയ്തത്. എന്നാല്‍, മദീനയിലെത്തിയിട്ടും ഖുറൈശ് പീഡനമുറകള്‍ ഒട്ടും കുറച്ചില്ല. മുസ്‌ലിംകളുടെ മക്കയിലെ സമ്പാദ്യങ്ങളെല്ലാം പിടിച്ചെടുത്ത് യുദ്ധഫണ്ടായി സ്വരൂപിക്കുകയും പ്രസ്തുത മൂലധനം വ്യാപാരത്തിനുപയോഗിച്ച് ലാഭം മുസ്‌ലിംകള്‍ക്കു നേ​െരയുള്ള ആക്രമണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.

ശത്രുവി​െൻറ ഈ ഗൂഢനീക്കം തടയാന്‍ ഒരു മാര്‍ഗമേ മുസ്​ലിംകള്‍ക്കു മുന്നിലുണ്ടായിരുന്നുള്ളൂ. സിറിയയില്‍നിന്ന്​ കച്ചവടം കഴിഞ്ഞു മടങ്ങുന്ന ഖുറൈശ്​ സംഘത്തെ തടയുക. കിട്ടാവുന്നിടത്തോളം തങ്ങളുടെ സമ്പാദ്യം തിരിച്ചുപിടിക്കുക. അങ്ങനെയാണ് ശത്രുക്കളുടെ കച്ചവട മാര്‍ഗം തടസ്സപ്പെടുത്താനും സ്വത്ത് തിരിച്ചുപിടിക്കാനും മുസ്​ലിംകള്‍ തയാറായത്. അബൂസുഫ്​യാെൻറ നേതൃത്വത്തില്‍ സിറിയയില്‍ നിന്നു മടങ്ങുന്ന ഖുറൈശ്​ സംഘത്തെ തടയാന്‍ മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ മുസ്​ലിംകള്‍ 80. കി.മീറ്റർ പടിഞ്ഞാറുള്ള ബദ്‌റിലേക്ക് നീങ്ങിയതറിഞ്ഞതോടെ ശത്രുക്കള്‍ വഴിമാറി രക്ഷപ്പെട്ടു.

മക്കയിലുള്ളവർ ഇതറിഞ്ഞപ്പോൾ അവരുടെ അഹന്ത വർധിച്ചതേയുള്ളൂ. അവര്‍ നബിയെയും മുസ്‌ലിംകളെയും ഉന്മൂലനം ചെയ്‌തേ അടങ്ങൂ എന്ന അന്ധമായ പ്രതിജ്ഞയുമായി സർവായുധസജ്ജരായി ബദ്റില്‍ എത്തിയതോടെയാണ് യുദ്ധത്തിന് കളമൊരുങ്ങിയത്.

ആയിരത്തിലേറെപ്പേര്‍ വരുന്ന സായുധരായ ശത്രുസൈന്യം ബദ്‌റിലെത്തി. മുസ്‌ലിംകള്‍ പരിമിതമായ ആയുധവുമായി എത്തിയ മുന്നൂറ്റിപ്പതിമൂന്ന് പേര്‍ മാത്രവും. അചഞ്ചലമായ ദൈവവിശ്വാസവും ത്യാഗസന്നദ്ധതയും മനക്കരുത്തുമായി നബിയും അനുചരന്മാരും പോരാട്ടത്തിനിറങ്ങിയപ്പോള്‍ അല്ലാഹുവിെൻറ സഹായം അവര്‍ക്കുണ്ടായി. സായുധരും സുസജ്ജരുമായ മാലാഖമാരെ അല്ലാഹു സഹായത്തിനയച്ചു. ബദ്ർ ധര്‍മസംസ്ഥാപനത്തിനുവേണ്ടിയുള്ള പോരാട്ടമായിരുന്നു. അല്ലാഹുവെന്ന ലക്ഷ്യത്തിനപ്പുറമുള്ളതെല്ലാം അസ്ഥാനത്താണെന്ന ദൃഢവിശ്വാസത്തോടെയാണ് മുസ്‌ലിംസൈന്യം പോരാടിയത്.

പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ വര്‍ത്തമാന സാഹചര്യം വിശ്വാസികള്‍ എങ്ങനെ അഭിമുഖീകരിക്കണമെന്നതിെൻറ ഉദാത്തപാഠമാണ് ബദ്ർ. അല്ലാഹുവില്‍ ദൃഢവിശ്വാസമുണ്ടെങ്കില്‍ ഏത്​ സന്ദിഗ്ധഘട്ടങ്ങളെയും അതിജീവിക്കാന്‍ വിശ്വാസിക്കു സാധിക്കുമെന്ന സന്ദേശം ബദ്ർ നല്‍കുന്നു.

Tags:    
News Summary - Badr: The lesson of survival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.